പ്രമേഹമോ? ഭക്ഷണം എന്ത് എന്നല്ല എത്ര അളവിലെന്ന് നോക്കണം
പ്രമേഹമോ? ഭക്ഷണം എന്ത് എന്നല്ല എത്ര അളവിലെന്ന് നോക്കണം
Monday, February 3, 2020 4:02 PM IST
വിത്തൗട്ട് ചായയുടെ ആവശ്യക്കാര്‍ ഏറിവരുകയാണ്. പ്രമേഹ രോഗികളോ പ്രമേഹസാധ്യതയുള്ളവരോ ആണ് ഇതില്‍ കൂടുതല്‍. യഥാര്‍ഥത്തില്‍ മധുരം മാത്രമല്ല, അളവില്‍ കൂടുതല്‍ കഴിക്കുന്ന എന്ത് ഭക്ഷണവും പ്രമേഹരോഗികളുടെ എതിരാളികളാണ്. കൃത്യമായ അളവിലെങ്കില്‍ എല്ലാത്തരത്തിലുള്ള ഭക്ഷണവും ഉള്‍പ്പെടുത്തുകയുമാകാം.

ഭക്ഷണശീലങ്ങള്‍

തെറ്റായ ഭക്ഷണശീലങ്ങള്‍ തന്നെയാണ് ഒരു പരിധിവരെ പ്രമേഹസാധ്യത കൂട്ടുന്നത്. കലോറി കൂടുതലുള്ള, മധുരം, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാന്‍ ഇടയാക്കും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതുമൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും പ്രമേഹം വരാനും കാരണമാകുന്നു. ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കേണ്ടതു പ്രധാനമാണ്.

ഭക്ഷണനിയന്ത്രണം

എന്ത് ഭക്ഷണം കഴിക്കുന്നുവെന്നതിനേക്കാള്‍ പ്രധാനം അത് എത്ര അളവില്‍ കഴിക്കുന്നുവെന്നതിലാണ്. എല്ലാത്തരത്തിലുള്ള ഭക്ഷണത്തിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികളോ പ്രമേഹസാധ്യതയുള്ളവരോ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

ഭക്ഷണനിയന്ത്രണത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കണം. കൂടുതല്‍ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്.

മധുരം പൂര്‍ണമായും ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും ഭക്ഷണത്തില്‍ ശ്രദ്ധിക്കുക. പച്ചക്കറികള്‍ സാലഡായോ, സൂപ്പായോ ദിവസവും ഉള്‍പ്പെടുത്തണം. ഒരു പഴവര്‍ഗം ഇടനേരത്ത് ഉള്‍പ്പെടുത്തുക. മട്ടന്‍, ബീഫ്, പോര്‍ക്ക് എന്നീ ചുവന്ന മാംസം ഒഴിവാക്കണം. സമീകൃത ആഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അരിയും ഗോതമ്പും

അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് ഗോതമ്പ് ഇപ്പോഴും അന്യനാട്ടുകാരനാണ്. ചോറുകഴിക്കുന്ന അത്ര പ്രിയം ഗോതമ്പ് ചപ്പാത്തിയോട് ഇല്ലത്തതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ അളവില്‍ കുറവുവരുകയും രക്തത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഒരു പാത്രം ചോറു കഴിച്ചിരുന്നയാള്‍ പകരം പത്ത് ചപ്പാത്തി കഴിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. ഓട്‌സിന്റെ കാര്യവും വ്യത്യസ്തമല്ല. ഏതു ധാന്യമായാലും അളവു കുറച്ചു കഴിക്കുക.


പഴവര്‍ഗങ്ങള്‍

ഏതു പഴവര്‍ഗം വേണമെങ്കിലും കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പഴവര്‍ഗങ്ങളിലും അന്നജത്തിന്റെ അളവില്‍ വ്യത്യാസമുണ്ട്. ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. 100 ഗ്രാമില്‍ കൂടരുതെന്നു മാത്രം.

ഗ്ലൈസിമിക് ഇന്‍ഡക്‌സ്

ഭക്ഷണത്തിന്റെ അളവ്, സമയം, ഗ്ലൈസിമിക് ഇന്‍ഡക്‌സ്, പോഷകങ്ങളുടെ അളവ്, പാകം ചെയ്യുന്ന രീതി തുടങ്ങി പല ഘടകങ്ങളും രക്തത്തിലെ പഞ്ചസാരനിലയെ ബാധിക്കും. ഒരു ഭക്ഷണപദാര്‍ഥം എത്ര വേഗത്തിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതെന്ന് കണക്കാക്കുന്നത് ഗ്ലൈസിമിക് ഇന്‍ഡക്‌സിലൂടെയാണ്. ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. കൂടുതല്‍ വേവിക്കുന്നതും കഞ്ഞി, കുറുക്ക് തുടങ്ങിയ രൂപത്തിലുള്ളതുമായ ഭക്ഷണങ്ങളുടെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കൂടുതലായിരിക്കും. ഗ്ലൈസിമിക് ഇന്‍ഡക്‌സ് 55ല്‍ കുറവ് ഉള്ള ഭക്ഷ്യ വസ്തുക്കളാണ് കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങള്‍. ഇലക്കറികള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മധുരം കുറഞ്ഞ പഴങ്ങള്‍, ചേന തുടങ്ങിയവ ഈ ഗണത്തിലുള്ളവയാണ്. 56ó- 69 വരെയുള്ളയാണ് മിതമായവ. ബ്രൗണ്‍ റൈസ്, ബസ്മതി റൈസ് എന്നിവ അതിനുദാഹരണമാണ്. വൈറ്റ് റൈസ്, ബ്രഡ്, കോണ്‍ഫ്‌ളെക്‌സ്, ഏത്തയ്ക്ക, തണ്ണിമത്തന്‍, കപ്പ, ഉരുളക്കിഴങ്ങ് തുടങ്ങി 70തിലധികം ഗ്ലൈസിമിക് ഇന്‍ഡക്‌സ് ഉള്ളവ പ്രമേഹ രോഗികള്‍ക്ക് നന്നല്ല.

പ്രമേഹ പാരമ്പര്യം

പ്രമേഹരോഗമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ ചെറുപ്പം മുതല്‍ ചിട്ടയായ ഭക്ഷണശൈലിയും സ്ഥിരമായ വ്യായാമവും പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഇത്തരം കുട്ടികളില്‍ 25 വയസിന് ശേഷം കുടവയറും പൊണ്ണത്തടിയുമുണ്ടെങ്കില്‍ പ്രമേഹസാധ്യത വളരെ കൂടുതലാണ്.

ഡോ. മനോജ് കെ.ടി
ഡയബറ്റോളജിസ്റ്റ്, ഗ്രീന്‍ ലൈഫ് ഡയബറ്റിക്‌സ് സെന്റര്‍, നിലമ്പൂര്‍.

തയാറാക്കിയത്: അനു ദിവാകര്‍