നെടുങ്കണ്ടം: കേരള കത്തോലിക്ക സഭയിലെ 13 മെത്രാന്മാര് ചേര്‍ന്ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചത് ചരിത്രമുഹൂര്‍ത്തമായി.
ഇടുക്കി രൂപതയുടെ ധ്യാനകേന്ദ്രമായ നെടുങ്കണ്ടം കരുണ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രണ്ടു ദിവസത്തെ വാര്‍ഷിക സമ്മേളനത്തിനും ധ്യാനത്തിനും പ്രാര്ഥനകള്ക്കുമായാണ് മധ്യതിരുവതാംകൂറിലെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര് എത്തിയത്. 14 പിതാക്കന്മാരാണ് ധ്യാനകേന്ദ്രത്തില്‍ റീജണല്‍ സംഗമത്തിനായി എത്തിയത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പാലാ രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യദിവസത്തെ ധ്യാനത്തിനു ശേഷം തിരികെ പോയിരുന്നു. പരിപാടിയുടെ രണ്ടാം ദിവസമായ ഇന്നലെ 13 പിതാക്കന്മാര് ചേര്‍ന്നാണ് നെടുങ്കണ്ടത്തെ തീര്‍ഥാടന പള്ളിയില്‍ വിശുദ്ധ കുർബാന അര്‍പ്പിച്ചത്.
ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കാഞ്ഞിരപ്പള്ളി ബിഷപ് എമരിറ്റസ് മാര്‍ മാത്യു അറയ്ക്കല്‍, ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, കോട്ടയം രൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, പത്തനംതിട്ട ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്,
പത്തനംതിട്ട ബിഷപ് എമരിറ്റസ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, മൂവാറ്റുപുഴ ബിഷപ് എമരിറ്റസ് ഏബ്രഹാം മാര്‍ ജൂലിയൂസ്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍,
വിജയപുരം സഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ എന്നിവരും ഇടുക്കി രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. തോമസ് കാരിവേലിക്കല്, മോണ്‍. ഏബ്രഹാം പുറയാറ്റ്, ആർച്ച് പ്രീസ്റ്റ് ഫാ. ജയിംസ് ശൗര്യാംകുഴി, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ രൂപതകളിലെ 13 പിതാക്കന്മാര് ഒരുമിച്ച് നടത്തിയ ദിവ്യബലിയും ഇവരുടെ സാന്നിധ്യവും കുടിയേറ്റ ഭൂമിയിലെ കത്തോലിക്ക വിശ്വാസ സമൂഹത്തിനും ഇടുക്കി രൂപതയ്ക്കും ആഹ്ലാദത്തിന്റെയും അനുഗ്രഹത്തിന്റെയും മുഹൂര്‍ത്തമായി മാറി.
ഔദ്യോഗിക കാര്യങ്ങള്‍ക്ക് സമ്മേളിക്കുമ്പോഴല്ലാതെ ഇത്രയധികം മെത്രാന്മാര് ഒരുമിച്ച് ഒത്തുകൂടുകയും ഇടവക ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നത് അസാധാരണ സംഭവമാണ്.
മലനാടിന്റെ ചരിത്രത്തില്‍ പിതാക്കന്മാരുടെ സംഗമം ഇന്നോളം ഉണ്ടായിട്ടില്ല. ഇതിനാല്‍തന്നെ നെടുങ്കണ്ടം ഇടവകയും ദേവാലയവും ചരിത്രപരമായ സംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്.