കുണ്ടറ: മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി പത്തിന വികസന അജണ്ട കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചു. കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് സംഘടനയാണ് വികസന അജണ്ട സമർപ്പിച്ചത്.
പെരുമൺ, കണ്ണൻകാട്ട് പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ ഏറെ തിരക്കുള്ളതായി മാറും. ഈ സാഹചര്യം കണക്കിലെടുത്തുള്ള വികസന പദ്ധതിയാണ് തയാറാക്കി റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചത്.
റെയിൽവേ പ്ലാറ്റ്ഫോമിന് നീളം വർധിപ്പിക്കുക, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം നിർമാണം ആരംഭിക്കുക, പ്ലാറ്റ്ഫോമുകൾക്ക് റൂഫിംഗ് ഷെൽട്ടർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജീകരിക്കുക, റെയിൽവേ ഇന്റർനെറ്റും വൈദ്യുതി കണക്ഷനും ലഭ്യമാക്കി ടിക്കറ്റ് വിതരണം നടത്തുക, ബുക്കിംഗ് റിസർവേഷൻ സംവിധാനം ആരംഭിക്കുക, മലബാർ എക്സ്പ്രസ്, മധുര ഗുരുവായൂർ എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവർക്ക് അജണ്ടയും വിശദ റിപ്പോർട്ടും നൽകിയതായി ദ്കോസ് പ്രസിഡന്റ് പി. വിനോദ്, സെക്രട്ടറി കിടങ്ങിൽ മഹേന്ദ്രൻ എന്നിവർ പറഞ്ഞു.
ആർ. അശോകൻ, കെ.ടി. ശാന്തകുമാർ, എസ്. സോമരാജൻ, എം.കെ. സഹജൻ, എൻ.അംബുജാക്ഷ പണിക്കർ, കെ. ഗോപാല കൃഷ്ണൻ, തോപ്പിൽ. ഡി. ശിവപ്രസാദ്, പാലവിളയിൽ പ്രസന്ന കുമാർ എന്നിവർ അടങ്ങിയ പ്രതിനിധി സംഘമാണ് അജണ്ട സമർപ്പിച്ചത്.