ഏതാണ് കൂടുതൽ ഭയാനകം, കൊലപാതകമോ കൊലപാതകികളെ സംരക്ഷിക്കാൻ
ഒരു ജനാധിപത്യസർക്കാർ ശ്രമിക്കുന്നതോ? രണ്ടും ഭയാനകമാണ്. പക്ഷേ, രണ്ടാമത്തേതു കൂടുതൽ ഭയാനകമാകുന്നത് അത് ഇനിയും കൊലയാളികളെ സൃഷ്ടിക്കുന്ന നിർമാണപ്രക്രിയ ആയതിനാലാണ്. സിപിഎം കത്തി താഴ്ത്തണം.
തീർച്ചയായും ചോരച്ചാലുകൾ നീന്തിക്കയറിയാണ് സിപിഎം വളർന്നത്, ഒപ്പം നിരവധി മനുഷ്യരെ ആ ചോരച്ചാലിൽ മുക്കിക്കൊല്ലുകയും ചെയ്തു. അതിൽ ഏറ്റവും പുതിയ കോടതിവിധി പെരിയ ഇരട്ടക്കൊലക്കേസിലാണ്. പക്ഷേ, കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികളിൽ മുൻ എംഎൽഎ ഉൾപ്പെടെ ആറു പാർട്ടിക്കാർ ഉണ്ടായിട്ടും പാർട്ടിക്കു പങ്കില്ലെന്നു നേതാക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെന്തിനാണു പ്രതികൾക്കുവേണ്ടി കോടികൾ ചെലവഴിക്കുകയും കൊലയാളികളെന്നു കോടതി കണ്ടെത്തിയവരെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി മേൽക്കോടതികളിൽ പോകുമെന്നു നേതാക്കൾ ആണയിടുകയും ചെയ്യുന്നതെന്ന് ആരും ചോദിക്കില്ല.
കാരണം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഉൾപ്പെടെ ‘പാർട്ടിക്കു പങ്കില്ലാത്ത’ നിരവധി കേസുകളിൽ നൽകിയ വിശദീകരണത്തിൽ കൂടുതലൊന്നും പെരിയയിൽ ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഈ പാർട്ടി ഗുണ്ടകളെ, നികുതിപ്പണത്തിൽനിന്നു കോടികൾ ചെലവഴിച്ചു സംരക്ഷിക്കുന്നതു കണ്ടുനിൽക്കേണ്ടി വരുന്നതാണ് കേരളത്തിന്റെ യഥാർഥ നിസഹായാവസ്ഥ.
2019 ഫെബ്രുവരി 17നാണ് കാസർഗോഡ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. സിപിഎം നേതാക്കളെ കൊല്ലാൻ ശ്രമിച്ച കൊടിയ കുറ്റവാളികളാണ് പെരിയയിൽ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിക്കു തെറ്റുപറ്റില്ലെന്നു ചിന്തിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചുകൊണ്ടിരിക്കുന്നത്. ആ ‘കൊലപാതക ശ്രമം’ മറ്റാർക്കും ബോധ്യപ്പെടുന്നില്ല. കാസർഗോഡ് മുന്നാട് കോളജിൽ എസ്എഫ്ഐ-കെഎസ്യു തർക്കവും തുടർന്നുണ്ടായ സംഘർഷവുമാണ് തുടക്കം. എസ്എഫ്ഐക്കാർ കോളജിൽ കെഎസ്യുക്കാരെ മർദിക്കുന്നുവെന്ന് ആരോപിച്ച് 2019 ജനുവരി അഞ്ചിന് ശരത് ലാലിന്റെ നേതൃത്വത്തിൽ മുന്നാട് കോളജിന്റെ ബസ് തടഞ്ഞു. അതിലുണ്ടായിരുന്ന എസ്എഫ്ഐക്കാരുമായി തർക്കമുണ്ടായി.
സ്ഥലത്തുണ്ടായിരുന്ന സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരനും സിപിഎമ്മുകാരൻ സുരേന്ദ്രനും പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടെ പീതാംബരന്റെ കൈ ശരത് ലാൽ പിടിച്ചു തിരിച്ചെന്നും പൊട്ടലുണ്ടായെന്നും സ്റ്റീൽ കന്പി ഇടേണ്ടിവന്നെന്നും പറഞ്ഞെങ്കിലും അതു ശരിയല്ലെന്ന് മംഗലാപുരത്തെ ആശുപത്രിയിൽനിന്നു വിവരം കിട്ടിയതായി പിന്നീട് റിപ്പോർട്ടുകൾ വന്നു. ഈ സംഭവത്തിന്റെ പേരിലാണ് ബൈക്കിൽ വരികയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും തടഞ്ഞുനിർത്തി പ്രതികൾ വെട്ടിക്കൊന്നത്. സംഘർഷത്തിനിടെ കൈ പിടിച്ചു തിരിച്ചതാവാം നേതാവിനു നേരേയുള്ള കൊലപാതകശ്രമമായി അണികൾ ചിത്രീകരിച്ചത്. പ്രതിയോഗികളെ കൊന്നുതള്ളാൻ ഇത്രയും കാരണമൊക്കെ മതിയെങ്കിൽ ഇതിനെ രാഷ്ട്രീയമെന്നു വിളിക്കരുത്.
പാർട്ടിക്കു പങ്കില്ലാത്ത കേസിൽ സിബിഐ അന്വേഷണം തടയാൻ ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും അഭിഭാഷകർക്കുവേണ്ടി 1.14 കോടി രൂപ ചെലവാക്കിയതു പാർട്ടിഫണ്ടിൽനിന്നല്ല, ക്ഷേമപെൻഷൻ പോലും കൊടുക്കാനില്ലാത്ത സർക്കാർ ഖജനാവിൽനിന്നാണ്. എന്നിട്ടും, സിബിഐ വന്നു. പാർട്ടി നേതാക്കളെ പ്രതിയാക്കുകയും ചെയ്തു. 24 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. അതിൽ ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയും ഉൾപ്പെടെ ആറു സിപിഎമ്മുകാരുണ്ട്.
പെരിയ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന എ. പീതാംബരനാണ് ഒന്നാം പ്രതി. പക്ഷേ, വിധി വന്ന ദിവസവും സിപിഎം നേതാക്കൾ മാറിമാറി പറഞ്ഞു തങ്ങൾക്കിതിൽ പങ്കില്ലെന്ന്. പക്ഷേ, കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎമ്മുകാരുടെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടി മേൽക്കോടതികളെ സമീപിക്കുമെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞത്. അക്രമരാഷ്ട്രീയത്തെ മറയ്ക്കാൻ അപഹാസ്യമല്ലാത്ത ഒരു കാരണവും ഈ നിമിഷംവരെ പാർട്ടിക്കു കണ്ടെത്താനായിട്ടില്ല.
15-ാം പ്രതി വിഷ്ണു സുര എന്ന എ. സുരേന്ദ്രൻ കോടതിയിൽ പറഞ്ഞത്, ജീവിക്കാൻ ആഗ്രഹമില്ലെന്നും വധശിക്ഷ നൽകണമെന്നുമാണ്. ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്ന, സിപിഎമ്മുകാരല്ലാത്തവർക്കു പ്രിയങ്കരരായിരുന്ന രണ്ടു യുവാക്കളെ കൊന്നവരാണെങ്കിലും ഈ പ്രതിയുടെ ആഗ്രഹം, പാർട്ടിക്കുവേണ്ടി കത്തിയും വടിവാളുമെടുക്കുന്നവർ ശ്രദ്ധയോടെ കേൾക്കണം. കാരണം, ചില കേസുകളിലെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റാനിടയുണ്ട്.
മറ്റു പ്രതികൾ കോടതിയിൽ പറഞ്ഞത് കുടുംബ പ്രാരാബ്ധങ്ങളാണ്. രണ്ടു കുടുംബങ്ങളെ അനാഥമാക്കിയവർക്ക് സ്വന്തം കുടുംബത്തോടുള്ള ഈ കരുതലിൽ കോടതി തീരുമാനമെടുക്കട്ടെ. ഏബ്രഹാം ലിങ്കന്റേതായി പറയപ്പെടുന്ന വാക്കുകളിൽ ഈ കറുത്ത ഫലിതം വായിക്കാം. “മാതാപിതാക്കളെ കൊന്നവൻ, താൻ അനാഥനായതിനാൽ കരുണ കാണിക്കണമെന്നു കോടതിയോട് യാചിക്കുന്നു.”
ഇവരെയൊക്കെ കുറ്റവാളികളാക്കിയതും അവരുടെ കുടുംബങ്ങൾക്ക് കൊലയാളികളുടെ വീടെന്ന കളങ്കമുദ്ര ചാർത്തിയതും, കലാലയങ്ങളിൽ മുതൽ പാർട്ടി നിരുത്സാഹപ്പെടുത്തിയിട്ടില്ലാത്ത അക്രമരാഷ്ട്രീയം തന്നെയാണ്. കൊലപാതകത്തിലെ പങ്കും കൊലയാളികളെ രക്ഷിക്കാനുള്ള ശ്രമവും സിപിഎം കൈയാളുന്ന അസഹിഷ്ണുതയും അക്രമവും അഴിമതിയും ഒരിക്കൽകൂടി പുറത്തു വന്നിരിക്കുന്നു. അതെല്ലാം ജനം കാണുന്നുമുണ്ട്.