ക്വാർട്ടർ ഫൈനലിന് ഒരുങ്ങി ജ്യോതിനികേതൻ
Monday, September 1, 2025 1:13 AM IST
ആലപ്പുഴ: കേരള ബാസ്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 50-ാമത് സബ് ജൂനിയർ കേരള സ്റ്റേറ്റ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് 2025 നോക്ക് ഒൗട്ട് മത്സര വേദിയായി. കപ്പക്കട പുന്നപ്രയിലെ ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ മത്സരങ്ങൾ നടക്കും.
ആതിഥേയരായ ആലപ്പുഴ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആലപ്പുഴ ആണ്‍കുട്ടികൾ പത്തനംതിട്ടയെ വീഴത്തിയതിനു പിന്നാലെ (70-34) സ്കോറിന് കോഴിക്കോടിനെയും തോൽപ്പിച്ചു.
വൈകുന്നേരം നടന്ന മത്സരത്തിൽ വയനാടിനെ (80-27)ന് തോൽപ്പിച്ചു പൂൾ ഡിയിൽ ഒന്നാം സ്ഥാനക്കാരായി. പെണ്‍കുട്ടികൾ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
ക്വാർട്ടർ ഫൈനൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പൂൾ ഡിയിൽ ആലപ്പുഴയെ കൂടാതെ കോഴിക്കോട്- പത്തനംതിട്ട വിജയികളും ഇടം നേടും. പൂൾ എയിൽനിന്ന് കോട്ടയം, കണ്ണൂർ, പൂൾ ബി തൃശൂർ, പാലക്കാട്, പൂൾ സിയിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവരും അവസാന എട്ടിൽ ഇടം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പൂൾ എയിൽനിന്ന് ആലപ്പുഴയും, മലപ്പുറവും പൂൾ ബിയിൽനിന്ന് കോഴിക്കോടും കണ്ണൂരും, സിയിൽനിന്ന് കോട്ടയവും എറണാകുളവും പൂൾ ഡിയിൽനിന്ന് തൃശൂരും കൊല്ലവും ക്വാർട്ടർ ഫൈനലിൽ കടന്നു.