സാങ്കേതികവിദ്യ നിർമിത ബുദ്ധിയോളം എത്തിയിരിക്കുന്ന കാലത്ത് സർക്കാരിന്റെ സുരക്ഷാസംവിധാനങ്ങൾക്ക് അതിനു മുന്നേ പറക്കാനാകണം. അല്ലെങ്കിൽ ഒരു ഫോണുമായി നടക്കുന്ന പക്വതയില്ലാത്ത കുട്ടികളുടെ ഭീഷണിക്കു മുന്നിൽപോലും രാജ്യങ്ങൾ തലകുനിച്ചു നിൽക്കേണ്ടിവരും.
ഇന്ത്യൻ വിമാനങ്ങൾക്കു തുടർച്ചയായി ബോംബ് ഭീഷണിയുണ്ടാകുന്ന വിശദീകരിക്കാനാവാത്ത സംഭവത്തിനു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ഇതു യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയും ഭീഷണി തടയാനാകാത്തത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരിക്കുന്നു.
ഞായറാഴ്ച മാത്രം ഇന്ത്യൻ എയർലൈനുകളുടെ 25 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. ആരുടെയെങ്കിലും മനോവൈകല്യമോ സാമൂഹികവിരുദ്ധതയോ ആണെങ്കിൽപോലും രാജ്യത്തെ മുൾമുനയിൽ നിർത്തുന്നവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം.
ഇതിന്റെ പേരിൽ വിമാനക്കന്പനികൾക്കു കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടാകം. പക്ഷേ, ടിക്കറ്റ് നിരക്കു വർധിപ്പിച്ച് നഷ്ടമത്രയും വരും ദിവസങ്ങളിൽ യാത്രക്കാരിൽനിന്ന് ഈടാക്കാൻ കന്പനികളെ അനുവദിക്കുകയുമരുത്. ഒരാഴ്ചയ്ക്കിടെ നൂറിനടുത്ത് ഭീഷണികൾ ഉണ്ടായി. ഇതിൽ 46 ഭീഷണിയുമെത്തിയത് ഒരേ എക്സ് അക്കൗണ്ടിൽനിന്നാണ്.
ആഭ്യന്തര വിമാന സർവീസുകളായ എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, അകാശ എയർ, അലയൻസ് എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയ്ക്കും അന്താരാഷ്ട്ര വിമാനക്കന്പനികളായ അമേരിക്കൻ എയർലൈൻസ്, ജെറ്റ് ബ്ലൂ, എയർ ന്യൂസിലാൻഡ് എന്നിവയ്ക്കും ഭീഷണിസന്ദേശമെത്തി.
ഞായറാഴ്ച 240 യാത്രക്കാരുമായി ഡൽഹിയിൽനിന്നു ഫ്രാങ്ക്ഫർട്ടിലേക്കു പുറപ്പെട്ട യുകെ 25 ബോയിംഗ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം യാത്ര തുടരാൻ തീരുമാനിച്ചെങ്കിലും ബോംബ് ഭീഷണിയുള്ളതിനാൽ തങ്ങൾക്കു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നത് അഫ്ഗാനിസ്ഥാൻ തടഞ്ഞതോടെ ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു.
കോഴിക്കോട്ടും കൊച്ചിയിലും വ്യാജ ഭീഷണി ഉണ്ടായി. ഇതുവരെയുള്ളതെല്ലാം വ്യാജഭീഷണികളായിരുന്നെങ്കിലും പ്രോട്ടോകോൾ അനുസരിച്ചുള്ള പരിശോധനകൾ നടത്തേണ്ടിവരികയാണ്. തുടക്കത്തിൽ സന്ദേശമയച്ചിരുന്ന ഛത്തീസ്ഗഡ് സ്വദേശിയായ പതിനേഴുകാരൻ പോലീസ് പിടിയിലായിരുന്നു.
പണമിടപാടിൽ പിണങ്ങിയ സുഹൃത്തിനെ കുടുക്കാൻ അയാളുടെ പേരിൽ എക്സിൽ വ്യാജ അക്കൗണ്ട് തുടങ്ങി അതിൽനിന്നു സന്ദേശം അയയ്ക്കുകയായിരുന്നു. പ്രതിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു കൈമാറി. പക്ഷേ, ഭീഷണി തുടർന്നുമുണ്ടായി. ഭീഷണികൾക്കു പിന്നിൽ കുട്ടികളാവാമെന്നാണ് നിഗമനം. പക്ഷേ, യുദ്ധങ്ങളുടെയും തീവ്രവാദ ഭീഷണിയുടെയും പശ്ചാത്തലത്തിൽ ഒരു സന്ദേശവും അവഗണിക്കാനാവാത്ത സ്ഥതിയുണ്ട്.
വിമാനങ്ങൾക്കു പുറമേ കർണാടക ബെളഗാവി സാംബ്ര വിമാനത്താവളത്തിനു നേരേയും അതിനുമുന്പ്, മുംബൈ-ഹൗറ ട്രെയിനിനു നേർക്കും ബോംബ് ഭീഷണിയുണ്ടായി. ഇവയും വ്യാജമാണെന്നു സ്ഥിരീകരിച്ചു. വിമാനക്കന്പനികൾക്കു കോടികളുടെ നഷ്ടമുണ്ടാകുന്നുണ്ട്.
യാത്രക്കാർക്കുള്ള താമസവും ഭക്ഷണവും അടിയന്തര ലാൻഡിംഗിൽ ഇന്ധനം കത്തിച്ചുകളയുന്നതും ജീവനക്കാരെ മാറ്റി നിയോഗിക്കുന്നതുമൊക്കെ കുറെ വിമാനങ്ങളുടെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇതിലൊന്നും ഉത്തരവാദികളല്ലാത്ത യാത്രക്കാർ പരിഹാരം ചെയ്യേണ്ടിവരില്ലെന്നു സർക്കാർ ഉറപ്പാക്കണം.
ദീപാവലി, ക്രിസ്മസ്, ന്യൂഇയർ സമയത്ത് മലയാളികൾ ഉൾപ്പെടെ നാട്ടിലെത്താൻ കാത്തിരിക്കുന്ന യാത്രക്കാരെ ടിക്കറ്റ് നിരക്കു വർധിപ്പിച്ച് പിഴിയരുത്. വ്യോമയാന മന്ത്രാലയം അടിയന്തരയോഗം ചേരുകയും വ്യോമയാന സുരക്ഷാ ചുമതലയുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് (ബിസിഎഎസ്) വ്യോമയാന കമ്പനി സിഇഒമാരുടെ യോഗം വിളിക്കുകയുമൊക്കെ ചെയ്തെങ്കിലും പരിഹാരമായിട്ടില്ല.
ഭീഷണിക്കു പിന്നിലുള്ളവരെ ശിക്ഷിക്കും, യാത്രാനിരോധനം ഏർപ്പെടുത്തും തുടങ്ങിയ മുന്നറിയിപ്പുകൾ ഫലിച്ചിട്ടുമില്ല. സാങ്കേതികവിദ്യ നിർമിത ബുദ്ധിയോളം എത്തിയിരിക്കുന്ന കാലത്ത് സർക്കാരിന്റെ സുരക്ഷാസംവിധാനങ്ങൾക്ക് അതിനു മുന്നേ പറക്കാനാകണം. അല്ലെങ്കിൽ ഒരു ഫോണുമായി നടക്കുന്ന പക്വതയില്ലാത്ത കുട്ടികളുടെ ഭീഷണിക്കു മുന്നിൽപോലും രാജ്യങ്ങൾ തലകുനിച്ചു നിൽക്കേണ്ടിവരും.
കുറ്റവാളികളുടെയും തീവ്രവാദികളുടെയും കൈയിലെത്തിയാൽ ആപത്ത് പ്രവചനാതീതമാകും. അതിന്റെയൊക്കെ ചെറിയൊരു സാന്പിൾ മാത്രമാണ് ഇപ്പോഴത്തെ ബോബ് ഭീഷണികളെന്നു തിരിച്ചറിഞ്ഞ് ഭാവി സുരക്ഷിതമാക്കേണ്ടതുണ്ട്. കാര്യം നിസാരമല്ല.