മീന്‍ രുചി
Wednesday, November 6, 2019 4:46 PM IST
മീന്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് പാചകത്തില്‍...
Fish Fry in Crushed Mango
ചേരുവകള്‍
കിളിമീന്‍ (മത്തി ഒഴികെ ഏതു മീനും ഈ രീതിയില്‍ കറിവയ്ക്കാം) - 500 ഗ്രാം
മാങ്ങ (ഒരു വലിയ മാങ്ങയുടെ പകുതി നന്നായി ചതച്ചത്) - ഒന്ന് ചെറുത്
ചെറിയ ഉള്ളി ചതച്ചത് -ഒരു കപ്പ്
ഇഞ്ചി (ചതച്ചത്) -ഒരു ചെറിയ കഷണം
വെളുത്തുള്ളി(ചതച്ചത്) -ഒരു ടീസ്പൂണ്‍
വേപ്പില -ഒരുപിടി
മുളകുപൊടി (കാഷ്മീരി)- രണ്ടര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ -അര ടീസ്പൂണ്‍
ഉലുവ പൊടിച്ചത് -ഒരു നുള്ള്
വറ്റല്‍മുളക് -രണ്ട് എണ്ണം
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ -പാകത്തിന്
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
തേങ്ങാപാല്‍ (രണ്ടു കപ്പ് രണ്ടാം പാല്‍, അരക്കപ്പ് ഒന്നാം പാല്‍)- രണ്ടര കപ്പ്
തയാറാക്കുന്നവിധം
കഴുകി വൃത്തിയാക്കിയ മീനില്‍ തന്നിരിക്കുന്ന അളവില്‍നിന്ന് അര ടേബിള്‍സ്പൂണ്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ പുരട്ടി 15 മിനിറ്റ് മാറ്റിവയ്ക്കുക.
ചട്ടി ചൂടാകുമ്പോള്‍ അതില്‍ എണ്ണയൊഴിച്ച് മീന്‍ ചെറുതായി വറുത്തുമാറ്റണം. അതേ പാനില്‍തന്നെ അല്‍പംകൂടി എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉലുവ, വറ്റല്‍മുളക് എന്നിവ വറുക്കുക. അതിലേക്ക് ഒരുപിടി വേപ്പില ഇട്ട് ചതച്ചുവച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അല്‍പം ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറിത്തുടങ്ങുമ്പോള്‍ ബാക്കി മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റണം. വീണ്ടും മസാലയുടെ പച്ചമണം മാറിത്തുടങ്ങുമ്പോള്‍ ചതച്ച മാങ്ങ ചേര്‍ത്ത് നന്നായി വഴറ്റി മൂന്നു മിനിറ്റ് ചെറുതീയില്‍ പാത്രം അടച്ച് വേവിക്കുക. മാങ്ങ വെന്തു തുടങ്ങിയാല്‍ ഒന്നരക്കപ്പ് രണ്ടാം പാല്‍ ഒഴിച്ച് വറുത്ത മീന്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് വേകാന്‍ അനുവദിക്കണം. ഈ സമയം ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാം. വെന്ത് കുറുകിവരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് അല്‍പം ഉലുവാ പൊടിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കറി റെഡി.
ഫിഷ് പച്ചടി
ചേരുവകള്‍
ആറ്റുവാള (മുള്ളില്ലാതെ) -അരക്കിലോ
മല്ലിയില -ഒരു കപ്പ്
തൈര്(പുളിയുള്ളത്) -അരക്കപ്പ്
ഉപ്പ് -പാകത്തിന്
ഇഞ്ചി -ഒരു ചെറിയ കഷണം
വെളുത്തുള്ളി -രണ്ട് അല്ലി
സവാള (ചെറുത്)- ഒരെണ്ണം
പച്ചമുളക് (ചെറുത്) -രണ്ട് എണ്ണം
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളക്- അര ടീസ്പൂണ്‍
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
എണ്ണ (ഒലിവെണ്ണ/സണ്‍ഫ്‌ളവര്‍)- മൂന്ന് ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
മീന്‍ കഷണങ്ങളില്‍ മഞ്ഞള്‍പൊടി, കുരുമുളക്, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. സവാള ചെറുതായി കൊത്തിനുറുക്കണം. മല്ലിയില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരക്കപ്പ് തൈര് ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് പേസ്റ്റ് ആക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് മീന്‍ വറുത്ത് മാറ്റണം. അതേ പാനില്‍ സവാള ഉപ്പ് ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ വറുത്തുവച്ച മീന്‍ ഇട്ട് അതിലേക്ക് അരച്ചുവച്ച മല്ലിയില പേസ്റ്റ് ചേര്‍ത്ത് രണ്ടുമിനിറ്റ് ഇളക്കണം. തിളച്ചുവരുമ്പോള്‍ ഓഫ് ചെയ്യുക. പുളി കുറവ് തോന്നിയാല്‍ നാരങ്ങാനീര് ചേര്‍ക്കാം.
കാന്താരി ഫിഷ് ടിക്ക
ചേരുവകള്‍
നെയ്മീന്‍ അല്ലെങ്കില്‍ ആറ്റുവാള -250 ഗ്രാം
കാന്താരി മുളക് -15 എണ്ണം
ചെറിയ ഉള്ളി -പത്ത് എണ്ണം
ഇഞ്ചി -ഒരു ചെറിയ കഷണം
വെളുത്തുള്ളി -ഒരു അല്ലി
കോണ്‍ഫ്‌ളോര്‍ -അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
ഉപ്പ് -പാകത്തിന്
നാരങ്ങാനീര് -രണ്ടു ടേബിള്‍ സ്പൂണ്‍
എണ്ണ -രണ്ടു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
തേങ്ങാപ്പാലില്‍ നിന്ന് പകുതി എടുത്ത് മറ്റു ചേരുവകള്‍ നന്നായി അരച്ച് മീനില്‍ പുരട്ടി അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ ചെറുതായി ടിക്ക പോലെ തവയില്‍ ചുട്ടെടുക്കണം. ബാക്കി എണ്ണയില്‍ അവശേഷിക്കന്ന പേസ്റ്റും മാറ്റിവച്ചിരിക്കുന്ന തേങ്ങാപാലില്‍ അര ടീസ്പൂണ്‍ കോണ്‍ഫ്‌ളോറും കൂടി ചേര്‍ത്ത് സോസ് പോലെ കുറുക്കിയെടുത്ത് മീനില്‍ ഒഴിച്ച് ഗാര്‍ണിഷ് ചെയ്ത് വിളമ്പാം.

മീന്‍ തേങ്ങാപ്പാലില്‍ വറ്റിച്ചത്
ചേരുവകള്‍
നെയ്മീന്‍ (ദശകട്ടിയുള്ള ഏതു മീനും ഉപയോഗിക്കാം) - 500 ഗ്രാം
ചെറിയ ഉള്ളി (നന്നായി ചതച്ചത്) -ഒരു കപ്പ്
ഇഞ്ചി - ഒന്നര ഇഞ്ചിന്റെ കഷണം
വെളുത്തുള്ളി -എട്ട് അല്ലി
തക്കാളി (വലുത് നേരിയതായി അരിഞ്ഞത്) - ഒരെണ്ണം
പച്ചമുളക് (കീറിയത്) -നാല് എണ്ണം
വേപ്പില -രണ്ട് തണ്ട്
ഉപ്പ് -ആവശ്യത്തിന്
മുളകുപൊടി (കാഷ്മീരി) - രണ്ടു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
ഉലുവ -അര ടീസ്പൂണ്‍
കടുക് -കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക് -രണ്ട് എണ്ണം
ഉലുവപൊടി -ഒരുനുള്ള്
എണ്ണ -രണ്ടു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ -ഒരു കപ്പ്
തയാറാക്കുന്നവിധം
മീന്‍ കഴുകി വൃത്തിയാക്കി അല്‍പം മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് മാറ്റിവയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക്, ഉലുവ, വറ്റല്‍മുളക് എന്നിവ താളിച്ചു മാറ്റണം. അതിലേക്ക് സവാള അല്‍പം ഉപ്പ് ചേര്‍ത്ത് വഴറ്റുക. ശേഷം ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് നന്നായി വഴറ്റണം. വാടിത്തുടങ്ങുമ്പോള്‍ എല്ലാ പൊടികളും ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറിവരുമ്പോള്‍ തക്കാളി ചേര്‍ത്ത് ഇളക്കി രണ്ടു മിനിറ്റ് മൂടിവച്ച് വേവിക്കണം. ഇതിലേക്ക് മീന്‍ ചേര്‍ത്ത് മസാല പിടിപ്പിച്ച് ഒരു മിനിറ്റ്കൂടി മൂടിവച്ച് ചെറുതീയില്‍ വേവിക്കുക. ഉപ്പ് പാകമാണെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറുകി വറ്റുന്ന രീതിയില്‍ വേവിക്കണം. ഇത് അപ്പത്തിനും ചപ്പാത്തിക്കും കൂടെ കഴിക്കാന്‍ രുചികരമാണ്.
Fish Salad For Sandwitches and Rolls
ചേരുവകള്‍
ട്യൂണ -25 ഗ്രാം
സവാള(വലുത്) -ഒന്ന്
കാരറ്റ്(ചീകിയത്) -ഒരെണ്ണം
ഗ്രീന്‍പീസ്-അരക്കപ്പ്
സാലഡ് ലീഫ്‌സ് -ഒരു കപ്പ്
പച്ചമുളക് - ഒരെണ്ണം
കുരുമുളകുപൊടി - അര ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന്
നാരങ്ങാനീര് - രണ്ടു ടേബിള്‍സ്പൂണ്‍
എണ്ണ(സണ്‍ഫ്‌ളവര്‍) -ഒരു ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി -രണ്ട് അല്ലി
തയാറാക്കുന്ന വിധം
മീന്‍ അല്‍പം മഞ്ഞള്‍പൊടിയും ഉപ്പും അല്‍പം കുരുമുളകും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചുവയ്ക്കുക. പാന്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് അതില്‍ സവാളയും അല്‍പം ഉപ്പും ചേര്‍ത്ത് വഴറ്റണം. വഴന്നുവരുമ്പോള്‍ വെളുത്തുള്ളി, പച്ചമുളക്, അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് പൊടിച്ചുവച്ച മീന്‍ ചേര്‍ത്ത് ഇളക്കണം. തുടര്‍ന്ന് കുരുമുളകുപൊടി തൂവുക. ശേഷം നാരങ്ങാനീരും ചേര്‍ത്ത് ഇളക്കി ഗ്യാസ് ഓഫ് ചെയ്യണം. ഇത് സാന്‍ഡ്‌വിച്ചിനും റോള്‍സിനുമുള്ള രുചികരമായ സാലഡാണ്.
മീന്‍ പുളിയി് വറ്റിച്ചത്
ചേരുവകള്‍
മീന്‍ - 250 ഗ്രാം
വെളിച്ചെണ്ണ - രണ്ടു ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ -അര ടീസ്പൂണ്‍
വെളുത്തുള്ളി -ആറ് അല്ലി
വറ്റല്‍ മുളക് -രണ്ട് എണ്ണം
ചെറിയ ഉള്ളി ചതച്ചത് -ഏഴ് എണ്ണം
ഇഞ്ചി ചതച്ചത് -ഒരു ചെറിയ കഷണം
കാഷ്മീരി മുളകുപൊടി (ചൂടാക്കി എടുത്തത്) -നാല് ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
മീന്‍പുളി -രണ്ടു കഷണം
കായം -ഒരു നുള്ള്
വെള്ളം -മുക്കാല്‍ കപ്പ്
തയാറാക്കുന്നവിധം
മുളകുപൊടി, മഞ്ഞള്‍പൊടി, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഒരുമിച്ച് നന്നായി അരച്ച് വയ്ക്കുക. ചി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക്, ഉലുവ, വേപ്പില, വറ്റല്‍മുളക് എന്നിവ താളിക്കണം. അതിലേക്ക് അരച്ച മസാല ചേര്‍ത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. തുടര്‍ന്ന് ഉപ്പ് ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് തിളവരുമ്പോള്‍ പുളിയും മീന്‍കഷണങ്ങളും ചേര്‍ത്ത് വേവിക്കണം. വെള്ളം കുറുകി വറ്റിച്ചെടുക്കുക. കായപൊടി തൂവിയ ശേഷം ഗ്യാസ് ഓഫ് ചെയ്ത് ഉപയോഗിക്കാം.
ഡ്രൈഫിഷ് കറി
ചേരുവകള്‍
ഉണക്കമീന്‍ - രണ്ട് എണ്ണം
പച്ചക്കായ -രണ്ട് എണ്ണം
കുടംപുളി - മൂന്നു കഷണം
വെള്ളം -ഒന്നര കപ്പ്
പച്ചമുളക് - ഏഴ് എണ്ണം
മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
തേങ്ങ ചിരവിയത് -ഒരു ചെറിയ കപ്പ്
ഉലുവ -കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി -12 എണ്ണം
വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉണക്കമീന്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചക്കായ ചെറിയ കഷണങ്ങളാക്കി കഴുകി നുറുക്കി വയ്ക്കണം. തേങ്ങ, രണ്ടു കഷണം ഉള്ളി, മുളകുപൊടി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക്, ഉലുവ, വേപ്പില എന്നിവ താളിച്ചതിലേക്ക് ഉള്ളി, പച്ചമുളക്, ഉപ്പ് ഇവ ചേര്‍ത്ത് വഴറ്റുക. വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ക്കണം. ശേഷം അരച്ച മസാലക്കൂട്ട് ചേര്‍ത്ത് പച്ചമണം പോകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് ഒന്നരക്കപ്പ് വെള്ളവും പുളിയും പച്ചക്കായയും മീനും ചേര്‍ത്ത് നന്നായി വേവിക്കണം. വെന്തു കഴിയുമ്പോള്‍ അല്‍പം പച്ച വെളിച്ചെണ്ണ മുകളിലൊഴിച്ച് കൊടുത്ത് വാങ്ങാം.
റീന ജോഷി
എറണാകുളം