എല്ലാം കര്‍ത്താവിന്റെ കൃപ
എല്ലാം കര്‍ത്താവിന്റെ കൃപ
Saturday, April 6, 2019 3:51 PM IST
കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ചമ്പക്കുളം ബസിലിക്കയില്‍ നിന്നും വീട്ടിലേക്കു നടക്കുകയാണ് കണ്ടങ്കരി കൊച്ചുപറമ്പില്‍ പരേതനായ തോമസിന്റെ ഭാര്യ റോസ. പ്രായാധിക്യത്തില്‍ തല കാല്‍മുട്ടോളം കുനിഞ്ഞിരിക്കുന്നു. വിഷമതകള്‍ അതിജീവിച്ച് മുഖമുയര്‍ത്താതെ തന്നെ അവര്‍ മുന്നോട്ടുനീങ്ങുകയാണ്.

തോട്ടുവക്കിലൂടെയുള്ള ആ യാത്രയില്‍ അവര്‍ മനസുതുറന്നു, ഈ ജീവിതകാലയളവില്‍ നേരിട്ട പ്രളയത്തെക്കുറിച്ച് 'ഇപ്പോള്‍ വയസ് തൊണ്ണൂറായി. എല്ലാ ജോലിയും സ്വന്തമായി തന്നെയാണ് ചെയ്യുന്നത്. ഇനിയും ഉള്ളകാലം അങ്ങനെയാകണേ എന്നാണ് പ്രാര്‍ഥനയും. ആറുവര്‍ഷം മുമ്പുണ്ടായ ഒരു പ്രളയമാണ് എന്നെ നിവര്‍ന്നു നടക്കാതാക്കിയത്. അന്നൊന്നു വീണു, പിന്നെ നിവരാനായിില്ല. അതിനു തൊട്ടുമുമ്പുണ്ടായ പ്രളയത്തില്‍ മരത്തടി വീണ് കാലിനും പരിക്കേറ്റു'.

തലയ്ക്കു മുകളിലെത്തിയ വെള്ളം

ഇപ്പോഴുണ്ടായ മഹാപ്രളയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ നടത്തം ഒന്നു നിര്‍ത്തി 'വെള്ളം പൊങ്ങുന്നതു പതിവല്ലേ, വീട്ടിലും വെള്ളം കയറി. ഞാനെങ്ങും പോകില്ലായിരുന്നു. പള്ളിയുടെ ഹാളിലും പിന്നെ ചമ്പക്കുളം പാലത്തിലും ഒടുവില്‍ കൊച്ചിയില്‍ നേവിക്കാര്‍ക്കൊപ്പവും താമസിച്ചു. അതിഭയങ്കരമായ കാറ്റും മഴയും വെള്ളത്തിന്റെ ഒഴുക്കും കണ്ടപ്പോള്‍ അപ്പോഴൊന്നു പേടിച്ചു. കര്‍ത്താവിനെ വിളിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ നേവിക്കാരുടെ ഹെലികോപ്റ്ററിലും കയറി (ചെറുചിരിയോടെ). ഒരുകാര്യം സത്യമാണ്... വീട്ടിനുള്ളില്‍ ഇത്തവണ തലയ്ക്കു മുകളില്‍ വെള്ളമെത്തി, ഇതുവരെ അങ്ങനെയൊന്ന് ഓര്‍മയിലില്ല. അയല്‍ക്കാരെല്ലാം പോയി. ഈ 90 വയസുള്ള ഞാനെങ്ങനെ പിന്നെ ഒറ്റയ്ക്കവിടെ നില്‍ക്കും'.

ഒമ്പതു പതിറ്റാണ്ടിനിടയില്‍ ജീവിതത്തില്‍ ഏറെ പരീക്ഷണങ്ങള്‍ നേരിട്ടു. ഇടയ്‌ക്കെപ്പഴോ തനിച്ചായപ്പോഴും കുട്ടനാടന്‍ മണ്ണും സ്വന്തമായുള്ള കൃഷിയും ജീവിക്കാന്‍ കരുത്തേകി. ശരീരത്തിനെ ബലഹീനതയുള്ളൂ, മനസിന് കാരിരുമ്പിന്റെ കരുത്താണ്, കുട്ടനാടന്‍ കരുത്ത്, കായലിനു നടുവില്‍ ചിറ കെട്ടിയുയര്‍ത്തി, കൃഷി ഭൂമിയുണ്ടാക്കി പൊന്നുവിളയിച്ച കുട്ടനാടന്‍ കരുത്ത്. പൊതുവെ ജനവാസം കുറവാണ് റോസ താമസിക്കുന്നിടത്ത്.

ഇക്കുറി വെള്ളമുയര്‍ന്നപ്പോള്‍ അത് വീടിനെ പകുതിയോളം മുക്കി. കൊച്ചുവള്ളത്തിലാണ് ചമ്പക്കുളം കണ്ടങ്കരി പള്ളിയിലെ പാരിഷ്ഹാളിലേക്ക് താമസം മാറ്റിയത്. വയോധികരടക്കമുള്ള വേറെ അഞ്ചുപേര്‍ക്കൊപ്പം പാരിഷ്ഹാളിന്റെ സ്‌റ്റേജിലായിരുന്നു മൂന്നുദിവസത്തെ താമസം. പ്രളയജലം അങ്ങോട്ടുമെത്തിയപ്പോള്‍ എകമകളുടെ മകന്‍ ഷിജോയ്‌ക്കൊപ്പം യാത്രതിരിച്ചു.

ഹെലികോപ്റ്റര്‍ യാത്ര

ഓഗസ്റ്റ് 19ന് പ്രളയം രൗദ്രതയിലെത്തി നില്‍ക്കുമ്പോഴും റോസയ്ക്ക് തന്റെ ഗ്രാമം വിട്ടുപോകാന്‍ മനസില്ലായിരുന്നു. കൊച്ചുമകന്റെ സ്‌നേഹത്തോടെയുള്ള അപേക്ഷയ്ക്കു മുന്നില്‍ അവര്‍ അലിഞ്ഞു. എല്ലാവരും കുനാില്‍ നിന്നും പോയെന്നും അറിഞ്ഞപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന ചമ്പക്കുളം പാലത്തിനു മുകളിലേക്കായി യാത്ര.

ഏതാനും പേര്‍ ഇതിനകംതന്നെ അവിടെ താമസമാക്കിയിരുന്നു. അങ്ങനെ ചെറുമകനും, കൂട്ടുകാരനുമൊപ്പം ചെറുവള്ളത്തില്‍ വീടിനു പിന്നിലുള്ള ചക്കംകരി പാടത്തുകൂടി യാത്രയാരംഭിച്ചു. പാടം കടല്‍പോലെ തോന്നിച്ചു. കിഴക്കന്‍വെള്ളം മരങ്ങളും പാഴ്‌വസ്തുക്കളുമൊക്കെയായി കുത്തിയൊഴുകി വരുന്നു. ശക്തമായ ഒഴുക്കും, അതിഭയങ്കരമായ കാറ്റും മഴയും. തൊണ്ണൂറു പതിറ്റാണ്ടുകള്‍ക്കിടയില്‍ പ്രളയം റോസച്ചിയുടെ മനസില്‍ അപ്പോഴാണ് ഒന്ന് ആശങ്കയുണ്ടാക്കിയത്. ആകെ ആശ്രയമെന്നു കരുതുന്ന ദൈവത്തെ ഉറക്കെ വിളിച്ചു. അവിടെ മാത്രമെ തോല്‍ക്കുകയുള്ളുവെന്ന് മനസുറപ്പിച്ചു. ഈ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററില്‍ റോന്തു ചുറ്റിയിരുന്ന നാവികസേനാംഗങ്ങള്‍ ഓളപ്പരപ്പില്‍ ആടിയുലയുന്ന വള്ളം കണ്ടു. കരയിലടുത്ത കൊച്ചുവള്ളത്തില്‍ നിന്നും തൊണ്ണൂറാംവയസില്‍ റോസയ്ക്ക് ഹെലികോപ്റ്റര്‍ യാത്ര. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് ഒരാഴ്ച താമസം.


വീട്ടിലേക്കുള്ള തിരിച്ചുവരവ്

വെള്ളമിറങ്ങിയെന്നു കരുതി തിരിച്ചു വീട്ടിലേക്കു മടങ്ങിയപ്പോള്‍ കുട്ടനാട്ടിലേക്കുള്ള റോഡില്‍ നിന്നും വെള്ളമിറങ്ങിയിട്ടില്ല. പിന്നെ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ രണ്ടാഴ്ച താമസം. വെള്ളമിറങ്ങിയപ്പോള്‍ കണ്ടങ്കരിയിലെ കൊച്ചുവീടാകെ താറുമാറായിരുന്നു. വീടിനുള്ളിലും പുറത്തും ചെളിയും, ചപ്പു ചവറുകളും. പിന്നീട് എടത്വയിലെ ബന്ധുവീട്ടിലെ ഒരാഴ്ചത്തെ താമസത്തിനു ശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. ഒരുമാസത്തിനുശേഷം മടങ്ങിയെത്തുമ്പോള്‍ വീട്ടുപകരണങ്ങളെല്ലാം നശിച്ചിരുന്നു. രണ്ടു പണിക്കാരെ നിര്‍ത്തി പെറുക്കിക്കൂട്ടിയ വീട്ടുസാധനങ്ങള്‍ വീട്ടുമുറ്റത്ത് ഇപ്പോഴും പ്രളയത്തിന്റെ ഓര്‍മകള്‍ സമ്മാനിക്കുന്നു.

വിധിയുടെ ക്രൂരത

എടത്വ സ്വദേശിനിയായ റോസ കണ്ടങ്കരിയിലെത്തിയതിനുശേഷം നേരിട്ട ദുരന്തങ്ങളേറെയായിരുന്നു. ഏകമകള്‍ അമ്മിണിയെ കണ്ടങ്കരിയിലാണ് വിവാഹം ചെയ്തയച്ചത്. ആര്‍മി ഉദ്യോഗസ്ഥനായിരുന്ന മരുമകന്‍ തോമസ് നല്ലവനായിരുന്നെന്ന് റോസ പറയുമ്പോള്‍ കണ്ണുകളില്‍ അതുവരെയുണ്ടായിരുന്ന പ്രസരിപ്പ് അല്‍പം മാഞ്ഞതുപോലെ. മാതാപിതാക്കള്‍ ഇവിടെ താമസിക്കണമെന്ന തോമസിന്റെ നിര്‍ബന്ധപ്രകാരമാണ് 26 വര്‍ഷം മുമ്പ് കര്‍ഷകനായ ഭര്‍ത്താവ് തോമസുമൊപ്പം കണ്ടങ്കരിയില്‍ സ്ഥലം വാങ്ങി ചെറിയൊരു വീടുവച്ചത്. വീടിനോടു ചേര്‍ന്ന് വാങ്ങിയ രണ്ടേക്കര്‍ പാടത്ത് ഇരുവരും ചേര്‍ന്ന് കൃഷിയിറക്കി. പക്ഷെ അതേവര്‍ഷം തന്നെ പനിബാധയെ തുടര്‍ന്നുണ്ടായ മരുമകന്റെ മരണം വൃദ്ധ ദമ്പതികളെ തളര്‍ത്തി. 11 വര്‍ഷം മുമ്പ് ഭര്‍ത്താവും റോസയെ തനിച്ചാക്കി യാത്ര പറഞ്ഞപ്പോഴും റോസയിലെ കുട്ടനാട്ടുകാരി തളര്‍ന്നില്ല. പാടത്ത് കൃഷിയിറക്കി. വിതയും, കീടനാശിനി പ്രയോഗവുമൊഴികെ ബാക്കി പണിയെല്ലാം തനിയെ ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരീരം തീരെ അനുവദിക്കാതെയായി. അതോടെ പാടവരമ്പത്തു നിന്നു കൃഷി നോക്കിക്കാണും. മകളുടെ മകന്‍ ഷിജോ കൃഷിയില്‍ വല്യമ്മച്ചിക്കു സഹായമാകും. അകലെ പണിയില്ലാത്ത ദിവസങ്ങളില്‍ രാത്രി കൂട്ടുകിടക്കാനെത്തും. അല്ലാത്തപ്പോള്‍ ഒറ്റയ്ക്കാണെന്ന പേടി റോസയ്ക്കില്ല. തങ്ങള്‍ക്കൊപ്പം വന്നു താമസിക്കാന്‍ മകള്‍ എത്ര നിര്‍ബന്ധിച്ചിട്ടും തന്റെ വീടും, പാടവരമ്പും വിട്ട് റോസ എങ്ങും പോയില്ല. ഇനിയും ഏറെ ചെയ്യാനുണ്ട്. പ്രളയങ്ങളേറെ കാണാനുണ്ട്. ജീവിതക്കടലിലെ ഓളങ്ങളും....

പ്രളയത്തെ അതിജീവിച്ച ഈ വയോധികയോട് പക്ഷെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അവഗണന തുടരുകയാണ്. പ്രളയാനന്തരം വീട്ടില്‍ തിരികെയെത്തിയ റോസയ്ക്കു കാര്യമായ പരിഗണന ലഭിച്ചില്ല. പ്രളയസഹായമായി ആദ്യഘത്തില്‍ 10,000 രൂപ ലഭിച്ചതു മാത്രമാണ് ആകെ കിട്ടിയ കൈത്താങ്ങ്. വീടുകളില്‍ വെള്ളം കയറിയവര്‍ക്കുള്ള ധനസഹായത്തിനു ഇനിയും ഇവരെ പരിഗണിച്ചിട്ടില്ല. രണ്ടു പേര്‍ വീടുകളിലെത്തി പരിശോധന നടത്തിയെന്നു റോസ പറയുന്നു. പക്ഷെ ജനാലയ്‌ക്കൊപ്പം വെള്ളം കയറിയ വീടിനുള്ള ധനസഹായം എത്ര ശതമാനമാനമാണെന്നോ, തുക എന്നു കിട്ടുമെന്നോ ഇവര്‍ക്കറിയില്ല. കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പിലാണ് അവര്‍.

ജോമോന്‍ കാവാലം