മരണത്തെ നോക്കി പുഞ്ചിരിച്ചവര്‍
മരണത്തെ നോക്കി പുഞ്ചിരിച്ചവര്‍
Friday, July 16, 2021 4:03 PM IST
മരണം നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കുമ്പോള്‍ അതിനുനേരെ കൂസലില്ലാതെ പുഞ്ചിരിച്ചു നില്ക്കാന്‍ ആര്‍ക്കു സാധിക്കും? എല്ലുകള്‍ തുളച്ചു ചുരംകയറിയെത്തുന്ന വേദനയുടെ തോളില്‍ കൈയിട്ട് പാട്ടുപാടാന്‍ ആര്‍ക്കു കഴിയും? ജീവിതത്തില്‍ വേദനകളുണ്ടാകുമ്പോള്‍ തളരാതെ നേരെനിന്ന് നേരിടാന്‍ ധൈര്യം പകര്‍ന്ന രണ്ടു ജീവിതങ്ങളുണ്ട്. ചെറുപ്രായത്തില്‍ തന്നെ രോഗത്തോടു പൊരുതി ഒടുവില്‍ മരണത്തിനു കീഴടങ്ങിയ നന്ദു മഹാദേവയും മരണവുമായെത്തിയ കോവിഡിനെ പാട്ടുപാടി നേരിട്ട ഡല്‍ഹിയിലെ യുവതിയും പകര്‍ന്നുനല്കുന്നത് ആത്മവിശ്വാസത്തിന്റെ പുത്തന്‍ പാഠങ്ങളാണ്.

കാന്‍സറിനെ കാമുകിയാക്കിയ നന്ദു

നന്ദു മഹാദേവയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നന്ദുവിന്റെ പോരാട്ടത്തിന്റെ ചൂട് ഏവരും അറിഞ്ഞതാണ്. കാന്‍സറിനെതിരേ പോരാടുന്നവര്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം നല്കിയിാണ് നന്ദുവിന്റെ മടക്കം.

അനുവാദമില്ലാതെയെത്തിയ കാമുകി എന്നാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിച്ചത്. പലതവണ, പല രൂപത്തില്‍ കാന്‍സര്‍ നന്ദുവിനെത്തേടിയെത്തി. ഓരോ തവണയും വാശിയോടെ അവന്‍ കാന്‍സറിനെ തുരത്തി. ഒടുവില്‍ പോരാട്ടം ഭൂമിയില്‍ അവശേഷിപ്പിച്ച് അവന്‍ മരണത്തിനു കീഴടങ്ങി. വെറുമൊരു മടക്കമല്ല അത്, നന്ദു പറഞ്ഞപോലെ പുകയാതെ, അവസാനംവരെ കത്തിജ്വലിച്ചായിരുന്നു അവന്റെ യാത്ര. ഒരു ദുരന്തവും ജീവിതത്തിന്റെ അവസാനമല്ല, പോരാടാനുള്ള ഊര്‍ജമാണ് എന്ന് നന്ദു ജീവിതത്തിലൂടെ തെളിയിച്ചു. പോരാട്ടം തുടങ്ങുംമുമ്പുതന്നെ മുന്‍വിധിയോടെ തോല്‍ക്കാന്‍ നിന്നുകൊടുക്കരുതെന്നാണ് നന്ദു ഓര്‍മിപ്പിക്കുന്നത്.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു മഹാദേവിനെത്തേടി 24ാം വയസിലാണ് കാന്‍സര്‍ എത്തുന്നത്. മുട്ടുവേദനയായായിരുന്നു തുടക്കം. പിന്നീട് ആര്‍സിസിയില്‍ നിരവധി പരിശോധനകള്‍ക്കു ശേഷം ഞെട്ടിക്കുന്ന ആ സത്യം കണ്ടെത്തി. കാന്‍സറിന്റെ ഏറ്റവും വേദന കൂടിയ വകഭേദമായ ഓസ്റ്റിയോ സര്‍ക്കോമ. പിന്നീട് തുടര്‍ച്ചയായ കീമോകള്‍. ഒടുവില്‍ ട്യൂമര്‍ വലുതായി അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങിയതോടെ കാല്‍ മുറിച്ചുകളയേണ്ടിവന്നു. ഒന്നുറങ്ങാന്‍പോലും അനുവദിക്കാത്ത തരത്തില്‍ വേദനകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്.

പക്ഷേ വേദനകള്‍ മാറിമാറി നന്ദുവിനെ പരീക്ഷിച്ചെങ്കിലും വിജയിച്ചത് നന്ദു തന്നെയായിരുന്നു. ചിരിച്ചുകൊണ്ട് അവന്‍ വേദനയെ ആട്ടിപ്പായിച്ചു. പാട്ടും നൃത്തവും യാത്രകളുമെല്ലാം അവന്‍ കാന്‍സറിനെതിരേ പ്രയോഗിച്ചു. രോഗക്കിടക്കയില്‍ വെറുതേ കിടന്നു തീര്‍ക്കേണ്ടതല്ല തന്റെ ജീവിതമെന്നു തിരിച്ചറിഞ്ഞ നന്ദു സമൂഹത്തിന് എങ്ങനെ പ്രചോദനം നല്കണമെന്ന് ചിന്തിച്ചു. ഏതു ദുര്‍ഘടാവസ്ഥയിലും പുഞ്ചിരിക്കാന്‍ എങ്ങനെ കഴിയുമെന്ന് അവരെ കാണിച്ചുകൊടുത്തു. അതിനായിരുന്നു നന്ദുവിന്റെ പിന്നീടുള്ള ജീവിതം. കാന്‍സര്‍ എന്നുകേട്ടാല്‍ ജീവിതം കരഞ്ഞുതീരുന്നതിനു പകരം ചങ്കൂറ്റത്തോടെ നേരിടാന്‍ യുവതലമുറയോട് നന്ദു ഉറക്കെപ്പറഞ്ഞു.

'എനിക്ക് കാന്‍സറാണ്, പക്ഷേ ഞാന്‍ ഇതിനെ മഹാരോഗമായി പരിഗണിക്കില്ല, ചെറിയൊരു ജലദോഷം പോലെ ഇതിനെ നേരിടും.' കാന്‍സര്‍ സ്ഥിരീകരിച്ചതിനുശേഷം നന്ദു ഫേസ്ബുക്കില്‍ പങ്കുവച്ച വാക്കുകളാണിത്. ലക്ഷക്കണക്കിനാളുകളാണ് കുറിപ്പ് വായിച്ച് പിന്തുണയുമായെത്തിയത്. അതൊരു തുടക്കമായിരുന്നു. കാന്‍സറിനെതിരായ ഓരോ ചുവടും നന്ദു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടിരുന്നു. ചികിത്സയുടെ ഭാഗമായി മുടി പോയ അവസ്ഥയിലെ ചിത്രവും കാന്‍സര്‍ ഭേദമായ ശേഷം മുടി വന്ന സമയത്തെ ചിത്രവും ചേര്‍ത്തുവച്ച് നന്ദു പങ്കുവച്ച കാന്‍സര്‍ ചലഞ്ച് ഏവരും ഏറ്റെടുത്തു.

നന്ദുവിന്റെ സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളിലെല്ലാം തെളിഞ്ഞുനിന്നത് ആത്മവിശ്വാസമായിരുന്നു. തിരിച്ചടികളെ പോസിറ്റീവായി നേരിടാന്‍ നന്ദുവിന്റെ കുറിപ്പുകള്‍ പലര്‍ക്കും ഒരു പാഠപുസ്തകമായി. കാന്‍സര്‍ മുക്തരെയും അതിനെതിരേ പൊരുതുന്നവരെയും ഒരുമിച്ചുകൂട്ടി അതിജീവനം എന്ന കൂട്ടായ്മ ഒരുക്കാന്‍ മുന്നിിറങ്ങിയ നന്ദു കാന്‍സര്‍ പോരാട്ടത്തിന്റെ പുതിയ വഴിതുറന്നു.


പിന്‍വാങ്ങിയ കാന്‍സര്‍ പൂര്‍വാധികം ശക്തിയോടെ ശരീരത്തില്‍ വ്യാപിച്ചപ്പോള്‍ ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അപ്പോഴും സാരമില്ല, അവസാന നിമിഷം വരെ നമുക്ക് ചെയ്യാനുള്ളത് ചെയ്യാം എന്നായിരുന്നു നന്ദു പറഞ്ഞത്. ജീവിതം അവസാനിക്കാന്‍ പോകുന്നുവെന്നു തോന്നലുണ്ടായപ്പോള്‍ വീട്ടില്‍പോയിരുന്നു കരയാതെ കൂട്ടുകാരെയും വിളിച്ചു നേരെ ഗോവയില്‍ പോയി ആഘോഷിച്ചു, അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അവസാനം കാന്‍സറിന്റെ മോളിക്കുലാര്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഡോക്ടര്‍മാര്‍ വരെ ഞെട്ടി. ഭൂമിയിലെ കോടിക്കണക്കിന് കാന്‍സര്‍ രോഗികളുള്ളതില്‍ ഇങ്ങനെയൊരു വകഭേദം ആദ്യമായാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് അവര്‍ പറഞ്ഞത്. നിലവില്‍ ഇതിനായി മരുന്നൊന്നുമില്ലെന്ന് അറിഞ്ഞപ്പോഴും തനിക്കായി അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഉറച്ച വിശ്വാസമാണ് നന്ദുവിനുണ്ടായിരുന്നത്.

കഴിഞ്ഞ രണ്ടുതവണയും മരണത്തിനു മുന്നില്‍ നിന്ന് മലക്കംമറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചപോലെ ഇത്തവണയും തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്തുമെന്നാണ് കഴിഞ്ഞ കാന്‍സര്‍ ദിനത്തില്‍ നന്ദു പങ്കുവച്ചത്. മൂന്നാമങ്കത്തില്‍ മരണം കവര്‍ന്നെങ്കിലും കാന്‍സറിനു മുന്നില്‍ അണുവിടപോലും തോല്ക്കാതെയാണ് നന്ദു യാത്രയായത്. നന്ദു ഒരു പോരാളിയാണ്, അതിജീവനത്തിനായി പോരാടുന്ന ഒരു ജനതയ്ക്കു മുന്നില്‍ അതിജീവനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, പ്രതീക്ഷയുടെ അണയാത്ത വിളക്കാണ് ഈ യുവാവ്.

ലവ് യു സിന്ദഗീ... പാട്ടുംപാടി അവള്‍ പോയി

ഡല്‍ഹിയിലെ കോവിഡ് ഐസിയുവില്‍ പാട്ട് ആസ്വദിച്ചു താളംപിടിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം ആര്‍ക്കെങ്കിലും മറക്കാനാകുമോ? അവള്‍ കേ ലവ് യു സിന്ദഗീ എന്ന പാട്ടുപോലെ ജീവിതത്തെ ഒത്തിരി സ്‌നേഹിച്ചിരുന്നു ആ കുട്ടി. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന അവള്‍ അവസാന ശ്വാസംവരെയും ആ ആത്മവിശ്വാസം കാത്തുസൂക്ഷിച്ചിരുന്നു. ഒടുവില്‍ ആശുപത്രിമുറിയിലെ ഓര്‍മകളും പോസിറ്റിവിറ്റിയും അവശേഷിപ്പിച്ച് ഒരു നൊമ്പരമായി അവള്‍ യാത്രയായി.

കോവിഡ് ആശുപത്രിയിലെ ഡോ. മോണിക്കയുടെ ട്വീറ്റിലൂടെയാണ് മുപ്പതുകാരിയായ ഈ പെണ്‍കുട്ടിയുടെ കഥ ലോകമറിയുന്നത്. ഡല്‍ഹിയിലെ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതിനാല്‍ ഐസിയു വാര്‍ഡിലാണ് അവള്‍ക്ക് ഇടംലഭിച്ചത്. മരണത്തെ മുഖാമുഖം കാണുമ്പോഴും പാട്ടുംപാടി നേരിട്ട അവളുടെ വീഡിയോ ഡോ. മോണിക്ക ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. പ്രതീക്ഷ ഒരിക്കലും കൈവിടരുത് എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ വൈകാതെ വൈറലായി. എന്നാല്‍, യുവതിയുടെ പേരോ മറ്റു വിവരങ്ങളോ അവര്‍ പുറത്തുവിട്ടില്ല.

പിന്നീട് യുവതിക്ക് ഐസിയുവില്‍ കിടക്ക ലഭിച്ചെങ്കിലും ആരോഗ്യനില വഷളാകുകയാണെന്നും പ്രാര്‍ഥിക്കണമെന്നും അപേക്ഷിച്ച് ഡോക്ടറുടെ അടുത്ത ട്വീറ്റ് എത്തി. ഒടുവില്‍ ഏവരെയും കണ്ണീരിലാഴ്ത്തി അവളുടെ മരണവാര്‍ത്ത ഡോക്ടര്‍ തന്നെ പങ്കുവച്ചു. ധൈര്യശാലിയായ ആത്മാവിനെ നഷ്ടമായെന്നായിരുന്നു യുവതിയുടെ മരണത്തെക്കുറിച്ച് അവര്‍ കുറിച്ചത്.

ഡെന്നിസ് ജോസഫ്