രുചിവിജയപ്പെരുമയില്‍ ജിമി
ബിസിനസില്‍ വിജയത്തിന്റെ രുചിക്കൂട്ടുകളൊരുക്കിയതിന്റെ പെരുമയാണ് ഗ്രാന്‍ഡ്മാസ് ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ജിമി രാജുവിന്റെ സംരംഭകവഴികളെ അതുല്യമാക്കുന്നത്. നാവിന്‍തുമ്പില്‍ കൊതിയൂറുന്ന വിസ്മയരുചികള്‍ പകര്‍ന്നു നല്‍കുന്ന അച്ചാര്‍ മുതല്‍ ജസ്റ്റ് ആഡ് ഇന്‍സ്റ്റന്റ് കറി മിക്‌സ് വരെയെത്തുന്ന ഗ്രാന്‍ഡ്മാസ് ഫുഡ് പ്രൊഡക്ട്‌സ് കമ്പനിയുടെ കുതിപ്പില്‍ ജിമിയുടെ കൈയൊപ്പുണ്ട്. അ മ്മ പൊന്നയുടെ രുചിക്കൂട്ടുകളുടെ കൈപ്പുണ്യമാണ് ഈ രംഗത്തെ വിപണിസാധ്യതകളിലേക്കു ജിമിയുടെ ശ്രദ്ധ ക്ഷണിച്ചത്. പകര്‍ന്നുകിട്ടിിയ കൈപ്പുണ്യത്തോടെ അച്ചാറുകളുണ്ടാക്കിയാണ് ആദ്യം വിപണിയിലെത്തിച്ചത്. നാരങ്ങയില്‍ ഒരുക്കിയ ഹോട്ട് ആന്‍ഡ് സ്വീറ്റ് ലിക്കിള്‍ എന്ന അച്ചാറിന്റെ രുചിപ്പെരുമ നാടും നഗരവും കടന്ന് അങ്ങ് അമേരിക്ക വരെയെത്താന്‍ ഏറെക്കാലമെടുത്തില്ല. തുടര്‍ന്നങ്ങോട്ടു ഗ്രാന്‍ഡ്മാസ് എന്നത് മലയാളത്തിന്റെ പൈതൃക രുചിമഹിമയുടെ പര്യായം കൂടിയാവുകയായിരുന്നു.

പ്രത്യേകം തെരഞ്ഞെടുത്ത ഗുണമേന്മയുള്ള നാരങ്ങ ഉപയോഗിച്ചു തനതായ രുചിക്കൂട്ടൊരുക്കി അതീവസൂക്ഷ്മതയോടെ തയാറാക്കുന്ന ഗ്രാന്‍ഡ്മാസിന്റെ ഹോട്ട് ആന്‍ഡ് സ്വീറ്റ് ലിക്കിള്‍, അച്ചാര്‍ വിപണിയിലെ താരമാണ്. പ്രിസര്‍വേറ്റീവുകള്‍ ഒഴിവാക്കിയാണു പാചകം. ഇന്ന് 450ഓളം വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി ഭക്ഷ്യോല്പന്നവിപണിയില്‍ തനതായ ഇടം സ്വന്തമാക്കിക്കഴിഞ്ഞു ഹോട്ട് ആന്‍ഡ് സ്വീറ്റ് ലിക്കിള്‍.

മൂവാറ്റുപുഴയ്ക്കടുത്തു പെരിങ്ങഴ കേന്ദ്രമാക്കി 1994ലാണ് ഗ്രാന്‍ഡ്മാസിന്റെ തുടക്കം. 1996ലാണ് ഗ്രാന്‍ഡ്മാസ് ഉല്പന്നങ്ങള്‍ ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിച്ചത്. പാചകവിദഗ്ധ മിസിസ് കെ.എം മാത്യുവാണ് കോയത്തു നടന്ന ചടങ്ങില്‍ അവതരണം നടത്തിയത്.


വൈവിധ്യമാര്‍ന്ന അച്ചാറുകള്‍

നാരങ്ങ, മാങ്ങ തുടങ്ങിയ പൊതുഇനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത അച്ചാറുകള്‍ക്കു പുറമേ, പരമ്പരാഗത നാടന്‍ വിഭവങ്ങളുടെയും അച്ചാറുകള്‍ ഗ്രാന്‍ഡ്മാസിന്റെ ബ്രാന്‍ഡിലുണ്ട്. ഇഞ്ചിമാങ്ങ, വടുകപ്പുളി, ലോലോലിക്ക (ലൂബിക്ക), ഇരുമ്പന്‍പുളി, അമ്പഴങ്ങ, എണ്ണമാങ്ങ തുടങ്ങിയവ അതില്‍ ചിലതാണ്. എന്‍ഷ്യന്റ് കേരള മാംഗോ പിക്കിള്‍ എന്ന പേരിലുള്ള അച്ചാര്‍വിഭവം ഏറെ ജനപ്രിയം നേടിയിട്ടുണ്ട്. ഇരുമ്പന്‍പുളി, ഇഞ്ചിമാങ്ങ, വടുകപ്പുളി, ലോലോലിക്ക തുടങ്ങി ഏതാനും ഇനങ്ങള്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നതിലൂടെ അച്ചാറിന്റെ ഗുണമേന്മ ഉറപ്പാക്കുന്നു.

പ്രാദേശികമായി ചില കടകളിലൂടെ ഉല്പന്നങ്ങള്‍ ആദ്യം വിറ്റഴിച്ചു. വാങ്ങിയവരെല്ലാം സംതൃപ്തിയോടെ വീണ്ടും തേടിയെത്തി. ഹോട്ട്‌ലൈം പിക്കിള്‍, ഗാര്‍ലിക് പിക്കിള്‍, ടെന്‍ഡര്‍ മാംഗോ പിക്കിള്‍, കട്ട് മാംഗോ പിക്കിള്‍, കടുക്മാങ്ങ റെഡ് പിക്കിള്‍, നെല്ലിക്ക പിക്കിള്‍, മിക്‌സഡ് വെജിറ്റബിള്‍ റെഡ് പിക്കിള്‍, ഡേറ്റ്‌സ് പിക്കിള്‍, ജാതിക്ക പിക്കിള്‍, കാരറ്റ് പിക്കിള്‍, പച്ചമുളക് പിക്കിള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന അച്ചാറുകള്‍ തനതായ രുചിവൈവിധ്യങ്ങളോടെ ഇവിടെ ഉല്പാദിപ്പിക്കുന്നു. രാസഘടകങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സ്വാഭാവികമായ ഭക്ഷ്യവസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് അച്ചാറുകള്‍ ഒരുക്കുന്നത്. 100, 150, 300, 400, 500, ഗ്രാമുകളിലും ഒന്ന്, അഞ്ച്, കിലോഗ്രാമുകളിലും അച്ചാറുകള്‍ തയാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്.

1997ല്‍ പാറയില്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പത്തു ബോക്‌സുകളിലായി ഗ്രാന്‍ഡ്മാസിന്റെ അച്ചാര്‍ അമേരിക്കയിലേക്കു കയറ്റിയയച്ചു. ശേഷം കുവൈറ്റിലേക്കും ഗ്രാന്‍ഡ്മാസിന്റെ രുചിപ്പെരുമയെത്തി. ഇപ്പോള്‍ യുകെ, ജര്‍മനി, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ഓസ്ട്രിയ, കുവൈറ്റ്, ഖത്തര്‍, ദുബായ്, മസ്‌കറ്റ്, ബഹ്‌റിന്‍, സൗത്ത് ആഫ്രിക്കയിലെ ബോട്‌സ്വാന തുടങ്ങി നിരവധി രാജ്യങ്ങളിലേക്കു സ്ഥിരമായി ഗ്രാന്‍ഡ്മാസ് ഉല്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നുണ്ട്.


ജിമി രാജു നേരിാണു വിദേശവിപണിയിലെ ഇടപാടുകളേറെയും അന്നും ഇന്നും നടത്തുന്നത്. വിതരണക്കാരും ഉപഭോക്താക്കളുമായും നല്ല ബന്ധം സൂക്ഷിക്കാന്‍ ജിമി പ്രത്യേകം ശ്രദ്ധിക്കുന്നു. അവരില്‍ നിന്നു പ്രതികരണങ്ങള്‍ അറിയാനും അതിനനുസരിച്ച് ഉല്പന്നങ്ങളുടെ മികവും സേവനങ്ങളും ക്രമീകരിക്കാനും സാധിക്കുന്നുണ്ടെന്നു ജിമി പറഞ്ഞു. ഫോണിലൂടെയും ഓണ്‍ലൈനിലൂടെയുമാണു ഗ്രാന്‍ഡ്മാസിനായുള്ള പര്‍ച്ചേസ്, വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങളേറെയും ജിമി ക്രമീകരിക്കുന്നത്.

450 ഉല്പന്നങ്ങള്‍

അച്ചാറുകള്‍, ജാമുകള്‍, കറി പൗഡറുകള്‍, പ്രഭാതഭക്ഷണത്തിനായുള്ള വിഭവങ്ങള്‍, സോസുകള്‍, മിഠായികള്‍, കറികള്‍, ചിപ്‌സുകള്‍, ആട്ട, മൈദ, സ്വ്കാഷ്, ജസ്റ്റ് ആഡ് ഉല്പന്നങ്ങള്‍, ചട്ണി പൗഡറുകള്‍, ശര്‍ക്കര, ഇളനീര്‍ പൗഡര്‍, ടീ പൗഡര്‍, വെര്‍ജിന്‍ കോക്കന് ഓയില്‍ തുടങ്ങി 450 ഇനങ്ങളാണ് ഗ്രാന്‍ഡ്മാസ് വിപണിയിലെത്തിക്കുന്നതെന്ന് ജിമി രാജു പറഞ്ഞു.

ഗ്രാന്‍ഡ്മാസില്‍ നിന്നു വിവിധ രുചികളിലുള്ള ജാമുകള്‍ വിപണിയിലുണ്ട്. പതിവു ജാമുകള്‍ക്കു പുറമേ, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക തുടങ്ങിയ വ്യത്യസ്ത പഴവിഭവങ്ങളുടെയും ജാം രുചികള്‍ അറിയാന്‍ ഗ്രാന്‍ഡ്മാസിലൂടെ സാധിക്കും. പൈനാപ്പിള്‍, മാങ്ങ, മിക്‌സഡ് ഫ്രൂട്ട്, ഓറഞ്ച്, മുന്തിരി, ചക്കപ്പഴം, സ്‌ട്രോബെറി തുടങ്ങി നാല്‍പത് ജാം ഇനങ്ങളാണുള്ളത്.

ഗ്രാന്‍ഡ്മാസിന്റെ ഓറഞ്ച്, പൈനാപ്പിള്‍, മാങ്ങ സ്‌ക്വാഷുകള്‍, തക്കാളി, പച്ചമുളക്, സോയാബീന്‍ സോസുകളും രുചികരമാണ്. മെക്‌സിക്കന്‍ ചില്ലി സോസിനു ഡിമാന്‍ഡ് കൂടും. ഇതെല്ലാം ഒരുക്കുന്നതിനുള്ള വിഭവങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ നേരിട്ടുപോയി വാങ്ങുന്നതു മുതല്‍ പാക്കറ്റുകളിലാക്കുന്നതുവരെയുള്ള ഓരോ ഘത്തിലും മാനേജിംഗ് ഡയറക്ടര്‍ ജിമി രാജുവിന്റെ സജീവശ്രദ്ധയുണ്ട്. നിലവാരമുള്ള തക്കാളി വാങ്ങി പള്‍പ്പ് തയാറാക്കുന്നതിനു ഗ്രാന്‍ഡ്മാസ് യൂണിറ്റില്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്.

കുടുംബത്തിന്റെ പിന്തുണ

കോതമംഗലത്തെ പ്രമുഖമായ കെ.പി ചാക്കോ ആന്‍ഡ് സണ്‍സ് സ്വര്‍ണവ്യാപാരശാലയുടെ ഉടമ രാജു ജേക്കബിന്റെ പത്‌നിയാണു ജിമി. അന്നു, ആന്റണി എന്നിവരാണ് മക്കള്‍. പാലാ വാണിയപ്ലാക്കല്‍ കുടുംബാംഗം തോമസാണു അന്നുവിന്റെ ഭര്‍ത്താവ്. അന്നു അങ്കമാലിയില്‍ ഗോള്‍ഡ് മാനുഫാക്ചറിംഗ് ആന്‍ഡ് ഡിസൈനിംഗ് കമ്പനി നടത്തുന്നു. ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആന്റണി. ചങ്ങനാശേരി കരിമറ്റം കുടുംബാംഗം ജോര്‍ജും പൊന്നമ്മയുമാണു മാതാപിതാക്കള്‍.

ഹോംസയന്‍സില്‍ ഉപരിപഠനം നടത്തിയതിന്റെയും അമ്മ പകര്‍ന്നുനല്‍കിയ വേറിട്ട അടുക്കളരുചിയുടെയും പാഠങ്ങളായിരുന്നു ഭക്ഷ്യോല്പന്നമേഖലയില്‍ പരീക്ഷണം നടത്താന്‍ പ്രചോദനമായതെന്നു ജിമി രാജു പറയുന്നു. ബിസിനസ് പശ്ചാത്തലമുള്ള കുടുംബസാഹചര്യങ്ങള്‍ ഗ്രാന്‍ഡ്മാസിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. ബിസിനസ് മേഖലയിലുള്ള ഭര്‍ത്താവ് രാജുവിന്റെ പൂര്‍ണപിന്തുണയും തനിക്കൊപ്പമുണ്ട്. ബിസിനസിന്റെ എല്ലാ കാര്യങ്ങളിലും പൂര്‍ണസ്വതന്ത്ര്യം ഉപയോഗിക്കുമ്പോഴും രാജുവിന്റെ പിന്തുണ വലിയ കരുത്താണ്. സമര്‍പ്പണമനോഭാവത്തോടെ ജോലി ചെയ്യുന്ന 150 ഓളം ജീവനക്കാരും വിജയത്തിനു പിന്നിലുണ്ടെന്നു ജിമി പറഞ്ഞു.

സിജോ പൈനാടത്ത്