കട്ടപ്പന: പച്ചക്കറി മാർക്കറ്റ്, മത്സ്യമാർക്കറ്റ് റോഡുകൾ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭാ ഓഫീസിന് മുന്നിൽ വ്യാപാരി വ്യവസായി സമതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് ഏകദിന ഉപവാസ സമരം നടത്തി. സമരം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജി.എസ്. ഷിനോജ്, അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എ. അൻസാരി, ഷിജു ഉള്ളിരുപ്പിൽ, കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ എം.ആർ. അയ്യപ്പൻകുട്ടി, പി.കെ. സജീവ്, എ.വി. രതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.സിപിഎം ഏരിയാ സെക്രട്ടറി വി.ആർ. സജി നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
സമാപന സമ്മേളനത്തിൽ സിപിഎം നേതാക്കളായ മാത്യു ജോർജ്, ബിജു, രാജു, ടോമി ജോർജ്, പൊന്നമ്മ സുഗതൻ, ലിജോബി ബേബി എന്നിവർ പ്രസംഗിച്ചു.
അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് നഗരസഭ
കട്ടപ്പന: സിപിഎമ്മിന്റെ ബി ടീമായി വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭാ കൗണ്‍സിലിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണന്ന് നഗരസഭാ ഭരണ സമിതി ആരോപിച്ചു.
നഗരസഭ നടപ്പാക്കാൻ പദ്ധതിയിട്ടിരിക്കുന്ന കാര്യങ്ങൾ തങ്ങളുടെ സമരഫലമായാണെന്ന് വരുത്തിത്തീർക്കാനുള്ള കുത്സിത ശ്രമാണ് വ്യവസായി സമിതിയുടെ സമരത്തിനു പിന്നിൽ.
മാർക്കറ്റുകളുടെ നവീകരണത്തിന് ഡീൻ കുര്യാക്കോസ് എംപിയുടെ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ച് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ഒന്നിന് നിർമാണ പ്രവർത്തനങ്ങൾക്കായി കരാറുകാരന് സൈറ്റ് വിട്ടു നൽകിയതാണ്. നിർമാണം 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.
പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ നവീകരണ ജോലികൾക്ക് 18 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
മാർക്കറ്റിലെ കംഫർട്ട് സ്റ്റേഷന്റെ നവീകരണത്തിന് 10 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്. ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലെ കുഴികൾ അടയ്ക്കുന്നതിനുള്ള തുകയും അനുവദിച്ചതാണ്.
വഴിയേരക്കച്ചവടക്കാരുടെ കാര്യത്തിൽ സർക്കാർ നിയമമനുസരിച്ചുള്ള നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും ആക്ഷേപമുള്ളവർ സർക്കാരിനെതിരേയാണ് സമരം ചെയ്യേണ്ടതെന്നും നഗരസഭാ ചെയർ പേഴ്സണ്‍ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോയി വെട്ടിക്കുഴി, സിബി പാറപ്പായി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.