കണ്ണാടിപോലെ കഴുത്ത്
Monday, December 3, 2018 3:34 PM IST
പട്ടുപോലെ സുന്ദരമായ മുഖം, തൊട്ടുതാഴെ കറുത്തിരുണ്ട കഴുത്ത്. ഇവ രണ്ടും തമ്മില്‍ യാതൊരുവിധ ചേര്‍ച്ചയുമില്ല, അല്ലേ?
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് കഴുത്തിനു ചുറ്റും വരുന്ന കറുപ്പ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ ഇവ മാറ്റിയെടുക്കാന്‍ സാധിക്കും. അനാരോഗ്യകരമായ ജീവിതശൈലികള്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളിലെ രാസവസ്തുക്കള്‍, കഠിനമായ വെയില്‍, അമിത വണ്ണം തുടങ്ങിയവയാണ് കഴുത്തിന്റെ നിറം മാറ്റുന്ന പ്രധാന പ്രശ്‌നങ്ങള്‍.
മാത്രമല്ല പുറത്തു പോയി വന്നാല്‍ നമ്മള്‍ ഉടന്‍ തന്നെ മുഖവും കൈകാലുകളും കഴുകി വൃത്തിയാക്കും. പക്ഷേ കഴുത്തിനെക്കുറിച്ച് പലരും ചിന്തിക്കുകപോലുമില്ല. ഇതിന്റെ ഫലമായി കഴുത്തില്‍ അഴുക്ക് അടിഞ്ഞു കൂടുകയും മൃതകോശങ്ങളുണ്ടാവുകയും ചെയ്യും.
പരിഹാരം വീട്ടില്‍ തന്നെയുണ്ട്
കഴുത്തിനു പിന്നിലെ കറുപ്പു മാറ്റാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി അപ്പോയിന്റ്‌മെന്റ് എടുത്തു കാത്തിരിക്കുകയോ അതിനായി പണം മാറ്റിവയ്ക്കുകയോ ഒന്നും വേണ്ട. ഇതിനുള്ള പരി ഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്.
1. കറ്റാര്‍ വാഴപ്പോളയുടെ നീരെടുത്ത് കഴുത്തില്‍ തേച്ചു പിടിപ്പിക്കുക. പത്തു മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
2. ഉറങ്ങുന്നതിനു മുന്‍പ് ഒലിവ് ഓയിലും നാരങ്ങാ നീരും സമാസമം ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. രാവിലെ കഴുകിക്കളയാം. ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ നിറവ്യത്യാസം കാണാന്‍ സാധിക്കും.
3. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കഴുത്തില്‍ പുരട്ടി 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയുക. ഇതു ദിവസേന ചെയ്യാവുന്നതാണ്.
4. രണ്ടു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്തിളക്കി കഴുത്തില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ദിവസേന ഇതാവര്‍ത്തിച്ചാല്‍ കഴുത്തിലെ കറുപ്പു മാറി നിറം വര്‍ധിക്കും.
5. രണ്ടു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി കഴുത്തില്‍ പുരുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
ഇതു ശ്രദ്ധിക്കാം
* മുഖം കഴുകുമ്പോള്‍ കഴുത്തു കൂടി കഴുകാന്‍ ശ്രദ്ധിക്കുക.
* പുറത്തേക്കിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടുകയും വെയില്‍ ഏല്‍ക്കാത്ത തരത്തില്‍ സ്‌കാര്‍ഫോ ഷോളോ ഉപയോഗിച്ച് കഴുത്ത് മറയ്ക്കുകയും ചെയ്യുക.
* എണ്ണ ചൂടാക്കി കഴുത്തില്‍ മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതു രക്തയോം കൂട്ടുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും.
തയാറാക്കിയത്:
അനാമിക
വിവരങ്ങള്‍ക്കു കടപ്പാട്:
ആര്‍. ചിത്ര
ഉമ ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍, തിരുവനന്തപുരം