ഇനിയ ഹാപ്പിയാണ്
ഇനിയ ഹാപ്പിയാണ്
Wednesday, November 18, 2020 4:42 PM IST
മലയാളത്തിലും തമിഴിലും ഒരുപോലെ പ്രേക്ഷക ഇഷ്ടം നേടിയ നായികയാണ് ഇനിയ. മലയാളിയെങ്കിലും തമിഴ് സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷമായിരുന്നു ഇനിയയുടെ മലയാളത്തിലേക്കുള്ള രംഗപ്രവേശം. എങ്കിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മികച്ച നര്‍ത്തകി കൂടിയായ ഇനിയയ്ക്കു സാധിച്ചു. അയാള്‍, പുത്തന്‍പണം, സ്വര്‍ണക്കടുവ തുടങ്ങിയ ചിത്രങ്ങളില്‍ കാമ്പുള്ള പ്രകടനവുമായി ഇനിയ തിളങ്ങിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ നൃത്ത പരിപാടികള്‍ക്കും വളരെ പ്രാധാന്യം കൊടുത്തുള്ള കരിയറാണ് ഇനിയയുടേത്. ഈ കോവിഡ് കാലത്ത് എല്ലാ തിരക്കുകളില്‍ നിന്നും മാറി കുടുംബത്തിനൊപ്പം ചെലവഴിച്ചപ്പോഴുണ്ടായ തന്റെ ഇഷ്ടങ്ങളും അനുഭവങ്ങളുമായി ഇനിയ മനസ് തുറക്കുമ്പോള്‍...

സിനിമയിലേക്ക്

തമിഴില്‍ ആറു സിനിമകള്‍ ചെയ്തതിനു ശേഷമാണ് മലയാളത്തിലേക്ക് എത്തുന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലതാരമായി ഷോര്‍ട് ഫിലിമുകളിലൂടെയായിരുന്നു തുടക്കം. പിന്നീട് സീക്രട്ട് ഫേസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എട്ടാം ക്ലാസ് മുതല്‍ മോഡലിംഗ് രംഗത്തേക്ക് എത്തി. അന്നു മുതല്‍ തന്നെ ഡാന്‍സ് പരിപാടികള്‍ ചെയ്തിരുന്നു. 2005ല്‍ മിസ് ട്രിവാന്‍ഡ്രമായും 2010ല്‍ മിനിസ്‌ക്രീന്‍ മഹാറാണി പട്ടവും കിട്ടി. അന്ന് എന്റെ ഫോട്ടോകള്‍ കണ്ടിട്ടാണ് തമിഴ് സിനിമയിലേക്ക് ഓഫര്‍ വരുന്നത്. പിന്നീട് കന്നട, മലയാളം സിനിമകളുടെ ഭാഗമായി.

ലോക്ക് ഡൗണിന്റെ നഷ്ടം

2009 മുതല്‍ തുടര്‍ച്ചയായി സിനിമയില്‍ നിലനില്‍ക്കാന്‍ സാധിച്ചു. എങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് എനിക്കു വളരെ മിസ് ചെയ്യുന്നതായി തോന്നിയിട്ടുള്ളതു ഡാന്‍സ് പ്രോഗ്രാമുകളാണ്. അവിടെ ലൈവായി പ്രേക്ഷകരുടെ പ്രതികരണവും കൈയടിയും നമുക്ക് ലഭിക്കുന്നു. അതാണ് നമുക്ക് ആവേശവും ആഹ്ലാദവുമൊക്കെ നല്‍കുന്നത്. ആ പ്രോത്സാഹനവും അതിനുവേണ്ടിയുള്ള യാത്രകളുമൊക്കെ ഇപ്പോള്‍ ഇല്ലെന്നതു നഷ്ടമായി തോന്നാറുണ്ട്.

നഷ്ടങ്ങളെ നേമാക്കി

കാമറയുടെ മുന്നിലല്ലെങ്കിലും പുതിയ കാലത്തിന്റെ സാധ്യതകള്‍ മുന്നിലുണ്ട്. ഓണ്‍ലൈന്‍ ഗ്രൂപ്പ് ക്ലാസുകള്‍, വര്‍ക്കൗട്ട് സെഷന്‍സ്, ഒരു ടാര്‍ഗെറ്റ് വച്ചുകൊണ്ടുള്ള ഗെയിംസുകളുമൊക്കെയായി പുതിയ സംവിധാനങ്ങളുടെ ഭാഗമായി. വലിയൊരു സന്തോഷം സ്‌കൂള്‍ പഠന കാലത്തെ സുഹൃത്തുക്കളുമായി വീണ്ടും സൗഹൃദം പുതുക്കാന്‍ സാധിച്ചതാണ്. വീട്ടില്‍ നിന്നപ്പോള്‍ നാടന്‍ കൂട്ടുകള്‍ ഒരുക്കാനും അത് ഉപയോഗിക്കാനും നാടന്‍ ഭക്ഷണം പാകം ചെയ്യാനും അച്ഛനൊപ്പം പൂന്തോട്ടം പരിപാലിക്കാനും സാധിച്ചു. ഫ്‌ളാറ്റിലാണെങ്കിലും കുറേ ചെടികളുള്ള ഒരു പൂന്തോട്ടം ഒരുക്കാന്‍ ഞാനും അച്ഛനൊപ്പം കൂടി. കൊച്ചിയിലായിരുന്ന സമയത്ത് പപ്പായ കഴിച്ചതിനു ശേഷം അതിന്റെ വിത്ത് ഒരു ബോട്ടിലില്‍ മണ്ണു നിറച്ചു വെള്ളമൊഴിച്ചു വെറുതെ നട്ടു. 15 ദിവസം കഴിഞ്ഞപ്പോഴേക്കും അതു മുളപൊട്ടി വളര്‍ന്നു. വെറുതെ നട്ട ഒരു വിത്തില്‍ നിന്ന് ഒരു പുതിയ ജീവന്‍ മുളച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. പിന്നീട് തിരുവനന്തപുരത്തെ വീട്ടിലേക്കു പോയപ്പോള്‍ ആ പപ്പായ ചെടിയും കാറില്‍ സുരക്ഷിതമായി കൊണ്ടുവന്നു. പുതിയൊരു ചെടിച്ചട്ടിയിലേക്കു മാറ്റി വെള്ളവും വളവുമൊക്കെ നല്‍കി പരിപാലിക്കുകയായിരുന്നു. അത്തരത്തില്‍ പുതിയ കാര്യങ്ങളും ജീവിതത്തിന്റെ ഭാഗമായി.


തിരിച്ചറിവിന്റെ കാലം

എല്ലാവര്‍ക്കും ഒരു തിരിച്ചറിവ് സമ്മാനിച്ച കാലമായിരുന്നു ഇത്. തിരക്കി ജീവിതവമായിരുന്നു. ഒന്നിരുന്നു ചുറ്റുപാടും കാണാനും കാര്യങ്ങളെ മനസിലാക്കാനും നമ്മുടെ സമയത്തിന്റെ മൂല്യം തിരിച്ചറിയാനും ബന്ധങ്ങളെ ദൃഢമാക്കാനുമൊക്കെ കോവിഡ് കാലം ഇടയായി. പരസ്പരമുള്ള സ്‌നേഹത്തോടും സഹകരണത്തോടും മാത്രമേ മുന്നോട്ടു പോകാനാകു എന്നു മനസിലാക്കി. നാളെകളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആളുകള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.


പുതിയ ശീലങ്ങള്‍

ഇഷ്ടമുള്ള കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. സിനിമ തിയറ്ററില്‍ പോയി കാണുന്നതായിരുന്നു എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം. പക്ഷേ, ഈ കാലത്തു വളരെ താല്പര്യത്തോടെ കണ്ടത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ സിനിമകളും വെബ് സീരീസുകളുമാണ്. ഓരോ തരത്തിലുള്ള സിനിമകളും തെരഞ്ഞു പിടിച്ചു കാണാന്‍ സാധിച്ചു. മണി ഹീസ്റ്റു പോലുള്ള വെബ് സീരീസുകള്‍ 10 ദിവസംകൊണ്ട് എല്ലാ സീസണ്‍ എപ്പിസോഡുകളും കണ്ടു തീര്‍ത്തു. ഇതിനൊപ്പം തന്നെ നൃത്തവും വര്‍ക്കൗുമൊക്കെ തുടരുന്നുണ്ടായിരുന്നു. രാവിലെ യോഗ ക്ലാസും വൈകുന്നേരം ഡാന്‍സ് ക്ലാസും ഓണ്‍ലൈനായി ഉണ്ട്. ക്ലാസിക്കല്‍ ഡാന്‍സില്‍ നിന്ന് ഒരുപാടു നാളായി അകന്നുള്ള സഞ്ചാരമായിരുന്നു. ഇപ്പോള്‍ അഭിനേത്രി രചനാ നാരായണ്‍കുട്ടിയുടെ ഡാന്‍സ് ക്ലാസ് വഴി ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവു വരുത്തിയ സമയത്തു കളരി അഭ്യാസം നടത്തിയിരുന്നു. ഒരു വശത്ത് കുറച്ചേറെ കാര്യങ്ങളെ ഒഴിവാക്കേണ്ടി വന്നപ്പോള്‍ മറുവശത്ത് പുതിയ കുറേ ഗുണപാഠങ്ങള്‍ ജീവിതത്തില്‍ ലഭിച്ചു.

കുടുംബ വിശേഷം

മുമ്പൊക്കെ ഷൂട്ടിനു പോയി തിരികെ വീട്ടിലെത്തുമ്പോള്‍ ഒരു അതിഥിയെ പോലെയായിരുന്നു. ഈ കാലത്താണു ശരിക്കും കുടുംബത്തില്‍ ഒരാളായി മാറി ഓരോ കാര്യത്തിലും ഇടപെടാനായത്. പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി സന്തോഷകരമായി മുന്നോട്ടു പോകുന്നത് നല്ലൊരു അനുഭവമാണ്. അച്ഛനും അമ്മയും സഹോദരനും ചേച്ചിയും ഞാനും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. സഹോദരി ഇപ്പോള്‍ രണ്ടു ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുന്നു. വിജയ് ടിവിക്കു വേണ്ടി പൊണ്ണുക്ക് തങ്ക മനസ് എന്ന സീരിയല്‍ തമിഴിലും മൗനരാഗം എന്നത് മലയാളത്തിലും. ഞാനും സഹോദരിയും കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ അനൗണ്‍സ് ചെയ്യുന്നത്. പിന്നീട് ഒന്നരമാസം കഴിഞ്ഞു ലോക്ഡൗണ്‍ ഇളവു ലഭിച്ചപ്പോഴാണ് തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത്. രണ്ടു മാസത്തിലധികം വീട്ടിലുണ്ടായിരുന്നു. ജൂലൈ പാതിയോടെ ചെന്നൈയിലേക്കു പോന്നു. ഓണത്തിനാണു തിരികെ വീട്ടിലെത്തിയത്.

പുതിയ സിനിമകള്‍

തിയറ്ററില്‍ സിനിമ ഇനി എന്നെത്തുമെന്ന ആശങ്ക നില്‍ക്കുന്നതിനാല്‍ ഒടിടി സിനിമകളുടെ ചര്‍ച്ചകളാണ് കൂടുതലും നടക്കുന്നത്. ചെറിയ സിനിമകളുടെയും വെബ് സീരീസുകളുടെയും നല്ല കഥകള്‍ വരുന്നുണ്ട്. കന്നടയില്‍ നിന്നും തമിഴില്‍ നിന്നും സിനിമകള്‍ എത്തുന്നുണ്ട്. മലയാളത്തില്‍ നിന്നും കഥകള്‍ കേട്ടു. മാമാങ്കമാണ് മലയാളത്തില്‍ അവസാനം ചെയ്ത ചിത്രം. കളേഴ്‌സ്, കോഫി എന്നീ തമിഴ് ചിത്രങ്ങളാണ് ലോക്ഡൗണിനു മുമ്പ് അഭിനയിച്ചത്. മലയാളി സംവിധായകനായ നിസാര്‍ ഒരുക്കുന്ന കളേഴ്‌സില്‍ ഞാനും വരലക്ഷമി ശരത് കുമാറും ഒന്നിച്ചഭിനയിച്ചിരിക്കുന്നു. സായി കൃഷ്ണ സംവിധാനം ചെയ്യുന്ന കോഫി ഒരു ഫീമെയില്‍ ഓറിയന്റഡ് ക്രൈം ത്രില്ലറാണ്.

- ലിജിന്‍ കെ. ഈപ്പന്‍