ദുലീപ് ട്രോഫി: സെമി ലൈനപ്പായി
Monday, September 1, 2025 1:13 AM IST
ബംഗളൂരു: ദുലീപ് ട്രോഫി സെമി ഫൈനൽ ലൈനപ്പായി. സെപ്റ്റംബർ നാലിന് നടക്കുന്ന ആദ്യ സെമിയിൽ നോർത്ത് സോണ്‍ സൗത്ത് സോണിനെ നേരിടും. വെസ്റ്റ് സോണും സെൻട്രൽ സോണും തമ്മിലാണ് രണ്ടാം സെമി ഫൈനൽ. നോർത്ത് സോണ്‍- ഈസ്റ്റ് സോണ്‍ ക്വാർട്ടർ മത്സരവും സെൻട്രൽ സോണ്‍- നോർത്ത് ഈസ്റ്റ് സോണ്‍ മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ നോർത്ത് സോണും സെൻട്രൽ സോണും സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു.
നോർത്ത് ഈസ്റ്റ് സോണിനെതിരേ 347 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് സെൻട്രൽ സോണ്‍ നേടിയിരുന്നത്. സെൻട്രൽ സോണ്‍ ഒന്നാം ഇന്നിംഗ്സ് നാലിന് 532 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗിൽ നോർത്ത് ഈസ്റ്റ് സോണ്‍ 185ന് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ സെൻട്രൽ സോണ്‍ ഏഴിന് 331 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. തുടർന്ന് നോർത്ത് ഈസ്റ്റ് ആറിന് 200 എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈസ്റ്റ് സോണ്‍- നോർത്ത് സോണ്‍ മത്സരവും സമനിലയിൽ അവസാനിച്ചു. നോർത്ത് സോണ്‍ നാലാം ദിനം നാലിന് 658 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. പിന്നാലെ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരത്തിൽ നോർത്ത് സോണിന് 833 റണ്‍സ് ലീഡായിരുന്നു.
ദക്ഷിണമേഖലയെ നയിക്കാൻ മുഹമ്മദ് അസറുദ്ദീൻ
മുംബൈ: നോർത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമി ഫൈനലിൽ ദക്ഷിണ മേഖലാ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീൻ നയിക്കും. ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യൻ താരം തിലക് വർമ ഏഷ്യാ കപ്പ് ടീമിലുള്ളതിനാൽ ദുലീപ് ട്രോഫിയിൽ നിന്ന് പിൻമാറിയതോടെയാണ് കേരള ക്രിക്കറ്റ് ലീഗീൽ ആലപ്പി റിപ്പിൾസ് നായകനായ മുഹമ്മദ് അസറുദ്ദീനെ ദക്ഷിണമേഖല നായകനായി തെരഞ്ഞെടുത്തത്.

തമിഴ്നാട് താരം എൻ. ജഗദീശനെ പുതിയ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ദക്ഷിണ മേഖല ടീമിലുൾപ്പെട്ട തമിഴ്നാട് സ്പിന്നർ സായ് കിഷോറിന് പരിക്കേറ്റതിനാൽ സെമിഫൈനൽ മത്സരം നഷ്ടമാകും.