തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനന്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല.
മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് കൈയേറ്റത്തിനെതിരേ മുനന്പത്തെ ജനങ്ങൾ നടത്തുന്ന ഐതിഹാസിക സമരത്തിന് ഒരിക്കൽകൂടി അഭിവാദ്യങ്ങൾ! തുടക്കത്തിൽ ഈ സമരത്തിൽനിന്നു മാറിനിന്നവരിൽ ഓരോരുത്തരായി മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നിട്ടും മാറ്റമില്ലാത്ത മൂന്നു കാഴ്ചകളുണ്ട്. ഒന്ന്, വഖഫ് നിയമം ഉപയോഗിച്ച് ഒരു കടലോരഗ്രാമത്തെ അപ്പാടെ തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിക്കാൻ ആരുമില്ലാതായിട്ടും പ്രതികരിക്കാതെ പതുങ്ങിയിരിക്കുന്ന വഖഫ് ബോർഡ്. രണ്ട്, മുനന്പത്തെ ഭൂമി തങ്ങളുടേതാണെന്ന സകല രേഖകളും ജനങ്ങളുടെ കൈയിലുണ്ടായിട്ടും ആ ഭൂമിക്കുമേൽ അവകാശമുന്നയിക്കാൻ വഖഫ് ബോർഡിനെ അനുവദിച്ച വഖഫ് നിയമത്തിന്, മുനന്പം വിഷയവുമായി ബന്ധമില്ലെന്നു സ്ഥാപിക്കാനുള്ള ചിലരുടെ വ്യഗ്രത.
മൂന്ന്, മുനന്പത്തെ ഇരകളെ അവഗണിച്ചും വഖഫ് ബോർഡിന്റെ അപരിഷ്കൃത നീക്കത്തിന്റെ പേരിൽ മുസ്ലിം സമുദായത്തെ അവഹേളനത്തിനു വിട്ടുകൊടുത്തും പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയം കളിക്കുന്ന സർക്കാർ. ഈ മൂന്നു കൊയ്ത്തിനും മുനന്പത്തു കൂലി കൊടുക്കാനുള്ള ശേഷി മതേതര കേരളത്തിനുണ്ട്.
മുനന്പത്തേതു വഖഫ് ഭൂമിയല്ലെന്നും സർക്കാർ വിചാരിച്ചാൽ 10 മിനിറ്റിനകം പ്രശ്നം പരിഹരിക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഞായറാഴ്ച ദീപികയോടു പറഞ്ഞത്. അതായത്, തങ്ങളുടേതല്ലാത്ത ഭൂമിക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ മതി. പക്ഷേ, ബോർഡ് മിണ്ടുന്നില്ല. ബോർഡിനെക്കൊണ്ട് അതു പറയിക്കാനോ പെട്ടെന്നു പ്രശ്നം പരിഹരിക്കാനോ സർക്കാർ തയാറായിട്ടില്ല.
മുനമ്പം ഭൂമി പ്രശ്നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗവും ആവശ്യപ്പെട്ടു. പക്ഷേ, ഭൂമിക്കുമേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ അവരും വഖഫ് ബോർഡിനോടു പറഞ്ഞതായി കേട്ടില്ല. ബോർഡിനെ തിരുത്താൻ യുഡിഎഫിനും കഴിയുന്നില്ല. ഇതെല്ലാം സംശയത്തിനു വഴിതെളിച്ചിട്ടുണ്ട്.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ പരിക്കേൽക്കുകയുമരുത്. അതിനാണ് വോട്ടെടുപ്പിനുശേഷം നവംബർ 16ന് ഒരു ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി കണ്ണിൽ പൊടിയിട്ടിരിക്കുന്നത്. നിയമ മന്ത്രി, റവന്യു മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി, വഖഫ് ബോർഡ് ചെയർമാൻ, സിഇഒ എന്നിവർ പങ്കെടുക്കും.
അതായത്, ഇരകളുടെ ഭാഗം പറയാൻ ആരുമില്ലാത്തൊരു "വഖഫ് യോഗം'! പ്രശ്നം ഉടനെയൊന്നും പരിഹരിക്കാൻ സർക്കാരിന് ഉദ്ദേശ്യമുള്ളതായി തോന്നുന്നില്ല. രാഷ്ട്രീയനഷ്ടം തങ്ങളേക്കാൾ കോൺഗ്രസിനായിരിക്കുമെന്നു സിപിഎം കരുതുന്നുമുണ്ടാകാം. വഖഫ് നിയമത്തിന് മുനന്പം ഭൂമിക്കൊള്ളയുമായി ബന്ധമുണ്ട്. മുനന്പം ഭൂമി വഖഫിന്റേതാണെന്ന് 2008ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷനെക്കൊണ്ട് എഴുതിച്ചത് വഖഫ് ബോർഡാണ്.
ജനങ്ങൾക്ക് ഭൂമി വിറ്റു കാശു വാങ്ങിയ ഫറൂക്ക് കോളജ് പ്രതിനിധികൾ ഉൾപ്പെടെ അതു വഖഫല്ലെന്നു പറഞ്ഞിട്ടും ബോർഡിന്റെ തീരുമാനം സ്ഥലം വഖഫാണെന്നായിരുന്നു. അതുതന്നെ നിസാർ കമ്മീഷനും എഴുതിവച്ചു. ഒരു പ്രത്യേക സ്വത്ത് വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിൽ നിക്ഷിപ്തമാക്കിയ 1995ലെ വഖഫ് നിയമം (സെക്ഷൻ 40 പ്രകാരം) ഇല്ലായിരുന്നെങ്കിൽ മുനന്പത്തെ മണ്ണിൽ തൊടാൻ വഖഫ് ബോർഡ് ധൈര്യപ്പെടില്ലായിരുന്നു.
അതുകൊണ്ടാണ് മുനന്പം പ്രശ്നത്തിന്റെ അടിവേരു കിടക്കുന്നത് വഖഫ് നിയമത്തിലാണെന്നു പറയുന്നത്. ഇത്തരം വകുപ്പുകളെ ഇല്ലാതാക്കുന്ന വഖഫ് നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്.
മുനന്പത്തെ ഭൂമിക്കുമേലുള്ള അവകാശവാദം വഖഫ് ബോർഡ് നിരുപാധികം ഉപേക്ഷിക്കാതെ ശാശ്വത പരിഹാരമുണ്ടാകില്ല. അതോടൊപ്പം തോന്നുന്ന ഭൂമിയൊക്കെ ഏറ്റെടുക്കാൻ വഖഫ് ബോർഡിനെ അനുവദിക്കുന്ന പ്രാകൃതനിയമം ഭേദഗതി ചെയ്യുകയും വേണം.
അല്ലെങ്കിൽ എത്ര വർഷങ്ങൾ കഴിഞ്ഞാലും കൈമാറ്റം നടത്തിയ വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നു പറഞ്ഞ് വീണ്ടും വഖഫ് ബോർഡ് രംഗത്തു വരും. മുനന്പം ഭൂമി വിവാദത്തിന്റെ നാൾവഴിയിൽ പതിഞ്ഞുകിടക്കുന്ന കറുത്ത കൈകൾ വഖഫ് ബോർഡിന്റേതാണ്.
2019ൽ വഖഫ് ബോർഡിന്റെ ആസ്തി പട്ടികയിൽ മുനന്പത്തെ കുടുംബങ്ങളുടെ വീടും സ്ഥലവും ഉൾപ്പെടുത്തി. കേസായപ്പോൾ, ഹൈക്കോടതി സിംഗിൾ ബെഞ്ച്, കുടുംബങ്ങൾക്കു പോക്കുവരവ് നടത്തിക്കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും വഖഫ് സംരക്ഷണവേദിയെന്ന മുഖംമൂടിയിട്ട് വഖഫ് ബോർഡ് ഒളിയുദ്ധം തുടങ്ങി.
അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു. സ്ഥലത്തിന്റെ അവകാശം തങ്ങൾക്കാണെന്നു കാണിച്ച് വഖഫ് ബോർഡ് 2022 ജനുവരി 13ന് റവന്യു വകുപ്പിനു നോട്ടീസ് കൊടുത്തതോടെ ബോർഡിന്റെ ശരിയത്ത് സ്വഭാവം മറനീക്കി. 600ലേറെ കുടുംബങ്ങൾ വഴിയാധാരമായി. ഇതൊക്കെ സാധ്യമാക്കിയത് ഒറ്റയൊരു നിയമമാണ്; 1995ൽ നരസിംഹ റാവു സർക്കാർ കൊണ്ടുവന്ന വഖഫ് നിയമം.
അതു ഭേദഗതി ചെയ്യേണ്ടെന്നാണ് സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. മുനന്പത്ത് ആരെയും കുടിയിറക്കില്ലെന്നും ഇതു ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നുമാണ് വഖഫ് നിയമ ഭേദഗതിക്കെതിരേ പ്രമേയം അവതരിപ്പിച്ച മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത്. ഹൈക്കോടതിയുടെ പരിഗണനയിൽ കേസ് എത്തിച്ചതിന്റെ വളഞ്ഞ വഴികൾ അറിയാവുന്നതുകൊണ്ടാവാം അദ്ദേഹവും വഖഫ് ബോർഡിനോട് വ്യാജ അവകാശവാദം പിൻവലിക്കാൻ പറയില്ല.
അല്ലെങ്കിലും മുനന്പത്തുനിന്ന് ഒരാളും കുടിയിറങ്ങില്ല. അവരുടെ സ്വത്തിന്മേലുള്ള അവകാശവാദം ഇട്ടെറിഞ്ഞ് ബോർഡാണ് വഴി മാറേണ്ടത്. മുനന്പത്തെ ഭൂമിക്കു പകരം മറ്റെവിടെയെങ്കിലും സർക്കാർ ഭൂമി സംഘടിപ്പിക്കാനാണെങ്കിൽ അതിനുവേണ്ടി മുനന്പത്തെ കരുവാക്കരുതെന്നുകൂടി ഓർമിപ്പിച്ചുകൊള്ളട്ടെ. വഖഫ് ഭൂമിയെന്ന പരാമർശം മുനന്പത്തെ ഒരിഞ്ചു ഭൂമിക്കുമേലും ഉണ്ടാകരുത്.
മുനന്പത്തെ ജനങ്ങളുടെ ഒരു ചോദ്യത്തിനും മറുപടിയില്ലാതെ വന്നതോടെയാണ് വർഗീയ കാർഡിനു കുത്തിവീഴ്ത്താൻ ചില മാധ്യമങ്ങൾ ഉൾപ്പെടെ ഒരുന്പെട്ട് ഇറങ്ങിയിരിക്കുന്നത്. അതൊന്നും പണ്ടേപോലെ ഫലിക്കില്ല. ഈ സംസ്ഥാനത്തുപോലും വർഗീയചിന്ത വ്യാപിക്കുന്നുണ്ടെങ്കിൽ അതിൽ ഇടതു-വലതു മുന്നണികളുടെ പങ്ക് അറിയാൻ ഒരു കമ്മീഷനെ തന്നെ വയ്ക്കാവുന്നതാണ്.
വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ വീടും തൊഴിലും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം രാജ്യവിരുദ്ധമാണെന്നു പറഞ്ഞ വി. അബ്ദുറഹ്മാനാണ് വഖഫ് മന്ത്രി. അദ്ദേഹത്തിന്റെ നാവ് കടമെടുത്തവർ മുനന്പത്തെ മത്സ്യത്തൊഴിലാളികളെ വർഗീയവാദികളാക്കി ചിത്രീകരിച്ചാലും അദ്ഭുതപ്പെടാനില്ല.
ഒരു കാര്യം ഉറപ്പാണ്, കേരളത്തിലെ മതമൗലിക മാധ്യമങ്ങളുടെയും കച്ചവട മാധ്യമങ്ങളുടെയും പിന്തുണയോടെയല്ല മുനന്പത്തെ മനുഷ്യർ വഖഫ് അനീതിയെ രാജ്യസമക്ഷം തുറന്നുകാണിച്ചത്. തങ്ങൾ കണ്ണടച്ചാൽ ഇരുട്ടാകില്ലെന്നു ബോധ്യം വന്നതോടെയാണ് മാറിനിന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുനന്പത്തെത്തി തുടങ്ങിയത്. നല്ലത്. തെറ്റുകൾ തിരുത്തി ഈ രാജ്യം ജാതി/മത ഭിന്നതകളില്ലാതെ ഒന്നിച്ചു നിൽക്കേണ്ടതുണ്ട്.
അതിനു തടസമായ അനീതിയുടെ നിയമക്കുരുക്കുകളിൽ ഇനിയൊരു മുനന്പവും തൂങ്ങിയാടാതിരിക്കട്ടെ. നീതിക്കുവേണ്ടി വഖഫ് ട്രിബ്യൂണലിനു മുന്നിൽ വരിനിൽക്കേണ്ടിവരുന്നവരുടെ ഇന്ത്യ മതേതരമല്ല. അതുണ്ടാകുവോളം ഈ പത്രം പിന്മാറില്ലെന്നു മുനന്പത്തിനും വാക്ക്.