Star Chat |
Back to home |
|
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി |
|
 |
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുടരുകയാണ്. അവിടെ കരുത്തും ആവേശവുമാണ്, ഇമേജ് ഭയം മറികടന്നു നേടിയ ബോഗയ്ൻവില്ല വിജയം. പുത്തൻ റിലീസ്, ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പോലീസ് യൂണിഫോമിലാണ് ചാക്കോച്ചൻ. കഥാപാത്രം, സിഐ ഹരിശങ്കർ. നായാട്ടിനു ശേഷമുള്ള പോലീസ് വേഷം. ഇരട്ടയുടെ കോ ഡയറക്ടര്‍ ജിത്തു അഷ്റഫിന്റെ ആദ്യചിത്രം. നായാട്ടിനു ശേഷമുള്ള ഷാഹി കബീര്‍- കുഞ്ചാക്കോ ബോബന് സിനിമ. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണം. പ്രിയാമണി, ജഗദീഷ്, വിശാഖ് നായര്‍ തുടങ്ങിയവർ നിര്ണായകവേഷങ്ങളില്. "എന്റെ മുന്‍ സിനിമകളില്‍നിന്ന് എല്ലാത്തരത്തിലും മാറിനില്‍ക്കുന്ന കഥയും കഥാപാത്രവും. ഇതിലെ സിഐ ഹരിശങ്കർ എന്റെ കരിയറില്‍ മറ്റൊരു ഡിഫൈനിംഗ് കഥാപാത്രവും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി അത്തരത്തിലൊരു സിനിമയുമാകുമെന്നാണു പ്രതീക്ഷ'- കുഞ്ചാക്കോ ബോബന് സണ്‍ഡേ ദീപികയോടു പറഞ്ഞു. ഷാഹിയുടെ സ്ക്രിപ്റ്റാണോ ഈ സിനിമയിലെത്തിച്ചത്..? ഷാഹിയും അദ്ദേഹത്തിന്റെ കഥയും ഒരു പ്രധാന കാരണം തന്നെയാണ്. അതുപോലെതന്നെ മാര്ട്ടിന് പ്രക്കാട്ട്, റോബി വര്‍ഗീസ്, ജിത്തു അഷ്റഫ് എന്നിങ്ങനെ ചില പേരുകളും. ഇവരെല്ലാം മലയാളത്തിനു നല്ല പോലീസ് സിനിമകള്‍ നല്കിയവരാണ്. പുതുമുഖ സംവിധായകനാണെങ്കിലും എത്രയോ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ളയാളാണ് ജിത്തു അഷ്റഫ്. ഞാന്‍ അഭിനയിച്ച ഓര്‍ഡിനറിയില്‍ അസി. ഡയറക്ടറായിരുന്നു. മാര്‍ട്ടിനും ഷാഹിയും ജിത്തുവുമൊക്കെയുള്ള നായാട്ടില്‍ ഞാനുണ്ട്. നായാട്ടു ചെയ്തപ്പോഴാണ് ജിത്തുവുമായി കൂടുതല്‍ അടുത്തത്.  കണ്ണൂര്‍ സ്ക്വാഡാണ് റോബി ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഇവരെല്ലാംകൂടി ഒരു പോലീസ് സിനിമ ചെയ്യുമ്പോള്‍ അത് എത്രത്തോളം വ്യത്യസ്തമായിരിക്കും എന്ന ആകാംക്ഷ ഉണ്ടായിരുന്നു. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള പോലീസ് കഥാപാത്രവും സിനിമയും കൂടിയാണിത്. പോലീസ് ഭാഷയും പോലീസ് ജീവിതവുമെല്ലാം ഏറ്റവുമടുത്തുകണ്ട് അനുഭവിച്ചയാളാണ് ഷാഹി. അത്തരം അനുഭവങ്ങളും അദ്ദേഹത്തിന്റെ ഭാവനയും ഒപ്പം അതു സിനിമാറ്റിക്കായി ചെയ്യാനാകുമെന്നു തെളിയിച്ചവരുടെ പങ്കാളിത്തവും കൂടിയായപ്പോള്‍ ഒരു നല്ല സിനിമ ജനിക്കുമെന്ന വിശ്വാസമുണ്ടായി. ക്രൈം ഡ്രാമകളില്നിന്ന് ഓഫീസർ ഓൺ ഡ്യൂട്ടിയെ വേറിട്ടുനിര്‍ത്തുന്നത്..? ക്രൈം ഡ്രാമ തന്നെയാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥയും കഥാസാഹചര്യങ്ങളും ഒരുക്കാനുള്ള ശ്രമം ഇതിലുണ്ട്. സിഐ ഹരിശങ്കറിന്റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും യാത്രകള്‍. അത് എത്രത്തോളം സംഭവബഹുലമാണ് എന്നതു സിനിമ കാണുമ്പോള്‍ വ്യക്തമാകും. കഥ പറയുന്ന രീതികളില്‍, വിഷ്വല്‍സില്‍, ചടുലമായ ഫ്രെയിമുകളില്‍... എല്ലാറ്റിലും ഏറ്റവും എന്റര്ടെയ്നിംഗായ തിയറ്റര്‍ അനുഭവം കൊടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചലഞ്ചിംഗ് കഥാപാത്രമാണോ? റഫറന്‍സ് കണ്ടെത്താറുണ്ടോ..?  ഞാൻ മുമ്പു ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍നിന്നു മാറിനില്‍ക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ട്. കുറച്ചുകൂടി വൈകാരിക വ്യതിയാനങ്ങളുള്ള വേഷം. നമുക്കു ചുറ്റുമുള്ള സാമൂഹികജീവിതത്തിലെ പല കാര്യങ്ങളും ഹരിശങ്കറിന്റെ ആംഗിളിലൂടെ അവതരിപ്പിക്കുകയാണ്. റഫറൻസായി ഇന്നയാള് എന്നതിലുപരി പോലീസുകാരുടെ ജീവിതത്തിലെ വേദനകളും പ്രശ്നങ്ങളും പ്രയാസങ്ങളുമൊക്കെ ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈകാരികമായും ശാരീരികമായും ആ രീതിയിലുള്ള പരിശ്രമം ആവശ്യപ്പെടുന്ന കഥാപാത്രമാണ് ഹരിശങ്കര്‍. ഏറെ ചലഞ്ചിംഗ്. ഇയാളുടെ വൈകാരിക യാത്രയും സിനിമയിലുണ്ട്. സൈക്കോളജിസ്റ്റുകളുമായി സംസാരിച്ചു ചില റഫറന്സുകളെടുത്തു. ആക്ഷന്‍ സീക്വന്സിനുവേണ്ടി ആക്ഷന്‍ കോറിയോഗ്രഫി റിഹേഴ്സല്‍ ചെയ്തിരുന്നു. കോ ആക്ടേഴ്സിനെക്കുറിച്ച്..? പ്രിയാമണിയുമായി ആദ്യമായാണ് ഒരു മുഴുനീള സിനിമയില്‍ അഭിനയിക്കുന്നത്. നക്ഷത്രത്താരാട്ട് മുതൽ ജഗദീഷേട്ടനുമായി ഏറെ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിലൊക്കെ അദ്ദേഹം ഹ്യൂമർ വേഷങ്ങളിലാണ്. ഇതില്‍ തികച്ചും വ്യത്യസ്തമായ ഒരു ജഗദീഷാണ്.  ഇതുവരെ വരാത്ത രീതിയിലാണ് ഞങ്ങളുടെ കോംബിനേഷന്‍. വിശാഖ്, റംസാന് എന്നിവരുമായി ആദ്യമായാണു കൈകോര്‍ക്കുന്നത്. കെ.യു. മനോജ്, മുത്തുമണി, മീനാക്ഷി തുടങ്ങിയവരുമുണ്ട്. അങ്ങനെ തലമുറകളുടെ കൂടിച്ചേരൽ ഇതിലുണ്ട്. ആവശ്യമായ തയാറെടുപ്പു ചെയ്യിച്ചശേഷമാണ് പുതുമുഖങ്ങളെ നിര്‍ണായക വേഷങ്ങളിലേക്ക് എടുത്തത്. പുതിയ സിനിമകള്‍..? രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ "ഒരു ദുരൂഹ സാഹചര്യത്തി'ലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. "ന്നാ താന്‍ കേസ് കൊട്' സിനിമയ്ക്കുശേഷം അദ്ദേഹവുമൊത്തു ചെയ്യുന്ന മുഴുനീള സിനിമ. ലിസ്റ്റിന് സ്റ്റീഫനൊപ്പം ഞാനും നിര്‍മാണപങ്കാളിയാണ്. ഇമോഷനുകള്‍ക്കും തമാശയ്ക്കും തുല്യപ്രാധാന്യം. ആക്ഷേപഹാസ്യം, സാമൂഹികം, രാഷ്ട്രീയം...എന്നിങ്ങനെ പല ലെയറുകൾ. ദിലീഷ് പോത്തന്, സജിന്‍ഗോപു, ചിദംബരം, സുധീഷ്, ശരണ്യ... ഒരുപിടി അഭിനേതാക്കളും. അതിനു ശേഷം ഷൂട്ടിംഗ് തുടങ്ങുന്നതു മമ്മൂക്ക, ലാലേട്ടന്, നയന്‍താര, ഫഹദ്...ഇവരോടൊപ്പമുള്ള മഹേഷ് നാരായണന് സിനിമ. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കാന്‍വാസില്‍ ചിത്രീകരിക്കപ്പെടുന്ന ഒരു സിനിമയും കൂടിയാണത്. ചെറിയൊരു ഭാഗം മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. ഞാൻ അതിന്റെ പ്രധാന ഷൂട്ടിംഗിലേക്കു കടക്കാന്‍ പോകുന്നതേയുള്ളൂ. അതിന്റെ വലിയ ആവേശമുണ്ട്. അതിനുശേഷം ചെയ്യുന്നതു "ഗരുഡന്' സംവിധായകൻ അരുണ്‍ വര്‍മയുടെ ബേബിഗേള്‍ എന്ന സിനിമ. സഞ്ജയ് ബോബി സ്ക്രിപ്റ്റ്. അതും ലിസ്റ്റിന് തന്നെയാണു നിര്‍മിക്കുന്നത്. ബോഗയ്ന്‍വില്ല കരിയറില്‍ സ്വാധീനിക്കുന്നത്..? ബോഗയ്ന്‍വില്ലയും അതിലെ ഡോ. റോയിസ് എന്ന കഥാപാത്രവും എന്റെ ജീവിതത്തിലെ വളരെ പ്രധാന നിമിഷമാണ്. അതുവരെ ഞാന്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രം. അതിനു കിട്ടിയ സ്വീകാര്യതയും അഭിനന്ദനങ്ങളുമൊക്കെ ഒരഭിനേതാവ് ആഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ ആയതില്‍ ഏറെ സന്തോഷം. അതൊക്കെയാണ് മുന്നോട്ടുള്ള യാത്രയില്‍ ഇനിയും എക്സൈറ്റിംഗായ, വേറിട്ട ജെനുസുകളിലുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ ധൈര്യമേകുന്നത്. ടി.ജി. ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
 |
ഇടിപൊളി ദാവീദ്
|
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
|
|
മിന്നും ലിജോ
|
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
വേട്ടയാൻ സോൾ തൻമയ
|
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
|
|
|
|
|
|
|
|
|
|
|
|
|
|