Star Chat |
Back to home |
|
തുടരും ലാൽ വൈബ് |
|
 |
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്തന്‍പടം "തുടരും' റിലീസിനൊരുങ്ങി. ഓപ്പറേഷന് ജാവയും സൗദി വെള്ളയ്ക്കയുമൊരുക്കിയ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലാണ് മലയാളത്തിന്റെ പ്രിയതാരസംഗമം. റാന്നിയിലെ ടാക്സി ഡ്രൈവര്‍ ഷണ്മുഖനും പ്രണയത്തിലും കുസൃതികളിലും അയാൾക്കൊപ്പം തുടരുന്ന വീട്ടമ്മ ലളിതയുമാണ് ഈ വൈകാരിക യാത്രയിലെ സഹയാത്രികർ.  "നാടകീയമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴുണ്ടാകുന്ന വൈകാരിക സ്ഫോടനങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ഫാമിലിഡ്രാമ. അയ്യോ! എനിക്കും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥപറച്ചിലാണ് ഇതില്‍' -തരുണ്‍മൂര്‍ത്തി സണ്‍ഡേ ദീപികയോടു പറഞ്ഞു. കെ. ആര്. സുനിലിനൊപ്പം തിരക്കഥയെഴുത്തില്‍ പങ്കാളിയായത്..? ഇതിന്റെ കഥയും ആദ്യ തിരക്കഥയും കെ.ആര്. സുനില്‍ എന്ന ഫോട്ടോഗ്രാഫറുടേതാണ്. സൗദി വെള്ളയ്ക്ക കണ്ട് "ഏറ്റവുമിഷ്ടപ്പെട്ട സിനിമ'എന്നുപറഞ്ഞ് രജപുത്ര രഞ്ജിത്തേട്ടന് എന്നെ വിളിച്ചു. ഒരു സബ്ജക്ട് ഉണ്ടെന്നും അതു മോഹന്‍ലാലിനുവേണ്ടി ചെയ്താലോ എന്നും ചോദിച്ചു. കൂടിക്കാഴ്ചയില്‍ ഒരു കഥാപാത്രത്തെപ്പറ്റിയും അതു കടന്നുപോകുന്ന ആദ്യ പകുതിയെപ്പറ്റിയുമാണു പറഞ്ഞത്. അതില്‍ത്തന്നെ ഞാന്‍ ഓക്കെയായി. സുനിലുമായി ആലോചിച്ച ശേഷം എന്റേതായ രീതിയില്‍ രണ്ടാം പകുതിയൊരുക്കാനും പറഞ്ഞു. ഈ കഥ എന്റേതായ രീതിയില്‍ വര്‍ക്ക് ചെയ്ത ശേഷം ഒരുമിച്ചു തിരക്കഥ വായിച്ച് അഭിപ്രായ സമന്വയത്തിലെത്താം എന്നതായിരുന്നു സുനിലേട്ടന്റെ തീരുമാനം.  ഒരു രാത്രിയാത്രയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ഒരു മധ്യവയസ്കനും സുഹൃത്തും മതില് ചാരിനിന്നു വണ്ടികളുടെ യാര്‍ഡിലേക്കു നോക്കുന്നതു സുനില്‍ കാണാനിടയായി. അയാള്‍ക്കു പറയാന്‍ ഒരു കഥയുണ്ടെന്നു തോന്നി. ആ കാഴ്ചയില്‍നിന്നു രൂപപ്പെടുത്തിയ കഥ നാലഞ്ചു വര്‍ഷംമുമ്പ് സുനിലും രഞ്ജിത്തേട്ടനും ലാലേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹവും ആവേശത്തിലായി. പക്ഷേ, കഥയുമായി പൊരുത്തപ്പെടുന്ന സംവിധായകനെ കിട്ടിയില്ല. അന്നതു നടക്കാതെ പോയതിന്റെ സങ്കടങ്ങളും എന്നാണ് ഈ സിനിമ ചെയ്യുന്നത് എന്ന ലാലേട്ടന്റെ ചോദ്യങ്ങളും അനുഭവിച്ചതു സുനിലാണ്. ഇതില്‍ ഞാനൊരു ഷോട്ടെടുക്കവേ, ഇത്ര നാള് കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നുവെന്നു പറഞ്ഞ് സുനിലേട്ടന് എന്നെ കെട്ടിപ്പിടിച്ചു! മോഹന്‍ലാലിനൊപ്പം ശോഭന..?  45 വയസുള്ള നായികയുടെയും 55 വയസുള്ള നായകന്റെയും കഥയാണിത്. അംബാസഡര്‍ ഓടിക്കുന്ന വളരെ സാധാരണക്കാരനായ ടാക്സി ഡ്രൈവറാണ് ഷണ്മുഖന്. ലളിതയ്ക്കു ഷണ്മുഖനു മേല്‍ നിയന്ത്രണവും സ്നേഹവും അധികാരവുമുണ്ട്. മക്കളുടെ വേഷത്തില്‍ തോമസും അമൃതവര്‍ഷിണിയും. ഈ കുടുംബത്തിന്റെ കഥ പറഞ്ഞ് എത്രയും പെട്ടെന്ന് അവരുടെ പ്രശ്നങ്ങളിലേക്കും സന്തോഷങ്ങളിലേക്കും ആളുകളെ എത്തിക്കുന്നതിനു സുപരിചിതമായ ഒരു കാസ്റ്റിംഗും അവര്‍ മുമ്പു ചെയ്ത സിനിമകളും ഗുണകരമെന്നു തോന്നി. അത്തരത്തില്‍ എളുപ്പവഴി കാസ്റ്റിംഗ് ആയിരുന്നു ശോഭന. തമിഴ്-മലയാളം പശ്ചാത്തലമുള്ള ലളിതയ്ക്കു ശോഭന തന്നെയാണു ഡബ് ചെയ്തത്. ഷണ്മുഖനിലൂടെയാണ് ഈ സിനിമ പറയുന്നത്. അപ്പോള്‍ അതു ലളിതയുടെയും കഥയായി മാറുന്നുവെന്നേയുള്ളൂ. മോഹന്‍ലാലിനെ ഈ സിനിമ ചെയ്യാന്‍ കൊതിപ്പിച്ചത്..?  ടാക്സിക്കാരന് എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് ഏറ്റവും കണക്ടായത്. പിന്നെ, ആ അംബാസഡര്‍ കാറും. ലാലേട്ടന്റെ ജീവിതത്തിലും അദ്ദേഹം വളരെ സ്നേഹത്തോടെ കൊണ്ടുനടന്ന ഒരു അംബാസഡര്‍ ഉണ്ടായിരുന്നു. 4455 ആയിരുന്നു അതിന്റെ നമ്പര്‍. ഇതിലെ കാറിന്റെ നമ്പറും 4455 ആണ്! രാജാവിന്റെ മകനിലൂടെ പ്രശസ്തമായ 2255 എന്ന ഫോൺ നന്പർ ആകാതിരിക്കാന്‍ നമ്മള് ഇട്ട നമ്പറാണത്. ദൃശ്യം പോലെയൊരു ഫാമിലി ത്രില്ലറാണോ..? അതിമാനുഷികതയില്ലാത്ത മനുഷ്യരുടെ കഥ പറഞ്ഞ ഒരു സിനിമയെന്നാണ് ദൃശ്യത്തെപ്പറ്റി ലാല്‍സാര്‍ പറയാറുള്ളത്. കഥാപാത്രങ്ങളുടെ ജീവിതം എത്രത്തോളം ആഴത്തില്‍ പറയാന്‍ പറ്റുന്നുവോ അത്രത്തോളം ഗംഭീരമാവും ആ തിരക്കഥ, അല്ലാതെ ട്വിസ്റ്റും ടേണ്സുമല്ല പ്രധാനം. തൊടുപുഴയെന്ന ലോക്കലായ സ്ഥലത്താണു ദൃശ്യം സംഭവിച്ചത്.  അങ്ങനെ ലോക്കലായ ഒരു കഥയാണു ദൃശ്യം പറഞ്ഞതെന്നും അതുപോലെതന്നെ ലോക്കലായ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ സ്വാഭാവികതയില്‍ സംസാരിക്കുന്ന റിയലിസ്റ്റിക് സിനിമയാണു തുടരും എന്നുമാണ് ലാല്‍സാര്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്. ഇതു ത്രില്ലറല്ല. ഇമോഷണല്‍ ഡ്രാമയാണ്. ഇതില്‍ ആദിമധ്യാന്തമുള്ള, കൃത്യമായ കഥപറച്ചിലുണ്ട്. ഞാന്‍ മഴ നനയുകയല്ലല്ലോ...എല്ലാവരും കൂടെ എന്നെ മഴയത്തു നിര്‍ത്തിയിരിക്കുകയല്ലേ... ട്രെയിലറിലെ ഡയലോഗ്. ദൃശ്യത്തിലേതുപോലെ മിസ്റ്ററിയുണ്ടോ..?  അത്രയേറെ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരെ വിശ്വസിക്കണമെന്നു സുഹൃത്തിനോടു ചോദിക്കുകയാണ് ഷണ്മുഖന്. ഇന്‍വെസ്റ്റിഗേഷന്‍, മിസ്റ്ററി, ട്വിസ്റ്റ്, തലയ്ക്കടിക്കുന്ന കിക്ക് ...ഇതൊന്നും ഈ സിനിമയിലില്ല. മുണ്ടും ഷര്‍ട്ടും ധരിക്കുന്ന ഒരു സാധാരണക്കാരന്, ഭാര്യ, രണ്ടു മക്കള്‍, നാടന്‍ പശ്ചാത്തലം... സ്റ്റില്‍സ് പുറത്തുവിട്ടപ്പോള്‍ ജോര്‍ജുകുട്ടിയായി ചര്‍ച്ച ചെയ്യപ്പെടുമോയെന്ന ഭയമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ കണ്ട ഷണ്മുഖന്റെ രൂപവും അതുതന്നെയായിരുന്നു. അച്ഛന്, ഭര്‍ത്താവ് കഥാപാത്രങ്ങളായി ലാല്‍സാര്‍ മാറുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവിക സ്വരച്ചേര്‍ച്ചകള്‍ മാത്രമേ ഈ സിനിമയ്ക്കു ദൃശ്യവുമായുള്ളൂ. എന്റെ കിളി പറത്തിയ സസ്പെന്‍സുകളുള്ള സിനിമയാണു ദൃശ്യം. തുടരും, എന്റെ കിളിപറത്തുന്ന വൈകാരിക പ്രകടനങ്ങളുള്ള സിനിമയാണ്. വിന്റേജ് മോഹന്‍ലാലിനെ അവതരിപ്പിക്കാനുള്ള ശ്രമമാണോ..?  85-90കളില്‍ ലാല്‍സാര്‍ ചെയ്ത അതിമനോഹര സിനിമകളാണ് വിന്റേജ് എന്നു പറയപ്പെടുന്നത്. പിന്നീടു പ്രായത്തിലും രൂപത്തിലും ശബ്ദത്തിലും അഭിനയത്തിലുമൊക്കെ വ്യത്യാസമായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേതുപോലെയല്ല പിന്നീട് ഓരോ പത്തു വര്‍ഷത്തിലും അദ്ദേഹം വന്നത്. അതനുസരിച്ച് പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇതില്‍. അദ്ദേഹത്തിന്റെ സ്വാഭാവികത ഏറ്റവും റിയലിസ്റ്റിക്കായി വരിക, കഥയോടു ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുക, കഥയ്ക്കു വേണ്ടതു രസച്ചരടില്‍ കോര്‍ക്കുക... ഇതൊക്കെയാണു ചെയ്തത്. അല്ലാതെ വിന്റേജ് എന്ന പേരില്‍ പഴയകാലം കുത്തിപ്പൊക്കി ചേര്‍ത്തുവച്ചു മാര്‍ക്കറ്റിംഗ് ടൂളാക്കാനില്ല. മോഹന്‍ലാലിനെ ഡയറക്ട് ചെയ്തതിന്റെ രീതി..? വളരെ കൃത്യമായി കഥയും കഥാപാത്രത്തിന്റെ ലെയറുകളും പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന് അതു പ്രോസസ് ചെയ്യാനുള്ള സമയവും സന്ദര്‍ഭവും അന്തരീക്ഷവും ഉണ്ടാക്കിക്കൊടുത്തു. ആ കഥാപാത്രത്തിന് ഇണങ്ങുന്ന വസ്ത്രങ്ങള്‍, മേക്കപ്പുകള്‍, കലാസംവിധാനം, സംഗീതപരമായ പിന്തുണ, കോ ആര്‍ട്ടിസ്റ്റ്... ഇതെല്ലാം ഒരുക്കിയപ്പോള്‍ മോഹന്‍ലാല്‍ അറിഞ്ഞോ അറിയാതെയോ ഷണ്മുഖനായി. ഏതു തരം പ്രേക്ഷകര്‍ക്കുവേണ്ടിയാണ് ഈ സിനിമ..? 35നും 60നും ഇടയില്‍ പ്രായമുള്ള, ഇമോഷന്‍സിനും നൊസ്റ്റാള്‍ജിയയ്ക്കും മൂല്യം കാണുന്ന ഒരുപാടുപേര് മലയാള സിനിമ കാണാതെ മാറിനില്പ്പുണ്ട്. "ഞങ്ങളൊക്കെ സംസാരിക്കാന്‍ പാടുണ്ടോ, തന്തവൈബ് ആയിപ്പോയോ' എന്നൊക്കെ പേടിച്ചു പുതുതലമുറയ്ക്കു മുന്നില്‍ പകച്ചുനില്ക്കുന്നവര്. അവരെ തിയറ്ററിലെത്തിക്കാനാണു ശ്രമം. അതിനു താഴെയുള്ളവർക്ക് ഇഷ്ടപ്പെടുന്ന കണ്ടന്റും ഇതിലുണ്ട്. എന്തായിരുന്നു ചലഞ്ച്..?  ഷൂട്ട് ചെയ്യാന്‍ പറ്റുമോ എന്നു സംശയിച്ച സാഹചര്യങ്ങളിലും കൂടെ നിന്ന കാമറാമാന് ഷാജികുമാര്‍. സംഗീതമൊരുക്കിയ ജേക്സ്. 90 ശതമാനം സീനുകളിലുമുള്ള മോഹന്‍ലാല്‍ എന്ന നടന്. സിനിമയെപ്പറ്റി കൃത്യമായ ധാരണയുള്ള ഒരുകൂട്ടം പ്രഗല്ഭര് കൂടെയുള്ളപ്പോള്‍ വെല്ലുവിളി തോന്നിയില്ല. മലയാളത്തിലെ പുതുതലമുറ സംവിധായകനൊപ്പം ഇവിടത്തെ ഏറ്റവും പ്രഗല്ഭനായൊരു നടന്‍കൂടി ചേരുമ്പോള്‍ മാക്സിമം എന്തു കൊടുക്കാന്‍ പറ്റുമോ അതിനാണു നമ്മുടെ ടീം ശ്രമിച്ചത്. അതിന്റെ താളങ്ങള്‍ക്ക്, നിറങ്ങള്‍ക്ക്, കഥപറച്ചിലിന്... ഒക്കെ പുതിയ ആളുകള്‍ വരുന്നതിന്റെ ചേര്ച്ചകളുണ്ടാവും. പുതിയതും ലാല്‍സാറിന്റെ അനുഭവങ്ങളുമൊക്കെ ചേര്ന്നുകൂടുമ്പോഴുണ്ടാകുന്ന പുതിയ രസക്കൂടാവട്ടെ ഈ സിനിമ.
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
|
പിക്നിക്ക് @ 50
|
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
|
|
മധുരമനോജ്ഞം
|
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
|
|
|
|
ഒസ്യത്തിന്റെ ശക്തി
|
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
|
|
ഇടിപൊളി ദാവീദ്
|
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
|
|
മിന്നും ലിജോ
|
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|