ബബിതയുടെ ചിത്രപാഠം
Saturday, March 23, 2019 2:39 PM IST
എല്ലാവരും പറയുന്നതുപോലെ 'കുട്ടിക്കാലം മുതല്‍ക്കേ വരയ്ക്കുമായിരുന്നു' എന്നൊന്നും ബബിത പറഞ്ഞില്ല. കാരണം, കുട്ടിക്കാലത്ത് ബബിതയ്ക്ക് ചിത്രം വര അറിയില്ലായിരുന്നു. എന്നാല്‍, ഇന്ന് ബബിത വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിദേശങ്ങളിലടക്കമാണ് ബബിതയുടെ ചിത്രങ്ങള്‍ വിറ്റുപോകുന്നത്. അപ്രതീക്ഷിതമായി കണ്ട ഒരു ചിത്രത്തോട് തോന്നിയ കൗതുകമാണ് ബബിതയെ ഒരു ചിത്രകാരിയാക്കിയത്. തുടര്‍ന്ന് വരയ്ക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മറ്റുള്ളവരെ ചിത്രകല പഠിപ്പിക്കാനും ഒരു ആര്‍ട് ഗാലറിയും ബബിത ആരംഭിച്ചു. അങ്ങനെ വരച്ചുവരച്ച് ബബിത നേടിയത് ചിത്രകലയുടെ വലിയ പാഠങ്ങളാണ്.
ചിന്തിപ്പിച്ച ചിത്രം
കണ്ണൂര്‍ തടിക്കടവ് സ്വദേശിനിയായ ബബിത 14 വര്‍ഷം മുമ്പാണ് കണ്ണൂര്‍ ആലപ്പടമ്പ് സ്വദേശിയായ സുമേഷിനെ വിവാഹം കഴിക്കുന്നത്. സുമേഷ് അന്ന് പാലക്കാട്ട് ഒരു വളം നിര്‍മാണ കമ്പനിയിലെ സെയില്‍സ് ഓഫീസറായിരുന്നു. അതിനാല്‍ ബബിതയും സുമേഷിനൊപ്പം പാലക്കാട് കണ്ണാടി എന്ന സ്ഥലത്ത് താമസമാക്കി. അവിടെവച്ച് ഒരു വീടിന്റെ ഉമ്മറത്ത് തൂക്കിയി ചിത്രമാണ് ബബിതയുടെ കണ്ണില്‍ കൗതുകം നിറച്ചത്. കണ്ണടയ്ക്കാതെ ബബിത ആ ചിത്രം നോക്കിനിന്നു. ചുമര്‍ചിത്ര ശൈലിയില്‍ വരച്ച ആ ചിത്രത്തില്‍ തന്റെ ഭാവിജീവിതം ഒളിഞ്ഞിരിപ്പുണ്ടെന്ന് അപ്പോള്‍ ബബിതയ്ക്ക് മനസിലായില്ല. എന്തുകൊണ്ട് തനിക്കും അങ്ങനെ വരച്ചുകൂടാ എന്നായി ബബിതയുടെ ചിന്ത. തിരികെ വീട്ടില്‍ എത്തിയ ബബിത ഒരു കടലാസെടുത്ത് അതുപോലെ വരച്ചുനോക്കി. കുഴപ്പമില്ല എന്ന് തോന്നിയതിനാല്‍ പിന്നീട് പല ചിത്രങ്ങളും സ്വയം വരച്ചു.
ആയിടയ്ക്കാണ് വയനാട്ടിലെ ഉറവ് സംഘടനയുടെ പ്രവര്‍ത്തകനായ ലെനിന്‍ മാസ്റ്റര്‍ കണ്ണാടി ഗ്രാമപഞ്ചായത്തില്‍ ഒരു പരിപാടിയുടെ സംഘാടനവുമായി വരുന്നത്. അവിടെവച്ച് ലെനിന്‍ മാസ്റ്റര്‍ ബബിത വരച്ച ചിത്രങ്ങള്‍ കാണുകയും ചുമര്‍ചിത്രകലയുടെ ശാസ്ത്രീയ വശങ്ങള്‍ ബബിതയെ പഠിപ്പിക്കുകയും ചെയ്തു. ആ പഠനക്‌ളാസിന്റെ ബലത്തിലായിരുന്നു പിന്നീട് ബബിതയുടെ വര.
വിസ്മയ ആര്‍ട് ഗാലറിയുടെ പിറവി
ആറു മാസത്തെ സ്വയം പഠനത്തിനു ശേഷം പാലക്കാട് കല്‍മപത്ത് വിസ്മയ ആര്‍ട് ഗാലറി തുടങ്ങി. ചുമര്‍ചിത്രകല പഠിപ്പിക്കുക, തന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ആര്‍ട് ഗാലറി തുടങ്ങിയത്. നിരവധി പേരാണ് അവിടെനിന്ന് ബബിതയുടെ ശിക്ഷണത്തില്‍ ചുമര്‍ചിത്രകല പഠിച്ചത്. ആര്‍ട് ഗാലറിയില്‍ ബബിതയുടെ ചിത്രങ്ങള്‍ കണ്ട പലരും അവ വാങ്ങി. അവ പാലക്കാട്ടെ പല വീടുകളിലും സ്ഥാപനങ്ങളിലും അലങ്കാരമായി തിളങ്ങി. ചിത്രങ്ങള്‍ വാങ്ങിയവര്‍ നല്‍കിയ പ്രചാരണത്താല്‍ ബബിതയുടെ പേര് കടല്‍കടന്നും യാത്രയായി. ആവശ്യക്കാര്‍ വിദേശത്തുനിന്നും വിളി തുടങ്ങി. അങ്ങനെ ബബിത വരച്ച ചിത്രങ്ങള്‍ കടല്‍ കടന്ന് വിദേശത്തുമെത്തി.
കടല്‍ കടന്ന ചിത്രങ്ങള്‍
പുരാണകഥാ സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കിയാണ് ബബിത ചിത്രങ്ങള്‍ വരച്ചിരുന്നത്. ആവശ്യക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും വേണ്ടത് ശ്രീകൃഷ്ണന്‍േറയും രാധയുടേയും ചിത്രങ്ങളാണ്. തുണിയില്‍ അക്രിലിക്ക് പെയിന്റ് ഉപയോഗിച്ചാണ് ബബിതയുടെ വര. കാന്‍വാസിന്റെ വലുപ്പം അനുസരിച്ചാണ് വര പൂര്‍ത്തിയാകുന്നത്. ചില ചിത്രങ്ങള്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസം വരെ എടുക്കും. വിദേശത്തുള്ളവര്‍ക്ക് തുണിയില്‍ വരച്ച ചിത്രങ്ങള്‍ മടക്കി ഭദ്രമായി അയച്ചുകൊടുക്കുകയാണ് ചെയ്യുക. നല്ലൊരു വരുമാനം ഇതുവഴി ഉണ്ടാക്കാന്‍ കഴിഞ്ഞതായും ബബിത പറയുന്നു.
പാലക്കാട്ടെ ചെമ്പൈ സംഗീത കോളജില്‍ തുടര്‍ച്ചയായി എട്ടുവര്‍ഷം ബബിതയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു.
പിന്നീട് താമസം കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പിലേക്ക് മാറിയപ്പോള്‍ പാലക്കാടെ ആര്‍ട് ഗാലറി ബബിതയക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ചിത്രകലയെ കൂടുതല്‍ കരുത്തോടെ മുറുകെ പിടിക്കുകയായിരുന്നു. ബബിത വര തുടര്‍ന്നു. പൂരാണ കഥാപാത്രങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തുന്ന ബബിതയുടെ ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി വന്നു. നാിലും മറുനാട്ടിലും വിദേശത്തും ബബിതയുടെ ചിത്രങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ നിരവധിയാണ്.
നാടന്‍കലയില്‍ പ്രാവീണ്യം
പാലക്കാട് വിട്ട് നാട്ടില്‍ താമസം തുടങ്ങിയതോടെ ബബിതയുടെ കലാലോകം കൂടുതല്‍ വിസ്തൃതമായി. ചിത്രകല കൂടാതെ നൃത്തം, ചെണ്ട, നാടന്‍പാട്ട് എന്നിവയിലും ബബിത ഇപ്പോള്‍ സജീവമാണ്. കുട്ടിക്കാലത്ത് നൃത്തവും സംഗീതവും ശാസ്ത്രീയമായി പഠിച്ചിരുന്നു. അവയുടെ പ്രയോഗികത ഇപ്പോഴാണ് ബബിതയില്‍ കാണുന്നത്. നാട്ടില്‍ യുവധാര വനിതാവാദ്യ സംഘത്തിലെ പ്രധാനിയാണ് ബബിത. മിക്കദിവസങ്ങളിലും ചെണ്ടമേളം പരിപാടിയുണ്ടാകും. കൂാടതെ പല ട്രൂപ്പുകളിലും നാടന്‍പാട്ട് പാടാനും പോകാറുണ്ട്.
ആലപ്പടമ്പിലെ കാത്തലിക് ചര്‍ച്ചിന്റെ കീഴിലുള്ള ശ്രേയസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ ജീവനക്കാരിയായ ഇവര്‍ ജോലിത്തിരക്കിലും വരയ്ക്കാനും പാടാനും ആടാനും സമയം കണ്ടെത്തുന്നു.
ഒമ്പതാം ക്‌ളാസില്‍ പഠിക്കുന്ന അഷിത, മൂന്നാം ക്‌ളാസില്‍ പഠിക്കുന്ന ആര്‍ഷ് എന്നിവരാണ് മക്കള്‍. വിവാഹശേഷമാണ് ബബിത ചിത്രം വര പഠിക്കുന്നതും അത് പ്രൊഫഷനായി കൂടെ കൊണ്ടു നടക്കുന്നതും. ഭര്‍ത്താവ് സുമേഷ് നല്‍കുന്ന പിന്തുണയാണ് തന്റെ എല്ലാ വിജയങ്ങളുടേയും രഹസ്യമെന്നും ബബിത പറയുന്നു.
ഷിജു ചെറുതാഴം