ദാമ്പത്യത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള സ്ഥാനം
Friday, January 10, 2020 5:46 PM IST
ദാമ്പത്യജീവിതം ഏവരുടെയും സ്വപ്‌നമാണ്. അതു സന്തോഷപ്രദവും ആരോഗ്യകരവുമാകാന്‍ എല്ലാവരും അഭിലഷിക്കുന്നു. പക്ഷേ, പ്രായോഗികതലത്തില്‍ എല്ലായ്‌പ്പോഴും അങ്ങനെ നടക്കാറില്ല. പങ്കാളിയുടെ കുറവുകള്‍ ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ പോരായ്മകള്‍ നമ്മള്‍ ഓര്‍ക്കുകപോലുമില്ല. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു പങ്കാളിയുടെ കുഴപ്പമാണെന്നു നാം സ്വയം ആശ്വസിക്കും. നമ്മുടെ പങ്കിനെക്കുറിച്ച് ആലോചിക്കുകപോലുമില്ല. അതാണു കുഴപ്പങ്ങളുടെ കാരണം.
സംതൃപ്ത ദാമ്പത്യത്തിന്
ദാമ്പത്യത്തില്‍ പലപ്പോഴും അസംതൃപ്തരോ അസന്തുഷ്ടരോ ആകുന്ന അവസരങ്ങളുണ്ട്. എന്താണു യഥാര്‍ഥ പ്രശ്‌നമെന്ന് അപ്പോഴും മനസിലാക്കിയെന്നുവരില്ല. സംതൃപ്തമായ ദാമ്പത്യത്തിനു പല ഘടകങ്ങള്‍ വേണം. സ്‌നേഹം, പ്രതിബദ്ധത, വിശ്വാസം, പരസ്പരം ചെലവഴിക്കുന്ന സമയം, ശ്രദ്ധ, തുറന്ന ആശയവിനിമയം, നല്ല ശ്രവണം, ക്ഷമ, പാരസ്പര്യം, സഹനം, സത്യസന്ധത, ആദരം, പങ്കുവയ്ക്കല്‍, പങ്കാളിയോടുള്ള പരിഗണന, ഔദാര്യം, വിട്ടുവീഴ്ചാമനോഭാവം, തര്‍ക്കങ്ങളും വിയോജിപ്പുകളും സമന്വയത്തോടെ കൈകാര്യം ചെയ്യാനുള്ള മനോഭാവം, പങ്കാളിയുടെ കാഴ്ചപ്പാട് മനസിലാക്കാനുള്ള സന്മനസ്, ക്ഷമിക്കാനും ക്ഷമ ചോദിക്കാനുമുള്ള കഴിവ് എന്നിങ്ങനെ.
ഈ പട്ടിക ലളിതമാണ്. പക്ഷേ ഇതു സാധ്യമാക്കുക എളുപ്പമല്ല. പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പങ്കാളികള്‍ അകന്നുപോകുകയും ചെയ്യുമ്പോള്‍ പരസ്പരം തൃപ്തിപ്പെടുത്തുന്നവിധം ബന്ധം തുടരുക വിഷമകരമാകും. വിട്ടുപോയ ബന്ധം പുനരുജ്ജീവിപ്പിക്കലും അങ്ങനെതന്നെ.
എല്ലാം തകരും എന്നല്ല ഇതിനര്‍ഥം. ബന്ധങ്ങള്‍ പിടിച്ചുനിര്‍ത്താനും വീണ്ടെടുക്കാനും അവസരങ്ങളുണ്ട്. ഉലഞ്ഞ ദാമ്പത്യത്തെ ബലപ്പെടുത്താനോ ചിതറിയ ബന്ധത്തെ തിരികെ ശരിയായ വഴിയിലാക്കാനോ ഒക്കെ സഹായിക്കുന്ന അടുപ്പത്തിന്റെ മേഖലകളുണ്ട്.
അടുപ്പം നാലുതരത്തില്‍
ബന്ധത്തില്‍ എന്തോ തരക്കേടുണ്ടെന്നു ദമ്പതികള്‍ കരുതുന്ന അവസരങ്ങളുണ്ട്. എന്താണു പ്രശ്‌നം, എന്താണു പരിഹാരം എന്ന് മനസിലാകാതെ അവര്‍ വിഷമിക്കുന്നു.
ബന്ധം എങ്ങനെയാണെന്നു മനസിലാക്കാനും കൂടുതല്‍ അടുക്കാനും പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ അകലുന്നതിനു പകരം അടുത്തുനില്‍ക്കാനും താഴെപ്പറയുന്ന നാലുതരം അടുപ്പങ്ങള്‍ സഹായിക്കും.
* ഒന്നിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്
* ശാരീരിക അടുപ്പം
* വൈകാരിക അടുപ്പം
* ലൈംഗിക അടുപ്പം
ഇവ നാലില്‍ ഏതെങ്കിലും ഒന്ന് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രധാനമല്ല. എല്ലാം ഒരേപോലെ പ്രധാനമാണ്. അവ പരസ്പര പൂരകങ്ങളുമാണ്. എല്ലാം ചേരുമ്പോള്‍ ബന്ധം കൂടുതല്‍ സംതൃപ്തിയേകുന്നതും അടുപ്പമുള്ളതുമാകും.

ഒന്നിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്
ദമ്പതികള്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കണം. തിരക്കേറിയ ആധുനിക ജീവിതസാഹചര്യങ്ങളില്‍ ഇതത്ര എളുപ്പമായിരിക്കില്ല. തൊഴില്‍പരവും അല്ലാത്തതുമായ ബാധ്യതകളും കുട്ടികളുടെ കാര്യങ്ങളുമെല്ലാം ഒരുമിച്ചു സമയം ചെലവഴിക്കുന്നതിനു തടസമാകാറുണ്ട്. ഷോപ്പിംഗ്, ഹോട്ടലില്‍ ഭക്ഷണത്തിനു പോകുന്നത്, സിനിമയ്ക്കു പോകുന്നത്, ഒന്നിച്ചു നടക്കുന്നത്, കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്, ഒന്നിച്ച് എക്‌സര്‍സൈസ് ചെയ്യുന്നത്, ഒന്നിച്ച് അവധിദിനങ്ങള്‍ ചെലവഴിക്കുന്നത് തുടങ്ങിയവയൊക്കെ ദമ്പതികളെ കൂടുതല്‍ അടുപ്പിക്കും. കൂടുതല്‍ ആശയവിനിയത്തിലൂടെ പരസ്പരം കൂടുതല്‍ അറിയാന്‍ സഹായിക്കുന്നു.
ശാരീരിക അടുപ്പം
ദമ്പതികളുടെ ശാരീരിക അടുപ്പം വളരെ പ്രധാനമാണ്. പരസ്പരം കണ്ണില്‍ നോക്കുന്നതു മുതല്‍ കരങ്ങള്‍ കോര്‍ക്കുന്നതും ആശ്ലേഷിക്കുന്നതും തൊട്ടുരുട്ടി ഇരിക്കുന്നതും പരസ്പരം തലോടുന്നതും ഒക്കെ ഇതില്‍പ്പെടുന്നു. ഭൗതികമായ അടുപ്പം ദമ്പതികളുടെ മാനസിക അടുപ്പവും പാരസ്പര്യവും വളര്‍ത്തുന്നു. ഒരുകാര്യം ഓര്‍ക്കുക, ചിലര്‍ പരസ്യമായി അടുപ്പം പ്രദര്‍ശിപ്പിക്കുന്നത് അധികം ഇഷ്ടപ്പെടാതെയായിരിക്കും. നിങ്ങളുടെ പങ്കാളി അങ്ങനെയാണോ അല്ലയോ എന്നു മനസിലാക്കിവേണം പെരുമാറാന്‍.
വൈകാരിക അടുപ്പം
പരസ്പരം ആഴത്തില്‍ അറിയാനും സഹഭാവം വളര്‍ത്താനും വൈകാരിക അടുപ്പം സഹായിക്കുന്നു. ചിന്തയും വികാരവും വിശ്വാസങ്ങളും മൂല്യങ്ങളും സ്വപ്‌നങ്ങളും ആശങ്കകളും ഭയവും സ്വപ്‌നങ്ങളും മോഹങ്ങളും ഒക്കെ പങ്കുവയ്ക്കുന്നതിലൂടെയാണ് വൈകാരിക അടുപ്പം സാധ്യമാകുന്നത്. പങ്കാളിയെ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതു വളരെ പ്രധാനമാണ്. വിയോജിക്കാനോ വിധി തീര്‍പ്പിനോ കുറ്റപ്പെടുത്തലിനോ വിമര്‍ശനത്തിനോ ആയിരിക്കരുത് നമ്മള്‍ ശ്രദ്ധിക്കുന്നത്. മറിച്ച് പങ്കാളിയെ കൂടുതല്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനുമായിരിക്കണം.
ലൈംഗിക അടുപ്പം
ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ സന്തുഷ്ടരായിരിക്കുന്നത് പ്രധാനമാണ്. ലൈംഗികബന്ധത്തെപ്പറ്റി തുറന്നു സംസാരിക്കാനാവുന്നതും പ്രധാനമാണ്. ചിലപ്പോള്‍ തങ്ങളുടെ ലൈംഗികബന്ധം വേണ്ടത്രയുണ്ടോ എന്നോ അധികമാണോ എന്നോ ഒക്കെ സംശയമുയരാം. ഇരുവരും സന്തുഷ്ടരായിരിക്കുന്നിടത്തോളം ബന്ധത്തിന്റെ എണ്ണവും സ്വഭാവവും ഒരു പ്രശ്‌നമല്ലെന്നോര്‍ക്കുക. കഥകളിലോ പുസ്തകങ്ങളിലോ ഉള്ള വിവരങ്ങള്‍ വച്ചു വിലയിരുത്തുന്നതും താരതമ്യം ചെയ്യുന്നതും അനാവശ്യമാണ്. യാഥാര്‍ഥ്യങ്ങളായിരിക്കില്ല പല മാധ്യമങ്ങളിലും വരുന്നത്.
ഡോ. റോയ് ഏബ്രഹാം കള്ളിവയലില്‍
ലോക സൈക്യാട്രിക് അസോസിയേഷന്‍, സെക്രട്ടറി ജനറല്‍.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്യാട്രി പ്രഫസര്‍, വകുപ്പ് മേധാവി, പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവല്ല