ഒറ്റപ്പാലത്തുനിന്നൊരു കലാകാരി
ഒറ്റപ്പാലത്തുനിന്നൊരു കലാകാരി
കലാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാതെ, മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനായ ഒറ്റപ്പാലത്തു നിന്നൊരു കലാകാരി... വരിക്കാശേരി മനയുടെ ഒരു കിലോമീറ്റര്‍ മാത്രം അകലത്തു താമസിക്കുന്ന കലാകാരി സനൂജ സോമനാഥ്, തമിഴിലെ തന്റെ രണ്ടാമത്തെ ചിത്രമായ ഇരയ് തേടലില്‍ നായിക. ഇതിനു മുമ്പ് ഉങ്കളെ പോടണം സര്‍ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.

ഒറ്റപ്പാലത്തെ ഷൂിംഗ് ഒന്നും കണ്ടല്ല സനൂജയ്ക്കു സിനിമയോട് അഭിനിവേശം തോന്നിത്തുടങ്ങിയത്. അതു കുഞ്ഞുന്നാളു മുതല്‍ മനസിലുള്ള മോഹമായിരുന്നു... സനൂജയുടെ വിശേഷങ്ങളിലേക്ക്...

തുടക്കം

പിജി കഴിഞ്ഞിാണ് അഭിനയരംഗത്ത് എത്തുന്നത്. പ്രാദേശിക ചാനലില്‍ ചില പരസ്യങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചില കൂട്ടുകാര്‍ അസോസിയേറ്റ് ചെയ്ത പരസ്യങ്ങളിലൂടെയാണ് ഈ അവസരം ലഭിച്ചത്. പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ ഫാന്റസി സീരിയലായ മഞ്ഞള്‍ പ്രസാദത്തില്‍ ദക്ഷി എന്ന ഒരു നാഗകന്യകയുടെ വേഷം ലഭിച്ചു. നെഗറ്റീവ് കാരക്ടറായിരുന്നു. 50 എപ്പിസോഡ് മാത്രമുള്ള ഒരു സീരിയല്‍. എങ്കിലും പ്രേക്ഷകര്‍ നന്നായി ശ്രദ്ധിച്ച നല്ലൊരു തുടക്കമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഫ്‌ളവേഴ്‌സിന്റെ ഠമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ പ്രോഗ്രാമുകളിലേക്കും ക്ഷണം ലഭിച്ചു. അതിനിടയില്‍ മൂന്നുനാലു മലയാളം സിനിമകളിലും ചെറിയ വേഷം ലഭിച്ചു. ചിത്രീകരണം നടക്കുന്ന പൃഥ്വിരാജിന്റെ കോള്‍ഡ് ക്രൈം എന്ന സിനിമയിലും ഒരു കഥാപാത്രം ലഭിച്ചിട്ടുണ്ട്. അതില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

സിനിമയിലേക്ക്

ഉണ്ണി മുകുന്ദന്റെയും മിയയുടെയും ഇറ എന്ന സിനിമയിലാണ് ആദ്യം വേഷം ചെയ്തത്. പിന്നീട് ജിത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്ന ചിത്രത്തില്‍ നല്ലൊരു വേഷം ചെയ്തു. ഫ്‌ളവേഴ്‌സിലെ പ്രോഗ്രാം കണ്ടിട്ടാണ് ഉങ്കളെ പോടണം സര്‍ എന്ന തമിഴ് സിനിമയിലേക്കു ക്ഷണം ലഭിച്ചത്. മലയാളികള്‍ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും മറ്റെല്ലാം. തമിഴ് നടന്‍ ജീവയുടെ സഹോദരനായിരുന്നു നായകന്‍. നായികയായിരുന്നെങ്കിലും ഏഴു ദിവസം മാത്രമായിരുന്നു എന്റെ ഭാഗം ചിത്രീകരിച്ചത്. എന്റെ രംഗങ്ങള്‍ വാഗമണ്ണിലാണ് ചിത്രീകരിച്ചത്. സോംഗും പിന്നെ കുറച്ച് രംഗങ്ങളും മാത്രമാണുണ്ടായത്.

രണ്ടാമത്തെ തമിഴ് ചിത്രം

ഇരൈ തേടല്‍ എന്ന എന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെയും അണിയറക്കാര്‍ മലയാളികളായിരുന്നു. നേരത്തെ ഇവര്‍ക്കൊപ്പം ഒന്നുരണ്ടു പരസ്യചിത്രങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ഇതില്‍ അവസരം ലഭിച്ചത്. ലോക്ക് ഡൗണിന് മുമ്പായി ചെന്നൈ, മധുര എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം.കലാപാരമ്പര്യം

കലാപാരമ്പര്യം ഉള്ളവര്‍ കുടുംബത്തില്‍ ആരുമില്ല. കലാ ആസ്വാദകര്‍ മാത്രമാണ് എല്ലാവരും. സിനിമയോടു ചെറുപ്പം മുതല്‍ ഇഷ്ടമാണ്. അല്ലാതെ സ്ഥിരം ഷൂട്ടിംഗ് സ്ഥലമായ ഒറ്റപ്പാലത്തുകാരിക്ക് ഷൂട്ടിംഗ് കണ്ട് സിനിമയോട് ഇഷ്ടം തോന്നിയതല്ല. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് പഠനം പൂര്‍ത്തിയാക്കിയ ശേഷം എന്റെ ഉള്ളിലെ അഭിനയ മോഹം അവരോടു തുറന്നു പറഞ്ഞു, അവര്‍ സമ്മതിച്ചു.

ബ്യൂട്ടി ടിപ്‌സ്

ബ്യൂട്ടി പാര്‍ലറില്‍ പോയി സൗന്ദര്യം സംരക്ഷിക്കുന്ന ആളല്ല ഞാന്‍. പുരികം ഒക്കെ ഷേപ്പ് ചെയ്യാന്‍ മാത്രമാണ് ബ്യൂട്ടി പാര്‍ലറില്‍ പോകാറുള്ളത്. ഫേഷ്യല്‍ ചെയ്യണം എന്നൊക്കെ പലപ്പോഴും തോന്നിയിട്ടുണ്ട്. ചെയ്തു തുടങ്ങിയാല്‍ അതിന് അഡിക്ട് ആയിപ്പോകുമോ എന്ന ചിന്ത കാരണം അതിനു പോയിട്ടില്ല. പിന്നെ വീട്ടില്‍ കിട്ടുന്ന കറ്റാര്‍വാഴ പോലെയുള്ളവ ഉപയോഗിക്കാറുണ്ട്.

പാചകം

ഞാനൊരു ഭക്ഷണപ്രിയയാണ്. പെെട്ടന്നു ശരീരഭാരം കൂടുന്നയാളാണ് ഞാന്‍. സസ്യാഹാരമാണ് ഇഷ്ടം. പിന്നെ വല്ലപ്പോഴും ചിക്കനും മുട്ടയും കഴിക്കാറുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം പാചകം ചെയ്യാനാണ് ഇഷ്ടം.

ഇഷ്ടനടന്‍

പണ്ടൊക്കെ ഇഷ്ടം മോഹന്‍ലാലിനോടും മമ്മൂട്ടിയോടും ഒക്കെയായിരുന്നു. ഒരു പ്രായം കഴിഞ്ഞപ്പോള്‍ ഒരാളെ എടുത്തു പറയാന്‍ കഴിയാതായി. ഓരോരുത്തരും ഓരോ കാരക്ടര്‍ ചെയ്തിക്കുന്നതു കാണുമ്പോള്‍ അവരോട് ആരാധന തോന്നും. പൃഥ്വിരാജിന്റെ പാവാട എന്ന സിനിമ കണ്ടപ്പോള്‍ എത്ര മനോഹരമായാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നു തോന്നി. ഒരാളെയും മാറ്റിനിര്‍ത്താനാകില്ല. എല്ലാവരെയും ഇഷ്ടമാണ്. ഒരാളെ എടുത്തു പറയാന്‍ കഴിയില്ല.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ നേരത്തെ സജീവമായിരുന്നില്ല. ഈ ലോക്ക് ഡൗണ്‍ സമയത്താണ് കൂടുതല്‍ സജീവമായത്. ഫോട്ടോഷൂട്ടൊക്കെ നടത്തി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ആക്ടീവാണ്.

കുടുംബം

അച്ഛന്‍ സോമനാഥ്, അമ്മ കലാവതി. ഒരു സഹോദരന്‍-സന്ദീപ്. പഠിക്കുന്ന സമയത്ത് തന്നെ അഭിനയമോഹം മനസിലുണ്ടായിരുന്നു. ഈ ഫീല്‍ഡ് ആയതുകൊണ്ടു തുടക്കത്തില്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഫ്‌ളവേഴ്‌സിലെ പ്രോഗ്രാം കണ്ടതോടെ വീട്ടുകാര്‍ക്ക് ആവിശ്വാസം തോന്നി. അതിനു ശേഷം വീട്ടുകാര്‍ നല്ല പിന്തുണ നല്‍കി.

-പ്രദീപ് ഗോപി