ഒറ്റ ദിവസം 893 പേർക്ക് വാക്സിൻ; പുഷ്പലത താരമായി
Saturday, November 6, 2021 1:54 PM IST
കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ കഷ്ടപ്പെടുന്ന സമയമാണിത്. മുന്നണി പോരാളികളായി ആതുരശ്രുശ്രൂഷാരംഗത്തുള്ളവരും എപ്പോഴും കർമനിരതരാണ്. കോവിഡിനെ പ്രതിരോധിക്കാനായി എല്ലാവരും വാക്സിനേഷനും എടുക്കുന്നുണ്ട്. ഇവിടെ ഒരു നഴ്സ് വ്യത്യസ്തയാകുകയാണ്. ഒരു ദിവസം കൊണ്ട് 893 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകിയാണ് ആലപ്പുഴ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് പുഷ്പലത താരമായിരിക്കുന്നത്.
893 പേർക്ക് വാക്സിനേഷൻ
വാക്സിനേഷനുള്ള ദിവസങ്ങളിൽ ഏകദേശം 300 നും 400 നും ഇടയിൽ ആളുകളാണ് ജില്ല ആശുപത്രിയിൽ എത്താറുള്ളത്. ഒരു മിനിറ്റിൽ രണ്ട് എന്ന തോതിലാണ് പുഷ്പലത വാക്സിനേഷൻ എടുക്കുന്നത്. രാവിലെ ഒൻപതര മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്തിനിടയ്ക്ക് ഭക്ഷണം കഴിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും വളരെ കുറച്ച് സമയം മാത്രമേ ഇവർ വിനിയോഗിക്കുന്നുള്ളൂ.
അഭിനന്ദനവുമായി ആരോഗ്യമന്ത്രി
പുഷ്പലതയുടെ ഈ നേട്ടത്തിന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ എത്തിയിരുന്നു. സ്ഥലം എംഎൽഎയും ഫിഷറീസ് സാംസ്കാരിക മന്ത്രിയുമായ സജി ചെറിയാനും നേരിട്ടെത്തി പുഷ്പലതയെ അനുമോദിച്ചു.
കൂട്ടായ പ്രവർത്തനത്തിന്റെ ഫലം
സൂപ്പർവൈസർ, ജഐച്ച്ഐമാർ, ആശാ പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് തന്റെ നേട്ടത്തിന് പിന്നിലെന്നു പുഷ്പലത പറഞ്ഞു. സ്വകാര്യ മേഖലയിൽ ജോലി ചെയ്ത പരിചയവും പിൻതുണയായി.
നല്ലൊരു ഗായികയാണ്
നല്ലൊരു ഗായിക കൂടിയായ പുഷ്ലത തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് ഗാനഭൂഷണം നേടിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ എത്തും മുന്പ് നിരവധി വേദികളിൽ പാടിയിട്ടുണ്ട്. ഇവരുടെ അമ്മ കുഞ്ഞികുട്ടി കെപിഎ സിക്കുവേണ്ടി നാടക ഗാനങ്ങൾ പാടിയിരുന്നു. സിനിമാതാരം നവ്യ നായർ പങ്കെടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുഷ്പലത പിന്നണി പാടിയിരുന്നു. ആ മത്സരത്തിൽ നവ്യയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
കുടുംബം
ആലപ്പുഴ ചന്ദനകാവ് പൊയ്പ്പള്ളി തറയിൽ ഗിൽബർട്ട് ആണ് ഭർത്താവ്.
അശ്വനി കാരയ്ക്കാട്