തൊടുപുഴ: രോഗബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം ഉരുക്കളെ നഷ്ടമായ കർഷകർക്ക് മൃഗസംരക്ഷണവകുപ്പ് നൽകിവരുന്ന നഷ്ടപരിഹാര വിതരണം അവസാന ഘട്ടത്തിൽ. ആഫ്രിക്കൻ പന്നിപ്പനി, ചർമമുഴ, കടുത്ത വേനൽ എന്നിവ കാരണം ഉരുക്കളെ നഷ്ടപ്പെട്ടും മറ്റും ദുരിതം നേരിട്ട കർഷകർക്കാണ് ധനസഹായം നൽകി വരുന്നത്.
2022 ഒക്ടോബർ, നവംബർ മാസങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് നൂറുകണക്കിന് പന്നികളാണ് ചത്തത്. കരിമണ്ണൂർ, തൊടുപുഴ, കട്ടപ്പന, പെരുവന്താനം, വാഴത്തോപ്പ്, വെണ്മണി, ഉപ്പുതറ, വണ്ടേന്മട്, കൊന്നത്തടി തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 623 പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തത്.
രോഗവ്യാപനം തടയാൻ 53 കർഷകരുടെ 1207 പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി ശാസ്ത്രീയമായി മറവുചെയ്തിരുന്നു. ഇവർക്കായി 1,28,22,400 രൂപ നഷ്ടപരിഹാരമായി നൽകി. 4,800 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഇതിനായി 1,05,600 രൂപയും വിതരണം ചെയ്തു.
ജില്ലയിൽ 53 കർഷകരുടെ ഉരുക്കളാണ് ചർമമുഴ രോഗം ബാധിച്ച് മരണപ്പെട്ടത്. കർഷകർക്ക് സഹായമായി 14,64,00 രൂപ വിതരണം ചെയ്തിട്ടുണ്ട്. 26,35,000 രൂപ കൂടി നൽകാനുണ്ടെന്ന് അധികൃതർ പറഞ്ഞു.
സങ്കരയിനങ്ങളിലും നാടൻ പശുക്കളിലും ഒരുപോലെ പടരുന്ന രോഗമാണ് ചർമമുഴ എന്നറിയപ്പെടുന്ന ലംപി സ്കിൻ ഡിസീസ്. ചർമമുഴകൾ കുറയ്ക്കാനും ഇവ പൊട്ടിയുണ്ടാകുന്ന വ്രണങ്ങൾ ഉണക്കാനും രണ്ടുമുതൽ നാലുവരെ ആഴ്ചയെടുക്കും. മരണനിരക്കും കൂടുതലാണ്. പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയും ഗണ്യമായി കുറയും.
രാമക്കൽമേട്, കന്പംമെട്ട്, വാഴവര, കൽത്തൊട്ടി, മുണ്ടിയെരുമ, വളകോട്, പാറത്തോട്, മുനിയറ തുടങ്ങി വിവിധയിടങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ചർമമുഴ രോഗത്തിനെതിരേയുള്ള പ്രതിരോധ കുത്തിവയ്പും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
അടുത്തിടെയുണ്ടായ കടുത്ത വേനലിൽ നിർജലീകരണവും രോഗങ്ങൾ മൂലവും നിരവധി പശുക്കളെ കർഷകർക്ക് നഷ്ടമായിരുന്നു. പശുക്കളെ നഷ്ടപ്പെട്ട 42 കർഷകർക്കായി 6,31,450 രൂപ വിതരണം ചെയ്തു.
മൃഗങ്ങൾക്കെതിരേ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാണ്. നാലാംഘട്ട കുളന്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളും ചർമമുഴ വാക്സിനേഷൻ ക്യാന്പും ബ്രൂസെല്ല പ്രതിരോധ കുത്തിവയ്പും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.
ആടുവസന്ത പ്രതിരോധ കുത്തിവയ്പും കാന്പയിനും കഴിഞ്ഞ മാസത്തോടെ ആരംഭിച്ചു.