പൊടിമൂലമുള്ള അസുഖങ്ങള്‍
പൊടിമൂലമുള്ള അസുഖങ്ങള്‍
Monday, June 24, 2019 5:01 PM IST
ഓഫീസിലെ പൊടി പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഫയലുകളിലും മറ്റുമുള്ള പൊടിപടലങ്ങള്‍ മൂലം തുമ്മലും ജലദോഷവുമൊക്കെ പിടിപെടുന്ന ഉദ്യോഗസ്ഥരും ഏറെയാണ്.

പൊടികള്‍ രണ്ടുതരം

വളരെ ചെറിയ കണികകളാണ് പൊടികള്‍. അവ വായുവില്‍ തങ്ങിനില്‍ക്കുന്നു. സാധാരണ ഇവ ദൃശ്യമല്ല. വളരെയധികമുള്ളപ്പോള്‍ പുകപോലെ കാണും. രണ്ടുതരം പൊടികളുണ്ട്. ഒന്ന് നമ്മുടെ വീടുകളിലും ഓഫീസുകളിലും കാണുന്ന പൊടികള്‍. രണ്ട് അന്തരീക്ഷത്തില്‍ കാണുന്നവ. ജൈവപൊടികള്‍ പ്രധാനമായും പൂമ്പൊടി, ധാന്യങ്ങളുടെ പൊടി, മൃഗങ്ങളില്‍നിന്നുള്ള പൊടികള്‍ (പ്രധാനമായും പൂച്ച, പട്ടികള്‍). പിന്നെയുള്ളത് അസുഖം പരത്തുന്ന കൃമികള്‍. വൈറസ്. ഫംഗസ് മുതലായവയും ഉണ്ട്.

വീട്ടിലുണ്ടാവുന്ന പൊടികള്‍ പ്രധാനമായും വീട്ടുപൊടി ചെള്ള് എന്നു വിളിക്കുന്ന House Dust Mite എന്ന ജീവിയാണ്. ഇത് പ്രധാനമായും മനുഷ്യശരീരത്തിലെ തൊലിപ്പുറത്തുനിന്നു വീഴുന്ന കോശങ്ങള്‍ ഭക്ഷിച്ചാണ് ജീവിക്കുന്നത്. അതിനാല്‍ ഇവ കൂടുതലും നമ്മുടെ കിടക്കയില്‍ ഉണ്ടാവും. നമ്മള്‍ കിടക്ക വിരിക്കുമ്പോഴും കുടയുമ്പോഴും തറ തൂക്കുമ്പോഴും അന്തരീക്ഷത്തിലേക്ക് പറന്ന് ഒരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കും. അത് കണ്ണിലും തൊലിപ്പുറത്തും വീഴാം. ശ്വസിക്കുമ്പോള്‍ മൂക്കിലൂടെ ശ്വാസനാളികളിലേക്കും പ്രവേശിക്കാം. ഇങ്ങനെ തന്നെയാണ് എല്ലാ പൊടികളുടെയും രീതി.

വലിയ പൊടികള്‍ കാഴ്ചയ്ക്ക് തടസമാകുന്നു. പൊടികളുടെ വലിപ്പമനുസരിച്ച് അതിന്റെ ഭവിഷ്യത്തുകള്‍ പലതരമാണ്. നമ്മുടെ മുടിയുടെ കട്ടി 70 മൈക്രോ മീറ്റര്‍ ആണ്. അതിന്റെ 1/7 മുതല്‍ (10 മൈക്രോമീറ്റര്‍ മുതല്‍ 2.5 മൈക്രോണ്‍ വരെയുള്ള) പൊടിപടലങ്ങള്‍ ജങ PM (Particulate Matter) 10 മുതല്‍ പിഎം 2.5 വരെ നമ്മുടെ ശ്വാസകോശത്തിലേക്ക് കടന്നുചെന്ന് പലതരം രോഗങ്ങള്‍ ഉണ്ടാക്കുന്നു.

വൃത്തിയായി സൂക്ഷിക്കാം

ഓഫീസുകളില്‍ പലപ്പോഴും പൊടി ശല്യമുണ്ടാകും. കൂടെ പൂപ്പല്‍ ബാധയും. സോഫ, മേശ, കസേര, കര്‍ട്ടന്‍, ഫ്‌ളോര്‍ മാറ്റ് എന്നിവയില്‍ പൊടിപടലങ്ങള്‍, കീടങ്ങളുടെ ഭാഗങ്ങള്‍, ഫംഗസ് എന്നിവ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ആസ്ത്മ, അലര്‍ജി എന്നിവയുള്ളവര്‍ക്ക് കണ്ണ് ചൊറിച്ചില്‍, തുമ്മല്‍, തലവേദന, തൊണ്ടകടി, തൊലി പുറത്തുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പുകള്‍ എന്നിവ പൊടിമൂലം ഉണ്ടാകും. ചിലപ്പോള്‍ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കാരണവും അലര്‍ജി ഉണ്ടാകാം. പലപ്പോഴും പൂപ്പല്‍ കാരണമാണ് കുഴപ്പം എന്നു വിചാരിക്കും. പക്ഷേ പൊടികള്‍ തന്നെയാണ് പ്രശ്‌നം.

രാവിലെ ഓഫീസില്‍ വരുമ്പോള്‍ കുഴപ്പമില്ലാതെയിരിക്കും. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണ്, മൂക്ക്, തൊണ്ട എന്നീ ഭാഗങ്ങളില്‍ ചൊറിഞ്ഞാല്‍ അത് പൊടി അലര്‍ജിയുടെ ലക്ഷണമായി കരുതണം. ഓഫീസില്‍ നല്ല വായു സഞ്ചാരം ആവശ്യമാണ്. ഫയലുകള്‍ ഉള്‍പ്പെടെയുള്ളതെല്ലാം വൃത്തിയായി സൂക്ഷിക്കണം.

മറ്റു ലക്ഷണങ്ങള്‍

അലര്‍ജിയുള്ള ആളുകളില്‍ സ്ഥിരമായുള്ള തുമ്മല്‍, കണ്ണുചൊറിച്ചില്‍, തൊണ്ടകടി, അമിതമായുള്ള കഫം മുതലായവ ഉണ്ടാകുന്നു. ജൈവപൊടികള്‍ പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇവ അഞ്ചു മൈക്രോണിനു കുറവ് സൈസ് ഉള്ളതാണ്. ഇവയില്‍ പ്രധാനപ്പെട്ടത് പ്രാവിന്റെ തൂവലില്‍നിന്നും അതിന്റെ വിസര്‍ജ്യത്തില്‍ നിന്നും വരുന്നവയാണ്. ഇത് ശ്വാസകോശങ്ങളുടെ ഏറ്റവും ചെറിയ ഭാഗമായ അറകളില്‍ ചെന്ന് അലര്‍ജിയുണ്ടാക്കുന്നു. സ്‌പോഞ്ച് പോലിരിക്കുന്ന നമ്മുടെ ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും അവ ചുരുങ്ങിപ്പോവുകയും ചെയ്യും. ഇങ്ങനെയുള്ളവരില്‍ പ്രധാനമായും ചുമയും കിതപ്പുമാണ് രോഗലക്ഷണങ്ങള്‍. ആദ്യകാലങ്ങളില്‍ അടിക്കടിയുണ്ടാകുന്ന പനി, ദേഹാസ്വാസ്ഥ്യതകള്‍ എന്നിവ കാണുന്നു. വീട്ടിലോ ഓഫീസിലോ ഈര്‍പ്പമുള്ളപ്പോള്‍ ഫംഗസ് വളരുകയും അതിന്റെ പൊടികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാനുള്ള സാധ്യതയും ഏറെയാണ്.Aspergillus എന്ന ഫംഗസ് ആണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നക്കാരന്‍.


ആസ്ത്മയുള്ളവര്‍ക്കും ശ്വാസകോശരോഗമുള്ളവര്‍ക്കും ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. ആസ്ത്മ, സിഒപിഡി എന്നിവ അധികരിക്കുന്നതായി കാണുന്നു. മറ്റൊരു പ്രധാന രോഗം ഫംഗസ് കൊണ്ടുള്ള ന്യുമോണിയ ആണ്. കെട്ടിടനിര്‍മാണ മേഖലയിലുള്ള തൊഴിലാളികളില്‍ മണ്ണിന്റെയും കല്ലിന്റെയും പൊടിപടലങ്ങള്‍ കൊണ്ടുള്ള ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകും. ഈ പൊടികള്‍ ((SILICA)) ശ്വാസകോശങ്ങളുടെ ഏറ്റവും അടിത്തില്‍ എത്തുകയും ശരീരത്തിന്റെ പ്രതിരോധസംവിധാനവുമായി പ്രതികരിക്കുകയും ചെയ്യും. ഇതുമൂലം ശ്വാസകോശം ചുരുങ്ങി ചകിരിപോലെയും മുഴകള്‍പോലെയും ആകുന്നു. ഇതിനെ SILICOSIS എന്നു വിളിക്കുന്നു. ഇതുപോലെ തുണിവ്യവസായത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് Byssinosis എന്ന അസുഖവും ഉണ്ടാകുന്നു. കോണ്‍ നാരുകള്‍ ശ്വാസകോശത്തില്‍ നീര്‍ക്കെ് ഉണ്ടാക്കി അവ ചുരുക്കിക്കളയുന്നു.

ആസ്ത്മ

ആസ്ത്മ എന്ന അസുഖം അമിത പ്രതികരണശേഷിയുടെ ഒരു അവസ്ഥയാണ്. ആസ്ത്മ അധികരിക്കുന്ന കാര്യങ്ങളെ ട്രിഗറുകള്‍ എന്നു വിളിക്കുന്നു. അതില്‍ ഒരു പ്രധാന വസ്തു പുകയാണ്. അന്തരീക്ഷ മലിനീകരണം ആസ്ത്മ നിയന്ത്രണത്തെ കാര്യമായി ബാധിക്കുന്നു. അതു ശ്വാസനാളികളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കും. ശ്വാസനാളികള്‍ അങ്ങനെ ചുരുങ്ങുന്നു. ഇത് ശ്വാസംമുട്ടല്‍ കൂട്ടും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പുക വെളുത്തതരം പുക ദീര്‍ഘകാല ഭവിഷ്യത്ത് ഉണ്ടാക്കുന്നു. പോളി വിനയല്‍ കാര്‍ബണ്‍ പദാര്‍ഥങ്ങള്‍ ശ്വാസകോശ കാന്‍സര്‍വരെ ഉണ്ടാക്കുന്നതായി കാണപ്പെടുന്നു.

പുകയുള്ള അന്തരീക്ഷ വായുവിനു കട്ടി കൂടുതലാണ്. അത് ശ്വസിക്കാന്‍ പ്രയാസമാണ്. ഏതു പുക ശ്വസിച്ചാലും നിയന്ത്രണം കുറയാന്‍ സാധ്യതയുണ്ട്. ഇത് ഒന്നുരണ്ട് ആഴ്ചവരെ നീണ്ടുനില്‍ക്കും.

പൊടിയെ പ്രതിരോധിക്കാം

* പൊടികള്‍ നനഞ്ഞ തുണികൊണ്ടു തുടയ്ക്കുകയോ കഴുകിക്കളയുകയോ ചെയ്യണം.
* ചൂലുകള്‍ക്കു പകരം വാക്വം ക്ലീനര്‍ ഉപയോഗിക്കുക.
* ഓഫീസ് മുറിയില്‍ കൂടുതല്‍ കര്‍ട്ടനുകള്‍ വേണ്ട

ഡോ.ജേക്കബ് ബേബി
സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്, ആസ്റ്റര്‍മെഡ്‌സിറ്റി, എറണാകുളം