ഒരു വടക്കന്‍ സെല്‍ഫി
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്യാണങ്ങള്‍ക്കു കാലം വരുത്തിയ മാറ്റം എത്തിനില്‍ക്കുന്നത് ഹല്‍ദിയെന്ന മഞ്ഞള്‍കല്യാണത്തിലാണ്. ആടയാഭരണങ്ങളുടെ ആഡംബരങ്ങളൊന്നുമില്ലാതെ ജാതിമത ചിന്തകള്‍ക്കതീതമായി മുഖത്തും ദേഹത്തും മഞ്ഞള്‍ പൂശി മഞ്ഞ വസ്ത്രമണിഞ്ഞാണ് വിവാഹാഘോഷത്തിന്റെ തുടക്കമായി മലബാറിലുള്‍പ്പെടെ ഹല്‍ദി നിറഞ്ഞു നില്‍ക്കുന്നത്. ന്യൂജന്‍ ആഘോഷമെന്നോണം വിവാഹ വീട്ടിലെ റാഗിംഗ് തീര്‍ത്ത കളങ്കം മഞ്ഞളില്‍ കഴുകി ശുദ്ധിവരുത്തിയാണ് മലബാര്‍ കല്യാണങ്ങള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഉത്തരേന്ത്യന്‍ വിവാഹ ആഘോഷമായ ഹല്‍ദി മലബാറില്‍ അതിഥിയായി എത്തിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എങ്കിലും അപരിചതത്വം ഒന്നുമില്ലാതെ മലയാളിയുടെ ഹൃദയത്തിലിടം പിടിക്കാന്‍ ഹല്‍ദി ആഘോഷത്തിനു സാധിച്ചു. ഹല്‍ദിയുടെ വരവോടെ വിവാഹ വീടുകള്‍ ദിവസങ്ങള്‍ക്കു മുമ്പേ കളര്‍ഫുളായി മാറി. കോവിഡ് നിറം കെടുത്തിയിട്ടും ഗ്രാമ നഗര വ്യത്യാസമില്ലാതെ വിവാഹത്തലേന്ന് നവവധുവിന്റെ മനസ് നിറയ്ക്കാന്‍ ഇപ്പോള്‍ ഹല്‍ദിയുണ്ട്... തൊട്ടുപിന്നാലെയെത്തുന്ന മൈലാഞ്ചി കല്യാണത്തിന് ഒട്ടും മാറ്റുകുറയ്ക്കുന്നില്ലെന്നതും ഹല്‍ദിയെ മാറോടു ചേര്‍ക്കാന്‍ മലയാളികള്‍ക്ക് പ്രിയമേറി.

ഓലമേഞ്ഞ ഓര്‍മകള്‍

പട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍, ഓലമേഞ്ഞ പന്തലിനുള്ളില്‍ ഈന്തോലയിലും വോയല്‍ സാരിയിലും അലങ്കരിക്കപ്പെട്ടതായിരുന്നു മലബാറില്‍ പഴയകാലത്തുള്ള വീടുകളിലെ വിവാഹ സല്‍ക്കാര വേദികള്‍. വീട് ചെറുതോ വലുതോ ഏതായാലും പന്തലിന്റെ കാര്യത്തില്‍ മലബാറുകാര്‍ക്ക് വിട്ടുവീഴ്ചയില്ലായിരുന്നു. ഈന്തോലയുമായി നടന്ന് നീങ്ങുന്നത് കണ്ടാല്‍ നാട്ടില്‍ കല്യാണമുണ്ടെന്നു തിരിച്ചറിഞ്ഞിരുന്ന കാലത്തിന് അഞ്ച് പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. വടക്കന്‍കേരളത്തില്‍ വിവാഹത്തിന് ഒരാഴ്ച മുമ്പേ തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കാറുണ്ടായിരുന്നു. പന്തലു കെട്ടാനുള്ള ഓലയും അലങ്കാരം തീര്‍ക്കാനായി വോയല്‍ സാരിയും ഈന്തോലയുമെല്ലാം ശേഖരിക്കുന്നത് അയല്‍ക്കാരായിരുന്നു. വിവാഹ വീട്ടുകാര്‍ക്ക് ഇക്കാര്യങ്ങളിലൊന്നും തന്നെ ഇടപെടേണ്ട അവസരം അയല്‍ക്കാരും സുഹൃത്തുക്കളും ഒരുക്കാറില്ലായിരുന്നു. ക്രൈസ്തവനായാലും ഹിന്ദുവായാലും മുസ്ലീമായാലും പന്തല്‍ ഒരുക്കാനും വിവാഹം മനോഹരമാക്കാനും 'കച്ചകെട്ടി ഇറങ്ങുന്ന' കാലം ഇന്നും പഴമക്കാരുടെ മനസില്‍ ഒളിമങ്ങാതെയുണ്ട്.

എന്നാല്‍ നൂറ്റാണ്ടിന്റെ തുടക്കത്തോടെ എത്തിയ ചില പ്രവണതകള്‍ മലബാര്‍ കല്ല്യാണങ്ങളുടെ പേര് കളങ്കപ്പെടുത്തുന്നതായിരുന്നു. വരനേയും വധുവിനേയും ക്രൂരമായ രീതിയില്‍ റാഗിംഗിനു വിധേയമാക്കിയ സംഭവങ്ങള്‍ വരെ വിവാഹനാളില്‍ മലബാറില്‍ നടന്നിട്ടുണ്ട്. മംഗള കര്‍മം നടക്കുന്ന വീട്ടില്‍ പോലീസ് കയറി ഇറങ്ങിയതോടെ മലബാര്‍ വെഡ്ഡിംഗിന്റെ മാറ്റ് കുറഞ്ഞു. എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഹല്‍ദിയെ മലബാറുകാര്‍ മാറോടണച്ചതോടെ മലബാര്‍ വെഡ്ഡിംഗ് വീണ്ടും ചര്‍ച്ചയായി തുടങ്ങി.

ഹല്‍ദി ആഘോഷം

മഞ്ഞനിറം പരമാവധി ഉപയോഗിക്കുന്ന ഒരു ചടങ്ങെന്ന് ഹല്‍ദിയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. വധുവിനെ മഞ്ഞ നിറമുള്ള വസ്ത്രങ്ങളും പൂമാലകളും അണയിച്ച് പ്രത്യേക ഭാഗത്തായി ഇരുത്തും. പ്രത്യേക പാത്രത്തില്‍ കൊണ്ടുവച്ച മഞ്ഞള്‍ ഓരോരുത്തരായി എത്തി വധുവിന്റെ മുഖത്ത് ചാര്‍ത്തും. ആദ്യം വധുവിന്റെ ബന്ധുക്കളാണ് മഞ്ഞള്‍ ചാര്‍ത്തുന്നത്. പിന്നീടു സുഹൃത്തുക്കളും ഇതു തുടരും. ഇതിനൊപ്പം സുഹൃത്തുക്കള്‍ ഒപ്പനയും മറ്റു നൃത്തഗാനപരിപാടികളും നടത്തി വിവാഹ വീടിനെ ഉത്സവാന്തരീക്ഷത്തിലാക്കും.

മഞ്ഞയണിഞ്ഞ് മലബാര്‍

കല്യാണത്തിനു രണ്ടു നാള്‍ മുമ്പു നടക്കുന്ന ഹല്‍ദിയാണ് വടക്കന്‍കേരളത്തിലെ പ്രധാന വിവാഹാഘോഷം എന്നു പറയാം. പുതുജീവിതത്തിലേക്കു കടക്കുന്ന വധുവിന്റെ മനസിനെ വര്‍ണാഭമാക്കും വിധത്തിലാണ് മലബാറില്‍ ഹല്‍ദി ആഘോഷം നടക്കുന്നത്. എല്ലാം മഞ്ഞമയം... കഴിക്കാന്‍ കൊണ്ടുവച്ച മധുരപലഹാരവും കുടിക്കാനുള്ള വെള്ളവും തുടങ്ങി വീടിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ബലൂണുകള്‍ക്കുവരെ മഞ്ഞനിറം...

മലബാറിലെ ഹല്‍ദി ആഘോഷങ്ങളെ വേണമെങ്കില്‍ ഇങ്ങനെ വര്‍ണിക്കാം. മഞ്ഞ ലഹംഗ ധരിച്ച് മഞ്ഞ പൂമാലകള്‍ കഴുത്തിലും തലയിലും കൈകളിലും ചൂടി മണവാട്ടി എന്നെത്തേക്കാളും സുന്ദരിയായി മാറുന്നതോടെ കാമറകളെല്ലാം അവളില്‍ പതിയും. ഫ്‌ളാഷുകളില്‍ നിന്നു വരുന്ന വെള്ളിവെളിച്ചത്തില്‍ മഞ്ഞ നിറമുള്ളതെല്ലാം ഒരിക്കല്‍ക്കൂടി തിളങ്ങും. മണവാട്ടിയുടെ സുഹൃത്തുക്കളും കുട്ടികളുമെല്ലാം മഞ്ഞ വസ്ത്രങ്ങളണിയുന്ന തോടെ വിവാഹവീട് മഞ്ഞക്കൂടാരമായി മാറും. ബന്ധുക്കളും കൂട്ടുകാരുമെല്ലാം പെണ്ണിനെ മഞ്ഞളണിയിക്കുന്നതിനൊപ്പം പാട്ടും ഡാന്‍സും കൂടി ആവുന്നതോടെ ഉത്തരേന്ത്യന്‍ ഹല്‍ദി മലബാറിന്റെ സ്വന്തമായി മാറും.

നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍

ധരിച്ചിരിക്കുന്ന സ്വര്‍ണം നോക്കി വിവാഹപ്പെണ്ണിന്റെ സൗന്ദര്യം അളന്നവരുടെ കണ്ണ് ഇന്ന് 'മഞ്ഞളിക്കും'. സ്വര്‍ണ വളകളോ കമ്മലുകളോ മുക്കുത്തിയോ ഒന്നുമണിയാതെ മഞ്ഞ വസ്ത്രങ്ങളും പൂക്കളും മാത്രം ധരിച്ചെത്തിയ മണവാട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ താരമായി മാറും. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അവള്‍ നിറഞ്ഞുനില്‍ക്കാന്‍ ഈ ഒരൊറ്റ ദിവസം മതി. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടിയാണ് മലബാറില്‍ ഹല്‍ദി ആഘോഷം സജീവമായത്. വിവാഹത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ കല്യാണപെണ്ണിനെ മഞ്ഞ വസ്ത്രത്തില്‍ അണിയിച്ചൊരുക്കിയുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്.ആചാരം ആഘോഷത്തിലേക്ക്

വിവാഹമെന്നതു പുതുജീവിതത്തിനുള്ള തുടക്കമാണ്. വധുവിന്‍േറയും വരന്‍േറയും മാത്രമല്ല രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം കൂടിയാണ് വിവാഹം. വിവാഹത്തലേന്ന് വധുവിന്റെയും വരന്റെയും ചര്‍മം പൂര്‍ണമായും ശുദ്ധമാക്കുകയും ഭംഗിവരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ വര്‍ഷങ്ങള്‍ക്കു മുമ്പേ ബന്ധുക്കള്‍ മഞ്ഞള്‍ പുരട്ടി കുളിപ്പിച്ചിരുന്നു. ഇത് ഉത്തരേന്ത്യയില്‍ സര്‍വസാധാരണമായ ചടങ്ങായിരുന്നു. ഹല്‍ദി എന്ന പേരിന്റെ ഉദ്ഭവവും ഉത്തരേന്ത്യയില്‍ നിന്നാണ്. വടക്കന്‍ കേരളത്തിലും ഇത്തരത്തിലുള്ള ആചാരമുണ്ടായിരുന്നതായി പറയുന്നുണ്ട്. മലബാറില്‍ മാതൃസഹോദരന്റെ ഭാര്യ മണവാട്ടിയുടെ പാദങ്ങളില്‍ മൈലാഞ്ചി തേയ്ക്കുന്ന ചടങ്ങുകളുണ്ടായിരുന്നു. മുസ്ലീം സമുദായത്തിലായിരുന്നു ഇത് കൂടുതലായും കണ്ടിരുന്നത്. പിന്നീട് ഈ ചടങ്ങ് മൈലാഞ്ചി കല്യാണത്തിലേക്കു വഴി മാറി. മെഹന്ദിയെന്ന പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വടക്കന്‍ കേരളത്തില്‍ ഈ ആചാരം നിലനില്‍ക്കുന്നുണ്ട്. ഹല്‍ദി ദിവസം തന്നെയാണ് മെഹന്ദി ചടങ്ങും ഇപ്പോള്‍ നടക്കുന്നത്. കൈമുട്ടു മുതല്‍ മൈലാഞ്ചി അണിയിക്കുന്നത് മലബാറില്‍ പതിവാണ്. മണിക്കൂറുകളോളം ഇതിനു വേണ്ടി ചെലവഴിക്കേണ്ടതായുണ്ട്.

ഹല്‍ദി വന്ന വഴി

ഹല്‍ദി എന്നാല്‍ ഹിന്ദിയില്‍ മഞ്ഞള്‍ എന്നാണ് അര്‍ഥം. ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലേക്കും മറ്റും കുടിയേറിയവരുടെ ഇടയിലായിരുന്നു ഈ ചടങ്ങുണ്ടായിരുന്നത്. ആദ്യമെല്ലാം ഹല്‍ദിയില്‍ നിന്നു മലയാളികള്‍ മുഖംതിരിച്ചെങ്കിലും പിന്നീട് അതിന്റെ വശ്യതയില്‍ ആകൃഷ്ടരായി. ചുരുങ്ങിയ ചെലവില്‍ പോലും നടത്താവുന്ന സുന്ദരമായ ചടങ്ങായതിനാല്‍ ഹല്‍ദിയെ മലയാളികള്‍ വീട്ടിലേക്കു ക്ഷണിച്ചു. ഇപ്പോള്‍ മലബാര്‍ കല്യാണത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായി ഹല്‍ദി മാറി. ജാതിമതവ്യത്യാസമില്ലാതെയാണ് എല്ലാവരും ഹല്‍ദി ആഘോഷിക്കുന്നത്.

ഹല്‍ദിയില്‍ ശ്രദ്ധവേണം...

മഞ്ഞള്‍ കല്യാണം എന്നറിയപ്പെടുന്ന ഹല്‍ദി ചടങ്ങില്‍ ശ്രദ്ധവേണമെന്നാണ് ബ്യൂട്ടീഷന്‍മാര്‍ പറയുന്നത്. ചടങ്ങിലെ പ്രധാന ഘടകമായ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ളവര്‍ മഞ്ഞള്‍ അകറ്റി നിര്‍ത്തുന്നതാവും നല്ലത്. കൂടാതെ മഞ്ഞള്‍ മുഖത്തും ശരീരത്തിലും ഉപയോഗിച്ചാല്‍ കഴുകി കളഞ്ഞാലും എളുപ്പത്തില്‍ നിറം പോവണമെന്നില്ല. വിവാഹ ദിവസം പെണ്‍കുട്ടിയുടെ മുഖത്തും മറ്റു ഭാഗങ്ങളിലുമുള്ള മഞ്ഞനിറം അരോചകമായി മാറുകയും ചെയ്യും. ഇതിനു പോംവഴിയും ബ്യൂട്ടീഷന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ആഘോങ്ങള്‍ക്കു മാറ്റുകുറയ്ക്കാതെ തന്നെ മഞ്ഞള്‍ മാറ്റി നിര്‍ത്തി ഹല്‍ദി ആഘോഷിക്കുന്നുണ്ട്. മുല്‍ത്താനി മിട്ടിയാണ് ഹല്‍ദിയ്ക്കു പകരമായി ബ്യൂട്ടീഷന്‍മാര്‍ ഉപയോഗിക്കുന്നത്. ചന്ദനവും കടലപ്പൊടിയും ചടങ്ങിന് ഉപയോഗിക്കാം. എങ്കിലും മഞ്ഞള്‍ ആചാരമെന്ന രീതിയില്‍ സാന്നിധ്യമായി നിലനിര്‍ത്തുന്നുണ്ട്.

ഹല്‍ദിയ്ക്കും മെഹന്ദിയ്ക്കും ചെലവേറും

മലബാറിലെ വിവാഹാഘോഷ ചടങ്ങുകള്‍ മൂന്നു ദിവസങ്ങളിലായാണ് നടക്കുന്നത്. വിവാഹത്തലേന്ന് റിസപ്ഷനും അതിനു മുമ്പുള്ള ദിവസം ഹല്‍ദിയ്ക്കും മെഹന്ദിയ്ക്കുമായി മാറ്റിവയ്ക്കുകയാണ് പതിവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ചടങ്ങുകള്‍ക്കു കുടുംബാംഗങ്ങളെ ക്ഷണിക്കുന്നതിനും ഇത് ഏറെ സൗകര്യപ്രദമാണ്. ഹല്‍ദി ദിവസം സുഹൃത്തുക്കളേയും കുടുംബത്തിലെ തന്നെ സമപ്രായക്കാരായവരേയുമാണ് കൂടുതലായും ഉള്‍പ്പെടുത്തുന്നത്. മണവാട്ടിയെ അണിയിച്ചൊരുക്കി പുറത്തിറക്കുന്നതു തന്നെ വലിയ ആഘോഷമായാണ് നടക്കുന്നത്.

ഹല്‍ദി ദിവസം ധരിക്കുന്ന വസ്ത്രം ഡിസൈന്‍ ചെയ്യുന്നതിലും ഹെയര്‍സ്‌റ്റൈലിലുമെല്ലാം ബ്യൂട്ടീഷന്‍മാരുടെ പങ്ക് വലുതാണ്. തലയില്‍ ചൂടുന്ന പൂക്കള്‍ വരെ തയാറാക്കുന്നതും ഇവരാണ്. പൂക്കള്‍കൊണ്ടുള്ള ആഭരണങ്ങള്‍ തീര്‍ക്കുന്നതിനും വിഗദ്ധരായ ബ്യൂട്ടീഷന്‍മാരും കോസ്റ്റ്യൂം ഡിസൈനര്‍മാരുമുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മലബാര്‍ കല്യാണത്തിന് 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. ആഘോഷം ആഡംബരമാക്കുന്നതോടെ ചെലവ് കുത്തനെ കൂടും. വിവാഹത്തിന് എച്ച്ഡി മേക്കപ്പുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മേക്കപ്പിന്റെ അമിത പ്രധാന്യം പ്രകടിപ്പിക്കാതെ തന്നെ നാച്വറല്‍ ബ്യൂട്ടി നല്‍കുന്നതാണ് എച്ച്ഡി മേക്കപ്പുകള്‍. വധു വിയര്‍ത്താലും മറ്റും ഇളകി പോവാത്ത വിധത്തിലുള്ളതാണ് ഈ മേക്കപ്പ്.

കടപ്പാട് : റെമി പ്രേംരാജ്
(അഴക് ബ്യൂട്ടി പാര്‍ലര്‍, കോഴിക്കോട്)

നിമ്മി സജി
(റൊസാരിയ ബ്യൂട്ടി ക്ലിനിക്ക്, കോഴിക്കോട്)

തയാറാക്കിയത്: കെ.ഷിന്‍റുലാല്‍
പടങ്ങള്‍: രമേഷ് കോട്ടൂളി