പ്രമേഹത്തിന് ആയുര്‍വേദ പരിഹാരം
ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രാധാന്യത്തോടെ കാണേണ്ട രോഗമാണ് പ്രമേഹം. നമ്മുടെ രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. 20 മുതല്‍ 70 വയസുവരെ പ്രായമുള്ളവരില്‍ ഏകദേശം പത്തുശതമാനത്തോളംപേര്‍ പ്രമേഹ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിട്ടയായ ജീവിതശൈലിയിലൂടെയും ഭക്ഷണശീലത്തിലൂടെയും ഒരു പരിധിവരെ ഈ അവസ്ഥയെ നിയന്ത്രിച്ചുകൊണ്ടുപോകാനാകും. പ്രമേഹത്തിന്റെ പ്രതിരോധവും ചികിത്സയും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

പ്രമേഹം രണ്ടുതരത്തില്‍

ടൈപ്പ് 1

ഇത്തരത്തിലുള്ള രോഗികളില്‍ ഇന്‍സുലിന്‍ പൂര്‍ണമായും ഉത്പാദിപ്പിക്കപ്പെടുന്നില്ല. കുട്ടികൡ കണ്ടുവരുന്ന പ്രമേഹം പ്രധാനമായും ഈ ഗണത്തില്‍പ്പെടുന്നു. ഇന്‍സുലിന്‍ നല്‍കുന്നതാണ് ഇതിനുള്ള പ്രധാന ചികിത്സ.

ടൈപ്പ് 2

ഈ രോഗികളില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല.

എന്താണു പ്രമേഹം?

രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചിരിക്കുന്ന അവസ്ഥയാണിത്. ശരീരത്തിലെ പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. രക്തത്തില്‍ അധികമായി കാണുന്ന പഞ്ചസാര, ഇന്‍സുലിന്‍ ഗ്ലൈക്കോജനാക്കി കരളില്‍ സംഭരിക്കുന്നു. പിന്നീട് ആവശ്യംവരുമ്പോള്‍ ഇത് ശരീരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഇന്‍സുലിന്റെ ഉത്പാദനത്തില്‍ വരുന്ന തടസം, ഇന്‍സുലിന്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുക എന്നിവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിനു കാരണമാകുന്നു.

ജസ്റ്റേഷണല്‍ ഡയബറ്റിസ്

ഇത് ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്രമേഹമാണ്. ഇതിനു കൃത്യസമയത്ത് ചികിത്സ തേടേണ്ടതാണ്. മിക്കവരി ലും ഇത് പ്രസവത്തോടെ മാറുന്നു.

ഇതുകൂടാതെ രോഗലക്ഷണമായും പ്രമേഹം വരാം. പാന്‍ക്രിയാസ്, തൈറോയ്ഡ്, അധിവൃക്കാഗ്രന്ഥി എന്നിവയ്ക്കുണ്ടാകുന്ന തകരാറുകളില്‍ പ്രമേഹം ലക്ഷണമായി വരാം. ചില മരുന്നുകളുടെ പാര്‍ശ്വഫലമായും പ്രമേഹം ഉണ്ടാകാം.

പ്രമേഹരോഗ ലക്ഷണങ്ങള്‍

1. അമിതമായ വിശപ്പ്
2. അമിതമായ ദാഹം
3. അമിതമായി മൂത്രം പോകുക
4. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക
5. ക്ഷീണം അനുഭവപ്പെടുക
6. കണ്ണിനു കാഴ്ച കുറയുക
7. മുറിവുണങ്ങാന്‍ താമസം
8. കൈകാലുകള്‍ക്ക് പുകച്ചില്‍
8. കൈകാലുകള്‍ക്ക് തരിപ്പ് അനുഭവപ്പെടുക

പ്രമേഹത്തിനു കാരണങ്ങള്‍

1. പൊണ്ണത്തടിയും വ്യായാമമില്ലായ്മയും

അമിതവണ്ണവും വ്യായാമമില്ലായ്മയും മൂലം ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നു.

2. തെറ്റായ ഭക്ഷണരീതി

തെറ്റായ ഭക്ഷണരീതി പ്രമേഹരോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിനു കാരണമാകാറുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.

* സോഡയുടെയും മധുരപാനീയങ്ങളുടെയും ഉപയോഗം.
* ഫാസ്റ്റ് ഫുഡുകളുടെ പ്രത്യേകിച്ചു നാരുകളില്ലാത്ത ഭക്ഷണത്തിന്റെ ഉപയോഗം.
* ട്രാന്‍സ്ഫാറ്റുകളുടെ ഉപയോഗം. രാസപ്രവര്‍ത്തനങ്ങളിലൂടെ ഖരരൂപത്തിലാക്കുന്ന അപൂരിത കൊഴുപ്പുകളുടെ ഉപയോഗം പൊണ്ണത്തടിക്കും ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനും കാരണമാകുന്നു.

* പഴച്ചാറുകളുടെ ഉപയോഗം. പഴച്ചാറുകളില്‍ പഞ്ചസാരയുടെ അംശം അടങ്ങിയിരിക്കുന്നു. മാത്രമല്ല നാരുകള്‍ കാണുന്നില്ല. അതിനാല്‍ പ്രമേഹസാധ്യത കൂടുന്നു.

ഇതു ശ്രദ്ധിക്കാം

ചിട്ടയായ ആഹാരരീതി പ്രമേഹരോഗി സന്തതസഹചാരിയായി കൊണ്ടുനടക്കണം. അന്നജത്തിന്റെ അംശം കുറവുള്ള ആഹാരങ്ങള്‍ കൂടുതലായി ഉപയോഗിക്കുക. പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന സസ്യക്കൊഴുപ്പുകളും മത്സ്യങ്ങളും ഉപയോഗിക്കുക. നെല്ലിക്ക, മഞ്ഞള്‍, ബദാം തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ചിട്ടയായ വ്യായാമം പ്രമേഹരോഗി ദിനചര്യയായി ശീലിക്കണം. ദിവസവും അരമണിക്കൂര്‍ നടക്കണം. ദിവസവും യോഗാപരിശീലനം ചെയ്യുന്നത് നല്ലതാണ്. താടാസനം, മേരുതാസനം, പ്രതുരാസനം, പശ്ചിമോത്തനാസനം, പാദഹസ്താസനം, ഭുജംഗാസനം, ഗലാസനം, വജ്രാസനം, സൂര്യനമസ്‌കാരം തുടങ്ങിയവ ശീലിക്കാവുന്നതാണ്.

പ്രമേഹം കാഴ്ചയെ ബാധിക്കുന്നതിനാല്‍ കൃത്യമായ ഇടവേളകളില്‍ നേത്രപരിശോധന നടത്തണം. പ്രമേഹരോഗികള്‍ കാലുകളുടെ ശുചിത്വവും പരിപാലനവും പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഡയബറ്റിക് ഫുട്ട് എന്ന അവസ്ഥ തടയാന്‍ സഹായിക്കും.

പൊതുവേ അണുബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ശരീരശുചിത്വത്തിന് ഇത്തരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രമേഹരോഗ പരിശോധനകള്‍

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍

100 ല്‍ കുറവ് നോര്‍മല്‍
100 / 120 പ്രീഡയബറ്റിസ് അഥവാ പ്രമേഹം വരാം
120 നു മുകളില്‍ ഡയബറ്റിസ് അഥവാ പ്രമേഹരോഗി

എച്ച്ബിഎ1സി

4 മുതല്‍ 5.6 നോര്‍മല്‍
5.7 / 6.4 പ്രീഡയബറ്റിസ്
6.5നു മുകളില്‍ ഡയബറ്റിസ്


പ്രമേഹത്തിന് ആയുര്‍വേദ ചികിത്സ

ആയുര്‍വേദത്തില്‍ പ്രധാനമായും കഫമേദസുകളെ ശമിപ്പിക്കുന്ന ചികിത്സയാണ് ചെയ്യുന്നത്. രോഗിയുടെ പ്രായം, പ്രകൃതി, ദോഷം, ദൂഷ്യം, ബലം എന്നിവ കണക്കിലെടുത്ത് ശോധനശമന ചികിത്സകള്‍ ഉപയോഗിക്കുന്നു. അവസ്ഥയ്ക്കനുസരിച്ച് വിവിധ തരത്തിലുള്ള കഷായങ്ങള്‍, ചൂര്‍ണങ്ങള്‍, ഗുളികകള്‍ തുടങ്ങിയവ ഉപയോഗിക്കണം. ആയുര്‍വേദ ചികിത്സകൊണ്ട് പ്രമേഹത്തെ തടയുന്നതോടൊപ്പം അതിന്റെ സങ്കീര്‍ണതകളായി വരുന്ന അവസ്ഥകള്‍ വരാതിരിക്കാനും സഹായിക്കും. വൈദ്യനിര്‍ദേശമനുസരിച്ച് കതകഖദിരാദി കഷായം, നിശാകതകാദി കഷായം, ഗുളൂച്യാതി കഷായം, വരാചൂര്‍ണം, ചന്ദ്രപ്രഭ ഗുളിക, ശിവഗുളിക, അശ്വഗന്ധചൂര്‍ണം എന്നിവ ഉപയോഗിക്കാം.

പ്രമേഹം കണ്ണിനെ ബാധിച്ചാല്‍ ഫലപ്രദമായ ചികിത്സ ആയുര്‍വേദത്തിലുണ്ട്. വിവിധതരം ഔഷധങ്ങള്‍ക്കൊപ്പം നസ്യം, തര്‍പ്പണം എന്നിവ കണ്ണുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു. ഡയബറ്റിക് ന്യൂറോപ്പതി, ഫ്രോസന്‍ ഷോള്‍ഡര്‍ തുടങ്ങിയ പ്രമേഹാവസ്ഥകളിലും ഗുണം ചെയ്യുന്ന ആയുര്‍വേദ ചികിത്സയുണ്ട്.
ഡോ. ക്രിസ്റ്റി ജോസ്
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, ചെന്നിത്തല