പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ടെക്നിക്കൽ അസിസ്റ്റന്‍റായ ദീപിക ചൗധുരിയെ അറിയുമോ എന്നു ചോദിച്ചാൽ എല്ലാവർക്കും രണ്ടു വട്ടം ആലോചിക്കേണ്ടി വരും. എന്നാൽ ന്യൂയോർക്കിൽ വച്ച് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗ് (ഐഎഫ്ബിബി) നടത്തുന്ന ശരീരസൗന്ദര്യ മത്സരത്തിൽ 2018-ൽ ബോഡി ബിൽഡിംഗിലെ പ്രൊ ഫിഗർ ഇനത്തിൽ നാലാം സ്ഥാനത്തെത്തിയ ദീപികയെ അറിയുമോ എന്നു ചോദിച്ചാലോ?
എല്ലാവർക്കും അറിയാം. കഷ്ടപ്പാടുകളുടെയും ഒറ്റപ്പെടലിന്‍റെയും കടലിൽ നിന്ന് നീന്തി വിജയതീരത്തെത്തിയ ദീപിക ചൗധുരി. വനിതകൾക്കായുള്ള വിവിധ പ്രൊഫഷണൽ ശരീരസൗന്ദര്യമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിജയിയായ ദീപിക. നേടണമെന്ന് തീരുമാനിച്ചാൽ പിന്നെ പ്രപഞ്ചത്തിൽ ഒരു ശക്തിക്കും അതിനെ തടഞ്ഞുനിർത്താനാവില്ലെന്നു തെളിയിച്ച പ്രഫഷണൽ.

വനിതകളുടെ ശരീരസൗന്ദര്യ മത്സരം

ആയിരത്തി തൊള്ളായിരത്തി എഴുപതുകൾക്കു ശേഷമാണ് വനിതകളുടെ ബോഡി ബിൽഡിംഗ് മത്സരങ്ങൾക്ക് ലോകമെന്പാടും പ്രചാരം ലഭിക്കുന്നത്. വനിതകൾക്കായുള്ള ആദ്യത്തെ ബോഡി ബിൽഡിംഗ് മത്സരം 1977-ൽ അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റിലാണ് നടന്നത്. പിന്നീടുള്ള നാലു ദശാബ്ദം കൊണ്ട് വലിയ പുരോഗതിയാണ് വനിതാ ബോഡി ബിൽഡിംഗ് മത്സരങ്ങൾക്കുണ്ടായത്. ഇതിനിടെ പ്രൊഫഷണൽ ബോഡി ബിൽഡിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ വിവിധ സംഘടനകളെല്ലാം ചേർന്ന് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിംഗ് രൂപീകരിച്ചു. അതോടെ മത്സരത്തിന് പല പരിഷ്കാരങ്ങളും പങ്കെടുക്കുന്ന അത് ലറ്റുകൾക്ക് നിയമങ്ങളും നടപ്പിൽ വന്നു. ഇവ കാലാകാലങ്ങളിൽ പരിഷ്കരിക്കപ്പെടുന്നുണ്ട്. ടൊറോന്‍റോ പ്രോ-സൂപ്പർഷോ, ഒമാഹാ പ്രൊ വിമെൻസ് ബോഡി ബിൽഡിംഗ്, റൈസിംഗ് ഫിനിക്സ് വേൾഡ് ചാന്പ്യൻഷിപ്, റൊമേനിയ മസിൽഫെസ്റ്റ് പ്രൊ-വിമെൻസ് ബോഡി ബിൽഡിംഗ്, മിസ് ഒളിന്പിയ, മിസ് ഇന്‍റർനാഷണൽ മുതലായവയാണ് ഐ.എഫ്.ബി.ബി. അംഗീകരിച്ച പ്രധാനപ്പെട്ട വനിതാ ബോഡി ബിൽഡിംഗ് മത്സരങ്ങൾ.

തോൽക്കാൻ മനസില്ലാതെ

ബാല്യത്തെക്കുറിച്ചോർക്കുന്പോൾ എല്ലാ സന്തോഷവും പോകും ദീപികയ്ക്ക്. തികഞ്ഞ മദ്യപാനിയായ അച്ഛൻ. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. മാതാപിതാക്കൾ എന്നും വീട്ടിൽ കലഹമാണ്. സന്തോഷമെന്തെന്ന് അവളും സഹോദരനും അറിഞ്ഞിട്ടേയില്ല. പക്ഷേ, എല്ലാ പ്രശ്നങ്ങൾക്കുമിടയിൽ മക്കളുടെ പഠനക്കാര്യത്തിൽ ആ അമ്മ കാര്യമായി ശ്രദ്ധിച്ചു. ഇതിനിടയിൽ ഒരു ദിവസം എന്തോ കാര്യത്തെച്ചൊല്ലി വഴക്കുണ്ടാക്കിയിട്ട് ഭർത്താവ് ഒഴിഞ്ഞുപോയത് അവർ വലിയ ആശ്വാസമായാണ് കണ്ടത്. എന്തായാലും ജീവിതത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ അവർ തയാറായില്ല. മക്കളെ രണ്ടു പേരെയും നല്ല നിലയിലെത്തിക്കാൻ അവർ വളരെ പാടുപെട്ടു.

വീട്ടിലെ പ്രശ്നങ്ങൾ നന്നായി അറിഞ്ഞു തന്നെയാണ് ദീപിക വളർന്നത്. അവൾ പഠിക്കാൻ സമർഥയായിരുന്നു. അങ്ങനെ വൈറോളജിയിൽ എം.എസ് സി. എടുത്തു. തുടർന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ടെക്നിക്കൽ അസിസ്റ്റന്‍റായി ജോലി ലഭിച്ചു.

ആത്മസത്ത കണ്ടെത്താൻ

സ്കൂളിലും മറ്റും പഠിക്കുന്പോൾ കറുത്ത് മെലിഞ്ഞുണങ്ങിയ ഒരു പെണ്‍കുട്ടിയായിരുന്നു ദീപിക. 2011-ലാണ് ജിനേഷ്യത്തിൽ പോകുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. എല്ലും തോലുമായ ഒരു കൊച്ചു പെണ്ണ് ശരീരസൗന്ദര്യത്തിന് ശ്രമിക്കുന്നതിനെക്കുറിച്ച് എല്ലാവരും പരിഹസിച്ചു. പെണ്ണിന് അഹങ്കാരം’ എന്ന പുച്ഛമായിരുന്നു എല്ലാവർക്കും. പക്ഷേ ദീപിക അവയ്ക്ക് ചെവികൊടുത്തില്ല. പൂനെയിലെ കെ-11 ഫിറ്റനെസ് അക്കാഡമിയിൽ ചേർന്ന് പരിശീലനത്തിനുള്ള സർട്ടിഫിക്കേഷൻ നേടി. അവിടെവച്ചാണ് വർക്കൗട്ടിനെക്കുറിച്ച് വിശദമായി പഠിക്കുന്നത്. സ്പോർട്സ് ന്യൂട്രിഷനെക്കുറിച്ചും ധാരാളം പുതിയ അറിവുകൾ ലഭിച്ചു. ബയോളജി പഠിച്ചിരുന്നതുകൊണ്ട് ന്യൂട്രിഷനെക്കുറിച്ചുള്ള പാഠങ്ങൾ വളരെ എളുപ്പമായിരുന്നുവെന്ന് ദീപിക പിന്നീട് ഒരു ഇന്‍റർവ്യൂവിൽ പറയുന്നുണ്ട്.

വനിതാ ബോഡി ബിൽഡിംഗ് രംഗത്തെ ഏറ്റവും ശ്രദ്ധേയയായ ഷാനണ്‍ ഡേ ആയിടയ്ക്ക് ഡൽഹിയിൽ വന്നു. അവരുടെ പ്രഭാഷണം ദീപിക കേട്ടു. വനിതാ ബോഡി ബിൽഡേഴ്സിനെക്കുറിച്ചുള്ള പ്രചോദനാത്മകമായ വാക്കുകൾ ദീപികയുടെ മനസിനെ ഉത്തേജിപ്പിച്ചു. തിരികെ വീട്ടിൽ വന്ന് ദീപിക ആദ്യം ചെയ്തത് ഷാനണ്‍ ഡേയ്ക്ക് ഒരു ഇ-മെയിൽ അയയ്ക്കുകയായിരുന്നു. ആ മെയിലിലെ വാക്കുകളിൽ നിന്ന് അവളുടെ ആത്മസത്തയെന്തെന്ന് ഷാനണ് മനസിലായി. ഷാനണ്‍ ഡേയുടെ ബോംബ്ഷെൽ ഫിറ്റനെസ് അക്കാഡമിയിൽ 8 മാസത്തെ പരിശീലനത്തിനായി അവൾക്ക് ക്ഷണം കിട്ടി. ഷാനണ്‍ന്‍റെ അക്കാഡമിയിലെ പരിശീലനം ദീപികയുടെ വ്യക്തിത്വത്തെ ആകെ മാറ്റിയെന്നു പറയാം.

വനിതകളുടെ ശരീരസൗന്ദര്യമത്സരം


2018 മെയ് 19 ദീപിക ചൗധുരിക്ക് മറക്കാനാവാത്ത ദിനമാണ്. ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസ് നഗരത്തിൽ ഐ.എഫ്.ബി.ബി. വർഷം തോറും ബോഡി ബിൽഡിംഗ് രംഗത്തെ പ്രൊഫഷണൽ താരങ്ങൾക്കു വേണ്ടി മത്സരം നടത്തുന്നുണ്ട്. അതിലൊന്നാണ് ന്യൂയോർക്ക് പ്രൊഫഷണൽ. പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം മത്സരങ്ങളുണ്ട്. മെൻസ് ബോഡി ബിൽഡിംഗ്, മെൻസ് ഫിസിക്ക്, മെൻസ് ക്ലാസിക് ഫിസിക്ക്, വിമെൻസ് ഫിഗർ, വിമെൻസ് ബിക്കിനി മുതലായ ഇനങ്ങളിലാണ് മത്സരം. ഐ.എഫ്.ബി.ബി.യിൽ അംഗങ്ങളായ ദേശീയ അസോസിയേഷനുകൾക്ക് മത്സരാർഥികളെ അയയ്ക്കാം.

2018 മെയ് 19-ലെ വിമെൻസ് ഫിഗർ മത്സരം. ബോഡി ബിൽഡിംഗും ഫിറ്റ്നെസും കൂടിച്ചേർന്നതാണ് ഫിഗർ മത്സരം. മത്സരിക്കുന്നവരുടെ ശരീരത്തിന്‍റെ സിമട്രി പ്രസന്‍റേഷൻ, സ്കിൻ ടോണ്‍, സ്മൈൽ, ഗ്രൂമിംഗ് മുതലായ കാര്യങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ശരീരത്തിന്‍റെ മുൻവശം, ഇടതു വശം, പിൻവശം, വലതുവശം എന്നീ ക്രമത്തിൽ ശരീരത്തിന്‍റെ വടിവ് സർട്ടിഫൈഡ് ജഡ്ജിമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം. പരിശീലനത്തിലൂടെ രൂപപ്പെടുത്തിയെടുത്ത തോളുകൾ, ഒതുങ്ങിയ അരക്കെട്ട്, രൂപഭംഗിയുള്ള, പേശീബദ്ധമായ നിതംബവും തുടകളും എന്നിവയൊക്കെയാണ് ഫിഗർ മത്സരത്തിൽ പരിഗണിക്കുന്നത്. ന്യൂയോർക്, മസാചുസെറ്റസ്, ന്യൂ ജെഴ്സി, കാലിഫോർണിയ, ടെക്സാസ് മുതലായ വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു പുറമേ പ്യൂർട്ടോ റിക്കോ, ഇറ്റലി മുതലായ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ച് മത്സരാർഥികൾ. ഇന്ത്യയിൽ നിന്ന് ദീപിക ചൗധുരിയുമുണ്ട് മത്സരിക്കാൻ. നേരത്തെ പല അന്തർദ്ദേശീയ മത്സരങ്ങളിലും പങ്കെടുത്ത പരിചയവുമായാണ് ദീപികയെത്തിയിരിക്കുന്നത്.

2018-ലെ മത്സരത്തിൽ ഉയർന്ന സ്ഥാനം കിട്ടുമെന്ന് ദീപിക പരിശീലനസമയത്തു തന്നെ വിചാരിച്ചിരുന്നു. മത്സരത്തിന് സെലക്ഷൻ ലഭിച്ചതുമുതൽ ഒന്നാം സ്ഥാനത്തെത്തുന്നത് ദിവസവും പലവട്ടം വിഷ്വലൈസ് ചെയ്തിട്ടുണ്ട് ദീപിക. തന്‍റെ ജീവിതത്തിന് അർഥമുണ്ടെന്ന് തോന്നിത്തുടങ്ങിയത് ബോഡി ബിൽഡിംഗിലേക്ക് തിരിഞ്ഞതിനുശേഷമാണെന്ന് അവൾക്കറിയാം. പക്ഷേ മനസിൽ കണ്ടതുപോലെ സംഭവിച്ചില്ല. ആ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മസാചുസെറ്റ്സിൽ നിന്നുള്ള മരിയ ഡയസ് ആണ്. പക്ഷേ ദീപികയ്ക്ക് വിഷമം തോന്നിയില്ല. കാരണം പ്രഗത്ഭരായ മത്സരാർഥികൾ പലരെയും പിന്തള്ളി നാലാം സ്ഥാനം കിട്ടി. അതൊരു ചെറിയ കാര്യമല്ല. ഐ.എഫ്.ബി.ബി.യുടെ ഒരു മത്സരത്തിൽ ഇത്ര ഉയർന്ന സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരിയാണ് ദീപിക.

2017 ഒക്ടോബറിൽ ഡൽഹിയിൽവച്ചു നടത്തിയ ലോക പവർലിഫ്റ്റിംഗ് മത്സരത്തിൽ ദീപികയ്ക്ക് സ്വർണം ലഭിച്ചു.

ബോഡി ബിൽഡിംഗിലെ ആത്മീയത

ബോഡി ബിൽഡിംഗ് ഒരു സ്പോർട്ടല്ല. ആർട്ടാണെന്ന് ദീപിക സ്വന്തം ബ്ലോഗിൽ എഴുതുന്നുണ്ട്. അത് വെറും ശരീരപ്രദർശനമല്ല. അത് പെർഫോമൻസാണ്. എന്നാൽ ഒരു സ്ത്രീ സ്വന്തം ശരീരത്തിലെ മസിലുകൾ രൂപപ്പെടുത്തിയെടുക്കുന്നതും അത് മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതും സാധാരണമനസുള്ളവർ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ സ്വീകരിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ ശരീരത്തെ മനോഹരമായ ഒരു ശില്പമാക്കിയെടുക്കുന്ന കലയാണത്. ആ കലയോട് പരമാവധി സത്യസന്ധമായിരിക്കുക. ബോഡി ബിൽഡിംഗ് ആത്മീയതയോട് അടുത്തു നിൽക്കുന്നു’’ എന്ന് ദീപിക ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 30-ന് ദീപിക എഴുതിയ ബ്ലോഗ് നോക്കൂ.
ബോധത്തിന്‍റെ കാൻവാസിൽ, കടൽപോലെ ഒഴുകുന്ന നനുത്ത രേഖകൾ ദൈവം വരച്ചു,
വളവുകളും തിരമാലകളും ചുഴികളും കിടങ്ങുകളും ഗുഹകളും കൊണ്ട്.
എന്നിട്ട് ചോരയിലൂടെയും അസ്ഥികളിലൂടെയും സംഗീതം പൊഴിക്കുന്ന വികാരങ്ങളുടെ സിഫംണികൊണ്ട് നിറച്ചു.

ഒടുവിൽ ത്വക്കാകുന്ന വസ്ത്രത്തിൽ പൊതിഞ്ഞ് തന്‍റെ കലയുടെ മുദ്രയായി ഒരു ആത്മാവ് അദ്ദേഹം അതിൽ അവശേഷിപ്പിച്ചു.

ഹൃദയം കൊണ്ട് എന്‍റെ ശരീരമായി ഞാനതിനെ ഇന്നും എന്നും പരിലാളിക്കുന്നു.
ഒരിക്കലും സ്വയം സംതൃപ്തയാകരുത്. സംതൃപ്തയായാൽ വളർച്ച നിലച്ചു എന്നാണർഥം’’ എന്ന് ദീപിക പറയുന്നു. വാസ്തവം. ദീപിക സംതൃപ്തയല്ല. വയസ് മുപ്പത്തഞ്ചിനോടടുക്കുന്നു. വനിതാ ബോഡി ബിൽഡിംഗിലെ അടുത്ത ലോകമത്സരങ്ങളിൽ പങ്കെടുക്കുന്നതിനെപ്പറ്റിയുള്ള സ്വപ്നവുമായാണ് ദീപിക ഇപ്പോഴും പ്രഭാതത്തിൽ അഞ്ചു മണിക്ക് എഴുന്നേൽക്കുന്നത്. പിന്നെ ഒന്നര മണിക്കൂർ വെയ്റ്റ് ട്രെയിനിംഗ്.

എല്ലാത്തിനും പ്രോത്സാഹനവുമായി ഭർത്താവ് തനുജീത് ദീപികയോടൊപ്പമുണ്ട്. ദീപിക ചൗധുരിയുടെ പുതിയ നേട്ടങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.