ചേർപ്പ്: െനെകൃഷിയുടെ പുതിയ അധ്യായവുമായി പോലീസ് കൂട്ടായ്മ രംഗത്ത്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെങ്ങിണിശേരി ആശ്രമത്തിനു സമീപത്തെ കണിമംഗലം നവര കോൾപ്പാടശേഖരത്തിൽ 10 ഏക്കറോളം വരുന്ന കൃഷിസ്ഥലം സ്വന്തമായി വാങ്ങി ഞാർനടീൽ നടത്തി മാതൃകയായിരിക്കയാണ് സർവീസിൽനിന്നു വിരമിച്ച പോലീസ് സംഘം.
സർക്കാരിന്റെ മിഷൻ 2024പദ്ധതിയുമായി ചേർന്നാണ് 30 പേരടങ്ങുന്ന പോലീസ് സംഘം പണം തുല്യമായി ശേഖരിച്ച് പാടശേഖരം വാങ്ങി നെൽകൃഷിക്കു മുന്നിട്ടിറങ്ങിയത്. തുലാമാസത്തിലെ വെയിലിനെ വകവയ്ക്കാതെ പാടശേഖരത്തിലെ ചെളിയിൽ ഇറങ്ങി ഞാറുനട്ട് കൃഷിയുടെ ആദ്യാനുഭവം പുത്തരിച്ചോറുണ്ട മനസോടെയാണ് ഇവർ പങ്കുവച്ചത്. മൂന്നുമാസം കഴിഞ്ഞാൽ നെൽകൃഷി വിളവെടുപ്പിനു തയാറാകുമെന്നു പോലീസ് സംഘം പറഞ്ഞു.
ഞാറുനടീൽ ഉദ്ഘാടനം വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും സഹധർമണിമാരുമായ മുഹമ്മദ് ബഷീർ, എം.ആർ. ഗോപാലകൃഷ്ണൻ, ആനന്ദവല്ലി , പ്രേമലത എന്നിവർ ചേർന്ന് നിർവഹിച്ചു. ഒ.എസ്. ഗോപാലകൃഷ്ണൻ, യു. രാജൻ, പാർഥൻ, മോഹനൻ, ബേബി, രാമകൃഷ്ണൻ, കെ.ഡി. ദിനേശൻ, സുവൃതകുമാർ, അനിൽകുമാർ, ജോഷി, കെ.എസ്. രാധാകൃഷ്ണൻ, കെ.ബി. ദിനേഷ്, വേലായുധൻ, ഗോപാലൻ മുപ്ലിയം, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.