ലിജോമോള്‍ സ്പീക്കിംഗ്
Thursday, May 3, 2018 4:03 PM IST
ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ലിജോമോള്‍ ജോസ്. മഹേഷിന്റെ പ്രതികാരത്തിലെ സോണിയയും കപ്പനയിലെ ഋത്വിക് റോഷനിലെ കനിയുമെല്ലാം ലിജോ മോള്‍ക്കു ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. പീരുമേട്ടില്‍ നിന്നും വെള്ളിത്തിരയിലെത്തിയ ഈ കലാകാരി ഇപ്പോള്‍ മുണ്ടക്കയത്താണ് താമസിക്കുന്നത്. തന്റെ പുതിയ വീട്ടില്‍ സകുടുംബം സന്തോഷവതി. സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ ജീവിതത്തിലും തനി നാട്ടില്‍പുറത്തുകാരിയായ ലിജോമോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.
ആദ്യ സിനിമയിലേക്ക്
പോണ്ടിച്ചേരിയില്‍ പിജി ചെയ്യുന്ന സമയത്താണ് മഹേഷിന്റെ പ്രതികാരത്തിന്റെ കാസ്റ്റിംഗിലേക്ക് ഫോട്ടോസ് അയക്കുന്നത്. മുമ്പ് അഭിനയ പരിചയമില്ലെങ്കിലും ഒന്നു ശ്രമിക്കാമെന്നു കരുതി. പിന്നീട് മെയിലൊക്കെ ചെക്കു ചെയ്‌തെങ്കിലും പ്രതികരണമൊന്നും ഇല്ലാതായപ്പോള്‍ അതു വിട്ടു. ഒരുമാസം കഴിഞ്ഞിട്ടാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ ചേച്ചി ഫോാേസ് ഇഷ്ടപ്പെട്ടു, ഓഡീഷന് എത്തണമെന്ന് പറഞ്ഞ് വിളിക്കുന്നത്. കൊച്ചിയില്‍ ആഷിഖ് അബുവിന്റെ കഫേ പപ്പായയില്‍ വച്ചായിരുന്നു ഒഡീഷന്‍. സിനിമയിലുള്ള ഒന്നു രണ്ടു സീന്‍ അഭിനയിക്കാന്‍ തന്നു. ആദ്യമൊക്കെ ടെന്‍ഷനായിരുന്നു. പിന്നെ അവരു വന്നു സംസാരിച്ച് കംഫര്‍ട്ടബിളാക്കി. ഓഡീഷന്റെ പിറ്റേന്നു വിളിച്ചിട്ടാണ് ഒരു റോളുണ്ടെന്നു പറയുന്നത്.
ഷൂിംഗ് അനുഭവം
എന്റെ സ്ഥലമായ ഇടുക്കിയിലായിരുന്നു മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രീകരണം. അഭിനയിക്കണ്ട, നീ എങ്ങനെയാണോ അതുപോലെ കാമറയ്ക്കു മുന്നിലും പെരുമാറിയാല്‍ മതിയെന്നാണ് ആദ്യം തന്നെ ദിലീഷേട്ടന്‍ (സംവിധായകന്‍ ദിലീഷ് പോത്തന്‍) പറഞ്ഞത്. ഞാന്‍ ജീവിതത്തില്‍ എങ്ങനെയാണോ അതുപോലെയാണ് സീനുകള്‍ പറഞ്ഞു തന്നതും. അതുകൊണ്ടു തന്നെ ഒരു സിനിമയില്‍ അഭിനയിക്കുന്ന തോന്നല്‍ എനിക്കില്ലായിരുന്നു. പിന്നെ എന്റെ നാട്ടുകാരുടെ മുന്നിലെന്നതും മറ്റൊരു സന്തോഷമായിരുന്നു.
അഭിനയ മോഹമില്ലായിരുന്നു
അഭിനയക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. കലാപാരമായി ഒരു ബന്ധവും എനിക്കില്ല. മുമ്പ് ഒരു സ്റ്റേജില്‍പോലും കയറിയിട്ടില്ല. ഒരു സിനിമയ്ക്കായി ഫോട്ടോ അയച്ചുകൊടുക്കുന്നതുപോലും ആദ്യമായിട്ടാണ്. പിന്നെ സിനിമയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അഭിനയം ഏറെ ഇഷ്ടപ്പെു.
പ്രേക്ഷക പ്രതികരണം
മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്യുന്ന സമയത്ത് പി.ജി കോഴ്‌സുമായി ഞാന്‍ പോണ്ടിച്ചേരിയിലായിരുന്നു. ഒരു മാസത്തിനു ശേഷം കപ്പനയില്‍ സിനിമയുടെ പ്രവര്‍ത്തകര്‍ക്കായി ഒരു സ്വീകരണം ഒരുക്കിയിരുന്നു. അന്നാണ് എന്റെ ആദ്യ സിനിമ ഞാന്‍ കാണുന്നത്. ഞങ്ങള്‍ക്കവിടെ കിട്ടിയ സ്വീകരണം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമയിലൂടെ എന്റെ നാട്ടില്‍ കിട്ടിയ സ്വീകരണം എനിക്കു മാനസികമായി ഏറെ സന്തോഷം നല്‍കി.
നായികനിരയിലേക്ക്
കപ്പനയിലെ ഋത്വിക് റോഷനിലേക്കു വിളിക്കുമ്പോള്‍ രണ്ടു ഹീറോയിനുള്ളതില്‍ കനി എന്ന കഥാപാത്രമായിരിക്കും എന്‍േറതെന്നു പറഞ്ഞിരുന്നു. അന്നു വേറെ സിനിമകള്‍ വന്നെങ്കിലും എനിക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രമായിരുന്നു കനി. പിന്നെ സലിംകുമാറേന്‍ അച്ഛനായും സീമച്ചേച്ചി അമ്മയായും എത്തുന്ന നല്ല ടീമിനൊപ്പമുള്ള സിനിമയെന്നതും ഏറെ സന്തോഷം നല്‍കി.
സിനിമയുടെ തിരക്ക്
ഹണി ബി 2.5 ആണ് പിന്നീട് ചെയ്ത ചിത്രം. വലിയ ടീമിനൊപ്പം ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ തന്നെ ഒരുക്കുന്ന മറ്റൊരു ചിത്രമെന്ന എക്‌സ്പീരിയന്‍സ് വലുതായിരുന്നു. കാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന മൂക്കയുടെ ചിത്രം സ്ട്രീറ്റ് ലൈറ്റാണ് അതിനുശേഷം അഭിനയിച്ച സിനിമ. അതില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു.
പുതിയ സിനിമകള്‍
ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനുശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പ്രേമസൂത്രമാണ് ഉടന്‍ തിയറ്ററിലെത്തുന്നത്. എണ്‍പത് തൊണ്ണൂറു കാലഘത്തിലെ ഒരു പ്രണയ കഥയാണിത്. ബാലു വര്‍ഗീസാണ് നായകന്‍. അനുരാഗം ദി ആര്‍ട്ട് ഓഫ് തേപ്പ് എന്ന ചിത്രവും പൂര്‍ത്തിയായി. നാലു പ്രണയ കഥകളില്‍ ഇടുക്കിയുടെ പശ്ചാത്തലത്തിലുള്ളൊരു കഥയിലാണ് ഞാന്‍ അഭിനയിക്കുന്നത്.
സ്വന്തമായി ഡബ്ബിംഗ്
ഇതുവരെയുള്ള എല്ലാ ചിത്രങ്ങളിലും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. പിന്നെ സ്ട്രീറ്റ് ലൈറ്റിന്റെ തമിഴ് പതിപ്പില്‍ മറ്റാരോ ഡബ്ബ് ചെയ്തു. ആദ്യമൊക്കെ ഡബ്ബിംഗ് കുറച്ചു പ്രയാസമായിരുന്നു. അഭിനയിക്കുമ്പോഴുള്ള മൂഡിനെ ശബ്ദത്തില്‍ കൊണ്ടുവരണമല്ലോ. പിന്നെയത് ശരിയായി വന്നു.
കുടുംബത്തിന്റെ പിന്തുണ
അഭിനയവും നൃത്തവുമൊന്നും നമുക്കു പിടിയില്ലെന്നു വീട്ടുകാര്‍ക്കറിയാം. ഓഡീഷനു പോകുന്നില്ലെന്നു ഞാനും കരുതിയതാണ്. പിന്നെ ഉണ്ണിമായ ചേച്ചി വിളിച്ച് നിര്‍ബന്ധിച്ചപ്പോഴാണ് പോകാന്‍ തീരുമാനിച്ചത്. അച്ഛനാണ് ഷൂട്ടിംഗിനു പോകുമ്പോള്‍ എന്റെ ഒപ്പം വരുന്നത്. പിന്നെ മഹേഷിന്റെ പ്രതികാരം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ഹാപ്പിയായി. ഓരോ സിനിമയും കണ്ടിട്ട് അഭിപ്രായം പറയാറുണ്ട്.
സിനിമയുടെ തിരഞ്ഞെടുപ്പ്
ഒരു സിനിമ തെരഞ്ഞെടുപ്പില്‍ എന്റെ കഥാപാത്രം എന്താണെന്നു ആദ്യമെ നോക്കും. പിന്നെ സംവിധായകനും ക്രൂവും ആരെന്നും നോക്കും. ഇതുവരെ എനിക്കു കിട്ടിയതെല്ലാം നല്ല ക്രൂവിനൊപ്പമുള്ള സിനിമകളാണ്.
പഠനം
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ പി. ജി ചെയ്തു.
കുടുംബ വിശേഷം
അച്ഛന്‍ രാജീവ് കൃഷി ചെയ്യുന്നു. അമ്മ ലിസ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലാണ്. അനുജത്തി ലിയ തിരുവനന്തപുരത്ത് എംബിഎക്ക് പഠിക്കുന്നു.
ലിജിന്‍ കെ.ഈപ്പന്‍