അല്‍കരാസ്, സബലെങ്ക മുന്നോട്ട്
Friday, August 29, 2025 1:40 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്മാരായ കാര്‍ലോസ് അല്‍കരാസ്, അരീന സബലെങ്ക, ജെസീക്ക പെഗുല തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ അല്‍കരാസ് രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ മാറ്റിയ ബെല്ലൂച്ചിയെ കീഴടക്കി.
സ്കോര്‍: 6-1, 6-0, 6-3. അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, ഫ്രാന്‍സെസ് തിയാഫോ, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് തുടങ്ങിയവരും മൂന്നാം റൗണ്ടില്‍ ഇടം നേടി.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്റെ അരീന സബലെങ്ക രണ്ടാം റൗണ്ടില്‍ റഷ്യയുടെ പോളിന കുഡെര്‍മെറ്റോവയെ കീഴടക്കിയാണ് മൂന്നാം റൗണ്ടില്‍ എത്തിയത്.
സ്കോര്‍: 7-6 (7-4), 6-2. ഏഴാം സീഡ് ഇറ്റലിയുടെ ജാസ്മിന് പൗളിനി, അഞ്ചാം സീഡ് റഷ്യയുടെ മിറ ആന്‍ഡ്രീവ, 10-ാം സീഡ് അമേരിക്കയുടെ എമ്മ നവാരോ, ഒമ്പതാം സീഡ് കസാക്കിസ്ഥാന്റെ എലെന റെബാകിന തുടങ്ങിയവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
ഡ്രെപ്പര്‍, റൂഡ് പുറത്ത്
പുരുഷ സിംഗിള്‍സില്‍ അഞ്ചാം സീഡായ ജാക് ഡ്രെപ്പര്‍ പരിക്കിനെത്തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ കളത്തില്‍ എത്തിയില്ല. അതോടെ എതിരാളിയായ സിസൗ ബെര്‍ഗ്സ് മൂന്നാം റൗണ്ടിലേക്കു മുന്നേറി. 11-ാം സീഡ് ഹോള്‍ഗര്‍ റൂണ്, 12-ാം സീഡ് കാസ്പര്‍ റൂഡ്, 16-ാം സീഡ് ജാക്കൂബ് മെന്‍ഷിക് തുടങ്ങിയ മുന്‍നിരക്കാരും രണ്ടാം റൗണ്ടില്‍ പുറത്തായി.
ജര്‍മനിയുടെ ജാന്‍ ലെനാര്‍ഡ് സ്ട്രഫിനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റൂണ് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 7-6 (7-5), 2-6, 6-3, 4-6, 7-5. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ബെല്‍ജിയത്തിന്റെ റാഫേല്‍ കൊളിഗ്നണ് ആണ് റൂഡിനെ തോല്‍പ്പിച്ചത്.