സംരംഭക മികവില് ഗ്രേസി തോമസ്
Wednesday, October 16, 2019 4:59 PM IST
കയ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളില്‍ നിന്നു സംസ്ഥാനത്തെ മുന്‍നിര ഗാര്‍മെന്റ് ക്ലസ്റ്റര്‍ യൂണിറ്റിന്റെ സാരഥ്യത്തിലേക്കുള്ള കുതിപ്പാണു മഹിളാ അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഗ്രേസി തോമസിന്റെ ജീവിതം. ആത്മവിശ്വാസവും ലക്ഷ്യബോധവും നേതൃപാടവവും സമന്വയിപ്പിച്ചു വിജയവഴികള്‍ വെട്ടിപ്പിടിച്ച ഇവര്‍ സംരംഭക രംഗത്തേക്കു ചുവടുവയ്ക്കുന്ന വനിതകള്‍ക്കു പാഠപുസ്തകമാണ്.
ചെറിയ തയ്യല്‍ക്കടയില്‍ നിന്ന് നൂറുകണക്കിനു സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്ന വ്യത്യസ്ത സംരംഭങ്ങളുടെ സാരഥ്യത്തിലേക്കുള്ള കുതിപ്പ് ശ്രദ്ധേയമാണ്. എഴുപതിലധികം ഗാര്‍മെന്റ് യൂണിറ്റുകളെ ഏകോപിപ്പിച്ചു 2006ല്‍ മഹിളാ അപ്പാരല്‍സ് എന്ന സംവിധാനം രൂപീകരിച്ചു. ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്കു പുറമേ, സര്‍ജിക്കല്‍ ഗൗണുകള്‍, ഗ്ലൗസുകള്‍ എന്നിവ മഹിളാ അപ്പാരല്‍സില്‍ നിന്നു വിപണിയിലെത്തുന്നുണ്ട്. ദീപികയുടെ എക്‌സലന്‍സ് ഇന്‍ ഇന്നോവേറ്റീവ് മാനുഫാക്ചറര്‍ അവാര്‍ഡ് നേടിയ ഗ്രേസി തോമസിന്റെ വിജയഗാഥയിലേക്ക്...
തയ്യല്‍ക്കടയില്‍ തുടക്കം
മൂക്കന്നൂര്‍ ബേസില്‍ ഭവനിലെ പരിശീലനകേന്ദ്രത്തിലാണു ഗ്രേസി തോമസ് തയ്യല്‍ പഠനം നടത്തിയത്. ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പു ചുമതല ഗ്രേസിയെ ഏല്‍പിച്ചു. സ്വന്തമായി സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തില്‍ 1997ല്‍ അങ്കമാലി തുറവൂരില്‍ ചെറിയ തയ്യല്‍ക്കട തുടങ്ങി. കുടുംബത്തിന് ഒരു വരുമാനമാര്‍ഗം കണ്ടെത്തുകയായിരുന്നു സംരംഭക രംഗത്തെ ആദ്യ ചുവടുവയ്പ്പിനു പിന്നിലുണ്ടായിരുന്ന ലക്ഷ്യം. പിഎംആര്‍വൈ വായ്പയായി കിട്ടിയ ഒരു ലക്ഷം രൂപ മാത്രമായിരുന്നു മൂലധനം. ഏഴു പേര്‍ക്കു ജോലി നല്‍കി. വൈകാതെ വലിയ സ്ഥാപനങ്ങളില്‍ നിന്നു ജോബ് ഓര്‍ഡര്‍ എടുത്തു. നൈറ്റി, ചുരിദാര്‍ എന്നിവയായിരുന്നു അന്നത്തെ ഉല്‍പന്നങ്ങള്‍. മികച്ച പ്രതികരണം ലഭിച്ചു. 2006 വരെ അതു തുടര്‍ന്നു. തുറവൂരിനു പിന്നാലെ അങ്കമാലിയിലും സ്ഥാപനം തുടങ്ങി.
മഹിളാ അപ്പാരല്‍സ്
തയ്യല്‍കടയുടെ നടത്തിപ്പില്‍ ശോഭിച്ചു നില്‍ക്കുമ്പോഴാണു ഗാര്‍മെന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി എന്ന ചുമതല തേടിയെത്തിയത്. സമാന തൊഴില്‍ സ്വഭാവമുള്ളവരെ സംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ക്ലസ്റ്റര്‍ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടക്കുന്ന സമയത്താണു ഗ്രേസി അസോസിയേഷന്റെ ചുമതലയിലെത്തിയത്. ക്ലസ്റ്ററിലേക്കു ഗാര്‍മെന്റസ് മേഖലയില്‍ നിന്നും അസോസിയേഷനും ക്ഷണമുണ്ടായി. അങ്ങനെ 2006ല്‍ മഹിളാ അപ്പാരല്‍സ് എന്ന സംവിധാനം നിലവില്‍ വന്നു.
ഏഴുപേരായിരുന്നു തുടക്കത്തില്‍ മഹിളാ അപ്പാരല്‍സിലെ അംഗങ്ങള്‍. കാലക്രമത്തില്‍ പലരും വിട്ടുപോയി. പുതിയ പലരും എത്തിച്ചേര്‍ന്നു. പ്രതിസന്ധികള്‍ അതിജീവിച്ച് ഇപ്പോള്‍ വിവിധ മേഖലകളിലായി 73 സാറ്റലെറ്റ് ഗാര്‍മെന്റ് യൂണിറ്റുകള്‍ മഹിള അപ്പാരല്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മഹിളാ അപ്പാരല്‍സിലെത്തുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജോബ് ഓര്‍ഡറുകള്‍ യൂണിറ്റുകളിലേക്കു നല്‍കുന്നു. ഏതാണ്ട് ആയിരത്തോളം പേര്‍ മഹിളാ അപ്പാരല്‍സിന്റെ ഭാഗമായി കമ്പനിയിലും യൂണിറ്റുകളിലും ജോലി ചെയ്യുന്നുണ്ട്.
ആസ്ഥാനം അങ്കമാലിയില്‍
അങ്കമാലി ഇന്‍കെല്‍ പാര്‍ക്കില്‍ ടവര്‍ ടു ഒന്നാം നിലയില്‍ പതിനായിരം ചരുരശ്ര അടി വിസ്തീര്‍ണത്തിലാണു മഹിളാ അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനവും നിര്‍മാണ യൂണിറ്റും. സര്‍ജിക്കല്‍ ഗൗണുകള്‍, പേഷ്യന്റ്‌സ് ഗൗണുകള്‍, മാസ്‌കുകള്‍, ഗ്ലൗസുകള്‍ ഉള്‍പ്പെടെ ആശുപത്രികളിലേക്കുള്ള സാധനങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ആശുപത്രികളില്‍ ഉപയോഗിക്കാനുള്ളത് എന്ന നിലയില്‍ അതീവശ്രദ്ധയോടെയാണു യൂണിറ്റുകളുടെ പ്രവര്‍ത്തനം. കേരളത്തിലും പുറത്തും സര്‍ജിക്കല്‍ സാമഗ്രികള്‍ക്കു വിപണി കണ്ടെത്തിയിുണ്ട്. നോണ്‍ വീവണ്‍ തുണി ഉപയോഗിച്ച് മഹിളാ അപ്പാരല്‍സില്‍ നിര്‍മ്മിക്കുന്ന സര്‍ജിക്കല്‍ ഗൗണും ഗ്ലൗസും മാസ്‌കും ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു.
അങ്കമാലിയിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ ഏരിയിലാണു ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഗാര്‍മെന്റ്‌സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഷര്‍ട്ടുകള്‍, ലേഡീസ് കുര്‍ത്തകള്‍, യൂണിഫോമുകള്‍ തുടങ്ങിയവ വലിയ തോതില്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. റിച്ച് ഇന്ത്യന്‍സ്, വിങ്‌സ് എന്നീ ബ്രാന്‍ഡുകളില്‍ ഷര്‍ട്ടും മഹിളാ അപ്പാരല്‍സ് പുറത്തിറക്കുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പതു സ്‌കൂളുകളുടെ യൂണിഫോമുകള്‍ക്ക് ഓര്‍ഡര്‍ കിട്ടി.

പരിശീലനം
ഗാര്‍മെന്റ്‌സ് മേഖലയില്‍ മഹിളാ അപ്പാരല്‍സിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കു വിദഗ്ധമായ പരിശീലനം നല്‍കും. 2500ല്‍ അധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇവിടെ പരിശീലനം നല്‍കി കഴിഞ്ഞു. ഗാര്‍മെന്റ് മേക്കിംഗ്, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, കട്ടിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ് എന്നിങ്ങനെ പല മേഖലയിലാണ് പരിശീലനം നല്‍കുന്നത്. ചെറിയ ഗ്രൂപ്പുകള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഇവിടെ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്നവരെ ഗ്രേഡ് അനുസരിച്ച് വിവിധ ചുമതലകള്‍ ഏല്‍പ്പിക്കും. മഹിളാ അപ്പാരല്‍സിലെത്തുന്ന ജോബ് ഓര്‍ഡറുകള്‍ യൂണിറ്റുകള്‍ക്കു വീതിച്ചു നല്‍കും.
നേതൃത്വ മികവ്
സംഘാടനമികവ് ഗ്രേസി തോമസിലെ ബിസിനസ് പ്രതിഭയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ തരക്കാരെയും ഏകോപിപ്പിച്ചു കൊണ്ടുപോകാനും തൊഴിലാളികളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനും ഗ്രേസി പ്രത്യേകം ശ്രദ്ധിക്കുന്നു.
വിവിധ ട്രേഡ് ഫെയറുകളിലും ബിടുബി മീറ്റുകളിലും സ്ഥിരമായി പങ്കെടുക്കുന്നത് മഹിളാ അപ്പാരല്‍സിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന രീതിയില്‍ വിശാലമായ സൗഹൃദങ്ങളാകും. സര്‍ജിക്കല്‍ ഗൗണ്‍ എന്ന ആശയം രൂപപ്പെടുന്നതും അത്തരത്തിലാണ്.
ആയിരത്തോളം പേര്‍ ഗ്രേസി തോമസിന്റെ സാരഥ്യത്തിലുള്ള മഹിളാ അപ്പാരല്‍സിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നുണ്ട്. കൂടുതലും സ്ത്രീകള്‍ തന്നെ. ഇവരോടെല്ലാം സ്‌നേഹപൂര്‍ണമായ ഇടപെടലുകളും അവരുടെ ആാര്‍ഥതയും മഹിളാ അപ്പാരല്‍സിന്റെ കരുത്താണ്. ജീവനക്കാരുടെ ആവശ്യങ്ങളറിഞ്ഞു സഹായമാകാനും ഗ്രേസി മറക്കാറില്ല. ഇപ്പോള്‍ ഗാര്‍മെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയാണു ഗ്രേസി.
കുടുംബം
ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച ഗ്രേസിക്കു വളര്‍ച്ചയുടെ വഴികള്‍ സംരംഭകമേഖലയിലും ഗുണകരമായിട്ടുണ്ട്. തുറവൂര്‍ തളിയന്‍ തോമസാണു ഭര്‍ത്താവ്. ആന്റണി തോമസ് (അപ്പോളോ ടയേഴ്‌സ്), സിറിള്‍ പോള്‍ (സിഎംഐയില്‍ വൈദിക വിദ്യാര്‍ഥി) എന്നിവരാണു മക്കള്‍. എംബിഎ ബിരുദധാരിയായ മരുമകള്‍ സ്വപ്‌ന ഗ്രേസിക്കൊപ്പം ബിസിനസിലുണ്ട്. കുടുംബത്തിന്റെ വലിയ പിന്തുണയും പ്രോത്സാഹനവുമാണു സ്ത്രീസംരംഭക എന്ന നിലയില്‍ തന്നെ തളരാതെ മുന്നോട്ടു നയിക്കുന്നതെന്നു ഗ്രേസി തോമസ് പറയുന്നു.
സ്വപ്‌നം
അങ്കമാലിയില്‍ രണ്ടായിരം പേര്‍ക്കു തൊഴില്‍ നല്‍കുന്ന വലിയ ഒരു അപ്പാരല്‍ പാര്‍ക്കാണ് സ്വപ്‌നം. കോമണ്‍ ഫെസിലിറ്റി സെന്ററും സാറ്റലൈറ്റ് യൂണിറ്റുകളും അനുബന്ധസേവനങ്ങളും ഒരു കുടക്കീഴില്‍ സമന്വയിക്കുന്നതാണു പദ്ധതി. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
സംരംഭകമേഖലയില്‍ ആവിശ്വാസത്തിന്റെ അധ്യായങ്ങളെഴുതി ഗ്രേസി തോമസ് വിജയവഴികളില്‍ യാത്ര തുടരുകയാണ്.
സിജോ പൈനാടത്ത്