നവജീവന്‍ ഇന്ത്യ
Friday, August 29, 2025 1:40 AM IST
ഹിസോര് (തജിക്കിസ്ഥാന്‍): സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (കാഫ) 2025 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്നു കളത്തില്‍.
പുതിയ കോച്ച് ഖാലിദ് ജമീലിന്റെ ശിക്ഷണത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലഭിച്ചിരിക്കുന്ന സ്വദേശി മുഖ്യപരിശീലകനു കീഴില്‍ നവജീവന്‍ ലക്ഷ്യംവച്ചാണ് നീലക്കടുവകള്‍ കളത്തിലിറങ്ങുക. ഗ്രൂപ്പ് ബിയില്‍ ആതിഥേയരായ തജിക്കിസ്ഥാനാണ് ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. രാത്രി 9.00ന് ആണ് കിക്കോഫ്.
ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് തങ്ങളുടെ കളിക്കാരെ ഇന്ത്യന്‍ ക്യാമ്പിലേക്കു റിലീസ് ചെയ്തിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയാണ് ഖാലിദ് ജമീല്‍ ടീമിനെ സജ്ജമാക്കിയത്. പ്രതിരോധത്തില്‍ മുഹമ്മദ് ഉവൈസ്, മധ്യനിരയില്‍ ആഷിഖ് കുരുണിയന്, മുന്നേറ്റത്തില്‍ എം.എസ്. ജിതിന് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.