കരിമ്പൻ: കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, മുനമ്പത്തെ കുടിയിറക്ക് നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുനമ്പം ഭൂ സംരക്ഷണസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി നാളെ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും.
രൂപതയിലെ എല്ലാ ഇടവകകളിലും പ്രതിഷേധ സമ്മേളനങ്ങൾ ചേർന്ന് മുനമ്പം ഐക്യദാർഢ്യ പ്രമേയം പാസാക്കും. മുഖ്യമന്ത്രിക്കും സംസ്ഥാന ഗവർണർക്കും മനുഷ്യാവകാശ കമ്മീഷനും ഇടുക്കി കളക്ടറേറ്റ് വഴി നിവേദനം അയയ്ക്കും.
1995ൽ കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ബോർഡ് നിയമത്തിലെ 40-ാം അനുച്ഛേദത്തിന്റെ മറവിൽ മുനമ്പത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂസ്വത്ത് കൊള്ളയടിക്കാനുള്ള വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദത്തിനെതിരേ കേരളത്തിൽ ആകമാനം നടക്കുന്ന സമര പോരാട്ടങ്ങളുടെ ഭാഗമായാണ് കത്തോലിക്ക കോൺഗ്രസ് നാളെ മുനമ്പം ഐക്യദാർഢ്യ ദിനം ആചരിക്കുന്നത്.
വഖഫ് ബോർഡ് നിയമം രാജ്യത്തിന്റെ ഭരണഘടനാ സങ്കൽപ്പങ്ങളും മതേതര ജനാധിപത്യ മൂല്യങ്ങളും തകർക്കുന്നതാണ്. 2008ൽ സർക്കാർ നിയോഗിച്ച എ.എ. നാസർ കമ്മിറ്റി റിപ്പോർട്ട് അബദ്ധവും പക്ഷപാതപരവുമാണ്. മനുഷ്യാവകാശങ്ങൾ പരിഗണിക്കാതെയും ഭൂമിയുടെ രേഖകൾ പരിശോധിക്കാതെയും കോടതി ഉത്തരവുകൾ പരിഗണിക്കാതെയും തദ്ദേശ വാസികളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെയും സമർപ്പിച്ച റിപ്പോർട്ടിന്റെ പരിണിതഫലമാണ് ഇന്ന് മുനമ്പം നിവാസികൾ അനുഭവിക്കുന്നത്.
1975ലെ ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ ഭൂമിയുടെ ഉടമസ്ഥൻ പണം നൽകി നിയമപ്രകാരമുള്ള എല്ലാ രജിസ്ട്രേഷൻ നടപടികളും പൂർത്തീകരിച്ച് പതിറ്റാണ്ടുകളായി കരമടച്ചുവരുന്ന ഭൂമിയിലാണ് ഇപ്പോൾ ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ഒരു മാസത്തോളമായി അനിശ്ചിതകാല സമരം നടത്തുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഐക്യദാർഢ്യ ദിനാചരണത്തിന് രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ, ഡയറക്ടർ ഫാ. ജോസഫ് പാലക്കുടി, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴി,
ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ജോളി ജോൺ, ആഗ്നസ് ബേബി, ടോമി ഇളംതുരുത്തി, ജോയി വള്ളിയാംതടം, ബിനോയി കളത്തുക്കുന്നേൽ, സാന്റോച്ചൻ തളിപ്പറമ്പിൽ, അഗസ്റ്റിൻ പരത്തിനാൽ, ഷാജി കുന്നുംപുറം, ബെന്നി മൂക്കിലിക്കാട്ട് , ടോമി വെട്ടുകല്ലേൽ, ഷാജി പുരയിടത്തിൽ, ആദർശ് മാത്യു, സെസിൽ ജോസ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകും.