ഏഷ്യാ കപ്പ് ഹോക്കി: മുന്നേറ്റം തുടര്ന്ന് ഇന്ത്യ
Monday, September 1, 2025 1:13 AM IST
രാജ്ഗീർ (ബിഹാർ): രാജ്ഗിർ: ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ജയം. ലോക റാങ്കിംഗിൽ ഏഴാം സ്ഥാനക്കാരും ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരുമായ ഇന്ത്യ 3-2ന് ജപ്പാനെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ ഇരട്ട ഗോളും മൻദീപ് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
കസാക്കിസ്ഥാനെ 7-0ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ മത്സരത്തിനിറങ്ങിയ ജപ്പാനെ ഇന്ത്യൻ സംഘം തന്ത്രപരമായ നീക്കത്തിലൂടെ തളച്ചു. പൂൾ എയിൽ ഇന്ത്യ ഇന്ന് അവസാന മത്സരം കസാക്കിസ്ഥാനെതിരേ കളിക്കും. ജയം നേടിയാൽ സൂപ്പർ 4ലേക്ക് തോൽവിയറിയാതെ പ്രവേശിക്കാം.
നേരത്തേ കസാക്കിസ്ഥാനെ 13-1ന് പരാജയപ്പെടുത്തിയ ചൈനയാണ് ജപ്പാന്റെ അടുത്ത മത്സരത്തിലെ എതിരാളി.
ആദ്യ മത്സരത്തിൽ ഇന്ത്യ 4-3ന് ചൈനയെ തോൽപിച്ചിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ ഹാട്രിക് പെനാൽറ്റി കോർണറുകളാണ് ആതിഥേയർക്ക് വിജയവഴി ഒരുക്കി നൽകിയത്. 20, 33, 47 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീതിന്റെ ഗോളുകൾ. 18-ാം മിനിറ്റിൽ ജുഗ്രാജ് സിംഗും ഇന്ത്യക്കായി ഗോൾ നേടി.