ജോക്കോ നാലാം റൗണ്ടിൽ
Monday, September 1, 2025 1:13 AM IST
ന്യൂയോർക്ക്: പ്രായത്തെയും പരിക്കുകളെയും വെല്ലുവിളിച്ചുള്ള നൊവാക് ജോക്കോവിച്ചിന്റെ ഗ്രാൻഡ് സ്ലാം കിരീട പോരാട്ടം തുടരുന്നു. യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് മൂന്നാം റൗണ്ടിൽ ബ്രിട്ടിഷ് താരം കാമറൂണ്‍ നോറിയെ 6-4, 6-7, 6-2, 6-3 സ്കോറിന് മറികടന്ന സെർബിയൻ താരം ജോക്കോ ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടന്നു.
ഇതോടെ 34 വർഷത്തിനിടെ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് നാലാം റൗണ്ടിലെത്തുന്ന പ്രായം കൂടിയ താരമെന്ന നേട്ടവും മുപ്പത്തിയെട്ടുകാരൻ ജോക്കോ സ്വന്തമാക്കി. കരിയറിലെ 25 ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ജോക്കോയ്ക്ക് ജർമൻ താരം ജാൻ ലനാർഡ് സ്ട്രഫാണ് നാലാം റൗണ്ടിലെ എതിരാളി.
27-ാം സീഡ് ഡെനിസ് ഷാപോവലോവിനെ 5-7, 6-4, 6-3, 6-3 സ്കോറിന് പരാജയപ്പെടുത്തി നിലവിലെ ചാന്പ്യൻ യാനിക് സിന്നറും നാലാം റൗണ്ടിൽ കടന്നു. യുഎസിന്റെ ടെയ്ലര് ഫ്രിറ്റ്സും നാലാം റൗണ്ടിലെത്തി. പുരുഷ സിംഗിൾസിലെ മറ്റൊരു മത്സരത്തിൽ യുഎസ് താരം ബെൻ ഷെൽട്ടൻ പരിക്കു മൂലം പിൻമാറി.
വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ ബെലാറൂസിന്റെ അരീന സബലെങ്ക, ചെക്ക് താരം ബാർബറ ക്രെജിക്കോവ, യുഎസിന്റെ ടെയ്ലർ ടൗണ്‍സെന്റ് എന്നിവരും നാലാം റൗണ്ടിൽ പ്രവേശിച്ചു.