28 ലക്ഷം ഇന്ത്യക്കാർ കാനഡയിലുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ എണ്ണം മാത്രം 4,27,000. കാര്യം നിസാരമല്ല.
ഇന്ത്യയും കാനഡയുമായുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഇന്ത്യക്കെതിരേ ഉപരോധം ഏർപ്പെടുത്താൻ മടിക്കില്ലെന്ന് കാനഡ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അമേരിക്ക ഉൾപ്പെടെ കാനഡയ്ക്കുവേണ്ടി പ്രതികരിച്ചിരിക്കുന്നത്. ഈ നയതന്ത്രയുദ്ധത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ചോദ്യം സർക്കാരിനു രാഷ്ട്രീയമാണ്. അതേസമയം, അവിടെയുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് അവരുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ്.
അതുകൊണ്ട്, വിഷയം കൂടുതൽ രാജ്യങ്ങൾ ഏറ്റെടുത്തു സങ്കീർണമാക്കുന്ന സ്ഥിതിവിശേഷത്തെ സർക്കാർ ഗൗരവത്തിലെടുക്കണം. 2023 ജൂൺ 18ന് ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഗുരുദ്വാരയ്ക്കു സമീപം വെടിയേറ്റു കൊല്ലപ്പെട്ടതാണ് തുടക്കം.
കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുകയും തെളിവുണ്ടെന്നു പറയുകയും ചെയ്തെങ്കിലും ഇതുവരെ തെളിവുകളൊന്നും കൈമാറിയില്ല. കേസിൽ നാല് ഇന്ത്യക്കാർ കനേഡിയൻ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർക്കെതിരേയും തെളിവുകൾ പുറത്തുവിടുകയോ കോടതിയിൽ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.
ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ്കുമാർ വർമ അടക്കമുള്ള നയതന്ത്രജ്ഞർക്ക് കൊലപാതകത്തിൽ പങ്കാളിത്തമുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രൂഡോ ആരോപിച്ചത് പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ഹൈക്കമ്മീഷണർ അടക്കം ആറ് നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ച ഇന്ത്യ, കാനഡയുടെ ആറ് നയതന്ത്രജ്ഞരോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മേധാവി മൈക്ക് ദുഹോം സിഖ് സമൂഹത്തോട്, നിജ്ജാർ വധം സംബന്ധിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടതു വിചിത്രമായി. തങ്ങളുടെ കൈയിൽ തെളിവുണ്ടെന്നു പറഞ്ഞ കാനഡ ഇപ്പോൾ അതു ശേഖരിക്കാൻ ശ്രമിക്കുകയാണ്.
തെളിവുകൾ ഉണ്ടെന്നും ഇല്ലെന്നും മാറ്റിപ്പറഞ്ഞ് വിഷയത്തെ സജീവമാക്കി നിർത്താൻ ട്രൂഡോ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ കരുതിയാണ്. ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാതിരുന്ന മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോയുടെ പുത്രനാണ് ജസ്റ്റിൻ ട്രൂഡോ എന്നതു പശ്ചാത്തലം.
2021ൽ മൂന്നാം തവണയും അധികാരമേറ്റ ജസ്റ്റിന്റെ ലിബറൽ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്നില്ല. 338ൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 170നു പകരം 154 സീറ്റ് മാത്രമാണ് ട്രൂഡോയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. അന്നു സഹായിച്ചത് ഖലിസ്ഥാൻ നേതാവ് ജഗ്മീത് സിംഗിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) യായിരുന്നു.
24 സീറ്റുണ്ടായിരുന്ന എൻഡിപി പുറത്തുനിന്നു പിന്തുണച്ചു. പക്ഷേ, കഴിഞ്ഞ സെപ്റ്റംബറില് എന്ഡിപി പിന്തുണ പിൻവലിച്ചതോടെ ട്രൂഡോ അധികാരം നഷ്ടപ്പെടുമോയെന്ന ആധിയിലാണ്. പല രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ആർഎസ്എസ് തീവ്രവാദ സംഘടനയാണെന്നും അവരെ കാനഡയിൽ നിരോധിക്കണമെന്നും, ഇന്ത്യൻ നയതന്ത്രജ്ഞർ കാനഡയിൽ അക്രമപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ടെന്നും ഇന്ത്യക്കെതിരേ ഉപരോധം ഏർപ്പെടുത്തണമെന്നും ജഗ്മീത് സിംഗ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ആർഎസ്എസ് വർഗീയ സംഘടനയാണെന്നു നിരീക്ഷിക്കുന്നവരുടെ എണ്ണം മേൽപ്പറഞ്ഞ രാജ്യങ്ങളിൽ അത്ര കുറവല്ലെന്നും ജഗ്മീതിനറിയാം. തങ്ങൾക്കെതിരേയുള്ള വിഘടനവാദക്കറയിൽനിന്നു ശ്രദ്ധ മാറ്റാൻ അയാളത് ഉപയോഗിക്കുകയും ചെയ്യും. ഖലിസ്ഥാൻ അനുകൂലികൾ കാനഡയുടെ ജനാധിപത്യം ഉപയോഗിച്ച് ലോബികൾ സൃഷ്ടിക്കുകയും അതു വോട്ടുബാങ്കുകളാക്കി മാറ്റുകയും ചെയ്തെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ കഴിഞ്ഞ മേയിലെ നിരീക്ഷണം കൃത്യമാണ്.
അതായത്, നിജ്ജാറിനെ കൊന്നത് ഇന്ത്യയാണെന്നു വിശ്വസിക്കുന്ന എൻഡിപിയെ പിണക്കാൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് എളുപ്പമല്ല. കാനഡ ഇന്ത്യക്കെതിരേ ഉപരോധം ഏർപ്പെടുത്തിയാൽ പോലും തിരിച്ചടിക്കാൻ ഇന്ത്യക്കു സാധിക്കും. നഷ്ടം കാനഡയ്ക്കും ഉറപ്പാണ്. പക്ഷേ, കാനഡയെ കൂടാതെ ബ്രിട്ടൻ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന "ഫൈവ് ഐസ്' കൂട്ടായ്മ ഒറ്റക്കെട്ടായി കാനഡയ്ക്കൊപ്പം നിലകൊണ്ടിരിക്കുന്നു.
കാനഡയുടെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഗൗരവമുള്ളതാണെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും നിയമവാഴ്ചയും അംഗീകരിക്കണമെന്നും നിജ്ജാർ വധക്കേസിലെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു പക്ഷേ, അതു കാനഡയോടുള്ള ഗ്രൂപ്പിന്റെ ഐക്യദാർഢ്യമായിരിക്കാം. അതിനപ്പുറമൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ട ജോലികൂടി ഇപ്പോൾ ഇന്ത്യക്കുണ്ട്.
ഖലിസ്ഥാൻ വിഘടനവാദികൾ ഇന്ത്യക്കു വരുത്തിവച്ചിട്ടുള്ള നാശങ്ങൾ ചെറുതല്ല. ഇന്ദിരാഗാന്ധിയെ വധിച്ചവർ അന്നുമിന്നും തീവ്രവാദ പാതയിൽതന്നെയാണ്. ബുദ്ധിപൂർവമായി മാത്രം നീങ്ങുകയാണ് ഇന്ത്യക്കു കരണീയം. കാനഡയുമായി മാത്രമല്ല അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിലവിലുള്ള നല്ല ബന്ധം വഷളാകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ കാനഡയിലുണ്ട്. അതിൽ 7,70,000 പേരും സിഖുകാരാണ്. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ എണ്ണം മാത്രം 4,27,000. കാര്യം നിസാരമല്ല. ഇന്ത്യയുടെ സമ്മർദങ്ങളും പ്രതികരണങ്ങളും തന്ത്രപരമായിരിക്കണം. അതു കീഴടങ്ങലല്ല, നയതന്ത്രവിജയമാണ്.