പെണ്‍മനം അറിഞ്ഞ് വാങ്ങാം
പെണ്‍മനം അറിഞ്ഞ് വാങ്ങാം
Friday, February 7, 2020 5:05 PM IST
ഒരു സ്‌കൂട്ടര്‍ എടുക്കണം, ഏതാണ് നല്ലത്'... വാഹനം വാങ്ങുന്നതിനുമുമ്പ് പല സ്ത്രീകളും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ എല്ലാം നല്ലതായ ഒരു സ്‌കൂട്ടര്‍ നിര്‍ദേശിക്കാന്‍ കഴിയില്ല. സ്ത്രീകളെ സംബന്ധിച്ച് ഒരു സ്‌കൂട്ടര്‍ വാങ്ങുംമുമ്പ് ചുരുങ്ങിയത് ഇനി പറയുന്ന കാര്യങ്ങള്‍ എങ്കിലും പരിഗണിക്കണം.

* ആളിന്റെ പ്രായം, പൊക്കം, ഭാരം
* വണ്ടിയുടെ ഉപയോഗം (Daily use or rare use)
* ഒരു ദിവസം എത്ര ദൂരം യാത്ര ഉണ്ടാകും
* കുട്ടികളുമായി യാത്ര ചെയ്യുമെങ്കില്‍ അവരുടെ പ്രായം, പൊക്കം, ശരീര പ്രകൃതം
* ശാരീരികമായ മറ്റു ബുദ്ധിമുട്ടുകള്‍
* നടുവേദന, തോളുവേദന തുടങ്ങിയവ

വാഹനം തെരഞ്ഞെടുക്കുമ്പോള്‍

ഇരുപത് വയസുകാരിയായ മെലിഞ്ഞ് പൊക്കമുള്ള കോളജ് കുമാരിക്ക് സൗകര്യം ആയേക്കാവുന്ന Aprilla സ്‌കൂര്‍ നാല്പതുകാരിയായ പത്തും ഏഴും വയസുള്ള മക്കളുടെ അമ്മയായ വീട്ടമ്മയ്ക്ക് ശരിയാകണം എന്നില്ല. അതുപോലെ തന്നെ 90 കിലോ ശരീരഭാരമുള്ള ആളിന് മൈലേജ് നോക്കി Scooty pep+ നിര്‍ദേശിക്കാനും പറ്റില്ല. എന്നാല്‍ മെലിഞ്ഞ് ആരോഗ്യം കുറഞ്ഞ ലോക്കല്‍ ഓം മാത്രമുള്ള പെണ്‍കുട്ടികള്‍ക്ക് pep+ വാങ്ങിയാല്‍ മതിയാകും.

ദിവസേന വാഹനം ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഓടിക്കാന്‍ സൗകര്യപ്രദമായ ബ്രാന്‍ഡ് തന്നെ വേണം. വല്ലപ്പോഴും മാത്രം ഉപയോഗിക്കാന്‍ ഒരു വാഹനം മതിയെങ്കില്‍ തെരഞ്ഞെടുക്കലും അത്തരത്തില്‍ ആയിരിക്കണം. ദിവസേന ജോലിക്കായി ദൂരെ പോകുന്നവരാണെങ്കില്‍ ഓടിക്കാന്‍ സൗകര്യപ്രദമായ നല്ല ഇന്ധനക്ഷമതയുള്ള സ്‌കൂട്ടര്‍ ആണ് യോജിക്കുന്നത്.

ഇനി മക്കളുള്ള ഒരു വീട്ടമ്മ യാണ് വണ്ടി വാങ്ങുന്നതെങ്കില്‍ അവരുടെ കുട്ടിയുടെ പൊക്കവും, ശരീര പ്രകൃതിയും അനുസരി ച്ചു മുന്നില്‍ പ്ലാറ്റ്‌ഫോമില്‍ കുട്ടിയെ നിര്‍ത്തി യാത്ര ചെയ്യുമ്പോള്‍ ആ കുട്ടിക്ക് ആവശ്യത്തിന് സ്ഥലം സീറ്റിനും ഹാന്‍ഡില്‍ ബാറിനും ഇടയിലുള്ള മോഡല്‍ വണ്ടി വേണം. സൗകര്യക്കുറവുളള വണ്ടിയാണെങ്കില്‍ വണ്ണമുള്ള കുട്ടികള്‍ ഞെരുങ്ങി ബുദ്ധിമുട്ടും. ഇനി കുട്ടിക്ക് അത്യാവശ്യം പൊക്കം ഉണ്ടെങ്കില്‍ അ മ്മയുടെ കാഴ്ച വലിയ രീതിയില്‍ തടസപ്പെടാതിരിക്കാന്‍ തറയില്‍ നിന്നും സീറ്റിലേക്കുള്ള ഉയരം കൂടിയ സ്‌കൂട്ടര്‍ വേണം പരിഗണിക്കാന്‍. കാല്‍ നീളം കുറഞ്ഞവരാണെങ്കില്‍ സീറ്റിന്റെ ഉയരം കൂടുന്നതും ബുദ്ധിമുട്ടുണ്ടാക്കും. തോളുവേദന, പുറംവേദന എന്നിവയൊക്കെയുള്ള സ്ത്രീകള്‍ ആണെങ്കില്‍ അവര്‍ക്ക് മുന്നില്‍ Telescopic Fork ഉള്ള, പിന്നില്‍ അത്ര കട്ടിയല്ലാത്ത ടൈപ്പ് സസ്‌പെന്‍ഷനുള്ള വണ്ടി വേണം വാങ്ങാന്‍.


ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഇഷ്ടം Hond-a Dio ആണ്. നിങ്ങളുടെ സുഹൃത്തിന് Dio ഉണ്ട്. വല്ലപ്പോഴും അതും എടുത്തു മക്കളുമായി യാത്രകള്‍ ചെയ്യുക. ഉപയോഗിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ആ വ്യത്യാസം ബോധ്യമാകും. ഇതുതന്നെയാണ് വാഹനം തെരഞ്ഞെടുക്കുന്നതിലെ ഉചിതമായ മാര്‍ഗം.

ഒരു വണ്ടി മനസില്‍ ഉറപ്പിച്ചാല്‍ അത് ഉപയോഗിക്കുന്നവരോട് അഭിപ്രായങ്ങള്‍ ചോദിക്കാം. അടുത്ത് സര്‍വീസ് സെന്റര്‍ നല്ലത് ഉണ്ടോ, സര്‍വീസ് കത്തിയാണോ, എന്നൊക്കെ തിരക്കാം. താമസസ്ഥലത്ത് മോശമായ റോഡുകളോ മലമ്പ്രദേശമോ ആണെങ്കില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടിയ മോഡലുകള്‍ വാങ്ങണം.

ഷാന്‍ സത്യശീലന്‍
സര്‍വീസ് അഡൈ്വസര്‍, കനേഡിയന്‍ ടയര്‍.