മുടിക്കും വേണം സംരക്ഷണം
മുടിക്കും വേണം സംരക്ഷണം
Wednesday, April 24, 2019 5:26 PM IST
ആരോഗ്യവും സൗന്ദര്യവുമുള്ള തലമുടി ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്തു വിലകൊടുത്തും ഭംഗിയുള്ള കേശഭാരം നിലനിര്‍ത്താന്‍ പലരും തയാറാകുന്നു. പക്ഷേ, കേശപരിപാലനത്തെക്കുറിച്ച് പല മിഥ്യാധാരണകളും നിലനില്‍ക്കുന്നു എന്നുള്ളത് ഒരു വാസ്തവമാണ്. കേശസംരക്ഷണത്തെക്കുറിച്ച് അറിയാം...

താരന്‍

ശിരോചര്‍മത്തിലുണ്ടാകുന്ന ഒരു ഫംഗസ് ബാധയാണ് താരന് കാരണമാകുന്നത്. കീറ്റക്കൊണസോള്‍ പോലെയുള്ള ആന്റി ഫംഗല്‍ ഷാംപൂ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുകയാണെങ്കില്‍ താരനെ അകറ്റിനിര്‍ത്താനാകും.

താരന്‍മൂലം മുടികൊഴിച്ചിലുണ്ടാകുന്നു എന്നുള്ളത് ഒരു തെറ്റിധാരണയാണ്. നല്ല കട്ടിയുള്ള വെളുത്ത ശല്കങ്ങള്‍ ശിരോചര്‍മത്തില്‍ കാണുന്നുണ്ടെങ്കില്‍ ഒരു ചര്‍മരോഗവിദഗ്ധനെക്കൊണ്ട് അത് സോറിയാസിസ് അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

താരന്‍ തലയില്‍ മാത്രമല്ല ചെവിയുടെ പിന്‍ഭാഗത്തും പുരികങ്ങളിലും മുഖത്തും നെഞ്ചത്തും കക്ഷങ്ങളിലും ഉണ്ടായേക്കാം.

അകാലനര

ഇന്ത്യന്‍ വംശജരില്‍ മുപ്പതു വയസിനു മുമ്പ് മുടി നരയ്ക്കുകയാണെങ്കില്‍ അതിനെ അകാലനരയായി കണക്കാക്കാം. പാരമ്പര്യമായി അകാലനരയുണ്ടെങ്കില്‍ അത് തടയാനോ ചികിത്സിച്ച് ഭേദമാക്കാനോ ആകില്ല. പക്ഷേ, പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന അകാലനര ആ കുറവ് ഭക്ഷണത്തിലൂടെയോ മരുന്നുകളിലൂടെയോ നിര്‍ത്തുകയാണെങ്കില്‍ ദേദമാക്കാനാകും. വെള്ളപ്പാണ്ടിന്റെ ഭാഗമായും ചിലരില്‍ തലമുടി നരയ്ക്കാനിടയുണ്ട്.

മുടികൊഴിച്ചില്‍

രക്തക്കുറവ്, പോഷകാഹാരക്കുറവ്, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള തകരാറ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകാം. ചില മരുന്നുകള്‍, മാനസിക പിരിമുറുക്കം, മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങള്‍, രോഗങ്ങള്‍ എന്നിവയും മുടി അമിതമായി കൊഴിയുന്നതിന് കാരണമാകാം. പ്രസവം, ശസ്ത്രക്രിയ, ഗൗരവമുള്ള ഒരു രോഗാവസ്ഥ എന്നിവയ്ക്കു ശേഷം മൂന്നു മാസം കഴിയുമ്പോള്‍ സാധാരണ മുടികൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ഇതിന് ടീലൊജെന്‍ എഫ്‌ളുവിയം എന്നു പറയുന്നു. ഈ മുടികൊഴിച്ചില്‍ ആറു മുതല്‍ ഒമ്പതു മാസം വരെ നീണ്ടുനില്‍ക്കും. അതിനുശേഷം മുടിയുടെ വളര്‍ച്ച സാധാരണ നിലയിലാകും.

ചൊറിച്ചിലോടുകൂടി മുടി വത്തില്‍ കൊഴിഞ്ഞുപോകുന്നത് ഫംഗസ്ബാധ മൂലമാണ്. ഒരു ത്വക് രോഗ വിദഗ്ധനെക്കൊണ്ട് ഇതിനു ചികിത്സതേടണം.

ഹെല്‍മറ്റ് ധരിക്കുന്നതുമൂലം മുടികൊഴിച്ചിലുണ്ടാകുമോ എന്ന് പലരും സംശയിക്കാറുണ്ട്. ഇത് തെറ്റായ ധാരണയാണ്.

സാധാരണയായി ഒരാളുടെ തലയില്‍നിന്ന് പ്രതിദിനം 50 മുതല്‍ 100 മുടിയിഴകള്‍ കൊഴിഞ്ഞുപോകും എന്ന വസ്തുത എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.


കഷണ്ടി

പാരമ്പര്യമായുണ്ടാകുന്ന മുടികൊഴിച്ചിലാണ് കഷണ്ടിക്കു കാരണമാകുന്നത്. പുരുഷന്മാരിലാണ് ഇതു കൂടുതല്‍ കാണുന്നതെങ്കിലും സ്ത്രീകളിലും കഷണ്ടിയുണ്ടാകാം. മിനോക്‌സിഡില്‍ എന്ന മരുന്ന് ഒരിനം മുടികൊഴിച്ചിലിനു ഫലപ്രദമാണ്. അതുപോലെതന്നെ കഷണ്ടിക്കു ചികിത്സയായി നല്‍കുന്ന ഒന്നാണ് പിആര്‍പി ഇന്‍ജെക്ഷന്‍. ഹെയര്‍ ട്രാന്‍സ്പ്ലാന്റാണ് കഷണ്ടിക്കുള്ള മറ്റൊരു ചികിത്സാരീതി. ഫിനസ്ടറൈഡ് പോലെയുള്ള ഗുളികയും ഇതിനു ഉപയോഗിക്കുന്നു.

ഷാംപൂ കണ്ടീഷണര്‍

ആഴ്ചയില്‍ മൂന്നു തവണയില്‍ അധികം ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ല. ഷാംപൂ ഉപയോഗത്തിനുശേഷം നിര്‍ബന്ധമായും കണ്ടീഷണര്‍ മുടിയില്‍ പുരട്ടണം. അല്ലെങ്കില്‍ മുടി വരണ്ടു പൊട്ടിപ്പോകാന്‍ ഇടയാകും.

ഹെയര്‍ഡൈ, ഹെയര്‍ കട്ടര്‍

കറുപ്പുനിറം നല്‍കുന്ന ഹെയര്‍ ഡൈകളിലടങ്ങിയിുള്ള പാരാ ഫെനിലിന്‍ ഡൈയമിന്‍ എന്ന രാസവസ്തുവാണ് സാധാരണയായി ഹെയര്‍ഡൈ അലര്‍ജിയുണ്ടാക്കുന്നത്. അലര്‍ജി ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രം ഹെയര്‍ഡൈ ഉപയോഗിക്കുക. ഒരിക്കല്‍ ഹെയര്‍ഡൈ അലര്‍ജിയുണ്ടായിുള്ളവര്‍ പിന്നീട് ഒരിക്കലും ഇവ ഉപയോഗിക്കരുത്. ചില ഹെയര്‍ഡൈ, ഹെയര്‍ കട്ടര്‍ എന്നിവയുടെ ഉപയോഗത്തിനുശേഷം മുഖത്ത് കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അവയുടെ ഉപയോഗം നിര്‍ത്തണം. ഗര്‍ഭിണികള്‍ ഹെയര്‍ഡൈയും കട്ടറും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

ഹെയര്‍ ഓയില്‍

എണ്ണയുടെ ഉപയോഗംമൂലം മുടിയുടെ വരള്‍ച്ച ഇല്ലാതാക്കാം. ചില പ്രത്യേക മരുന്നുകളടങ്ങിയ എണ്ണകള്‍ ശിരോചര്‍മത്തില്‍ ഉപയോഗിക്കുന്നതു മൂലം മുടിക്ക് വളര്‍ച്ചയുണ്ടാകാം.

ഹെയര്‍ ട്രീറ്റ്‌മെന്റ്

ഹെയര്‍ സ്‌ട്രെയിറ്റനിംഗ്, സ്മൂത്തിംഗ് മുതലായവ മുടിയുടെ സ്വാഭാവിക രൂപത്തില്‍ മാറ്റമുണ്ടാക്കുന്നു. അതിനുവേണ്ടി ഉപയോഗിക്കുന്ന അയേണിംഗ്, ഡ്രൈയിംഗ് മുതലായവ മുടിക്കു ദോഷം ചെയ്യും. ഇതുമൂലം മുടി വരണ്ട് പൊട്ടിപ്പോകാന്‍ സാധ്യത ഏറെയാണ്.

എല്ലാറ്റിനും ഉപരി സന്തുലിത പോഷകാഹാരവും മാനസിക ഉന്മേഷവും മുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ ചിയായ ഭക്ഷണക്രമവും ജീവിതരീതിയും കേശസൗന്ദര്യം വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല.



ഡോ. അനുരാധ കാക്കനാട്ട് ബാബു
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി