ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
Friday, August 21, 2020 4:51 PM IST
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഇന്ന് ഓണ്‍ലൈന്‍ വഴികിട്ടാത്തതായി ഒന്നുമില്ല. പഴയതും പുതിയതുമായി സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും നിരവധി വെബ് സൈറ്റുകളാണുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗിനെക്കുറിച്ച് കാര്യമായ അറിവില്ലാത്തവര്‍ പോലും മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ഈ അവസരം മുതലെടുത്താണ് തട്ടിപ്പ് സംഘവും രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയവഴി രാജ്യത്തെ മുന്‍നിര ഷോപ്പിങ് സൈറ്റുകളുടെ വ്യാജ പതിപ്പിറക്കിയാണ് തട്ടിപ്പ്. നിരവധിയാളുകള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

സ്റ്റേറ്റ്‌മെന്റ് പരിശോധിക്കണം

ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളുടെ സ്‌റ്റേറ്റ്‌മെന്റ് ഇടയ്ക്ക് പരിശോധിക്കണം. ബില്ല് വരാന്‍ വേണ്ടി മാസാവസാനം വരെ കാത്തിരിക്കരുത്. സൈറ്റുകളിലും മറ്റും നിങ്ങള്‍ നല്‍കിയിരിക്കുന്ന കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടന്നെങ്കില്‍ വേഗത്തില്‍ കണ്ടെത്താന്‍ കൃത്യമായ സ്റ്റേറ്റ്‌മെന്റ് പരിശോധന ആവശ്യമാണ്.

അനാവശ്യ വിവരങ്ങള്‍ നല്‍കരുത്

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഉപയോക്താക്കളുടെ ജന്മദിനമോ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങളോ ചോദിക്കില്ല. വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനു മുമ്പ് രണ്ടാമതൊന്നുകൂടെ ആലോചിക്കുക. നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് പാസ്‌വേഡുകളും മറ്റും തട്ടിപ്പുകാര്‍ക്ക് കണ്ടെത്താന്‍ കഴിയും.

പബ്ലിക്ക് ഷോപ്പിംഗ് വേണ്ട

പൊതുസ്ഥലങ്ങളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൂക്ഷിക്കണം. നിങ്ങളുടെ പാസ്‌വേഡ് ആരെങ്കിലും മനസിലാക്കിയാല്‍ പിന്നീട് ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്. പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ പാടില്ല. അനാവശ്യ ഇമെയിലുകള്‍ ഓപ്പണ്‍ ചെയ്യരുത്. നിങ്ങളുടെ ഫോണും ലാപ്‌ടോപ്പും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ശക്തമായ ആന്റി വൈറസ് ഫോണിലും കംപ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യുക.



'സമ്മാനം' സൂക്ഷിക്കണം

ഓണ്‍ലൈന്‍ ഗിഫ്റ്റ് കാര്‍ഡുകളെ സൂക്ഷിക്കണം. ചിലപ്പോള്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാന്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ ഇടയാക്കും. ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്ന സൈറ്റിന്റെ വിവരങ്ങള്‍ വിശ്വാസയോഗ്യമാണോയെന്ന് പരിശോധിക്കുക. സമാന്യബുദ്ധിക്ക് നിരക്കാത്ത സമ്മാനമാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ തിപ്പാണെന്ന് ഉറപ്പിച്ചോളു.

ഓണ്‍ലൈന്‍ ഓഫറുകളും സമ്മാന വാഗ്ദാനങ്ങളും കണ്ട് ഷോപ്പിംഗിനിറങ്ങുന്നവര്‍ ഒരു കാര്യം മനസില്‍ സൂക്ഷിക്കുക ആരും ഒന്നും വെറുതെ നല്‍കില്ല. അരലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ അയ്യായിരം രൂപയ്ക്ക് വില്‍ക്കുന്നുണ്ടെങ്കില്‍ അതിലെന്തെങ്കിലും ചതിയുണ്ടെന്ന് മനസിലാക്കുക.

ശക്തമായ പാസ്‌വേഡ്

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്‌വേഡുകള്‍ നല്‍കുക. ചെറിയ അക്ഷരവും വലിയ അക്ഷരവും ചിഹ്നങ്ങളും അക്കങ്ങളും ഉള്‍പ്പെടുന്ന പാസ്‌വേഡ് വേണം ഉപയോഗിക്കാന്‍. പാസ്‌വേഡ് കൂടെക്കൂടെ മാറ്റുകയും വേണം.

വിശ്വാസയോഗ്യമായ സൈറ്റുകള്‍

കേട്ടുപരിചയവും കണ്ടുപരിചയവുമുള്ള വെബ്‌സൈറ്റുകളില്‍ നിന്നുമാത്രം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക. വെബ് സൈറ്റ് അഡ്രസിലെ സ്‌പെല്ലിംഗ് കൃത്യമാണോയെന്ന് പരിശോധിക്കണം. പച്ചനിറത്തിലുള്ള പാഡ്‌ലോക്ക് അടയാളം വെബ്‌സൈറ്റ് അഡ്രസിന്റെ മുന്നില്‍ ഉണ്ടോയെന്ന് നോക്കുക. വെബ് അഡ്രസിനു മുമ്പ് വേേു െഉണ്ടെന്ന് ഉറപ്പുവരുത്തണം.

ആപ് ഉപയോഗിക്കുക

മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ക്കെല്ലാം മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്. പരമാവധി മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തണം. പ്ലേസ്റ്റോറില്‍ നിന്നോ ആപ് സ്റ്റോറില്‍ നിന്നോ മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

-സോനു തോമസ്