സിഒപിഡിയെ സൂക്ഷിക്കണം
സിഒപിഡിയെ സൂക്ഷിക്കണം
Tuesday, April 9, 2019 3:53 PM IST
ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മനറി ഡിസീസ് അഥവാ സിഒപിഡി നമ്മുടെ ഇടയില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു രോഗമാണ്. നാല്പത് വയസിന് മുകളിലുള്ള പുകവലിക്കാരുടെ രോഗമായാണ് പലരും ഈ അസുഖത്തെ തിരിച്ചറിയുന്നത്. ആസ്ത്മ രോഗത്തിന്റെ പല ലക്ഷണങ്ങള്‍ ഉണ്ടെന്നിരിക്കെ ഉത്ഭവകാരണങ്ങള്‍, രോഗത്തിന്റെ പുരോഗമനരീതി, ചികിത്സാരീതി, ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകള്‍ എന്നുവേണ്ട, പല കാര്യങ്ങളിലും സിഒപിഡി ആസ്ത്മ രോഗത്തില്‍ നിന്ന് വ്യത്യസ്തമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണങ്ങളായ രോഗങ്ങളുടെ പട്ടികയില്‍ ഇന്ന് സിഒപിഡിക്ക് നാലാം സ്ഥാനമാണുള്ളത്. 2020 ആകുന്നതോടെ ഇത് മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നും കരുതപ്പെടുന്നു.

എന്താണ് സിഒപിഡി?

സിഒപിഡി എന്ന രോഗത്തിന് എംഫൈസീമ എന്നും ബ്രോങ്കൈറ്റിസ് എന്നും തരം തിരിക്കാവുന്ന രണ്ടു ഘടകങ്ങള്‍ ഉണ്ട്. ശ്വസനവായു കടന്നുപോകുന്ന ചെറു ട്യൂബുകളെയാണ് ബ്രോങ്കേ എന്ന് വിളിക്കുന്നത്. സിഒപിഡിയില്‍ ഈ ട്യൂബുകളുടെ ഭിത്തിക്ക് കട്ടിവയ്ക്കുകയും ക്രമാതീതമായി ചുരുങ്ങുകയും ചെയ്യുന്നു. ഇതിനെയാണ് ബ്രോങ്കൈറ്റിസ് എന്നു പറയുന്നത്. ഇതേ ബ്രോങ്കോ ട്യൂബിന്റെ അറ്റത്തെ എയര്‍ സാക്കുകള്‍ അഥവാ ആന്‍പിയോളൈ ആയി മാറുന്നു. (ഇവിടെയാണ് ശ്വാസകോശത്തില്‍നിന്ന് നല്ലവായു രക്തത്തിലേക്കു വമിക്കുന്നതും ചീത്ത വായുവായ കാര്‍ബണ്‍ഡയോക്‌സൈഡ് തിരിച്ചു ശ്വാസകോശത്തിലേക്ക് എത്തുന്നതും). ഈ എയര്‍ സാക്കുകള്‍ നേര്‍ത്ത് നശിച്ച് കുമിളകള്‍ പോലെ ആകുന്ന അവസ്ഥയെയാണ് എംഫൈസീമ എന്ന് വിളിക്കുന്നത്. ഇവ രണ്ടും മൂലം സിഒപിഡി ഉള്ള ആളുകളില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കാലക്രമേണ കുറഞ്ഞ് കുറഞ്ഞ് വരുന്നു.

കാരണങ്ങള്‍

1. പുകവലിയും ശ്വാസകോശത്തിനു ഹാനികരങ്ങളായ കെമിക്കലുകളും ആണ് സിഒപിഡി ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍.
2. കുട്ടിക്കാലത്ത് ശ്വാസകോശത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ഉദാഹരണത്തിന് അണുബാധകള്‍, വായു മലിനീകരണ പ്രശ്‌നങ്ങള്‍ എന്നിവ പില്‍കാലത്ത് ശ്വാസകോശത്തിന്റെ വളര്‍ച്ചയെയും കാര്യക്ഷമതയെയും ബാധിക്കാം.
3. ആന്റി ട്രിപ്‌സില്‍ എന്ന എന്‍സൈമിന്റെ അഭാവം (ഒരു ജനിതക രോഗം) ഉള്ളവര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ സിഒപിഡി വരാം. പക്ഷേ വളരെ വിരളമായെ ഈ അസുഖം കണ്ടുവരാറുള്ളൂ.

രോഗബാധിതര്‍ ആരൊക്കെ?

1. പുകവലിക്കാര്‍
2. പുക, പൊടി സംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍. മണ്ണ്, കല്ല്, സിമന്റ്, കല്‍ക്കരി, ഗ്യാസുകള്‍ അങ്ങനെ എല്ലാ കെമിക്കലുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍.
3. കാപ്പി, കശുവണ്ടി ഫാക്ടറി തൊഴിലാളികള്‍
4. സോള്‍ഡിംഗ്, വെല്‍ഡിംഗ് ജോലിക്കാര്‍
5. കാറ്ററിംഗ്, ചായക്കട, പാചകം എന്നിവ ചെയ്യുന്ന ജോലിക്കാര്‍
6. പുകയടുപ്പില്‍ ജോലി ചെയ്യുന്നവര്‍ (വിറക്, ചാണകം ഉപയോഗിച്ച് പാചകം ചെയ്യുന്ന സ്ത്രീകളില്‍ സിഒപിഡി കൂടുതലായി കാണപ്പെടുന്നു).
7. ചെറിയ വായുസഞ്ചാരമില്ലാത്ത മുറികളില്‍, ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍.
8. പുകവലിക്കുന്ന അലര്‍ജി രോഗികള്‍
9. പുകവലിക്കുന്ന മുതിര്‍ന്നവര്‍ ഉള്ള വീട്ടിലെ കുട്ടികള്‍
10. ജന്മനാ ആന്റി ട്രിപ്‌സില്‍ ഡെഫിഷ്യന്‍സി എന്ന അസുഖമുള്ളവര്‍.

പുകവലിയും പുകയും

നമ്മുടെ ശ്വാസകോശത്തിന്റെ സുഗമപ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ പ്രോട്ടീന്‍സ് എന്നും ആന്റി പ്രോട്ടീന്‍സ് എന്നും പേരായ രണ്ടു എനര്‍ജി ഗ്രൂപ്പുകള്‍ ഉണ്ട്. ഇതിന്റെ സന്തുലിതാവസ്ഥ പുക കാരണം നഷ്ടപ്പെടുന്നു. പ്രോട്ടീന്‍സിന്റെ അളവ് കൂടുകയും ആന്റി പ്രോട്ടീന്‍സിന്റെ അളവ് കുറയുകയും ചെയ്യുന്നു. അങ്ങനെ പ്രോട്ടീന്‍ എന്ന എനര്‍ജി ഗ്രൂപ്പ് ശ്വാസകോശത്തിന്റെ നശീകരണത്തിനു കാരണമാകുന്നു.


ലക്ഷണങ്ങള്‍

1. കിതപ്പ്, അണപ്പ്അഥവാ ശരീരം അനങ്ങുമ്പോള്‍ ഉണ്ടാകുന്ന ശ്വാസം മുട്ടല്‍
പതുക്കെ പതുക്കെ നടുങ്ങി നാളുകള്‍ നീങ്ങും തോറും കൂടി കൂടി വരികയും കാലക്രമേണ സാധാരണ ജീവിതം പോലും സാധ്യമല്ലാത്ത രീതിയില്‍ മോശമാവുകയും ചെയ്യുന്നു.
2. ചുമ
രാവിലെ ഉണ്ടാകുന്ന കഫമുള്ള ചുമ
3. വലിവ്- കുറുങ്ങല്‍
4. കഫംകെട്ടല്‍
5. ക്ഷീണം, ശരീരം മെലിച്ചില്‍
6. കാലില്‍ നീര്

സിഒപിഡി വളരെ പതുക്കെ പുരോഗമിക്കുന്നു. സ്ഥിരമായ ശ്വാസം മുട്ടല്‍ രോഗമാണ്. സാധാരണയായി അസുഖം തുടങ്ങുന്നത് രോഗിയുടെ നാല്പതുകളിലോ അന്‍പതുകളിലോ ആയിരിക്കും. അനേകം വര്‍ഷങ്ങളെടുത്താവും പലരിലും രോഗം വഷളാകുന്നത്. പലരും ഈ അവസ്ഥയിലായിരിക്കുന്നു. രോഗം തിരിച്ചറിയുന്നതും ചികിത്സ ആരംഭിക്കുന്നതും ഇടയ്ക്കിടെ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയിലാകും. ഈ സമയങ്ങളില്‍ രോഗിക്ക് ശ്വാസം മുട്ടല്‍, വലിവ്, ചുമ, കഫം എന്നിവ കൂടുകയും നില മോശമാകാനും സാധ്യതയുണ്ട്. അടിയന്തര ചികിത്സ ആവശ്യമാണ്. കിടത്തി ചികിത്സയും ഐസിയു പരിചരണവും ആവശ്യമായി വന്നേക്കാം. സിഒപിഡി ബാധിച്ചവര്‍ക്ക് പൂര്‍ണമായും രോഗത്തില്‍നിന്ന് വിടുതല്‍ കിട്ടുകയില്ല. പക്ഷേ, ശരിയായ ചികിത്സയിലൂടെ നല്ലൊരു പരിധിവരെ രോഗലക്ഷണങ്ങളെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കും. ഈ അസുഖത്തിന്റെ അവസാനഘട്ടത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്ന കോര്‍ പള്‍മനല്‍ എന്ന അവസ്ഥ ഉണ്ടാകാനും വീട്ടില്‍ ഓക്‌സിജന്‍ ചെറിയ വെന്റിലേറ്റര്‍ പോലുള്ള ഉപകരണങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്.

എങ്ങനെ കണ്ടുപിടിക്കാം?

1. സിഒപിഡിയുടെ രോഗലക്ഷണങ്ങള്‍ വച്ച്
2. എക്‌സ്‌റേ, സിടി സ്‌കാന്‍ പോലുള്ള ടെസ്റ്റുകള്‍
3. പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് (പിഎഫ്ടി) അഥവാ ഊതി പരിശോധന

ചികിത്സ എന്തൊക്കെ?

സിഒപിഡി എന്ന അസുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം പുകവലിയും മറ്റു ജോലി സംബന്ധമായ പുകയും ആയതുകൊണ്ട്, പുകയെ കഴിവതും ഒഴിവാക്കുക എന്നതാണ് സിഒപിഡിയുടെ ചികിത്സയുടെ ആദ്യ പടി.

പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. കൃത്യമായ അളവില്‍ സ്ഥിരമായി മരുന്നുകള്‍ എടുക്കുകയും വേണം. ഗുളികകളുടെ രൂപത്തിലും ഇന്‍ഹെയ്‌ലര്‍ രൂപത്തിലും മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഇന്‍ഹെയ്‌ലര്‍ രൂപത്തിലുള്ള മരുന്നുകളാണ് ഗുളികകളെക്കാള്‍ ഫലപ്രദം.

സിഒപിഡി എങ്ങനെ തടയാം?

നമ്മള്‍ ശ്വസിക്കുന്ന വായുവിന്റെ നിലവാരം നല്ലതാണെങ്കില്‍ ഒരു പരിധിവരെ സിഒപിഡി തടയാന്‍ സാധിക്കും. പുകവലി ഉപേക്ഷിക്കുക, പുകവലി കൊണ്ടു നമ്മുടെയും ചുറ്റുമുള്ളവരുടെയും അന്തരീക്ഷം മലിനമാകാതെ കാത്തുസൂക്ഷിക്കുക. പൊടി, പുകയുള്ള സാഹചര്യങ്ങളില്‍നിന്ന് കഴിവതും മാറി നില്‍ക്കുക. വായുമലിനീകരണത്തെയും ശ്വസിക്കുന്ന വായുവിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നതിന്റെയും ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക. ജോലി സ്ഥലത്തുള്ള വായുമലിനീകരണം തടയുന്നതിനും കരുതല്‍ മാര്‍ഗങ്ങള്‍, സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉണ്ടാകുക. കഴിവതും വിറകടുപ്പുകള്‍, പുകയടപ്പുകള്‍ എന്നിവ ഒഴിവാക്കുക. ധാരാളം വായു സഞ്ചാരമുള്ള അകത്തളങ്ങള്‍ പ്രത്യേകിച്ച് അടുക്കള ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. വീടിന്റെ അകത്ത് ഉണ്ടായേക്കാവുന്ന വായുമലിനീകരണം ഒഴിവാക്കാന്‍ ശ്രമിക്കുക. നമ്മള്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റ്, ക്ലീനിംഗ് കെമിക്കല്‍ എന്നിവ ആവശ്യത്തിനു മാത്രം സൂക്ഷിച്ച് ഉപയോഗിക്കുക.

ഡോ.എല്‍സബത്ത് സുനില
കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം