വെരിക്കോസ് ഞരമ്പുകളെ സുഖപ്പെടുത്താന്‍ നൂതന ചികിത്സ
Wednesday, March 4, 2020 3:33 PM IST
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം ജനങ്ങള്‍ വെരിക്കോസ് ഞരമ്പുകള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ജീവഹാനി ഉണ്ടാക്കുന്ന രോഗമല്ലെങ്കിലും കൂടുതല്‍ കാലം ചികിത്സിക്കാതിരുന്നാല്‍ സാരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുതന്നെ അത് കാരണവുമാകും. വെരിക്കോസ് വെയിന്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്.
എന്താണ് വെരിക്കോസ് വെയിന്‍
ശരീരത്തിലെ ഞരമ്പുകള്‍ തടിച്ചുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. കാലുകളിലാണ് ഇത് അധികമായും കണ്ടുവരുന്നത്. നില്‍ക്കുമ്പോള്‍ ശരീരഭാരം താങ്ങുന്നത് കാലുകളായതിനാല്‍ കാലുകളിലെ ഞരമ്പുകളെയാണ് ഈ രോഗം തുടക്കത്തില്‍ ബാധിക്കുക. പല ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍. പ്രായം വര്‍ധിക്കുന്നതോടെ ഞരമ്പുകളുടെ ഇലാസ്തികത നഷ്ടമാകുകയും ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ രക്തയോട്ടം തടസപ്പെട്ട് കാലുകളിലെ ഞരമ്പുകളില്‍ കെട്ടിക്കിടന്ന് നീല നിറത്തില്‍ തടിച്ചു കാണപ്പെടുന്നു. തടിച്ച ഞരമ്പുകള്‍ക്കു ചുറ്റുമുള്ള ചൊറിച്ചിലും അസ്വസ്ഥതയും, പുകച്ചില്‍, കാലുകളിലെ നിറവ്യത്യാസം എന്നിവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
വെരിക്കോസ് ഞരമ്പുകള്‍ മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ ഇന്ന് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനം ആള്‍ക്കാരെ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ശരീരത്തിലെ പ്രത്യേകിച്ച് കാലുകളിലെ രക്തയോട്ടത്തിലുണ്ടാകുന്ന തടസങ്ങള്‍ മൂലമുണ്ടാകുന്ന ഈ അസ്വസ്ഥത കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാനായില്ലെങ്കില്‍ രക്തധമനികളെ ബാധിക്കുന്ന പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്, ശ്വാസകോശത്തില്‍ നീരുകെട്ടുന്ന രോഗാവസ്ഥയായ പള്‍മണറി എംബോളിസം തുടങ്ങിയ അസുഖങ്ങളിലേക്കു പോലും കൊണ്ടെത്തിക്കും. ധമനികളില്‍ തടസങ്ങളുണ്ടാക്കുന്നതു മൂലം രക്തയോട്ടത്തെ ബാധിക്കുകയും പലപ്പോഴും രക്തം തിരിച്ചൊഴുകുകയും ചെയ്യുന്നത് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. തുടക്കത്തിലൊന്നും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കിലും കാലം കഴിയുന്തോറും വെരിക്കോസ് ഞരമ്പുകള്‍ പ്രകടമാകുന്നതോടെ അസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കും.
മറ്റു രോഗങ്ങള്‍ക്കും വഴിമാറാം
തികച്ചും വേദനാപൂര്‍ണമാണ് വെരിക്കോസ് ഞരമ്പുകള്‍ ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങള്‍. മാത്രവുമല്ല കൂടുതല്‍ കാലം ചികിത്സിക്കാതിരുന്നാല്‍ സാരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തന്നെ അത് കാരണവുമാകും. ജീവന് ആപത്തുണ്ടാക്കാന്‍ പോന്ന അസുഖമല്ലെങ്കിലും രക്തധമനികള്‍ക്കുള്ളിലെ സമ്മര്‍ദം വര്‍ധിക്കുന്നതിന് ഈ അസുഖം കാരണമാകും. രക്തധമനികളിലെ സമ്മര്‍ദം രക്തചോര്‍ച്ചയുണ്ടാകാനും അതുമൂലം നീരുകെട്ടല്‍ സംഭവിക്കാനും ഇടയാക്കും. ജീവിതചര്യകളില്‍ മാറ്റം വരുത്തി ഒരു പരിധിവരെ വെരിക്കോസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെങ്കിലും, വെരിക്കോസ് ഞരമ്പുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചികില്‍സിക്കാനായി ശസ്ത്രക്രിയ തന്നെ വേണ്ടി വരും. നൂതന ശസ്ത്രക്രിയാ സമ്പ്രദായമായ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ (ആര്‍ എഫ്എ) ഉപയോഗിച്ച് വെരിക്കോസ് ഞരമ്പുകള്‍ ചികിത്സിക്കാവുന്നതാണ്. ശരീരം കീറിമുറിച്ചുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദന മറ്റ് അസ്വാസ്ഥ്യങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കാനും വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതുമായ ചികിത്സാ സമ്പ്രദായമാണ് റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍.
റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍
റേഡിയോ ഫ്രീക്വന്‍സി ഊര്‍ജം ഉപയോഗിച്ച് ധമനികളിലെ തടസങ്ങള്‍ നീക്കി, അതുവഴി കാലുകളിലെ വെരിക്കോസ് ഞരമ്പുകള്‍ ഇല്ലാതാക്കാനും സാധിക്കും. റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ചികിത്സാ സമ്പ്രദായം സ്വീകരിക്കുമ്പോള്‍ കീഴ്‌വയറ്റിലെ ശസ്ത്രക്രിയയും ബോധം കെടുത്തലും ഒഴിവാക്കാനാകും. ഒരു മണിക്കൂര്‍ മാത്രം സമയം മതിയാകും. മാത്രമല്ല രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് രോഗിക്ക് ആശുപത്രി വിടാനുമാകും. അതേസമയം ത്വക്കിലെ നിറമാറ്റം പോലുള്ള ചെറിയ പാര്‍ശ്വ ഫലങ്ങള്‍ ഈ ചികിത്സാ സമ്പ്രദായം മൂലം ഉണ്ടാകാം. എന്നാല്‍ തുടര്‍ ചികിത്സയിലൂടെ ഇവയൊക്കെ ഭേദമാക്കാനാകും. ഏതാനും ദിവസങ്ങള്‍ കൊണ്ട് രോഗി പൂര്‍ണ ആരോഗ്യവാനാകും എന്ന സവിശേഷതയും റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ സമ്പ്രദായത്തിനുണ്ട്. ഈ ചികിത്സയ്ക്ക് ഏകദേശം 40,000 മുതല്‍ 45,000 രൂപ വരെയാണ് ചെലവ് വരുന്നത്.

റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ കൂടാതെ, വെരിക്കോസ് ഞരമ്പുകളുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ആഡ്‌ഹെസിവ് ഉപയോഗിച്ചുള്ള ചികിത്സാ രീതിയും സ്വീകരിക്കാവുന്നതാണ്. വളരെ പെെട്ടന്ന് സുഖം പ്രാപിക്കാന്‍ ഇതും സഹായകമാകും.
ശ്രദ്ധിക്കാന്‍
വെരിക്കോസ് ഞരമ്പുകള്‍ മൂലമുള്ള അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനായി നിരന്തരമുള്ള നടത്തം നല്ലതാണ്. കാലുകളിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ നടത്തം വളരെയേറെ സഹായിക്കും. കുറഞ്ഞ അളവില്‍ ഉപ്പു ചേര്‍ത്തുള്ള ആഹാരശീലങ്ങള്‍ പാലിച്ചാല്‍ കാലുകളിലെ നീര്‍വീക്കം ഒഴിവാക്കുകയും, ഒപ്പം ശരീരഭാരം ഗണ്യമായി കുറച്ച് കാലുകളിലെ അമിത സമ്മര്‍ദം ഒഴിവാക്കാനുമാകും. കാല്‍ ഞരമ്പുകളുടെയും കണങ്കാലിലെയും മസിലുകള്‍ വ്യായാമത്തിലൂടെ സുരക്ഷിതമാക്കാനായി ചെറിയ ഹീലുകളുള്ള പാദരക്ഷകള്‍ ധരിക്കുന്നത് വെരിക്കോസ് ഞരമ്പുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായകമാകും. അരക്കെട്ട്, കീഴ്‌വയര്‍, കാലുകള്‍ എന്നീ ശരീരഭാഗങ്ങള്‍ക്കുമേല്‍ ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ മലര്‍ ന്നു കിടന്ന് കാലുകള്‍ നെഞ്ചിനു മുകളില്‍ ഉയര്‍ത്തി ചെയ്യാവുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതും നന്ന്. ഏറെ നീണ്ട സമയം നില്‍ക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കി, കുറച്ചു നടക്കുക വഴി കാലുകളിലേയ്ക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാം. ധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയും നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.
വെരിക്കോസ് വെയിന്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാലുകളില്‍ ഇത് ചെറിയ വ്രണമോ മുറിവോ ആയി രൂപപ്പെടും. വ്രണങ്ങള്‍ പൊട്ടിയാല്‍ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകും. പെട്ടെന്നു തന്നെ രക്തം വാര്‍ന്ന് രോഗി ഗുരുതരാവസ്ഥയിലാകും. രാത്രി ഉറക്കത്തില്‍ മുറിവുകള്‍ പൊട്ടിയാല്‍ ഇതു ശ്രദ്ധയില്‍പെടണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ രക്തം വാര്‍ന്ന് മരണം വരെ സംഭവിക്കാം. വ്രണങ്ങളുള്ള കാലില്‍ തുണിയോ ബാന്‍ഡേജോ കെട്ടി കൊണ്ടുനടക്കുകയാണ് ഒരു പ്രതിവിധി. എന്തെങ്കിലും കാരണത്താല്‍ വ്രണങ്ങള്‍ പൊട്ടാന്‍ ഇടയായാല്‍ രോഗിയെ കട്ടിലില്‍ കിടത്തി കാല്‍ ഉയര്‍ത്തി വയ്ക്കണം.
ഡോ. അനു ആന്റണി വര്‍ഗീസ്
കണ്‍സള്‍ട്ടന്റ് സര്‍ജന്‍, ജൂബിലി മൊേറിയല്‍ ഹോസ്പിറ്റില്‍, തിരുവനന്തപുരം
തയാറാക്കിയത്: ആര്‍.ജെ