വിജയിക്കണോ; പ്രതിസന്ധികളെ അനുകൂലമാക്കുക
Thursday, March 12, 2020 5:12 PM IST
മാധ്യമ പ്രവര്‍ത്തനം പഠിക്കാനിറങ്ങുമ്പോള്‍ ഐശ്വര്യക്ക് നല്ലൊരു പത്രപ്രവര്‍ത്തകയാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പഠിച്ചിറങ്ങി ഇന്‍േറണ്‍ഷിപ്പും ഒരു വര്‍ഷത്തെ ജോലിയുമൊക്കെ കഴിഞ്ഞപ്പോള്‍ ഇതല്ല തന്റെ വഴിയെന്ന് അവര്‍ക്ക് ബോധ്യമായി. അങ്ങനെ ജോലി ഉപേക്ഷിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പഠനം കഴിഞ്ഞപ്പോഴേക്കും കൂടെ പഠിച്ച മൂന്നുപേര്‍ കൂടി ഐശ്വര്യക്കൊപ്പം ചേര്‍ന്നു. അതോടെ ആ പ്രഫഷനെ ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്ക് കൂടുമാറി.
അവസരങ്ങളെ ഉപയോഗിക്കുക
ഐശ്വര്യ തന്റെ 23ാമത്തെ വയസിലാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. യുവസംരംഭകര്‍ക്കായുള്ള പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) വഴിയായിരുന്നു തുടക്കം. 'എന്റെ ഒരു സുഹൃത്തിന് കാക്കനാട് ഒരു മള്‍ട്ടികുസിന്‍ റസ്റ്ററന്റുണ്ട്. അതിനുവേണ്ടിയാണ് ആദ്യമായി ഒരു വീഡിയോ പരസ്യം ചെയ്യുന്നത്. അത് വളരെയധികം ശ്രദ്ധ നേടി. നമ്മുടെ മനസിലുള്ള ഒരാശയം ഏറ്റവും ഭംഗിയായി ആളുകളിലേക്ക് എത്തിക്കാനുള്ള മികച്ച മാര്‍ഗമാണ് വീഡിയോ പരസ്യങ്ങളും, ചിത്രങ്ങളുമൊക്കെ' ഐശ്വര്യ പറയുന്നു. അങ്ങനെയാണ് തിങ്ക് ഡോട്‌സ് മീഡിയ പ്രൊഡക്ഷന്‍സ് എന്ന കമ്പനിക്ക് രൂപം കൊടുക്കുന്നത്.
എറണാകുളത്ത് ഇടപ്പള്ളിയിലാണ് ഐശ്വര്യയുടെ സ്ഥാപനം. ബ്രാന്‍ഡിംഗ് പ്രമോഷണല്‍ വീഡിയോസാണ് ഏറ്റവുമധികം ചെയ്യുന്നത്. ടിവി ആഡുകള്‍, കോര്‍പറേറ്റ് പരസ്യ ചലച്ചിത്രങ്ങള്‍, ബ്രാന്‍ഡ് പരസ്യങ്ങള്‍, സാമൂഹിക അവബോധ പരസ്യങ്ങള്‍ എന്നിവയെല്ലാം തിങ്ക് ഡോട്‌സ് മീഡിയ ചെയ്യുന്നുണ്ട്. ഓരോ പ്രതിസന്ധികളെയും അവസരമാക്കിയാണ് തങ്ങള്‍ മുന്നോട്ടു പോകുന്നത്. ഈ മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന പിന്തുണയും പ്രചോദനവും വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകമാണെന്നും ഐശ്വര്യ പറയുന്നു.

ഉപഭോക്താക്കളുടെ വിശ്വാസ്യത
പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മുന്‍നിരക്കാരായ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ തിങ്ക് ഡോട്‌സിനായിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെ പരസ്യങ്ങള്‍, ദൂരദര്‍ശനുവേണ്ടിയുള്ള വീഡിയോകള്‍, കൊച്ചി ഡിസൈന്‍ വീക്കിന്റെ പരസ്യം, ബെസ്റ്റ് ബേക്കറി, ചുങ്കത്ത് ജ്വല്ലറിക്കായി കോര്‍പറേറ്റ് ചിത്രം, കൊല്ലത്തെ ജഡായു വിനോദസഞ്ചാര കേന്ദ്രത്തിനായി പരസ്യചിത്രം എന്നിവയെല്ലാം തിങ്ക് ഡോട്‌സ് മീഡിയ ചെയ്തതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം ഉപഭോക്താക്കളെ നേടാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഏറെ മത്സരമുള്ള മേഖലയാണിതെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ മുന്‍ നിരയിലേക്ക് തിങ്ക് ഡോട്‌സിനെ എത്തിച്ചത് ഗുണമേന്മയോടെയുള്ള വീഡിയോകളും പരസ്യങ്ങളും തന്നെയാണ്. ഉപഭോക്താവ് എന്താഗ്രഹിക്കുന്നുവോ അത് കൃത്യസമയത്ത് നല്‍കാന്‍ തിങ്ക് ഡോട്‌സിനു കഴിയുന്നുണ്ടെന്ന് ഐശ്വര്യ പറയുന്നു.
ടീമെന്ന ശക്തി
പത്രപ്രവര്‍ത്തന ജോലിയുടെ ഭാഗമായി ധാരാളം സംരംഭകരെ അഭിമുഖം ചെയ്യാനും മറ്റും അവസരം ലഭിച്ചിരുന്നു. അങ്ങനെ കിട്ടിയ പ്രചോദനവും വീട്ടുകാരും കൂട്ടുകാരുമൊക്കെ കൂട്ടായി കൂടെ നിന്നതും സംരംഭം തുടങ്ങാനുള്ള ധൈര്യമായി ഐശ്വര്യക്കൊപ്പമുണ്ടായിരുന്നു. ബിരുദാനന്തര പഠനകാലത്ത് സഹപാഠികളായിരുന്ന ശിവ തമ്പി, വിഷ്ണു പുല്ലാനിക്കാട്, അനിരുദ്ധ് രാജേന്ദ്രന്‍ എന്നിവരാണ് ഐശ്വര്യയ്‌ക്കൊപ്പം ടീമിലുള്ളത്. കമ്പനിയുടെ സിഇഒ ഐശ്വര്യയാണ്. വീഡിയോയ്ക്കാവശ്യമായ ആശയവും സ്‌ക്രിപ്റ്റുമൊക്കെ തയ്യാറാക്കുന്നതും ഐശ്വര്യയാണ്. കമ്പനിയുടെ ഡയറക്ടറും ഐശ്വര്യയുടെ ഭര്‍ത്താവുമായ ശിവയ്ക്കാണ് എഡിറ്റിംഗ് വിഭാഗത്തിന്റെ ചുമതല. അനിരുദ്ധാണ് കാമറ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തിരുവനന്തപുരത്ത് ഇവര്‍ക്ക് ഒരു അനിമേഷന്‍ ആന്‍ഡ് വി എഫ് എക്‌സ് വിഭാഗവുമുണ്ട്. അതിന്റെ ചുമതല വിഷ്ണുവിനാണ്. ടീമാണ് തിങ്ക് ഡോട്‌സിന്റെ ശക്തി.
വിജയ മന്ത്രങ്ങള്‍
മുന്‍നിര ബ്രാന്‍ഡുകളെല്ലാം തന്നെ തിങ്ക്‌സ് ഡോട് മീഡിയയുടെ ഉപഭോക്താക്കളാണ്. ഇങ്ങനെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ കമ്പനി സൂക്ഷിക്കുന്ന ചില മാനദങ്ങളുണ്ട്.
ഏറ്റവും ഗുണമേന്‍മയുള്ള ഔട്ട്പുട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഓരോ ഉപഭോക്താവുമായും മികച്ച ബന്ധം സൂക്ഷിക്കും. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് ആവശ്യമുള്ളത് മാത്രം ചെയ്യുന്നു. കൃത്യസമയത്തിനുള്ളില്‍ ചെയ്തു നല്‍കും. വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രദ്ധിക്കുന്നു. ഇവയെല്ലാം നേങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു.
അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമി (അസാപ്പ) ന്റെ പരിശീലക കൂടിയാണ് ഐശ്വര്യ. ഇതിന്റെ ഭാഗമായി കേരളത്തിലെ മിക്ക ജില്ലകളിലെയും സ്‌കൂളുകളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജേണലിസം വിദ്യാര്‍ഥികള്‍ക്കായി സംരംഭകത്വത്തെക്കുറിച്ചുള്ള ക്ലാസുകളും എടുക്കുന്നു.
നൊമിനിറ്റ ജോസ്