രുചിയുണര്‍ത്തി ജീനാസ് അവ്ന്‍ ഡിസൈന്‍സ്
Friday, November 29, 2019 5:38 PM IST
ബേക്കറികളില്‍ കാണുന്ന മനംമയക്കുന്ന കേക്കുകള്‍ ആഘോഷവേളകള്‍ക്കു കൊഴുപ്പേകാന്‍ വീട്ടിലുണ്ടാക്കിയാലോ? എങ്കില്‍ അതിനു രുചിയും ഗുണവും കൂടുമെന്നു തെളിയിക്കുകയാണ് അധ്യാപികയായ ജീന സജി. ജീനാസ് അവ്ന്‍ ഡിസൈന്‍സ് കേക്കുകളുടെ കൂട്ടുമായി വേറിട്ടുനില്‍ക്കുന്നു. പിറന്നാള്‍, വിവാഹം, ക്രിസ്മസ് തുടങ്ങി ഏത് ആഘോഷത്തിനും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ജീന ഉണ്ടാക്കുന്ന കേക്കിനോടാണ് പ്രിയം.
കേക്കുകളോട് പണ്ടേ പ്രിയം
വെറും കൗതുകത്തിനുവേണ്ടി കേക്ക് ഉണ്ടാക്കിയതല്ല. ജീനയ്ക്ക് പണ്ടേ കേക്കുകളോട് ഇഷ്ടമായിരുന്നു. ഇഷ്ടം കൂടിയപ്പോള്‍ കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. കല്ലാര്‍കുട്ടി ജി.എച്ച്.എസ്.എസിലെ അധ്യാപികയാണ് ജീന. കുട്ടിക്കാലത്തെ ആഗ്രഹം കൂടുതല്‍ പ്രാവര്‍ത്തികമായതു കോതമംഗലം നെല്ലിമറ്റം കുഴിക്കാട്ട് സജിയുടെ ഭാര്യയായതോടെയാണ്. പൂര്‍ണ പിന്തുണയുമായി ഭാര്യക്കൊപ്പം സജിയുമുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി ജോലിയില്‍ തുടരുമ്പോഴും കേക്കുകളുടെ ലോകത്തു വ്യാപൃതയായിരുന്നു ജീന. കേക്കുകളിലെ പുത്തന്‍രുചിപരീക്ഷണങ്ങളില്‍ ആയിരുന്നു ജീനയുടെ ശ്രദ്ധ. ഇതിനായി പഠിക്കാനും തയാറായി. കേക്കു മനോഹരവും രുചിപ്രദവുമാക്കാന്‍ ഏതു പരീക്ഷണത്തിനും ജീന തയാറാണ്.
ചെറുപ്പകാലം മുതല്‍ വീട്ടില്‍ കേക്കുകള്‍ ഉണ്ടാക്കുമായിരുന്നു. ക്രിസ്മസിനും വിവിധ പരിപാടികളിലും കേക്കുകള്‍ ഉണ്ടാക്കി വീട്ടുകാരുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവളായി ജീന മാറി.
ക്രിസ്മസിനു കേക്കുകള്‍ ഉണ്ടാക്കാന്‍ ഒരു വര്‍ഷം മുമ്പു തന്നെ തയാറെടുപ്പുകള്‍ ആരംഭിക്കുമെന്നു ജീന പറയുന്നു. ആവശ്യമായ പഴങ്ങളെല്ലാം നേരിട്ടു വാങ്ങി തയാറെടുപ്പ് ആരംഭിക്കും. ഒരു അശ്രദ്ധയും വരാതെ, ഓരോ കേക്കും പ്രിയപ്പെട്ടതാക്കും. പ്രകൃതിദത്തമായ ഫലങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കേക്കുകള്‍ തയാറാക്കുന്നത്.
അധ്യാപികയായതുകൊണ്ടു പകല്‍ സമയം കിട്ടാറില്ല. എത്ര ഓര്‍ഡര്‍ ഉണ്ടെങ്കിലും രാത്രിയിലാണ് കേക്കുനിര്‍മാണം. ഓരോ കേക്കിലും ജീനയുടെ ഒരു ടച്ച് ഉണ്ടാകും. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചും ഉണ്ടാക്കി കൊടുക്കും. കേക്കിലെ അലങ്കാരങ്ങള്‍ പോലും കഴിക്കാന്‍ സാധിക്കുന്നു വെന്നതാണ് ജീനയുടെ കേക്കുകളുടെ പ്രത്യേകത. വാനില, ബനാന, ഓറഞ്ച്, ചോക്കലേറ്റ് കേക്ക് തുടങ്ങി മധുരത്തിന്റെ പല വൈറൈറ്റി കളും ജീനയുണ്ടാക്കും.
ഓരോ ക്രിസ്മസിനും ജീനയ്ക്കു തിരക്കാണ്. ഇപ്രാവശ്യം കേക്കുകള്‍ വിപണിയിലേക്ക് എത്തിക്കാന്‍ സജിയുടെ പിന്തുണയോടെ സാധിച്ചു. അടിമാലി പത്താംമൈലില്‍ സജിയുടെ ഹിമാലയ സ്‌പൈസസില്‍ ഒരു പ്രത്യേക കൗണ്ടര്‍ തന്നെ കേക്കുകള്‍ക്കായി ഒരുക്കിയിരുന്നു. സാധാരണ വിപണിയിലെ പോലെ കേക്കുകള്‍ കൂട്ടിവച്ചുള്ള വിപണന തന്ത്രമൊന്നും ജീന പരീക്ഷിക്കുന്നില്ല. കസ്റ്റമേഴ്‌സിന്റെ താല്‍പര്യം പ്രതിഫലിക്കുന്നവിധമുള്ള കേക്കുകള്‍ നല്‍കുക എന്നതുമാത്രമാണ് ലക്ഷ്യം.
ജോണ്‍സണ്‍ വേങ്ങത്തടം