മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ മാപ്പു പറച്ചിലിന്റെ ആത്മാർഥതയെയും രാഷ്ട്രീയത്തെയുമല്ല, സാധ്യതകളെയാണ് രാജ്യം പരിഗണിക്കേണ്ടത്.
മണിപ്പുരിലെ മനുഷ്യരേ, നിങ്ങളുടെ മുഖ്യമന്ത്രിയുടെ മാപ്പപേക്ഷ സ്വീകരിച്ച് ദയവായി അദ്ദേഹത്തിനു മാപ്പു കൊടുത്താലും. അദ്ദേഹത്തിന്റെ ക്ഷമാപണത്തിൽ ആത്മാർഥതയുണ്ടോയെന്നു നിങ്ങളെപ്പോലെ സംശയാലുക്കളാണ് അനേകമാളുകൾ. പക്ഷേ, 19 മാസമായി ചോരയും കണ്ണീരുമൊഴുകുന്ന, വെടിയൊച്ച നിലയ്ക്കാത്ത, വംശമേതായാലും സമാധാനമില്ലാത്ത, മരണഭയത്തെ കൊലപാതകംകൊണ്ടു തടയാൻ ശ്രമിക്കുന്നവരുടെ സായുധസംഘങ്ങളായി രൂപാന്തരപ്പെട്ട നിങ്ങളുടെ നാടിനെ വീണ്ടെടുക്കാൻ വിട്ടുവീഴ്ച ചെയ്താലും.
‘ഇന്ത്യയുടെ രത്നം’ എന്നറിയപ്പെടുന്ന നാടാണ് മണിപ്പുർ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഒരുക്കിയ ചതുപ്പിൽ ചോരയും മാംസവും പുരണ്ടുകിടക്കുന്ന ആ രത്നം നിങ്ങളുടേതാണ്. ക്ഷമയുടെ തീർഥജലമൊഴുക്കി കഴുകിയെടുക്കുക. കൈകൾ ഒഴിവില്ലെങ്കിൽ ആയുധം താഴെ വയ്ക്കൂ. പുതുവർഷത്തലേന്നാണ് മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് മാധ്യമങ്ങൾക്കു മുന്നിൽ ജനങ്ങളോടു പരസ്യമായി മാപ്പിരന്നത്. അതിന്റെ രാഷ്ട്രീയം എന്തായിരുന്നാലും, സമാധാനകാംക്ഷികളായ ഇന്ത്യക്കാർക്കു ലഭിച്ച ഏറ്റവും വിലപ്പെട്ട നവവത്സര സന്ദേശമായി അതു മാറി.
“2023 മേയ് മുതൽ നടന്ന കാര്യങ്ങളിൽ ഞാൻ ഖേദിക്കുന്നു. ഇരുന്നൂറിലധികം പേരുടെ മരണത്തിനു കാരണമായ വംശീയ കലാപത്തിന്റെ പേരിൽ ജനങ്ങളോടു മാപ്പു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കടന്നുപോയ വർഷം മുഴുവന്‍ ദൗര്ഭാഗ്യങ്ങളുടേതായതിൽ അതിയായ ഖേദമുണ്ട്. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടിവന്നു. ശരിക്കും ഖേദമുണ്ട്. ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ മൂന്നുനാലു മാസമായി സമാധാനത്തിലേക്കുള്ള യാത്രയിലാണു സംസ്ഥാനം.
പുതുവർഷത്തിൽ ക്രമസമാധാനം ശരിയായ നിലയിലാകുമെന്നാണു പ്രതീക്ഷ. സംഭവിച്ചതെല്ലാം സംഭവിച്ചു. പഴയ തെറ്റുകള്‍ മറന്ന് ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതുണ്ട്. ശാന്തവും സമ്പന്നവുമായ മണിപ്പുരിനായി എല്ലാവരും ഒരുമയോടെ മുന്നോട്ടു വരണം. മണിപ്പുരിലെ 35 വംശീയവിഭാഗങ്ങളും ഒരുമയോടെ ജീവിക്കണം.” ബിരേൻ സിംഗിന്റെ വാക്കുകളുടെ വിശ്വാസ്യതയുടെ പേരിൽ അതിനെ മുഖവിലയ്ക്കെടുക്കുകയോ തള്ളിക്കളയുകയോ ചെയ്യാം.
പക്ഷേ, തള്ളിക്കളയുന്നവർക്കു മുന്നിലും സമാധാനത്തിന്റെ വഴികളില്ലെന്നത് പ്രധാന കാര്യമാണ്. മാത്രമല്ല, കുറ്റവാളികളെയും കൊലയാളികളെയും സംരക്ഷിക്കുകയും അവരെ അഴിച്ചുവിടുകയും ചെയ്യുന്ന ഭരണാധികാരികളൊന്നും കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ബിരേൻ സിംഗിനെപ്പോലെ ജനങ്ങളോടു മാപ്പു പറയുന്നത് നാം കണ്ടിട്ടുമില്ല.
മെയ്തെയ് വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍, ഇല്ലാത്ത അധികാരമുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ കലാപമായി മാറിയത്. 2023 മേയ് മൂന്നിനു മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്നു മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.
മെയ്തെയ് തീവ്രവാദ സംഘടനകളുടെ സംരക്ഷകനെന്ന ആരോപണം ശരിവയ്ക്കുംവിധം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ജൂണിൽ പുറത്തുവരികയും ചെയ്തു. ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും ബിജെപിക്കാരനായ അദ്ദേഹത്തിനെതിരേ പാർട്ടിയോ കേന്ദ്രസർക്കാരോ നടപടിയെടുത്തില്ല. എങ്കിലും, ഈ മാപ്പുപറച്ചിലിന്റെ ആത്മാർഥതയെയോ രാഷ്ട്രീയത്തെയോ അല്ല, സാധ്യതകളെയാണ് വാസയോഗ്യമല്ലാതായ മണിപ്പുർ പരിഗണിക്കേണ്ടത്.
മുഖ്യമന്ത്രിയെപ്പോലെ പ്രധാനമന്ത്രിയും മാപ്പു പറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. മണിപ്പുർ സന്ദർശിക്കാത്ത കുറ്റകരമായ വിട്ടുനിൽപ്പ് അദ്ദേഹം ഉപേക്ഷിക്കണമെന്നതു രാജ്യത്തിന്റെയും മുഴുവൻ സമാധാനകാംക്ഷികളുടെയും ആഗ്രഹവുമായിരുന്നു. പക്ഷേ, അത്തരം അവിശ്വസനീയമായ രാഷ്ട്രീയ നിശബ്ദതയുടെ കാരണമന്വേഷിച്ചുകൊണ്ടിരുന്നാൽ മണിപ്പുരിന്റെ ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട സമയം നഷ്ടമാകും.
തന്റെ ക്ഷമാപണം ആത്മാർഥമാണെന്നും അതിൽ രാഷ്ട്രീയനിറം ചേർക്കരുതെന്നും ഇന്നലെ ബിരേൻ സിംഗ് വിശദീകരണവും നൽകി. തന്റെ മാപ്പപേക്ഷയിലെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുമെന്ന് അദ്ദേഹത്തിനുമറിയാം. ഇന്നലത്തെ വാക്കുകൾകൊണ്ടല്ല, നാളത്തെ പ്രവൃത്തികൊണ്ടാണ് അതു തെളിയിക്കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയട്ടെ.
പ്രതിപക്ഷത്തിന്റെ ആത്മാർഥതയെ ചോദ്യം ചെയ്തും, തങ്ങളാണു ശരിയെന്നു സ്ഥാപിക്കാൻ ശ്രമിച്ചും, മുഖ്യമന്ത്രിതന്നെ സ്വന്തം മാപ്പപേക്ഷയുടെ വില കെടുത്തരുത്. ഈ രാജ്യത്തിന്റെ വംശീയ-വർഗീയ കലാപചരിത്രത്തക്കുറിച്ച് നിങ്ങൾ ജനങ്ങളെ പഠിപ്പിക്കേണ്ടതില്ല. മണിപ്പുർ കലാപം അവസാനിപ്പിച്ച് നിങ്ങൾ ചരിത്രം തിരുത്തിയെഴുതിയാൽ മതി.
രാഷ്ട്രീയം അനുവദിക്കുമോയെന്നറിയില്ല; പക്ഷേ, ജനങ്ങൾക്ക് സമാധാനം വേണം. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും അപമാനിക്കപ്പെട്ട സ്ത്രീകളുടെയും പലായനം ചെയ്തവരുടെയും തകർക്കപ്പെട്ട വീടുകളുടെയും ആരാധനാലയങ്ങളുടെയും കണക്കെടുത്ത് അതു സാധ്യമല്ല. അവയെ അംഗീകരിക്കുകയും ചരിത്രത്തിനും നിയമസംവിധാനത്തിനും വിട്ടുകൊടുക്കുകയും ചെയ്യുക.
സമാനമായ കറുത്ത ദിനങ്ങളിലൂടെ നിങ്ങളുടെ അവശേഷിക്കുന്ന മക്കളും കടന്നുപോകാതിരിക്കാൻ ബിരേൻ സിംഗിനു മാപ്പു കൊടുക്കുക; വേദനയോടെയാണെങ്കിലും. പുറത്തേക്കു വഴികളൊന്നുമില്ലെങ്കിൽ പുതിയതൊന്ന് വെട്ടിത്തെളിക്കുകയേ നിവൃത്തിയുള്ളൂ. ഭരണപക്ഷവും പ്രതിപക്ഷവും സങ്കുചിത രാഷ്ട്രീയം അവസാനിപ്പിക്കണം. മനുഷ്യാവകാശ പ്രവർത്തകരും ബുദ്ധിജീവികളും എഴുത്തുകാരും മാധ്യമപ്രവർത്തകരും സാധ്യമായതെല്ലാം ചെയ്യണം.
മണിപ്പുരികൾ ആയുധം താഴെ വയ്ക്കണം. നിങ്ങൾ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ മെയ്തെയിയോ കുക്കിയോ എന്നത് നിങ്ങളുടെ ആത്മാവിൽ മറ്റൊരാൾ എഴുതിയ തിരിച്ചറിയൽ രേഖയോ അതുണ്ടാക്കിയ സ്വത്വബോധമോ ആകാം. ചോരയുടെ നിറത്തെയോ വിശപ്പിന്റെ ശമനമാർഗങ്ങളെയോ സ്വസ്ഥമായി ഉറങ്ങാനുള്ള ജൈവിക ആവശ്യത്തെയോ മാനുഷികദാഹങ്ങളെയോ സ്വാധീനിക്കാൻ അതിനൊന്നും കഴിയില്ല.
കാരണം, നാം അടിസ്ഥാനപരമായി മനുഷ്യവംശത്തിലെ കോടാനുകോടി നാന്പുകളിൽ ഒന്നു മാത്രമാണ്. എന്നിട്ടും നമ്മുടെ വംശത്തിന് എന്തെങ്കിലും മേന്മ അധികമുണ്ടെന്നു പറയുന്നത് നമുക്കുമേൽ കെട്ടിയേൽപ്പിച്ച നുണകളെ നാം ഇപ്പോഴും വിശ്വസിച്ചുകൊണ്ടിരിക്കുന്നതിനാൽ മാത്രമാണ്. സാഹോദര്യത്തെ ജനം പുൽകിയാൽ നിർവികാര രാഷ്ട്രീയത്തിനും ഭരണകൂട പിന്തണയുള്ള തീവ്രവാദ സംഘടനകൾക്കും വിജയിക്കാനാകില്ല.
സകലതും നഷ്ടപ്പെട്ട മണിപ്പുരിലെ മനുഷ്യരേ, നിങ്ങൾക്കു സമാധാനം വീണ്ടെടുക്കാനായാൽ പിന്നെ ലോകത്തൊരിടത്തും സമാധാനം അസാധ്യമല്ല. അപ്പോൾ റഷ്യയിലും യുക്രെയ്നിലും ഗാസയിലും ജറുസലേമിലും സിറിയയിലുമുള്ളവർ എവിടെയാണ് മണിപ്പുർ എന്ന് പ്രതീക്ഷയോടെ തിരക്കും. നിങ്ങൾ ഇന്ത്യയുടെ മാത്രമല്ല, ആധുനികലോകത്തിന്റെ രത്നമായി മാറും.
യുദ്ധതന്ത്രങ്ങളല്ല, സ്നേഹമന്ത്രങ്ങളാണ് ഇനിയാവശ്യം. അതു സാധ്യമാണെന്ന് അടുത്തിരിക്കുന്നവരെ ഓർമിപ്പിക്കാൻ മണിപ്പുരികൾക്കു മാത്രമല്ല, എല്ലാ പൗരന്മാർക്കും ബാധ്യതയുണ്ട്. സമാധാനം കേവലം ആശംസയല്ല.