തിരിച്ചുവരവിനൊരുങ്ങി ആശ
തിരിച്ചുവരവിനൊരുങ്ങി ആശ
Monday, February 25, 2019 3:06 PM IST
വിവാഹശേഷം മോഡലിംഗിലൂടെയായിരുന്നു ആശ അരവിന്ദിന്റെ അരങ്ങേറ്റം. പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും പരസ്യങ്ങളിലും ആശയുണ്ട്. അരികെ എന്ന ശ്യാമപ്രസാദിന്റെ സിനിമയിലൂടെ സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചു. നല്ല കഥാപാത്രങ്ങളിലൂടെ തുടര്‍ന്നും അഭിനയരംഗത്ത് തുടരണമെന്നാണ് ആശയുടെ ആഗ്രഹം. ആശ അരവിന്ദിന്റെ വിശേഷങ്ങളിലേക്ക്...

മോഡലിംഗിലൂടെ തുടക്കം

വിവാഹശേഷമാണ് ഞാന്‍ മോഡലിംഗ് രംഗത്തെത്തുന്നത്. എങ്കിലും കോളജില്‍ ഷോര്‍ട്ട് ഫിലിമുകളിലും മറ്റും അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ആ മാസം തന്നെയാണ് ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലും ചുവടുവയ്ക്കുന്നത്. ഒരു റിയാലിറ്റി ഷോ ആയിരുന്നുവെങ്കിലും സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്.

ബെസ്റ്റ് ആക്ടര്‍ ഷോ

ഭര്‍ത്താവിന്റെ സമ്മതത്തോടു കൂടിത്തന്നെയാണ് ബെസ്റ്റ് ആക്ടര്‍ ഷോയില്‍ അപേക്ഷിച്ചത്. ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെു. ജഡ്ജിങ്ങ് പാനലില്‍ മുരളി മേനോന്‍ സാറും വി. കെ. പ്രകാശ് സാറും രണ്ടാമത്തെ ഓഡീഷനില്‍ ശ്യാമപ്രസാദ് സാറും ഉണ്ടായിരുന്നു. നന്നായി് ഷോയില്‍ പങ്കെടുക്കാന്‍ സാധിച്ചു. സുരഭിലക്ഷ്മി, സിദ്ധാര്‍ഥ് ശിവ, മുസ്തഫ, ശര്‍മ്മ ഇവരെല്ലാം ബെസ്റ്റ് ആക്ടര്‍ ഷോ വഴി ഉദിച്ച താരങ്ങളാണ്. ഞാന്‍ ഗര്‍ഭിണിയായതിനാല്‍ നാല് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും ഷോയില്‍ നിന്നും വിരമിക്കേണ്ടി വന്നു.

കുഞ്ഞ് ജനിച്ചതോടുകൂടി ഞാന്‍ ഈ ഫീല്‍ഡ് മറന്നു. കുഞ്ഞിന്റെ കാര്യവും മറ്റുമായി മുഴുവന്‍ ശ്രദ്ധ. ശിഷ്ടകാലം ബംഗലൂരുവില്‍ കുടുംബിനിയായി് തുടരാം എന്നൊക്കെയായിരുന്നു പ്ലാന്‍. പഠിക്കുന്ന സമയത്താണെങ്കിലും കലാപരമായി ഞാന്‍ സജീവമായിരുന്നില്ല. അച്ഛനും അമ്മയും അത്തരം കാര്യങ്ങളേക്കാളുപരി പഠനത്തിനും പഠനശേഷം ജോലിക്കും മുന്‍ഗണന നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. പഠനത്തില്‍ ശരാശരി മാര്‍ക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ എന്റെ ചേച്ചിയും അനിയനും നന്നായി പഠിക്കുമായിരുന്നു.

നെടുംകുന്നം സെന്റ് തെരേസാസ് കോണ്‍വെന്റ് സ്‌കൂളിലാണ് ഞാന്‍ 10ാം ക്ലാസ് വരെ പഠിച്ചത്. അന്നൊക്കെ പ്രീഡിഗ്രിയായിരുന്നു. അവസാനത്തെ ബാച്ചായിരുന്നു. കോട്ടയം അമലഗിരി കോളജിലാണ് പഠിച്ചത്. ഡിഗ്രിയില്‍ പ്രധാന വിഷയമെടുത്തത് ടൂറിസമായിരുന്നു. ആ സമയത്ത് ടൂറിസത്തിനും ഹോട്ടല്‍ മാനേജ്‌മെന്റിനും നല്ല ഡിമാന്‍ഡായിരുന്നു. അങ്ങനെ ബി.കോം പഠനം അവിടെ പൂര്‍ത്തിയാക്കി. എം.എയ്ക്ക് ബംഗലൂരുവിലെ ക്രൈസ്റ്റ് കോളജില്‍ പഠിച്ചു. പഠനസമയത്ത് ഇന്‍േറണ്‍ഷിപ്പിന്റെ ഭാഗമായി എയര്‍ലൈന്‍ ഫീല്‍ഡ് തിരഞ്ഞെടുത്തു. എന്റെ ഭാവി സ്വപ്‌നവും അതായിരുന്നു. പിന്നീടുള്ള സംശയം എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് വേണമോ ഒരു ക്രൂ ആവണമോ എന്നായിരുന്നു. അവസാനം എന്റെ ഇഷ്ടപ്രകാരം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങ് തന്നെ തിരഞ്ഞെടുത്തു. അതിനു ശേഷം എയര്‍ ഇന്ത്യയില്‍ത്തന്നെ ജോലിയും ലഭിച്ചു.

വഴി തുറന്നത് ഷോര്‍ട്ട് ഫിലിം

കുടുംബകാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ യാദൃച്ഛികമായിാണ് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. മുരളി മേനോന്‍ സാര്‍ തന്നെയാണ് വിളിച്ചത്. ആ സമയത്ത് എന്റെ മോള്‍ക്ക് മൂന്നു മാസമേ ആയിുള്ളൂ. അതുകൊണ്ട് ബംഗളൂരുവില്‍ നിന്ന് വന്ന് പോകാന്‍ പ്രസായമുണ്ടോയെന്ന സംശയം അവര്‍ക്കുണ്ടായിരുന്നു. ഒരു കന്യാസ്ത്രീ വേഷം അഭിനയിക്കാനായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബംഗലൂരുവില്‍ നിന്ന് കുഞ്ഞും അരവിന്ദേന്റെ അമ്മയും കൂടിയാണ് ഞാന്‍ ഓഡീഷനില്‍ പങ്കെടുക്കാന്‍ വന്നത്. യൂണിറ്റിലെ ഒരു കണ്‍ട്രോളറുടെ പരിചയത്തിലുള്ള ബംഗലൂരുവിലെ പരസ്യ ഏജന്‍സിക്കു വേണ്ടി എന്റെ പേര് ശിപാര്‍ശ ചെയ്തു. അവര്‍ക്ക് ഒരു മലയാളിയുടെ മുഖം ആവശ്യമായിരുന്നു. ടൈറ്റാന്‍ സൊനാറ്റാ വാച്ചിന്റെ പരസ്യത്തിനു വേണ്ടിയായിന്നു. ഇതൊരു തുടക്കമായിരുന്നു. ഏകദേശം 350ഓളം പരസ്യങ്ങളില്‍ ഇതുവരെയായി് അഭിനയിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു അന്തര്‍ദേശീയ പരസ്യങ്ങളും ഉള്‍പ്പെടും. കല്യാണ്‍, അന്നാ അലൂമിനിയം, നെസ്‌ലെ, ഏഷ്യന്‍ പെയിന്റ്‌സ്, മാഗി നൂഡില്‍സ്, നിറപറ, ബ്രാഹ്മിന്‍സ്, കെഎല്‍എം ഗോള്‍ഡ് ലോണ്‍, ഉജാല, ഐഡിയ, എയര്‍ ടെല്‍ അങ്ങനെ പോകുന്നു.

സിനിമയിലേക്ക്

കോളജില്‍ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ വഴിയും അല്ലാതെയും അനവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. വീട്ടില്‍ പറഞ്ഞാല്‍ എന്നെ കൊന്നുകളയും എന്നറിയാവുന്നതുകൊണ്ട് മിണ്ടിയില്ല. ആങ്കറിംഗിന് അവസരം ലഭിച്ചെങ്കിലും വീട്ടില്‍ സമ്മതിക്കില്ലെന്നറിയാവുന്നതു കൊണ്ട് മിണ്ടിയില്ല.

ഇതിനിടെ സിനിമയില്‍ അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. യോജിച്ച മേഖലയാണോ എന്ന് കുറെ ആലോചിച്ചു. മുരളി സാര്‍ എന്നെ വീണ്ടും വിളിച്ചു. ശ്യാമപ്രസാദ് സാറിന്റെ അരികെ എന്ന സിനിമയില്‍ അവസരം തരാനായിരുന്നു. മമതയുടെ സുഹൃത്തിന്റെ വേഷം ചെയ്യാന്‍. ചെറിയ വേഷമായിരുന്നുവെങ്കിലും സ്വപ്‌നതുല്യമായ തുടക്കമാണല്ലോ ലഭിച്ചത്. അതു കഴിഞ്ഞ് ഫ്രൈഡേ എന്ന സിനിമ. കുറെക്കൂടി സീനുകളില്‍ അഭിനയിക്കാന്‍ അവസരമുള്ള വേഷമായിരുന്നു അത്. എന്റെ സുഹൃദ്‌വലയത്തിലുള്ള ചിലരുടെ സിനിമയായതുകൊണ്ട് അതില്‍ അഭിനയിക്കാന്‍ മടിയുണ്ടായിരുന്നില്ല. സിനിമ എങ്ങനെ തിരഞ്ഞെടുക്കണമെന്നു പറഞ്ഞുതരാനൊന്നും ആരും ഉണ്ടായിരുന്നില്ല. എന്താണ് സിനിമയെന്ന് അറിയാന്‍ വന്നതായിരിക്കുമോയെന്ന് നെടുമുടി ചേട്ടന്‍ തമാശയ്ക്ക് എന്നോട് ചോദിച്ചു. നെടുമുടി ചേട്ടന്റെ മകളുടെ വേഷമായിരുന്നു ആ സിനിമയില്‍.


പിന്നീട് കുറെ ഓഫറുകള്‍ വന്നു. എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അറിയില്ലായിരുന്നു. ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനിടെ ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് മസ്‌കറ്റിലേയ്ക്കു പോയപ്പോള്‍ ഞാനും അമ്മയും മോളും നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയപ്പോഴും പരസ്യങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ ലഭിച്ചു. ഇഷ്ടവുമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള സഹകരണം ഉണ്ടായിരുന്നതുകൊണ്ട് ഇതെല്ലാം നടന്നു. ഷൂട്ടിന് ചേന്റെ അമ്മയും ഒപ്പം വരുമായിരുന്നു. ഇതിനിടെ കൊച്ചിയില്‍ ഞാന്‍ ഒരു ജോലിക്കു പോകാന്‍ തുടങ്ങി. ഇടയ്ക്ക് പരസ്യത്തിന് അവസരം ലഭിക്കുമ്പോള്‍ അതിനും പോകും. വീട്ടമ്മയുടെ പരസ്യങ്ങളാണ് കൂടുതലും കിട്ടിയത്. അങ്ങനെ എന്റെ പ്രിയപ്പെട്ട കോട്ടയം വിട്ട് എറണാകുളംകാരിയായി. ആസമയത്താണ് അരികെ, ഫ്രൈഡേ, അന്നയും റസൂലും എന്നീ സിനിമകളില്‍ അവസരം ലഭിക്കുന്നത്. ലോക്പാലിലും അഭിനയിച്ചു. മീരാ ജാസ്മിന്റെ സഹോദരി വേഷത്തില്‍ മിസ് ലേഖാ തരൂര്‍ കാണുന്നത് എന്ന ചിത്രവും ചെയ്തു. 14 സിനിമകളില്‍ അഭിനയിച്ചു.

ഞാന്‍ സെലക്ടീവ് ആണ്

ഞാന്‍ ഏറെ സെലക്ടീവ് ആകുന്നതുകൊണ്ടായിരിക്കാം അധികമൊന്നും അവസരങ്ങള്‍ ലഭിക്കാതിരുന്നത്. അതില്‍ പരിഭവമൊന്നുമില്ല. അര്‍ഹിക്കുന്നതു ദൈവം തരും എന്നു വിചാരിച്ചിരിക്കുന്ന ഒരു കലാകാരിയാണ് ഞാന്‍. 10 വര്‍ഷം പിടിച്ചുനിന്നില്ലേ. അതു തന്നെ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ശ്രീനിവാസേന്റെ കൂടെ നായികാവേഷത്തില്‍ സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്ന സിനിമ ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. സിനിമയുടെ നിര്‍മാതാവ് എന്റെ സുഹൃത്ത് സുജയയാണ് ഈ അവസരം തന്നത്. അവസരങ്ങളില്‍ മിക്കതും ഇത്തരത്തില്‍ സുഹൃത്തുക്കള്‍ വഴിയാണ് ലഭിച്ചിട്ടുള്ളത്. എനിക്ക് ഇഷ്ടപ്പെട്ട സിനിമ ബഷീറിന്റെ പ്രേമലേഖനമാണ്. എന്റെ കഴിവ് കുറച്ചെങ്കിലും അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള വേഷമായിരുന്നു. പക്ഷെ സിനിമ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല.

സഫലമീ ആഗ്രഹം

സ്‌കൂള്‍ പഠനകാലത്ത് ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിുണ്ട്. ഇപ്പോള്‍ വീണയും കര്‍ണാടക സംഗീതവും പഠിക്കുന്നുണ്ട്. എന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകുന്ന സമയമാണെന്ന് തോന്നുന്നു. കുറച്ചുകൂടി സിനിമയില്‍ സജീവമാകണമെന്ന് ആഗ്രഹമുണ്ട്. ചെറുപ്പത്തില്‍ പപ്പ നാടകരംഗത്തും അമ്മ സ്‌പോര്‍ട്‌സിലും ഉണ്ടായിരുന്നു. പക്ഷേ വേണ്ടത്ര ശോഭിക്കാനായില്ല. ഈ തിരിച്ചറിവാകാം എന്നെ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

എനിക്ക് ഒരു ഓണ്‍ലൈന്‍ ബൂട്ടിക്ക് ഉണ്ട്. അതു നന്നായി നടക്കുന്നുണ്ട്. പിന്നെ ഡോക്ടര്‍ ഗംഗാധരന്‍ സാറിന്റെ ജീവിതകഥ സിനിമയാക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് വരുന്നു. ഈ രണ്ടു സിനികളിലും ഞാന്‍ ഉണ്ട്. പിന്നെ സകലകലാശാലയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഓഫറുകള്‍ വരുന്നുണ്ട്. തീരുമാനമായില്ല. കഥയും കഥാപാത്രവും സംവിധായകനെയും ഒക്കെ നോക്കിയ ശേഷം തീരുമാനമെടുക്കും.

ഫിറ്റ്‌നസ് രഹസ്യം

ഞാന്‍ അധികം ഫുഡിയല്ല. വളരെ കുറച്ച് മാത്രമാണ് ഭക്ഷണം. ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനാണ് കൂടുതല്‍ ഇഷ്ടം. കാര്‍ബോ ഹൈഡ്രേറ്റ് കുറച്ചിട്ടുള്ള ആഹാരമാണ് കൂടുതല്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇടയ്ക്ക് യോഗ ചെയ്യാറുണ്ട്. ഡാന്‍സും. നടക്കാന്‍ പോകും. ക്ലാസിക്കല്‍ ഡാന്‍സ് പരിശീലനം വീണ്ടും തുടങ്ങുകയാണ്. അപ്പോള്‍ അതും ഫിറ്റ്‌നസിന്റെ ഭാഗമായി. ശരീരത്തിനും മനസിനും എപ്പോഴും പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്.

ഭക്ഷണം, യാത്രകള്‍

കോട്ടയത്തു ജനിച്ചു വളര്‍ന്നതുകൊണ്ടാകാം നാടന്‍ വിഭവങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. മീന്‍കറി, ചോറ്, കപ്പ ഇതൊക്കെയാണ് ഏറെ ഇഷ്ടം. വലിയ യാത്രകള്‍ അത്ര ഇഷ്ടമല്ല. കൂടുതലും വീട്ടിലെ കാര്യങ്ങള്‍ നോക്കി ഒതുങ്ങി ഇരിക്കുന്നതാണ് ഇഷ്ടം. സാമ്പ്രാണിത്തിരിയെല്ലാം കത്തിച്ച് ആ സുഗന്ധത്തില്‍ വീട്ടിലിരിക്കാനും പുസ്തകങ്ങള്‍ വായിക്കുവാനുമൊക്കെ ഇഷ്ടമാണ്. അലങ്കാരങ്ങളോടും ചെടികളോടും ഇഷ്ടമുണ്ട്. ഫ്‌ളാറ്റ് ആണെങ്കിലും വീട്ടിനകത്ത് ചെടികള്‍ വച്ചിരിക്കുന്നതുകൊണ്ട് വീട്ടില്‍ കയറി വരുന്നവര്‍ക്ക് മൊത്തത്തില്‍ ഒരു പച്ചപ്പ് തോന്നും.

സുനില്‍ വല്ലത്ത്