Star Chat |
Back to home |
|
മലയാളത്തിന്റെ സ്നേഹം പ്രിയതാരം |
|
![](http://www.deepika.com/feature/rajbshetybig161224.jpg) |
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ് ബി. ഷെട്ടി നായക വേഷത്തിലെത്തുന്ന സര്‍വൈവല്‍ ത്രില്ലര്‍ ‘രുധിരം’ തിയറ്ററുകളില്‍. പുതുമുഖം ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും നിര്‍ണായക വേഷത്തില്‍. ടർബോയും കൊണ്ടലുമാണ് ആദ്യം റിലീസ് ആയതെങ്കിലും രുധിരമാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം. "ടര്‍ബോയിലെ വെട്രിവേല്‍ ഷണ്മുഖ സുന്ദരം, കൊണ്ടലിലെ ഡാനിയല്‍... അവര്‍ക്കു ഹീറോയിസത്തിന്റെ ഷേഡുണ്ട്. പക്ഷേ, ഇതിലെ കഥാപാത്രം ഡോ. മാത്യു റോസി അങ്ങനെയല്ല. ഇതില്‍ വയലന്‍സുണ്ട്. ഈ കഥയില്‍നിന്നു വയലന്‍സ് മാറ്റിനിര്‍ത്താനാവില്ല. മാനസികവും ശാരീരികവുമായ വയലന്‍സ് ഏറെയാണ്. ആളുകളെ മാനസികമായി പീഡിപ്പിച്ചാല്‍ ചില നേരങ്ങളില്‍ അതിന്റെ പ്രതികരണം എങ്ങനെയാവും എന്നതാണ് പടത്തിന്റെ സൂക്ഷ്മാന്വേഷണം'- രാജ് ബി. ഷെട്ടി സണ്‍ഡേ ദീപികയോടു പറഞ്ഞു. രുധിരം പറയുന്നത് ? ![](https://www.deepika.com/feature/rudiramposyer.jpg) സര്‍വൈവല്‍ ത്രില്ലറാണെങ്കിലും പ്രതികാരവും കഥയുടെ പ്രധാന അംശമാണ്. മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല എന്നതാണ് ഇതിന്റെ തീം. പലപ്പോഴും നമ്മുടെ സാധാരണ ജീവിതത്തില്‍ പ്രിയപ്പെട്ട പലരെയും ബോധപൂര്‍വമോ അല്ലാതെയോ വേദനിപ്പിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, അതു നമുക്കു മനസിലാവില്ല. കാരണം, നമ്മള് മഴുവിന്റെ സ്ഥാനത്തായിരിക്കും. പക്ഷേ, മരത്തിന് അതു സഹിക്കാനാവില്ല. ആ ഒരു പൊളിറ്റിക്സാണു പറയുന്നത്. പക്ഷേ, പറയുന്ന സ്റ്റൈലിനു മാറ്റമുണ്ട്. കുറച്ചു ഡാര്‍ക്കാണ്. പീഡനങ്ങളൊക്ക ഇതില്‍ വേറെ ലെവലിലാണ്. അത്തരം ഉപദ്രവങ്ങള്ക്കെതിരേയുള്ള പടമാണ്. സ്ക്രിപ്റ്റിലേക്ക് അടുപ്പിച്ചത് ? സംവിധായകന് ജിഷോയും സഹ എഴുത്തുകാരന് ജോസഫ് കിരണ്‍ ജോര്‍ജും ബംഗളൂരുവിൽ വന്ന് പറഞ്ഞ കഥയിൽ ഏറ്റവും ആകർഷകമായത് അതിലെ കഥാപാത്രങ്ങളാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും പടത്തില്‍ അവരുടേതായ സ്ക്രീന്‍ ഇംപാക്ടുണ്ട്. എന്റെ കഥാപാത്രം ഡോ. മാത്യു റോസിക്ക് ഒരു പരിവര്‍ത്തനമുണ്ട്. അയാളുടെ ഉള്ളില്‍ വേറൊരു ജീവിതമുണ്ട്. പുറത്തു കാണുമ്പോള്‍ അതു മറ്റൊരു ജീവിതമെന്നു തോന്നാം. അപര്‍ണയുടെ സ്വാതി എന്ന കഥാപാത്രവും ഇതിലേക്ക് അടുപ്പിച്ചു. പരീക്ഷണചിത്രമാണോ ? ![](https://www.deepika.com/feature/rajbshetty161124.jpg) പതിവു വാണിജ്യ സിനിമയല്ല. രുധിരത്തില്‍ ചില പരീക്ഷണങ്ങളുണ്ട്. ഇതിന്റെ ജോണറില്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ സാധ്യമാണോ അതെല്ലാം ചെയ്തിട്ടുണ്ട്. അഭിനയത്തിലും മ്യൂസിക് സമീപനങ്ങളിലും പരീക്ഷണങ്ങളുണ്ട്. ഞാനൊരു എക്സ്പിരിമെന്റല്‍ ഫിലിം മേക്കര്‍ തന്നെയാണ്. ഞാന്‍ സംവിധാനം ചെയ്യുമ്പോഴും അത്തരം തിരക്കഥകള്‍ എനിക്കു വളരെ കണക്ടാവും. ചിത്രീകരണം.... തൃശൂര്‍ ആമ്പല്ലൂരിനു സമീപം ചിമ്മിനി ഡാമിനടുത്തുള്ള ഒരു സ്ഥലത്തായിരുന്നു ചിത്രീകരണം. അവിടെ 40-42 ഡിഗ്രി ചൂടായിരുന്നു. ഔട്ട് ഡോര്‍ ആക്ഷനും സ്റ്റണ്ടുമൊക്കെ ഉണ്ടായിരുന്നു. നന്നേ ക്ഷീണിച്ചു. പക്ഷേ, പടത്തില്‍ അതു തണുപ്പുള്ള ഒരു സ്ഥലമാണ്. ഇപ്പോള്‍ ആ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതിനു നല്ല ഭംഗിയുണ്ട്. സംവിധായകന്റെ ഉള്‍ക്കാഴ്ച അതിലുണ്ട്. ഇതുവരെ മറ്റൊരു മലയാളം പടവും അത്തരമൊരു സ്ഥലത്ത് ഇങ്ങനെയൊരു ആംബിയന്‍സ് സ്വന്തമാക്കിയിട്ടില്ല. അപര്‍ണ ബാലമുരളി... ![](https://www.deepika.com/feature/rahaoaraa.jpg) അപര്‍ണ കഠിനാധ്വാനം ചെയ്യുന്ന അഭിനേത്രിയാണ്. പടത്തിനു വേണ്ടി എത്രത്തോളം അധ്വാനം സാധ്യമാണോ അതെല്ലാം ചെയ്യും. ഒന്നാന്തരം നടിയുമാണ്. അപര്‍ണയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ വളരെ സ്വാഭാവികമായിത്തന്നെ നമുക്കു റിയാക്ഷന് കിട്ടും. ഫൈറ്റ്, ഓട്ടം, വീഴ്ച...അത്തരം പ്രയാസകരമായ, സാഹസിക സ്വഭാവമുള്ള പലതും അപര്‍ണയുടെ സീനുകളിലുണ്ടായിരുന്നു. അതെല്ലാം അവര്‍ നന്നായി ചെയ്തു. അപര്‍ണയ്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും സഫലമായി. ജിഷോ ലോണ്‍ ആന്റണി ജിഷോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നൈപുണ്യമാണ് എടുത്തുപറയേണ്ടത്. എല്ലാ ടെക്നീഷന്മാരെയും, പ്രത്യേകിച്ച് മ്യൂസിക് ചെയ്ത ഫോര്‍ മ്യൂസിക്സ്, സിനിമാറ്റോഗ്രഫി ചെയ്ത സജാദ് കാക്കു, ആര്‍ട്ട് ഡയറക്ടര്‍ ശ്യാം... ജിഷോ ശ്രദ്ധയോടെ കൈകാര്യം ചെയ്തു. അവരുടെ ഔട്ട്പുട്ട് എത്രത്തോളം മികവോടെയും പൂര്‍ണതയിലും എടുക്കാനാകുമോ അത്രത്തോളം തന്നെ എടുത്തു. മലയാളത്തിന്റെ സപ്പോര്‍ട്ട്... "ഗരുഡ ഗമന വൃഷഭ വാഹന' റിലീസായപ്പോള്‍ എന്റെ നാടോ ഭാഷയോ നോക്കാതെ എനിക്ക് അത്രമേല്‍ സപ്പോര്‍ട്ടും സ്നേഹവും കേരളത്തിലുള്ളവര്‍ തന്നു. എവിടെ നിന്നാണോ നമുക്കു സ്നേഹം കിട്ടുന്നത് അവിടേയ്ക്കു കുറച്ചുകൂടി സ്നേഹം തിരിച്ചുകൊടുക്കണമല്ലോ. മലയാള സിനിമകള്‍ മുമ്പേ പ്രചോദനമാണ്. ആ സംസ്കാരവും പ്രിയമാണ്. മലയാളി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഗരുഡ ഗമന ചെയ്തത്. അദ്ദേഹത്തിനു മലയാളം മാത്രമേ അറിയൂ. രുധിരം സെറ്റിലെ വര്‍ക്കേഴ്സിനും കുടുംബവിശേഷങ്ങള്‍ പങ്കിടുന്പോൾ മലയാളമായിരുന്നു സൗകര്യപ്രദം. അവര്‍ക്കൊപ്പം സംസാരിച്ചാണു മലയാളം പഠിച്ചത്. പക്ഷേ, ഒരു വേദനയുണ്ട്, മലയാളം വായിക്കാനറിയില്ല. അതാണ് എന്റെ വലിയ നഷ്ടം. മറിച്ചായിരുന്നുവെങ്കില്‍ മലയാള സാഹിത്യവും സംസ്കാരവും എന്ജോയ് ചെയ്യാമായിരുന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്നത് ? നടനായി എനിക്ക് എക്സൈറ്റ് ചെയ്യണം. കൂടുതല്‍ പഠിക്കാനുള്ള ഇടം വേണം. ടര്‍ബോ ചെയ്യുമ്പോള്‍ മലയാളത്തില്‍ കൊമേഴ്സ്യല്‍ സെറ്റപ്പില്‍ എങ്ങനെ വര്‍ക്ക് ചെയ്യണമെന്നറിയില്ല. മുമ്പ് അത്ര വലിയ കൊമേഴ്സ്യല്‍ സെറ്റപ്പില്‍ വില്ലനായിട്ടില്ല. അതിനു വേണ്ട സ്കില്‍ സെറ്റ് വേറെയാണ്. അത് എക്സ്പ്ലോര്‍ ചെയ്യാനാണു ടര്‍ബോ ചെയ്തത്. എന്റെ ഏറ്റവും വലിയ താത്പര്യം ജീവിതവും അതിന്റെ സൂക്ഷ്മാന്വേഷണവുമാണ്. സിനിമ ആ ജീവിതാന്വേഷണത്തിന്റെ കൂട്ടിച്ചേര്‍ക്കലാണ്. കഥാപാത്രങ്ങളിലൂടെയെല്ലാം പുതിയതു പഠിക്കാനാവണം. കഥാപാത്രമാകുന്നത് ? സ്ക്രിപ്റ്റാണ് എല്ലാ കഥാപാത്രങ്ങളുടെയും ബൈബിള്‍. നന്നായി എഴുതിയ സ്ക്രിപ്റ്റില്‍ കഥാപാത്രം എങ്ങനെ പെരുമാറുമെന്നും എഴുതിയിട്ടുണ്ടാവും. ചിലപ്പോള്‍ സ്പഷ്ടമായും മറ്റു ചിലപ്പോള്‍ പരോക്ഷമായും. ഉദാഹരണത്തിന് അവന് മിണ്ടില്ല, എപ്പോഴും സംസാരിച്ചാല്‍ ആളുകള്‍ക്കു പേടിയാവും എന്നു സ്ക്രിപ്റ്റില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതിന്റെ ഫിസിക്കല്‍ എക്സ്പ്രഷനാണ് അവന്റെ ശബ്ദം ബേസ് ആകുന്നു എന്നത്. എനിക്ക് ഇങ്ങനെയാണു തോന്നിയത്, എന്തിനാണ് ഇങ്ങനെ എഴുതിയത്, അതിനു വേറെ എന്തെങ്കിലും അര്‍ഥമുണ്ടോ എന്നൊക്കെ ഡയറക്ടറോടു ചോദിച്ചാല്‍ അവരുടെ മനസിലുള്ളതു കിട്ടും. ചില നേരങ്ങളില്‍ നടന്റെ ജോലിയാണു പ്രോബ്ളം സോള്‍വിംഗ്. മലയാളം ഇന്‍ഡസ്ട്രി പ്രചോദനമാകുന്നത് ? ഇവിടത്തെ സിനിമാനിര്‍മാണത്തിന്റെ വേഗം തന്നെയാണ് എപ്പോഴും പ്രചോദനം. രുധിരത്തിനു ശേഷമൊരു പടം ചെയ്താല്‍ അതു ഷൂട്ടിംഗ് തീര്‍ന്നു മൂന്നു മാസം കഴിഞ്ഞു റിലീസാകും. മറ്റൊരു ഇന്‍ഡസ്ട്രിയിലും അതു സാധ്യമല്ല. ഇവിടത്തെ പ്രൊഡക്ഷന്റെ നിയന്ത്രണം റോബോട്ടിനെ പോലെ, മെഷീന് പോലെ കിറുകൃത്യമാണ്. ഇവിടെ എഴുത്തുകാര്‍ക്കു കിട്ടുന്ന ബഹുമാനം മറ്റൊരു ഇന്‍ഡസ്ട്രിയിലും കണ്ടിട്ടില്ല. അത്തരം പല കാര്യങ്ങളും എന്റെ നിര്‍മാണ കമ്പനിയിലേക്ക് ഞാന്‍ എടുത്തിട്ടുണ്ട്. അടുത്ത സിനിമകള്‍ ? ഞാന്‍ സംവിധാനം ചെയ്യുന്ന വെബ്സീരീസിന്റെ തിരക്കിലായതിനാല്‍ മലയാളത്തില്‍ പുതിയ പ്രോജക്ടുകളൊന്നും കമിറ്റ് ചെയ്തിട്ടില്ല. ഞാനും ശിവരാജ് കുമാറും ഉപേന്ദ്രയും പ്രധാന വേഷങ്ങളിലുള്ള 45 ആണ് അടുത്ത കന്നട റിലീസ്. രക്കസപുരദോള് എന്ന പടവും എന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിച്ച കന്നട പടവും റിലീസിനൊരുങ്ങുന്നു. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
![](images/other_news_icon_common.png) |
|
|
|
|
|
|
|
|
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|
|
|
|
|
|
എല്ലാം ഒരു ഗ്രേസ്
|
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
|
|
|
|
3ഡി ത്രില്ലിൽ മെറീന
|
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
|
|
|
|
|