കൊല്ലത്തിന് വിജയാഭിഷേകം
തോമസ് വർഗീസ്
Monday, September 1, 2025 1:17 AM IST
കാര്യവട്ടം: വിജയ് വിശ്വനാഥിന്റെ തകർപ്പൻ ബൗളിംഗിന്റെയും ഓപ്പണർ അഭിഷേക് നായരുടെ മികച്ച ബാറ്റിംഗിന്റെയും ബലത്തിൽ കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി20യിൽ കൊല്ലം സെയ്ലേഴ്സിന് ട്രിവാൻഡ്രം റോയൽസിനെതിരേ ഏഴു വിക്കറ്റിന്റെ മിന്നും ജയം.
179 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലം 17.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് േനടിയ വിജയ് ആണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ട്രിവാൻഡ്രം റോയൽസ്: 20 ഓവറിൽ 178/6. കൊല്ലം സെയ്ലേഴ്സ് 17.3 ഓവറിൽ 181/3.
കളിമറന്ന് മധ്യനിര
ഇന്നലത്തെ ആദ്യ മത്സരത്തിൽ ടോസ് നേടിയ കൊല്ലം ട്രിവാൻഡ്രത്തെ ബാറ്റിംഗിന് അയച്ചു. ട്രിവാൻഡ്രത്തിന്റെ ഓപ്പണിംഗ് ബാറ്റർമാർ മികച്ച തുടക്കം നൽകി. വിഷ്ണുരാജ്- കൃഷ്ണപ്രസാദ് കൂട്ടുകെട്ട് 8.4 ഓവറിൽ 76 റണ്‍സ് അടിച്ചെടുത്തു. വിജയ് വിശ്വനാഥ് ട്രിവാൻഡ്രം ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ എൽബിഡബ്ല്യുവിൽ കുടുക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തിൽ ആറ് ഫോർ ഉൾപ്പെടെ 35 റണ്‍സ് കൃഷ്ണപ്രസാദ് നേടി. സ്കോർ 97ൽ നിൽക്കേ ട്രിവാൻഡ്രത്തിനു രണ്ടാം വിക്കറ്റ് നഷ്ടമായി. 25 പന്തിൽ രണ്ട് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 35 റണ്‍സ് നേടിയ വിഷ്ണുരാജും വിജയ്യുടെ പന്തിൽ പുറത്ത്.
അബ്ദുൾ ബാസിതിനെയും (2) വിജയ് പവലിയനിലേക്ക് അയച്ചതോടെ ട്രിവാൻഡ്രം 13 ഓവറിൽ മൂന്നിന് 105. എം. നിഖിലിനെ (17 പന്തിൽ 26) എ.ജി. അഖിൽ വത്സൽ ഗോവിന്ദിന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ സഞ്ജീവ് സതിരേശനും (20 പന്തിൽ 34) അഭിജിത് പ്രവീണും (16 പന്തിൽ 20) പുറത്താകാതെ നടത്തിയ പോരാട്ടമാണ് ട്രിവാൻഡ്രം സ്കോർ 178ൽ എത്തിച്ചത്.
മറുപടി കൂട്ടുകെട്ട്
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന്റെ ഓപ്പണിംഗ് സഖ്യം വിഷ്ണു വിനോദും അഭിഷേക് ജെ. നായരും ചേർന്ന് അഞ്ചാം ഓവറിൽ സ്കോർ 50 കടത്തി. 33 റണ്‍സെടുത്ത വിഷ്ണു വിനോദിനെ ആസിഫ് സലാം വിഷ്ണുരാജിന്റെ കൈകളിലെത്തിച്ചു. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി മികച്ച ബാറ്റിംഗ് നടത്തിയപ്പോൾ അഭിഷേക് നായർ ശക്തമായ പിന്തുണ നല്കി. ഇരുവരും ചേർന്നുള്ള 74 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കൊല്ലത്തിന്റെ വിജയത്തിന് അടിത്തറയിട്ടു.

25 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമുൾപ്പെടെ 46 റണ്‍സെടുത്ത സച്ചിനെ ടി.എസ്. വിനിൽ അജിത് വാസുദേവന്റെ കൈകളിലെത്തിച്ചു. 14-ാം ഓവറിലെ ആദ്യ പന്തിൽ ഒരു റണ്‍സ് എടുത്ത് അഭിഷേക് നായർ അർധ സെഞ്ചുറി തികച്ചു.
15.2-ാം ഓവറിൽ ആഷിക് മുഹമ്മദ് (8 പന്തിൽ 23) അജിത് വാസുദേവന്റെ പന്തിൽ ക്ലീൻ ബൗൾഡ്. തുടർന്ന് ഷറഫുദ്ദീനുമൊത്ത് അഭിഷേക് കൊല്ലത്തെ വിജയത്തിലേക്കെത്തിച്ചു.
47 പന്തിൽനിന്ന് രണ്ട് സിക്സും അഞ്ചു ഫോറും ഉൾപ്പെടെ 60 റണ്‍സുമായി അഭിഷേകും ആറു പന്തിൽ 15 റണ്‍സുമായി ഷറഫുദ്ദീനും പുറത്താകാതെ നിന്നു.
ട്രിവാൻഡ്രം ഒൗട്ട്
കാര്യവട്ടം: കെസിഎൽ ട്വന്റി20 പോരാട്ടത്തിന്റെ രണ്ടാം സീസണ് നോക്കൗട്ട് കാണാതെ അദാനി ട്രിവാൻഡ്രം റോയൽസ് പുറത്ത്. ഇന്നലെ ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ ഏഴു വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ട്രിവാൻഡ്രം നോക്കൗട്ട് കാണില്ലെന്ന് ഉറപ്പായത്. എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ട്രിവാൻഡ്രത്തിന് ഇതുവരെ ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചത്.
എട്ട് മത്സരങ്ങളിൽ ഒരു ജയവും ഏഴ് തോൽവിയുമായി രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ട്രിവാൻഡ്രം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാലും ആറ് പോയിന്റിൽ എത്താനേ ട്രിവാൻഡ്രത്തിനു സാധിക്കൂ. ലീഗ് ടേബിളിൽ ആദ്യ നാല് സ്ഥാനക്കാരാണ് നോക്കൗട്ടിൽ പ്രവേശിക്കുക.