നല്ല ദാമ്പത്യത്തിനായി ചില അതിരുകള്‍ വേണം
Saturday, December 28, 2019 3:40 PM IST
നിഷയും രമേഷും വിവാഹിതരായി് രണ്ടു വര്‍ഷമായി. രണ്ടുപേരും വ്യത്യസ്തരീതിയില്‍ ജീവിച്ചിരുന്ന രണ്ടു കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു. നിഷയുടെ പിതാവിന് അഞ്ചു സഹോദരങ്ങളുണ്ടായിരുന്നു. അതില്‍ നാലുപേരും നിഷയുടെ വീടിനടുത്തുതന്നെയായിരുന്നു താമസം. എല്ലാവരും നല്ല സ്‌നേഹത്തിലും സഹകരണത്തിലും ആയിരുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധികളെപ്പോലും അവര്‍ ഒറ്റക്കെട്ടായി നിന്നാണ് നേരിട്ടിരുന്നത്. എല്ലാവരും തമ്മില്‍ നല്ല അടുപ്പമായിരുന്നു. നല്ലരീതിയില്‍ സ്വര്‍ണവും പണവും നല്‍കിയാണ് നിഷയെ വിവാഹം ചെയ്തത്. അച്ഛന്‍ മരിച്ചശേഷം സഹോദരന്‍ അവളുടെ ഷെയര്‍ എന്നുപറഞ്ഞ് കുറച്ചു പണം കൂടി ആരും ആവശ്യപ്പെടാതെ നിഷയ്ക്കു നല്‍കി. പിന്നീടും സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ സഹോദരന്‍ ഭാര്യയുടെ സ്വര്‍ണം പണയംവച്ച് പണം നല്‍കി. മക്കള്‍ക്ക് നല്ല സ്വാതന്ത്ര്യം നല്‍കിയിരുന്ന വീടായിരുന്നു നിഷയുടേത്.
രമേഷിന് മൂന്നു സഹോദരിമാര്‍. അവരെ വിവാഹം ചെയ്തയച്ചു. അതിനുശേഷം പിതാവ് അവര്‍ക്ക് കുറച്ചു സ്ഥലം വീതം നല്‍കി. എന്നാല്‍ ഇതുമൂലം രമേഷ് അവരോട് പിണങ്ങി. ആ വീട്ടില്‍ പുരുഷമേധാവിത്വമാണ് നടന്നിരുന്നത്. രമേഷിന്റെ അമ്മയ്ക്ക് പുറത്തുപോകാനുള്ള സ്വാതന്ത്ര്യംപോലുമില്ലായിരുന്നു. എന്തു സാധനവും പുരുഷന്മാരാണ് വാങ്ങിക്കൊണ്ടുവരുന്നത്. അമ്മ വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന ഒരാളായിരുന്നു. രമേഷ് എവിടെയെങ്കിലും പോയാല്‍ പറയുന്ന സമയത്ത് വന്നില്ലെങ്കില്‍ രണ്ടുപേര്‍ക്കും വലിയ ടെന്‍ഷന്‍ ഉണ്ടാകും. ഫോണ്‍ വിളിച്ചിട്ടു കിട്ടിയില്ലെങ്കില്‍ പരിഭ്രമിക്കും. നിഷ വന്നശേഷവും ഈ സ്ഥിതി തുടര്‍ന്നു. അയല്‍വീടുകളിലോ ബന്ധുവീടുകളിലോ ആരും പോകാറില്ല. സ്ത്രീകള്‍ അങ്ങനെ പോകുന്നത് ആര്‍ക്കും ഇഷ്ടവുമില്ല. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അയല്‍ക്കാര്‍ നിഷയെ നിര്‍ബന്ധിച്ചു. മനസില്ലാമനസോടെ രമേഷും പിതാവും സമ്മതിച്ചുവെങ്കിലും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും പിന്നീട് ഉണ്ടായി.
വീട്ടില്‍ പെയിന്റ് ചെയ്യാനും ടൈലിടാനും ജോലിക്കാര്‍ വന്നപ്പോള്‍ അവര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പോലും രമേഷ് അവളെ അനുവദിച്ചില്ല. പുരുഷന്മാരുമായി അധികം ഇടപെടുന്നത് നല്ലതല്ലെന്ന് അയാള്‍ അവളോടു പറഞ്ഞു. കുടുംബശ്രീയില്‍ വിടാത്തതിനും ഒരു സിനിമയ്ക്കുപോലും കൊണ്ടുപോകാത്തതിനും കുറച്ചുസമയമെങ്കിലും അവള്‍ക്കൊപ്പം പുറത്തുപോകാത്തതിന്റെ പേരിലും അവള്‍ വഴക്കടിക്കാന്‍ തുടങ്ങി.
ഈയിടെ രണ്ടുപേരും കൂടി അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ ആങ്ങളയുടെ മകന്‍ ഓടിവന്ന് അവളുടെ കൈയില്‍ പിടിച്ച് സ്വീകരിച്ചത് രമേഷിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുകയും രമേഷ് അന്നുതന്നെ അവളുമായി തിരിച്ചുപോകുകയും ചെയ്തു.
മൂലകുടുംബത്തില്‍ നിന്ന് ലഭിക്കുന്നത്
ദമ്പതികളുടെ പെരുമാറ്റത്തിനും വൈകാരികതയ്ക്കും പ്രധാന അടിസ്ഥാനം അവരുടെ മൂലകുടുംബത്തിലെ സാഹചര്യങ്ങളും അനുഭവങ്ങളുമാണ്. അവരറിയാതെതന്നെ മൂലകുടുംബത്തിലെ ബന്ധത്തിന്റെ പടം അവരുടെ ഉള്ളിലിരുന്ന് അവരെ സ്വാധീനിക്കും. ചില കുടുംബങ്ങളില്‍ വിചിത്രമായ ഒരു പെരുമാറ്റരീതി കാണാറുണ്ട്. ഇതിനെ ത്രികോണവത്കരണം എന്നു പറയും. ഇതിന്റെ പ്രത്യേകത പ്രകടമാകുന്നത് സംഘര്‍ഷഘട്ടങ്ങളിലാണ്. കുടുംബത്തിലെ മൂന്നു പേരില്‍ രണ്ടുപേര്‍ ഒരുപക്ഷത്തുനിന്നുകൊണ്ട് മറ്റെയാള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയാണിവിടെ ചെയ്യുക. ഉദാഹരണത്തിന് അയും മകനും ചേര്‍ന്ന് അപ്പനെതിരെയും അപ്പനും മകനും ചേര്‍ന്ന് അയ്‌ക്കെതിരെയും പ്രവര്‍ത്തിക്കുന്നത് കാണാറുണ്ട്. ഇതു കുട്ടികളില്‍ സ്വഭാവവൈകല്യത്തിനു വഴിതെളിക്കും. പക്ഷേ, അമ്മയ്‌ക്കോ അപ്പനോ ഇവിടെ താത്കാലിക ജയം ലഭിക്കുന്നു. വിവാഹശേഷം പ്രതിസന്ധികളുണ്ടാകുമ്പോള്‍ ഇതേ രീതി അവലംബിക്കും.
ചില കുടുംബങ്ങളില്‍ അപ്പനും അമ്മയും മക്കളും തമ്മില്‍ ആഴമായ ബന്ധമായിരിക്കും. അവര്‍ക്ക് വ്യക്തിപരമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെവരുന്നു. എല്ലാവരും എല്ലാവരുടെയും കാര്യങ്ങളില്‍ ആവശ്യത്തിലധികം ഇടപെടും. ആര്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ അവകാശമില്ല. അതിനെതിരായി ചെയ്യുന്നത് ഒരു കുറ്റകൃത്യം പോലെ കാണും.
ഒരു കുടുംബത്തില്‍ അമ്മയും മകനും മകളും തമ്മില്‍ ഇത്തരത്തിലുള്ള ഒരു ബന്ധം ഉണ്ടായിരുന്നു. മകനും മകളും വിവാഹം കഴിച്ചു. പക്ഷേ, മകന്റെ ഭാര്യയെയും കുടുംബത്തെയും മകളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും ഒരു പരിധിക്കപ്പുറത്ത് അകറ്റിനിര്‍ത്തിക്കൊണ്ട് അവര്‍ പഴയ രീതിയിലുള്ള ബന്ധം തുടര്‍ന്നു. ഇത് രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിലാക്കുന്ന പല പ്രശ്‌നങ്ങളും സൃഷ്ടിച്ചു.
അമ്മയും സഹോദരിയും പറയുന്നതനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന മകന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മരുമകള്‍ക്കെതിരേ അമ്മയും മകനും മകളും ഒറ്റക്കൊയിനിന്ന് കുടുംബം തകര്‍ത്തുകളയത്തക്ക രീതിയില്‍ പെരുമാറി. മകളുടെ ഭര്‍തൃഗൃഹത്തിലേക്ക് പോകുന്നതുപോലും ഇക്കൂട്ടര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് അവരും അസ്വസ്ഥരാണ്. ഈ നില തുര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ തങ്ങളുടെ പോരായ്മ തിരിച്ചറിയാനോ തിരുത്താനോ തയാറാകാത്തതുകൊണ്ട് മകന്റെയും മകളുടെയും ജീവിതപങ്കാൡകളും അവരുടെ കുടുംബങ്ങളും അവഗണിക്കപ്പെട്ടുകഴിയുന്നു.
മാതാപിതാക്കളെ മാതൃകയാക്കും
മാതാപിതാക്കള്‍ തമ്മിലുള്ള ഇടപെടല്‍രീതി കണ്ടുപഠിക്കുന്ന മക്കള്‍ അവരുടെ വിവാഹജീവിതത്തില്‍ അത് പ്രതിഫലിപ്പിക്കും. പരസ്പരം വഴക്കടിക്കുകയും കുറ്റം പറയുകയും ആക്രോശിക്കുകയും വഴക്കിനുശേഷം ദിവസങ്ങളോളം പിണങ്ങിയിരിക്കുകയും ചെയ്യുന്നതൊക്കെ കാമറയിലെന്നപോലെ കുഞ്ഞുങ്ങളുടെ മനസില്‍ പതിയുകയും ശക്തമായി മനസില്‍ ഉറപ്പിക്കപ്പെടുകയും പിന്നീട് സാഹചര്യങ്ങളുണ്ടാകുമ്പോള്‍ പുറത്തെടുക്കപ്പെടുകയും ചെയ്യുന്നു.

അവഗണിക്കപ്പെടുന്ന കുട്ടികള്‍ ധാരാളമുണ്ട്. അവഗണിക്കപ്പെടുമ്പോള്‍ മനസില്‍ മുറിവേല്‍ക്കുന്നു. അങ്ങനെയുള്ളവര്‍ വിവാഹം കഴിഞ്ഞ് ഏതെങ്കിലും സംഘര്‍ഷാവസ്ഥ സംജാതമാകുമ്പോള്‍ അവഗണിക്കപ്പെടുമോ എന്ന് അമിതമായി ഭയപ്പെടും. മാതാപിതാക്കളോ മറ്റു രക്ഷിതാക്കളോ നിന്ദ്യമായ രീതിയില്‍ അവഗണിച്ചവര്‍ക്ക് ഇത്തരമൊരു ഭയം സ്വാഭാവികമായും ഉണ്ടായിരിക്കും. ഇവര്‍ക്ക് സാമീപ്യവും സാന്ത്വനവും ആവശ്യംവരുമ്പോള്‍ അതു ലഭിക്കുന്നതിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ഈ ചിന്തയുടെ അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ട് പലപ്പോഴും പങ്കാളികള്‍ അടുക്കുന്നതിനു പകരം അകന്നുപോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ കാരണമായിത്തീര്‍ന്നേക്കാം. നിങ്ങള്‍ക്ക് എന്നോട് ഇഷ്ടമില്ല, എന്നെ ഇട്ടിട്ടുപോകാനുള്ള പണിയാണിതെന്ന് എനിക്കറിയാം എന്നു തുടങ്ങിയ നിരന്തര ജല്പനങ്ങള്‍ പങ്കാളിയെ അലോസരപ്പെടുത്തും. പരിണിതഫലമായി അവഗണിക്കാന്‍ ഇടയാകുകയും ചെയ്യും.
തലമുറകള്‍ തിലുള്ള തെറ്റായ കൂട്ടുകെട്ടും ചില കുടുംബങ്ങളിലുണ്ട്. വല്യപ്പനും കൊച്ചുമകനും കൂടി ഇടയ്ക്കുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളുണ്ട്. അത് മാതാപിതാക്കളുടെ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കും. അത്തരത്തിലുള്ള കുടുംബങ്ങളിലുള്ളവര്‍ അങ്ങനെയുള്ള ഒരു ബന്ധ ഭൂപടം മനസില്‍ സൂക്ഷിച്ച് സ്വന്തം വിവാഹജീവിതത്തില്‍ അത് പ്രകടമാക്കുന്നതും പ്രശ്‌നസൃഷ്ടിക്ക് കാരണമാകും.
അതിരുകള്‍ അനിവാര്യം
അതിരുകള്‍ കുടുംബജീവിതത്തില്‍ അനിവാര്യമാണ്. മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍, മക്കള്‍ എന്നിവരെല്ലാം കുടുംബത്തിന്റെ അഭിഭാജ്യ ഘടകങ്ങളാണ്. എന്നാല്‍, പൊതുവായി സ്‌നേഹത്തിലും സാഹോദര്യത്തിലും അനുകമ്പയിലും സഹകരണത്തിലും കഴിയുന്നതിനൊപ്പം ഓരോ ഗ്രൂപ്പിനും അവരവരുടേതായ സ്വകാര്യതയും സ്വാതന്ത്ര്യവും ഉണ്ടാകണം. വല്യപ്പന്റെയും വല്യയുടെയും സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലും പേരക്കുികളും അവരുടെ മാതാപിതാക്കളും ഇടപെടരുത്. മാതാപിതാക്കളുടെ സ്വകാര്യതയിലും സ്വതന്ത്രവിനിമയ സ്വാതന്ത്ര്യത്തിനും മുത്തച്ഛനും മുത്തശിയും തടസമാകരുത്. മക്കളുടെ ന്യായമായ സ്വാതന്ത്ര്യത്തില്‍ മാതാപിതാക്കളും മാതാപിതാക്കളുടെ സ്വകാര്യതയിലും അധികാരത്തിലും മക്കളും കൈകടത്തരുത്. ഇങ്ങനെ അതിരുകള്‍വിട്ട് പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബജീവിതം നരകതുല്യമാകും. സ്വന്തം മാതാപിതാക്കളുടെ അമിത ഇടപെടല്‍മൂലം ദാമ്പത്യസ്‌നേഹം പോലും പ്രകടിപ്പിക്കാന്‍ ഭയപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരുണ്ട്. അധികാര ദുര്‍വിനിയോഗം ചെയ്യുന്ന ഇത്തരം മുത്തച്ഛനും മുത്തശിയും കുടുംബബന്ധങ്ങള്‍ ദുഷ്‌കരമാക്കും.
കുഞ്ഞിന് അമിത നിയന്ത്രണം വേണ്ട
മക്കളെ അമിതമായി നിയന്ത്രിക്കുന്നവര്‍ നിഷേധികളും സ്വഭാവവൈകല്യമുള്ളവരുമായ കുട്ടികളെ സൃഷ്ടിക്കും. മാതാപിതാക്കന്മാരെ ഭരിക്കുന്ന മക്കള്‍ അവര്‍ക്കുതന്നെയും കുടുംബത്തിനും വിപത്ത് സൃഷ്ടിക്കുന്നു. മക്കളെക്കൊണ്ട് മുത്തച്ഛനെയും മുത്തശിയെയും ചീത്തവിളിപ്പിക്കുന്ന മാതാപിതാക്കള്‍ ഭീകരമായ കീഴവഴക്കങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് കുടുംബത്തില്‍ ആരോഗ്യകരമായ തലമുറ അതിരുകള്‍ ഉണ്ടാകണം. എന്നാല്‍, ഈ അതിരുകള്‍ പൂര്‍ണമായും അടയ്ക്കപ്പെട്ടവ ആകരുത്. ആരോഗ്യകരമായ സുതാര്യതയും ഇടയ്ക്കിടെ ഉണ്ടാകണം. സുതാര്യതയില്ലാത്ത അതിരുകളും അതിരുകളില്ലാത്ത പൂര്‍ണ സുതാര്യതയും ദോഷകരമാണ്.
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ ഓരോന്നും അനുഭവിച്ചറിഞ്ഞ വ്യക്തികള്‍ സ്വാഭാവികമായും അവരുടെ ജീവിതഘട്ടങ്ങളില്‍ അവയെ അറിയാതെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യം നമുക്കുണ്ടാകണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴും ഈ സാധ്യതകള്‍ കണ്ടെത്തിയാല്‍ മനഃശാസ്ത്രപരമായ സമീപനം എളുപ്പമാകും. മറിച്ച് കാരണമറിയാതെയുള്ള പരിഹാരശ്രമം നഷ്ടമായിത്തീരും. ഇത്തരം ഒരുപാട് ഘട്ടങ്ങള്‍ കുടുംബജീവിതത്തെ ബാധിക്കാറുണ്ട്. ഇനിയും ധാരാളം കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് നാം ഓര്‍ക്കണം.
ഡോ.പി.എം ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പല്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ്
സൈക്കോതെറാപ്പി സെന്റര്‍, കാഞ്ഞിരപ്പള്ളി