ദ്വാരക: ലോക ലഹരി വിരുദ്ധ ദിനത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ കെസിബിസി മദ്യവിരുദ്ധ സമിതി ലഹരി വിരുദ്ധ സമ്മേളനം നടത്തി. സർക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏതു മാർഗവും ഉപയോഗിച്ച് മദ്യ വിൽപന ഉയർത്താനും വരുമാനം വർധിപ്പിക്കാനും എൽഡിഎഫ് സർക്കാർ നടത്തുന്ന ഗൂഢനീക്കങ്ങൾ പരിഷ്കൃത സമൂഹത്തിന് വലിയ വെല്ലുവിളിയാണ്.
ഇത്തരം നീക്കത്തിലൂടെ വിദ്യാർഥികളെയും യുവ തലമുറയെയും മദ്യാസക്തിയിലേക്ക് തള്ളി വിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നു മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ ലഹരി വിരുദ്ധമാസാചരണങ്ങളുടെ ഉദ്ഘാടനം രൂപത ഡയറക്ടർ ഫാ. സണ്ണി ജോസ് മഠത്തിൽ നിർവഹിച്ചു. രൂപത പ്രസിഡന്റ് വി.ഡി. രാജു അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി മാത്യു ആര്യ പള്ളി, ജോണ്സണ് തൊഴുതുങ്കൽ, മനോജ് തലപ്പുഴ, തോമസ് ചക്കാല, റീത്ത ഇല്ലിക്കയം, ലില്ലി പെരുന്പാനിക്കൽ, മരിയ ഇഞ്ചിക്കാലായിൽ, ജോയ് പര്യാരത്ത്, പി.എ. ജെയിംസ്, കുര്യൻ കരുവള്ളിത്തറ എന്നിവർ പ്രസംഗിച്ചു.
പുൽപ്പള്ളി: മാതൃവേദി മരകാവ് സെന്റ് തോമസ് ഇടവക യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരി ഉപയോഗം ഒരു സമൂഹത്തെ എങ്ങനെ നശിപ്പിക്കുമെന്നും കുടുംബങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും ലഹരി വിരുദ്ധദിനം ഉദ്ഘാടനം ചെയ്ത് ഡയറക്ടർ ഫാ. ജെയിംസ് പുത്തൻപറന്പിൽ പറഞ്ഞു. ഫാ. പ്രദീഷ് കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. മാതൃവേദി ഭാരവാഹികളായ ദീപ തെക്കേടത്ത്, ടിൻസി തറയിൽ, സാനി മറ്റത്തിൽ, സിസ്റ്റർ വിജ കോട്ടായിൽ, ലിൻസി പള്ളത്ത് എന്നിവർ നേതൃത്വം നൽകി.
തോമാട്ടുചാൽ: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ, കുട്ടികൾക്കിടയിലെ ലഹരിവിരുദ്ധ പ്രവർത്തന വേദിയായ ജ്വാല ക്ലബിന്റെ തോമാട്ടുചാൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ക്ലബിന്റെയും ഉദ്ഘാടനം തോമാട്ടുചാൽ ഇടവക വികാരി ഫാ.വിൻസന്റ് കളപ്പുര നിർവഹിച്ചു.
വാർഷിക കർമ പദ്ധതി സണ്ഡേ സ്കൂൾ ഹെഡ്മാസ്റ്റർ വിനു വാണിയപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ലബ് കോഓർഡിനേറ്റർ ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. മനോജ് കക്കുഴി, സജീഷ് കുഴികണ്ടം, അഥീന അഴിയാത്ത്, റീന പാന്പക്കൽ, സിസ്റ്റർ സെലിൻ എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു.
കൊളവയൽ: സെന്റ് ജോർജ് എഎൽപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ എ.ജെ. ഷാജി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. മാനേജർ ഫാ.സുനിൽ തെക്കേപേര, ഹെഡ്മിസ്ട്രസ് കെ.ജെ. മിൻസിമോൾ, വിനു എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ റോസ്മിൻ, ആൻസി, സുനിത, ധന്യ, ഷീല ഉദയൻ എന്നിവർ നേതൃത്വം നൽകി.
നടവയൽ: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടവയൽ സെന്റ് തോമസ് എൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ വാരാചരണത്തിന് തുടക്കമായി. ഹെഡ് മാസ്റ്റർ പി.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. പി.ഡി. മോളി, പി.വി. മാത്യു, എമൽ മരിയ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബത്തേരി അസംപ്ഷൻ ആശുപത്രിയും വയനാട് റൗണ്ട് ടേബിളും എച്ച് സ്ക്വയർ ഫൗണ്ടേഷനും സംയുക്തമായി അഖില വയനാട് ചിത്ര രചനാ മത്സരവും ബോധവത്കരണ ക്ലാസും നടത്തി. തുടർന്ന് നടന്ന പൊതു പരിപാടി വയനാട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. മനോരോഗ വിദഗ്ധൻ ഡോ. ജോ ടുട്ടു ജോർജ് ക്ലാസെടുത്തു.
ഫാ. തോമസ് മണക്കുന്നേൽ, ഡോ. ലിസ് മാത്യു, സിസ്റ്റർ അനീസ് ഏബ്രഹാം, പ്രഫ. സ്മിത റാണി എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരേ വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും വിദ്യാർഥികളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ ജില്ല നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡി.യു. ജോസഫ് അധ്യക്ഷത വഹിച്ചു.
ജനമൈത്രി പോലീസ് ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ. സിബി, ഫാ. ജിജോ മാത്യു, ആർ. ദേവ നന്ദന, സിവിൽ പോലീസ് ഓഫീസർമാരായ ചന്ദ്രൻ, ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു. ബോധവത്കരണ കൈപുസ്തകങ്ങൾ ചടങ്ങിൽ ഡിവൈഎസ്പി വി.കെ. വിശ്വംഭരൻ സ്്കൂൾ അധികൃതർക്ക് കൈമാറി.
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ റാലി, മനുഷ്യച്ചങ്ങല എന്നിവ സംഘടിപ്പിച്ചു. മാനേജർ ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, ഹെഡ്മാസ്റ്റർ സാബു പി. ജോണ്, പിടിഎ പ്രസിഡന്റ് ജെയ്സണ് ആലവെന്തകാല എന്നിവർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്കുമാർ ക്ലാസെടുത്തു.
കല്ലോടി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ’കാവൽ-24’ എന്ന പേരിൽ ലഹരിവിരുദ്ധ പ്രവർത്തനത്തിനു തുടക്കമായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട്, എംപിടിഎ പ്രസിഡന്റ് ടി.എം. ഷൈന്റി, സ്റ്റാഫ് സെക്രട്ടറി കെ.ജെ. ധന്യമോൾ, വിദ്യാർഥി പ്രതിനിധി ആൽഫിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ലീഡർ റെന ഖദീജ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബത്തേരി ഡോണ് ബോസ്കോ കോളജ് വിദ്യാർഥികൾ ’ഡ്രീം’ പ്രോജക്ടിന്റെ ഭാഗമായി തീം ഡാൻസും വി.പി.എൻ മാളവിക നൃത്തശിൽപ്പവും അവതരിപ്പിച്ചു.
പുൽപ്പള്ളി: ലോക ലഹരി വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. തെരുവ് നാടകം, പോസ്റ്റർ രചന, പ്രതിജ്ഞ, പ്രസംഗം, ക്വിസ് മത്സരം, ബോധവത്കരണ സെമിനാർ എന്നിവ നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ആൻസ് മരിയ അധ്യക്ഷത വഹിച്ചു. സിസ്റ്റർ എൽസ, സിസ്റ്റർ ദിയ, സിസ്റ്റർ ആൻട്രീസ, ടി.യു. ഷിബു എന്നിവർ പ്രസംഗിച്ചു.