നാണംകെട്ട് മാഞ്ചസ്റ്റർ
Friday, August 29, 2025 1:40 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചരിത്ര നാണക്കേട്. ലീഗ് കപ്പ് രണ്ടാം റൗണ്ടില്‍ നാലാം ഡിവിഷന് ക്ലബ്ബായ ഗ്രിംസ്ബി ടൗണിനോട് മാരത്തണ്‍ ഷൂട്ടൗട്ടിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി പരാജയപ്പെട്ടു.
നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീണ്ടത്. ആദ്യ പകുതിയില്‍ 2-0നു പിന്നിലായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബ്രയാന്‍ എംബ്യൂമോ (75’), ഹാരി മഗ്വയര്‍ (89’) എന്നിവരുടെ ഗോളുകളിലൂടെ സമനിലയില്‍ എത്തുകയായിരുന്നു.
26 പെനാല്‍റ്റി കിക്ക്
ഷൂട്ടൗട്ടില്‍ 26 കിക്ക് വരെ നീണ്ടതിനുശേഷമാണ് ഗ്രിംസ്ബി ടൗണ്‍ 12-11ന്റെ ജയം നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഏതെങ്കിലും ഒരു കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം ഡിവിഷന് ക്ലബ്ബിനോട് പരാജയപ്പെട്ട് പുറത്താകുന്നത്.