പരീക്ഷയ്ക്ക് ഒരുങ്ങാം
Friday, February 22, 2019 5:16 PM IST
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സമ്മര്‍ദം ഉണ്ടാകുന്ന സമയമാണ് പരീക്ഷക്കാലം. കുട്ടികള്‍ക്ക് പഠിച്ചു തീര്‍ക്കാന്‍ സമയം തികയാതെ വരിക, ഉറക്കവും ഭക്ഷണക്രമവും താളം തെറ്റുക, പരീക്ഷയെപ്പറ്റിയുള്ള ആധി എന്നിവ നേരിടേണ്ടി വരുന്നു. കുട്ടി പഠിച്ചു തീര്‍ന്നില്ലെങ്കിലോ എന്ന ചിന്തയും പഠിച്ചു തീരാതെയിരുന്നാലുണ്ടാകുന്ന അനന്തരഫലവുമാണ് മാതാപിതാക്കളെ സമ്മര്‍ദത്തില്‍ ആക്കുന്നത്. ഒരല്‍പം ഒരുക്കം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ പരീക്ഷക്കാലവും അനുബന്ധ സമ്മര്‍ദങ്ങളും മറികടക്കാന്‍ സാധിക്കും.
1. ചിട്ടയായ പഠനരീതി
പരീക്ഷാഘട്ടങ്ങളിലെ പിരിമുറുക്കത്തിന്റെ ഒരു കാരണം ചിട്ടയായ പഠനരീതി അവലംബിക്കാത്തതാണ്. എന്നും ചിട്ടയായി പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുകയും പരീക്ഷയ്ക്കായി തയാറെടുക്കുകയും ചെയ്യുന്ന കുട്ടിക്ക് ആത്മവിശ്വാസത്തോടെ പരീക്ഷപ്പേടിയെ നേരിടാന്‍ സാധിക്കും. അതതുദിവസത്തെ പഠനസംബന്ധമായ ജോലികള്‍ അതാത് ദിവസം തന്നെ പൂര്‍ത്തിയാക്കി പോയാല്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് അവസാനവ റിവിഷന്‍ മാത്രം മതിയാകും. ഓരോ അധ്യയന വര്‍ഷത്തിന്റെയും ആരംഭത്തില്‍തന്നെ കൃത്യമായ ടൈംടേബിള്‍ തയാറാക്കി അതിനനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ച് ശീലിക്കുന്നത് കുട്ടികളുടെ വ്യക്തിത്വവികസനത്തിനു വഴിതെളിക്കും. വിഷയങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാതെ ബുദ്ധിമുേട്ടറിയ വിഷയങ്ങളെ ആദ്യം കൈകാര്യം ചെയ്തുപോയാല്‍ മടുപ്പില്ലാതെ പഠനം തുടരാന്‍ സാധിക്കും. ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഒരു വിഷയത്തിനായി ചെലവഴിക്കുക. ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍ ഒരുഭാഗത്ത് കുറിച്ചുവച്ച് അധ്യാപകരുമായോ അല്ലെങ്കില്‍ അതിന് പ്രാപ്തിയുള്ളവരുമായോ ചര്‍ച്ച ചെയ്ത് പഠിക്കുന്നത് ഉചിതമായിരിക്കും. എന്നും പുലര്‍ച്ചെ കുറച്ചുസമയം പഠിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. അതിരാവിലെ പ്രകൃതിയില്‍ നിന്നുള്ള പോസിറ്റീവ് തരംഗങ്ങള്‍ ഒരു വ്യക്തിയില്‍ ഉന്മേഷം നിറയാനും കാര്യങ്ങളെ തുറന്ന മനസോടെ സമീപിക്കാനും സഹായിക്കുന്നു.
2. കാണാപ്പാഠം പഠിക്കല്‍ ഒഴിവാക്കാം
താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ എല്ലാ മാതാപിതാക്കളും അധ്യാപകരും കുട്ടികളോടു നിര്‍ദേശിക്കുന്ന രീതിയാണ് കാണാപ്പാഠം പഠിക്കല്‍. കാര്യങ്ങളുടെ സാരാംശം മനസിലാക്കാതെയുള്ള ഈ പഠന രീതി, ഉയര്‍ന്ന ക്ലാസുകളിലേക്കെത്തുമ്പോള്‍ ശരിയായ പഠനരീതി ആണെന്ന് പറയാന്‍ കഴിയില്ല. ഏതൊരു സങ്കീര്‍ണ വിഷയത്തിലെയും ആശയം മനസിലാക്കിക്കഴിഞ്ഞാല്‍ ആ വിഷയത്തെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഏതു വിധേന വന്നാലും നേരിടാന്‍ കുട്ടി സജ്ജമായിരിക്കും. കാലങ്ങള്‍ കഴിഞ്ഞാലും ആ ആശയം കുട്ടിയുടെ ഉള്ളില്‍ നിലകൊള്ളും. കാണാപ്പാഠം പഠിക്കലില്‍ ഈ രീതി കുട്ടിക്ക് അവലംബിക്കാന്‍ കഴിയില്ല. മാത്രമല്ല അത്തരത്തില്‍ പഠിക്കുന്ന കാര്യങ്ങള്‍ പരസ്പരബന്ധിതമായ ഒരു ചങ്ങലയായി സങ്കല്പിക്കാം. ആ ചങ്ങലയിലെ ഏതെങ്കിലും ഒരു കണ്ണിയുടെ അഭാവം അതിനനുബന്ധമായ കാര്യങ്ങള്‍ കൂടെ മറക്കുന്നതിന് ഇടവരുത്തുന്നു. ഏതു ബുദ്ധിമുേട്ടറിയ വിഷയങ്ങളും കേട്ടുമാത്രം പഠിക്കാതെ കണ്ടും അറിഞ്ഞും പഠിച്ചാല്‍ ദീര്‍ഘകാലം അവ കുട്ടിയുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കും.
3. വിശ്രമം ഓര്‍മയ്ക്ക് അനിവാര്യം
പൊതുവേ എല്ലാ കുട്ടികളും ഭയക്കുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു പ്രശ്‌നമാണ് മറവി. നന്നായി ആവര്‍ത്തിച്ചു പഠിച്ച കാര്യങ്ങള്‍ പരീക്ഷാഹാളില്‍ ഇരിക്കുമ്പോള്‍ ഓര്‍മ വരുന്നില്ല എന്നത് വളരെ വ്യാപകമായി കേള്‍ക്കുന്ന പരാതിയാണ്. പഠനരീതിയിലെ പാകപ്പിഴവ് മാത്രമാകണമെന്നില്ല ഇതിന് കാരണം, മറിച്ച് ചിട്ടയായ ജീവിതരീതികള്‍ ശീലമാക്കാത്തതും ആകാം. കൃത്യസമയത്തുള്ള ഉറക്കവും ഭക്ഷണശീലവും ജീവിതത്തിന്റെ ഭാഗമാക്കാം. ശരീരത്തിനും അതോടൊപ്പം മനസിനും വിശ്രമ ഇടവേളകള്‍ നല്‍കാം. പഠിച്ച കാര്യങ്ങള്‍ ദീര്‍ഘകാല ഓര്‍മകളാക്കി മാറ്റാന്‍ തലച്ചോറിന് കൃത്യമായ സമയം ആവശ്യമാണ്. അതിനാല്‍ രാത്രി സമയത്ത് തുടര്‍ച്ചയായ ഉറക്കം വേണം. പരീക്ഷാ ദിവസ ങ്ങളില്‍ ഉറക്കമിളയ്ക്കുന്നതും തലച്ചോറിന്റെ പരിധിയില്‍ കൂടുതലുള്ള അധ്വാനവും ശരീരത്തിനും മനസിനും ക്ഷീണം ഉണ്ടാക്കുന്നു. പരീക്ഷാത്തലേന്ന് ഉറക്കമിളച്ച് പഠിക്കുന്നത് പരീക്ഷയിലെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും. ഓരോ വ്യക്തിയുടെയും ഉറക്കത്തിന്റെ തോത് വ്യത്യസ്തമാണെങ്കിലും പഠിക്കുന്ന കുട്ടികള്‍ക്ക് ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ സുഖനിദ്ര അനിവാര്യമാണ്. പഠിച്ച കാര്യങ്ങള്‍ ഗ്രഹിക്കാനും മനസില്‍ ഉറയ്ക്കാനും ഉറക്കം സഹായിക്കുന്നു.
പലപ്പോഴും കുട്ടികളില്‍ പരീക്ഷക്കാലത്ത് ആഹാരം കഴിക്കാതിരിക്കാനുള്ള പ്രവണത കണ്ടുവരാറുണ്ട്. തലച്ചോറിന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത് എന്ന് പലപ്പോഴും അവര്‍ മറന്നുപോകുന്നു. ശരിയായ ആഹാരക്രമം പാലിക്കാത്ത കുട്ടികളില്‍ വിശപ്പില്ലായ്മയും ശ്രദ്ധക്കുറവും കണ്ടുവരാറുണ്ട്. അത് കുട്ടിയുടെ പരീക്ഷയിലെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചേക്കാം. പോഷകാഹാരക്കുറവും വിശ്രമവേളകളുടെ അഭാവ വും ചിട്ടയായ പഠനക്രമം ഇല്ലായ്മയും അതോടൊപ്പം പിരിമുറുക്കവും കൂടിയാകുമ്പോള്‍ പരീക്ഷാഹാളില്‍ മറവി സ്വാഭാവികം.
4. മറികടക്കാം ഉത്കണ്ഠയെ
പഠനത്തില്‍ താന്‍ കൈവരിച്ചിുള്ള നേങ്ങളെപ്പറ്റി വിശകലനം ചെയ്യുന്നതും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതും പരീക്ഷയോടനുബന്ധിച്ച് ഉത്കണ്ഠ കുറയ്ക്കുവാന്‍ സഹായിക്കും. മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പഠനകാര്യങ്ങളിലെ താരതമ്യം കുട്ടിയുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതായി കണ്ടുവരാറുണ്ട്. പ്രസ്തുത താരതമ്യങ്ങള്‍ കുട്ടിയുടെ കണ്ണില്‍ അവനവനിലുള്ള മൂല്യത്തെ കുറച്ചു കാണിക്കുന്നതിനേ ഉപകരിക്കൂ. ഇത്തരത്തിലുള്ള സമീപനരീതികള്‍ മാതാപിതാക്കളുമായുള്ള മാനസിക അകല്‍ച്ചയ്ക്കും കാരണമായേക്കാം. പഠനത്തോടും പരീക്ഷയോടുമുള്ള കുട്ടിയുടെ മനോഭാവത്തെ തെറ്റായി സ്വാധീനിക്കുന്ന ഒന്നാണ് മാതാപിതാക്കള്‍ കുട്ടിയുടെ മേല്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്ന പഠനക്രമം. ഇത് പഠനത്തില്‍ കുട്ടികള്‍ക്കുള്ള താല്പര്യത്തെ ഇല്ലാതാക്കുകയോ അല്ലെങ്കില്‍ പഠനവും പരീക്ഷയുമായി ബന്ധപ്പെ വിഷയങ്ങളില്‍ അമിതമായ ഉത്കണ്ഠ ഉണ്ടാക്കുകയോ ചെയ്യുന്നു.
5. പരീക്ഷയ്ക്കു മുന്‍പേ
പഠിച്ച അധ്യായങ്ങളുടെ പുനരവലോകനം മികച്ച തയാറെടുപ്പിന് ഉപരിയായി മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. സമയബന്ധിതമായ റിവിഷനുകള്‍ തന്റെ പഠനരീതിയിലെ പോരായ്മകളെ തിരിച്ചറിയാനും തിരുത്താനുമുള്ള അവസരം കുട്ടിക്ക് നല്‍കുന്നു. ആവര്‍ത്തിച്ചു ചെയ്യുന്നതെന്തും അനായാസം ആകുന്നതുപോലെ, ആവര്‍ത്തിച്ച് ചെയ്യുന്ന റിവിഷനുകള്‍ പരീക്ഷയെ അഭിമുഖീകരിക്കാന്‍ കുികളെ പ്രാപ്തരാക്കുന്നു. മാതൃകാ ചോദ്യപേപ്പറുകള്‍ക്കും പഴയവര്‍ഷ ചോദ്യപേപ്പറുകള്‍ക്കും ഉത്തരം എഴുതുന്നതുവഴി പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും അവ സമയബന്ധിതമായി പരീക്ഷ എഴുതി പൂര്‍ത്തീകരിക്കാനും സ്വന്തം കഴിവിലുള്ള ആവിശ്വാസം വര്‍ധിപ്പിക്കുവാനും കുട്ടികളെ സഹായിക്കും. ഈ പ്രവൃത്തി പരീക്ഷയെ നേരിടാനുള്ള പരിശീലനവും മുന്നൊരുക്കവും ആയിത്തീരുന്നു. പരീക്ഷാവേളകളിലെ ഉത്കണ്ഠ നേരിടാനുള്ള പരിശീലനവും ഇതുവഴി ലഭിക്കുന്നു.

ഡോ.സന്ധ്യ ചെര്‍ക്കില്‍
ന്യൂറോ സൈക്കോളജിസ്റ്റ്
ഡോ.ബെറ്റ്‌സി ബേബി
സൈക്കോളജിസ്റ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സയന്‍സ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം